Wednesday, December 10, 2025
Wednesday, December 10, 2025
Home » സകല മനോവിഷമങ്ങളും ഹരിക്കുന്ന മുകുന്ദാഷ്ടകം

സകല മനോവിഷമങ്ങളും ഹരിക്കുന്ന മുകുന്ദാഷ്ടകം

by NeramAdmin
0 comments

സന്താനങ്ങളുടെ ശ്രേയസിനും മനോവിഷമങ്ങൾ അകറ്റുന്നതിനും ഉത്തമമാണ് മുകുന്ദാഷ്ടക പാരായണം. ബാലഗോപാലന്റെ ലീലകളാണ് ഈ സ്‌തോത്രം വർണ്ണിക്കുന്നത്. എല്ലാ ദു:ഖങ്ങളിൽ
നിന്നും മുക്തി നൽകുന്ന ഭഗവാനായത് കൊണ്ടാണ് ശ്രീകൃഷ്ണന് മുകുന്ദൻ എന്ന പേരുണ്ടായത്. ആലിലക്കണ്ണന്റെയോ ബാലഗോപാലന്റെയോ രൂപത്തിലുള്ള ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുമ്പിലിരുന്ന് മുകുന്ദാഷ്ടകം ജപിക്കുന്നതാണ് ഇഷ്ടസിദ്ധിക്ക് കൂടുതൽ നല്ലത്. പതിവായി ജപിക്കണം. കഴിയുന്നതും മുടക്കം വരുത്തരുത്.

ആദിശങ്കരനാല്‍ രചിക്കപ്പെട്ട ഈ സ്തോത്രത്തിന് ബാലമുകുന്ദാഷ്ടകം എന്നും പേരുണ്ട്. ഇത് എഴുതിയതിനെപ്പറ്റി ഒരു ഐതിഹ്യമുണ്ട് : ആചാര്യ സ്വാമികൾക്ക് ആകാശമാർഗ്ഗം സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു. ഒരിക്കൽ കാലടിയിൽ നിന്നും ശൃംഗേരിയിലേയ്ക്ക് പോകുമ്പോൾ ആകാശത്തു നിന്ന് ഗുരുവായൂർ ക്ഷേത്രം കണ്ടെങ്കിലും ഭഗവാനെ മനസു കൊണ്ട് വണങ്ങാൻ പോലും തയ്യാറായില്ല. പൊടുന്നനെ അത് സംഭവിച്ചു. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ടതും ശങ്കരാചാര്യർ താഴെ പതിച്ചു. ക്ഷേത്രത്തിൽ ശീവേലി നടക്കുകയായിരുന്നു അപ്പോൾ. വടക്കേ നടയിലെത്തിയ എഴുന്നള്ളത്തിന്റെ നേരെ മുന്നിലാണ് വീണത്. അപ്പോഴേക്കും ബോധം പോയിരുന്നു. ശാന്തിക്കാർ തീർത്ഥം തളിച്ചപ്പോൾ കണ്ണു തുറന്ന ആചാര്യർ കണ്ടത് ഭഗവാന്റെ കമനീയരൂപമാണ്. അവിടെ കിടന്നുകൊണ്ട്
ആചാര്യർ കണ്ണനെ സ്തുതിച്ച സ്തോത്രമാണ് മുകുന്ദാഷ്ടകമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനു പുറമെ നേരെ ശ്രീകോവിൽ നടയിൽ പോയി സാഷ്ടാംഗം പ്രണമിച്ച് പ്രായശ്ചിത്തവും ചെയ്തു.
കുറച്ചു നാൾ അവിടെ തങ്ങി ക്ഷേത്രത്തിലെ പൂജകളും അനുഷ്ഠാനങ്ങളും ക്രമീകരിച്ചു; അതിനിടയിൽ ഗോവിന്ദാഷ്ടകവും എഴുതി.

മുകുന്ദാഷ്ടകം
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേശ യാനം
ബാലം മുകുന്ദം മനസാ സ്മരാമി.

( താമരപോലെ മൃദുവായ കൈകൾ കൊണ്ട് കാൽപിടിച്ച് മുഖത്തു തൊടുവിച്ചിരിക്കുന്നവനും
അരയാലിലയിൽ ശയിക്കുന്നവനുമായ
ബാലമുകുന്ദനെ മനസാ സ്മരിക്കുന്നു )

സംഹൃത്യ ലോകാൻ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സർ‌വ്വേശ്വരം സർ‌വ്വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി

(പ്രളയകാലത്ത് ലോകങ്ങൾ സംഹരിച്ച് ആലിലയിൽ ശയിക്കുന്നവനും ആദിയും അന്തവും ഇല്ലാത്തവനും സർവേശ്വരനും സർവ ലോകത്തിന്റെയും ഹിതത്തിനായി അവതാരമെടുക്കുന്നവനുമായ ബാലമുകുന്ദനെ മനസാ സ്മരിക്കുന്നു)

ALSO READ

ആലോക്യ മാതുർ‌മ്മുഖമാദരേണ
സ്തന്യം പിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്മരാമി.

