Monday, January 12, 2026
Monday, January 12, 2026
Home » താമ്രപർണി തീരത്തെ സോരിമുത്തു അയ്യനാർ സങ്കടങ്ങളെല്ലാം കരിച്ചു കളയും

താമ്രപർണി തീരത്തെ സോരിമുത്തു അയ്യനാർ സങ്കടങ്ങളെല്ലാം കരിച്ചു കളയും

0 comments

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ പൊതിഗൈ മലയിലുള്ള പാപനാശം എന്ന സ്ഥലത്ത് കരയാർ അണക്കെട്ടിനു സമീപം സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ അയ്യപ്പ (ശാസ്താ) ക്ഷേത്രമാണ് സൊരിമുത്തു അയ്യനാർ ക്ഷേത്രം. ഷഡാധാര ചക്രങ്ങളിൽ മൂലാധാരത്തിന്റെ സ്ഥാനമാണ് ഈ ക്ഷേത്രത്തിനെന്ന് വിശ്വസിക്കുന്നു. പൊതിഗൈയിലെ പാപനാശം അണക്കെട്ടിൽ നിന്ന് 12 കിലോമീറ്ററാണ് ഇവിടേയ്ക്ക്. കളക്കാട് – മുണ്ടം തുറൈ കടുവ റിസോർട്ടിന്റെ ഒരു വശത്തായി താമ്രപർണി നദിയുടെ തീരത്താണ് പ്രസിദ്ധമായ ഈ ക്ഷേത്രം.

അഗസ്ത്യർക്ക് വിശ്വരൂപദർശനം
പ്രധാനമായും മഹാലിംഗസ്വാമി എന്ന പേരിൽ ശിവനും സോരിമുത്തു അയ്യനാർ എന്ന പേരിൽ ശാസ്താവുമാണ് ഇവിടെ പ്രതിഷ്ഠതരായിട്ടുള്ളത്. അഗസ്ത്യ മഹർഷിക്ക് ശാസ്താവിന്റെ വിശ്വരൂപം ദർശിക്കാൻ സാധിച്ചത് ഇവിടെവച്ചാണെന്നാണ് ഐതിഹ്യം. ഭഗവാൻ ശ്രീ പരമേശ്വരൻ പാർവതി ദേവിയെ പരിണയിക്കുന്ന നേരത്ത് അതു ദർശിക്കാൻ മുപ്പത്തിമുക്കോടി ദേവകളും വടക്ക് ഹിമാലയത്തിൽ ഒത്തുകൂടുകയും ആ ഭാരം താങ്ങാനാകാതെ ഭാരതഖണ്ഡത്തിന്റെ വടക്കുഭാഗം താഴുകയും തെക്കു ഭാഗം ഉയരുകയും ചെയ്തതായി പുരാണങ്ങളിൽ പറയുന്നു. അതു സന്തുലിതമാക്കാൻ, പരമശിവൻ അഗസ്ത്യരെയാണ് നിയോഗിച്ചത്.

പരമശിവന്റെ ആജ്ഞയനുസരിച്ച് അഗസ്ത്യ മഹർഷി തെക്കു ദിക്കിലേക്ക് യാത്ര ചെയ്ത് പൊതിഗൈ മലയിലെത്തി. അവിടെ അദ്ദേഹം ഇപ്പോൾ അയ്യനാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനു മുന്നിലുള്ള താമ്രപർണ്ണി നദിയിൽ കുളിച്ചശേഷം നിത്യവുമുള്ള യോഗനിഷ്ഠകൾ പൂർത്തിയാക്കുകയും തുടർന്ന് യോഗനിദ്രയിൽ ലയിക്കുകയും ചെയ്തു. അങ്ങനെ തുടരവേ മഹർഷിയുടെ ജ്ഞാനദൃഷ്‌ടിയിൽ ഒരു ജ്യോതി പ്രത്യക്ഷമായി. അതുകണ്ടു വിസ്മയിച്ച അഗസ്ത്യർ അതിനെ സാകൂതം നിരീക്ഷിച്ചു. പരമശിവനെ ആരാധിക്കുന്ന ശാസ്താവിനെയും, ആ ശാസ്താവിനെ ആരാധിക്കുന്ന ദേവന്മാരെയും അദ്ദേഹം കണ്ടു. ആ സമയത്ത് ദേവതകൾ ശാസ്താവിനെ സ്വർണ്ണവർണ്ണ പുഷ്പങ്ങളാൽ അഭിഷേകം ചെയ്യുന്ന കാഴ്ചയാണ് അദ്ദേഹം ദർശിച്ചത്. അതിനാൽ “പൊൻസൊരിയും മുത്തിയൻ” എന്നു പിന്നീട് ഇവിടെ ശാസ്താവ് അറിയപ്പെട്ടു. ശ്രീഭൂതനാഥന്റെ ആദി സ്വരൂപമായിരുന്നു അഗസ്ത്യർ ദർശിച്ചത്. മഹാലിംഗഭഗവാനേയും, പൊൻസൊരിയും മുത്തിയനേയും കണ്ട് ആശ്ചര്യപ്പെട്ട അഗസ്ത്യമുനി സന്തുഷ്ടനാവുകയും ഇവരുടെ ദർശനം ലഭിച്ചിടത്ത് പുഷ്പങ്ങൾ ചൊരിഞ്ഞ് ആരാധിക്കുന്നവരുടെ എല്ലാ വിഷമങ്ങളും അഗ്നിയിൽ വീണ പഞ്ഞിപോലെ ദഹിക്കട്ടെ എന്നും അനുഗ്രഹിക്കുകയും അവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. സൊരി മുത്തു അയ്യനാർ എന്ന ശാസ്താവിനെ കൂടാതെ പൂർണ്ണ, പുഷ്കല എന്നീ ദേവിമാരും, മഹാലിംഗ സ്വാമിയായ പരമശിവനും, സങ്കിലി ഭൂതത്താനടക്കം എല്ലാ മൂർത്തികളും അഗത്യർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്ന് ഐതിഹ്യം പറയുന്നു.

മഴ തരുന്ന ശാസ്താവ്
ഏറെക്കാലം കഴിഞ്ഞ് ഈ പ്രദേശത്ത് കടുത്ത വരൾച്ചയുണ്ടാവുകയും തുടർച്ചയായി 12 വർഷം മഴ ലഭിക്കാതിരിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ വീണ്ടും ഇവിടെയെത്തിയ അഗസ്ത്യമഹർഷി ആടി മാസത്തിലെ അമാവാസി നാളിൽ ഇവിടെയുള്ള ശാസ്താവിന് പുണ്യജലം തളിച്ച് അഭിഷേകം ചെയ്താൽ 3 മാസം മഴ പെയ്യുമെന്നും വരൾച്ചയെല്ലാം മാറുമെന്നും അരുൾ ചെയ്തു. അതനുസരിച്ച് സ്വർണ്ണ പാത്രങ്ങളിൽ പുണ്യജലം നിറച്ച് ഭഗവാന് അഭിഷേകം നടത്തി. തുടർന്ന് സമൃദ്ധമായി മഴ ലഭിച്ചു. ആടി മാസത്തിലെ അമാവാസിക്ക് ഭഗവാന് അഭിഷേകം നടത്തുന്നത് വിശേഷമാവുകയും ചെയ്തു.

അഗസ്ത്യർ ആരാധിച്ച വിഗ്രഹങ്ങൾ
അഗസ്ത്യ മഹർഷി ആരാധിച്ച ഈ വിഗ്രഹങ്ങൾ കാലക്രമേണ മണ്ണിനടിയിലായി. അങ്ങനെ കാലം കടന്നുപോയി. പിന്നീട് പാണ്ഡ്യ-ചേര രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് നടന്നിരുന്നതായി പറയപ്പെടുന്നു.വാണിജ്യ വിപണിയുടെ പ്രധാന സ്ഥലമായി ഇതു മാറി. വ്യാപാരികൾ ഇവിടെ കച്ചവടത്തിനായി കന്നുകാലികളെയും കൊണ്ടുവരിക പതിവായിരുന്നു. അങ്ങനെയെത്തുന്ന പശുക്കൾ ഒരു പ്രത്യേക സ്ഥലത്ത് സ്വയം പാൽ ചുരത്തി ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾ അതിന്റെ കാരണം അന്വേഷിച്ചു. ആ സ്ഥലത്ത് മഹാലിംഗ സ്വാമിയുടേയും സൊരി മുത്തു അയ്യനാരുടേയും മറ്റു ദേവതകളുടേയും വിഗ്രഹങ്ങൾ മറഞ്ഞു കിടപ്പുണ്ട് എന്ന വിവരം ലഭിച്ചു. തുടർന്ന് വ്യാപാരികളും ജനങ്ങളും ചേർന്ന് ഇപ്പോഴുള്ള ക്ഷേത്രം നിർമ്മിച്ചു എന്ന് ക്ഷേത്ര ചരിത്രം പറയുന്നു.