(മാതാവിന്റെ മുഖത്ത് നോക്കിക്കൊണ്ട് മുല
കുടിച്ചു കൊണ്ടിരിക്കുന്നവനും താമരയിതൾ
പോലെ മനോഹരമായ നേത്രങ്ങളോട് കൂടിയവനും സച്ചിദാനന്ദ സ്വരൂപത്തോട് കൂടിയവനുമായ ബാലമുകുന്ദനെ മനസാ സ്മരിക്കുന്നു )

ഇന്ദീവരശ്യാമളകോമളാംഗം
ഇന്ദ്രാദി ദേവാർ‌ച്ചിത പാദപദ്മം
സന്താന കല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്മരാമി

(കരിംകൂവളപ്പൂ പോലെ ശ്യാമള കോമളനും ഇന്ദ്രാദി ദേവന്മാരാൽ പൂജിക്കപ്പെടുന്ന പാദപദ്മങ്ങളോട് കൂടിയവനും തന്നെ ആശ്രയിക്കുന്നവർക്ക് സന്തതി തുടങ്ങിയ സർവാഗ്രഹങ്ങളെയും സാധിപ്പിച്ച് നൽകുന്നവനുമായ ബാലമുകുന്ദനെ മനസാ സ്മരിക്കുന്നു)

കളിന്ദജാന്തഃ സ്ഥിതകാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
തത്പുച്ഛഗസ്തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്മരാമി

(കാളിന്ദിയിൽ വസിക്കുന്ന കാളിയൻ എന്ന സർപ്പത്തിന്റെ ഫണങ്ങളിൽ നൃത്തം ചെയ്തവനും അവന്റെ വാൽ കൈയിൽ പിടിച്ചു കൊണ്ടിരിക്കുന്നവനും ശരത്കാലത്തെ ചന്ദ്രന്റേത് പോലെ ശോഭനമായ മുഖത്തോട് കൂടിയവനുമായ ബാലമുകുന്ദനെ മനസാ സ്മരിക്കുന്നു)

ശക്യേ നിധായാജ്യ പയോദധീനി
തിര്യർഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്മരാമി.

(ഗോപികമാർ പാൽ, തൈര് മുതലായവ ഉറികളിൽ വച്ചിട്ട് മറ്റുകാര്യങ്ങൾക്കായി പോകുമ്പോൾ അവ എടുത്തു ഭക്ഷിച്ച് ഉറക്കം നടിച്ചു കിടക്കുന്ന ബാലമുകുന്ദനെ മനസാ സ്മരിക്കുന്നു)

ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാര ലീലാങ്കുരദന്ത പംക്തിം
ബിംബാധരം ചാരുവിശാല നേത്രം
ബാലം മുകുന്ദം മനസാ സ്മരാമി.

(അളകങ്ങളെക്കൊണ്ടും മാലകളെക്കൊണ്ടും ശോഭിക്കുന്നവനും മുളച്ചു തുടങ്ങുന്ന പാൽപല്ലുകളെക്കൊണ്ട് പ്രേമരസം അഭിനയിക്കുന്നവനും തൊണ്ടിപ്പഴം പോലെ ചുവന്നുതുടത്ത അധരമുള്ളവനും വിശാലമായ നേത്രങ്ങളോട് കൂടിയവനുമായ ശ്രീകൃഷ്ണനെ ധ്യാനിക്കുന്നു)

ഉലൂഖലേ ബദ്ധമുദാരചൗര്യം
ഉത്തുംഗയുഗ്മാർജ്ജുനഭംഗ ലീലം
ഉൽഫുല്ല പദ്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി

(ഉരലിൽ കെട്ടിയിട്ടവനും വലിയ കള്ളത്തരമുള്ളവനും മരുതുമരങ്ങൾ പിഴുതെറിഞ്ഞവനും താമരയിതൾ പോലെ മനോഹരമായ നേത്രങ്ങളോട് കൂടിയവനുമായ ബാലഗോപാലനെ ധ്യാനിക്കുന്നു)

ഫലശ്രുതി
ഏവം മുകുന്ദാഷ്ടകമാദരേണ
സകൃത് പഠേദ്യസ ലഭതേ നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം
ശ്രേയശ്ച പാപഹരം മുക്തിം

(ജ്ഞാനത്തെ നൽകുന്നതും പാപത്തെ നശിപ്പിക്കുന്നതും പവിത്രവുമായ ഈ മുകുന്ദാഷ്ടകം നിത്യവും ഭക്തിയോടെ ജപിക്കുന്നവന് ശ്രേയസ്‌, വിദ്യ, യശസ്‌, മുക്തി എന്നിവ സിദ്ധിക്കുന്നു)

ഡോ.രാജേഷ്, കാര്യവട്ടം
+91 90377 48752

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?