ഉപദേവതകൾ അനവധി
മഹാലിംഗസ്വാമി സൊരിസ്വത്തു അയ്യനാർ എന്നിവരുടെ പ്രതിഷ്ഠകൾ കൂടാതെ ഒട്ടേറെ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്. സിങ്കിലി ഭൂതത്താൻ, പലവായ് മാടൻ, തൂസിമാടൻ, പട്ടവരായൻസ്വാമി, ബൊമ്മക്ക, തിമ്മക്ക, കാസമാടൻ കാസമാടത്തി, വിനായഗർ, ബ്രഹ്മയക്ഷിണി, എന്നിവരാണ് ഇവിടെയുള്ള ഉപദേവതമാർ.

ALSO READ

സിങ്കിലി ഭൂതത്താൻ്റെ അനുഗ്രഹം
പാലാഴിമഥന സമയത്ത് കാളകൂട വിഷത്തോടൊപ്പം ഉയർന്നുവന്നതത്രെ സിങ്കിലി ഭൂതത്താൻ. ഭൂതത്താനെ കൈലാസത്തിന്റെ കാവൽക്കാരനായി ശിവഭഗവാൻ ഒപ്പം കൂട്ടി. ഒരുനാൾ ലോകപര്യടനത്തിനായി പുറപ്പെട്ട ശിവഭഗവാൻ മടങ്ങിവരാൻ താമസിച്ചപ്പോൾ പാർവ്വതി കൈലാസ കാവൽക്കാരനായ ഭൂതത്താന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ അന്വേഷിക്കാൻ വിട്ടു. ഈ സമയത്താണ് ഭഗവാൻ മടങ്ങി വന്നത്. അതുകണ്ട സിങ്കിലി ഭൂതത്താനും കൂട്ടരും, ഏൽപ്പിച്ച ജോലി ചെയ്യാതെ തന്നെ അന്വേഷിച്ചു വന്നതിന് ശ്രീപരമേശ്വരൻ ശകാരിക്കുമോ എന്നു ഭയന്ന് മറഞ്ഞിരുന്നു. ജ്ഞാനദൃഷ്ടിയാൽ ഇതു മനസ്സിലാക്കിയ ഭഗവാൻ “എന്തായാലും ഇറങ്ങിയതല്ലേ ഇനി ഭൂലോകം എല്ലാം കണ്ടു പഠിച്ചു വാ” എന്നു പറഞ്ഞ് ഒരു ചെറിയ ശിക്ഷ കൊടുത്തു. അങ്ങനെ ഭൂതത്താൻ തിരിച്ചെന്തൂർ, തിരുക്കുറുംകുടി, തിരുനെൽവേലി, എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ എത്തുകയും അവിടെയെല്ലാം തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയും അവിടെ വരുന്ന ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

മുട്ടുവേദന മാറ്റാൻ ചെരുപ്പ് സമർപ്പണം
ഈ ക്ഷേത്രത്തിലെ പട്ടവരായൻ സ്വാമിയുടെ പ്രതിഷ്ഠയ്ക്കും വഴിപാടിനുമുണ്ട് മറ്റൊരു പ്രത്യേകത. പട്ടവരായസ്വാമിയെ സങ്കൽപ്പിച്ച് ചെരുപ്പ് സമർപ്പിക്കുന്നത് ഇവിടെ ഒരു വഴിപാടാണ്. ഭക്തർ അത്ഭുതത്തോടെ കാണുന്ന ഒരു വഴിപാടുകൂടിയാണ് ഇത്. കാൽവേദന, മുട്ടുവേദന, തുടങ്ങിയവയ്ക്കുള്ള പരിഹാരമായാണ് ചെരുപ്പ് സമർപ്പിക്കുന്നത്. പട്ടവരായ ക്ഷേത്രത്തിന്റെ വശത്ത് ഇത് കെട്ടിത്തൂക്കുന്നു. അതേ ഭക്തർ അടുത്തവർഷം ഇവിടെ എത്തുമ്പോൾ കെട്ടിത്തൂക്കിയ ചെരിപ്പ് അതേ സ്ഥലത്ത് കാണും. പക്ഷേ അത് ആരോ ഉപയോഗിച്ചതു പോലെ തേഞ്ഞിരിക്കുമത്രേ. അത് പട്ടവരായർ സ്വാമി ഉപയോഗിച്ചതാണെന്ന് ഭക്തർ വിശ്വസിക്കുന്നു.

പട്ടവരായർക്ക് പ്രത്യേക വഴിപാട്
കന്നുകാലികളുടെ സംരക്ഷണാർത്ഥം പട്ടവരായ സ്വാമിക്ക് പ്രത്യേകം വഴിപാടുകൾ സർപ്പിക്കുന്നു. ഇതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. മുത്തുപ്പട്ടർ എന്നു പേരായ ഒരു ബ്രാഹ്മണയുവാവ് ഇവിടെയുള്ള ഒരു ചെരുപ്പു കുത്തിയുടെ ബൊമ്മക്ക, തിമ്മക്ക എന്ന പേരുകളുള്ള പെൺമക്കളുമായി അടുപ്പത്തിലായി. അവരെ വിവാഹം കഴിക്കാനായി ഒരു തൊഴിലാളിയുടെ വേഷത്തിലെത്തി പെൺകുട്ടികളുടെ അച്ഛന്റെ അരികിൽ നിന്നും ചെരിപ്പുകുത്താൻ പഠിച്ചു. യുവാവിനെ ഇഷ്ടപ്പെട്ട പെൺമക്കളുടെ അച്ഛൻ തന്റെ രണ്ടു മക്കളെയും അയാൾക്ക് വിവാഹം ചെയ്തു കൊടുത്തു. ബൊമ്മക്കയും തിമ്മക്കയും ധാരാളം പശുക്കളെ വളർത്തിയിരുന്നു. ഒരുനാൾ ഒരു കൂട്ടം ആളുകൾ ഇവരുടെ പശുക്കളെ മോഷ്ടിക്കാനെത്തി. മുത്തുപ്പട്ടർ അവരെയെല്ലാം തുരുത്തി. പക്ഷേ തിരികെ നടന്ന അദ്ദേഹത്തെ മോഷ്ടാക്കൾ കുത്തി വീഴ്ത്തി. അവിടെക്കിടന്ന് അദ്ദേഹം മരിച്ചു. ഇതറിഞ്ഞ ബൊമ്മക്കയും തിമ്മക്കയും ആത്മഹത്യ ചെയ്തു. പിൽക്കാലത്ത് അവരെയും ദേവതമാരായി ഇവിടെ ഭക്തർ ആരാധിച്ചു തുടങ്ങി. സൊരിമുത്തു അയ്യനാർ ക്ഷേത്രത്തിന്റെ വടക്കുവശത്തായി പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പ്രത്യേക ക്ഷേത്രമാണ് പട്ടവരായൻ ക്ഷേത്രം.

മണി കെട്ടുന്ന മണിവീഴുങ്ങിമരം
തെക്കും വടക്കുമായി രണ്ടു ഭാഗങ്ങളിലായി ആണ് ഈ ചെറിയ ക്ഷേത്രസമുച്ചയം.  സൊരിമുത്തു അയ്യനാർ സിങ്കിലി ഭൂതത്താൻ മഹാലിംഗ സ്വാമി എന്നിവരുടെ പ്രതിഷ്ഠകൾ തെക്കുഭാഗത്താണ്. മണിവീഴുങ്ങിമരം എന്നു പേരുള്ള ഇലിപ്പമരവും ഇവിടെ മറ്റൊരു പ്രത്യേകതയാണ്. ഭക്തർ അതിൽ മണി കെട്ടുന്നു. അതു ക്രമേണ മരത്തോട് ചേർന്ന് അതിലുറക്കുന്നു. സ്വാമി അയ്യപ്പൻ നന്നേ ചെറുപ്പത്തിലെ ഇവിടെ വന്ന് ആയോധനകല പഠിച്ചു എന്നാണ് വിശ്വാസം. ശബരിമല ക്ഷേത്രത്തേക്കാളും പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. പമ്പാതീരത്ത് അവതാരം കൊള്ളുകയും പന്തളം കൊട്ടാരത്തിൽ ബാല്യം ചെലവഴിക്കുകയും ചെയ്ത ശാസ്താവിന്റെ അവതാരമായ അയ്യപ്പൻ ആയോധനകല പഠിക്കാൻ ഇവിടെയെത്തിയതായി വിശ്വസിക്കപ്പെടുന്നു.

കളങ്കമകറ്റും, ലക്ഷ്യബോധം ഉറപ്പിക്കും
ഭക്തന്റെ മനസ്സിലെ കളങ്കങ്ങളെ ഇല്ലാതാക്കാനും ലക്ഷ്യബോധം ഉറപ്പിക്കാനും ഈ ക്ഷേത്രദർശനം സഹായിക്കുന്നു. ലക്ഷക്കണക്കിന് ഭക്തർ കുലദൈവമായി ആരാധിക്കുന്ന സൊരി മുത്തിയന്റെ സന്നിധിയിൽ കുലദൈവങ്ങളെ നിശ്ചയമില്ലാത്തവർ പ്രാർത്ഥിച്ചാൽ ഫലം ലഭിക്കുന്നതാണ് എന്നു കരുതുന്നു. ആന്തരികമായ ശുദ്ധി കൈവരാനും, ശാന്തത, സ്വബോധം എന്നീ ജീവിതത്തിനാവശ്യമായ ഗുണങ്ങൾ ലഭിക്കാനും കാർഷികലാഭം കന്നുകാലിലാഭം, തുടങ്ങിയവയ്ക്കും ഇവ ഫലപ്രദമാണ്. വൈകാരികതയിൽ നിന്നും വിജയം നേടാനും, ലക്ഷ്യപ്രാപ്തിക്കു വേണ്ടിയും ഇവിടെ ധാരാളം ഭക്തരെത്തി മടങ്ങുന്നു.

ആടിമാസ അമാവാസി വിശേഷം
ശബരിമലയിൽ പോകാൻ മുദ്ര ധരിക്കുന്നതിനായും ധാരാളം ഭക്തർ ഇവിടെ എത്താറുണ്ട്. ആടി മാസത്തിലെ അമാവാസിയിൽ രണ്ടു ലക്ഷത്തിലധികം ഭക്തർ ദിവസങ്ങൾക്കു മുമ്പേ ഇവിടെ വന്നു തങ്ങാറുണ്ട്. തൈമാസ അമാവാസിക്കും എല്ലാ അമാവാസികൾക്കും ഇവിടെ പ്രാധാന്യമുണ്ട്. റിസർവ് വനമാകയാൽ വനംവകുപ്പിന്റെ അനുവാദം ഇവിടേക്ക് വരാൻ ആവശ്യമുണ്ട്. ഈ ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്ഷേത്ര മാനേജരെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാം : ശെങ്കൊടി (Shenkodi) ക്ഷേത്രം മാനേജർ : 09842435896. (അടുത്ത പോസ്റ്റിൽ: ഗൃഹസ്ഥാശ്രമിയായ അച്ചൻകോവിൽ ധർമ്മശാസ്താവ് വിഷബാധ മാറ്റും )

അശോകൻ ഇറവങ്കര;
Email: ashokaneravankara@gmail.com

Story Summary : Potthikamali Sorimuthu Ayyanar Temple ; First one among Shadadhara Sastha Temple dedicated to Lord Ayyappa

Highlights

അഗസ്ത്യർ ശാസ്താവിന്റെ വിശ്വരൂപം ദർശിച്ച സ്ഥലമാണ് പൊതിഗൈ മല

സോരിമുത്തു അയ്യനാരെ ഭജിച്ചാൽ വിഷമങ്ങൾ അഗ്നിയിൽ വീണ പഞ്ഞിപോലെ ദഹിക്കും

പട്ടവരായൻസ്വാമിയെ സങ്കൽപ്പിച്ച് ചെരുപ്പ് സമർപ്പിച്ചാൽ മുട്ടുവേദന ശമിക്കും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?