Wednesday, December 10, 2025
Wednesday, December 10, 2025
Home » 3 നക്ഷത്രജാതർ പതിവായി ഗണേശനെ ആരാധിച്ചാൽ ദോഷങ്ങൾ ഒഴിവാകും

3 നക്ഷത്രജാതർ പതിവായി ഗണേശനെ ആരാധിച്ചാൽ ദോഷങ്ങൾ ഒഴിവാകും

by NeramAdmin
0 comments

സുരേഷ് ശ്രീരംഗം

ഗണേശഭഗവാന്റെ പ്രീതി നേടാൻ ഏറ്റവും ഉത്തമമാണ് ചതുർത്ഥി തിഥിയും അത്തം നക്ഷത്രവും വെള്ളിയാഴ്ച ദിവസങ്ങളും. ഈ ദിവസങ്ങളിൽ വ്രതനിഷ്ഠയോടെ ഭഗവാനെ ആരാധിച്ചാൽ അതീവ ദുഷ്കരമായ കാര്യങ്ങൾവരെ സാധിക്കും എന്നാണ് അനുഭവം. ഒന്നുകിൽ ഈ ദിവസങ്ങളിൽ ഗണപതി ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തി അപ്പം, അട, മോദകം തുടങ്ങിയ നിവേദ്യങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കണം. നാളികേരം, കറുക, മുക്കിറ്റി എന്നിവ സമർപ്പിക്കുന്നതും ഗണേശ പ്രീതിക്ക് ഉത്തമമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ പ്രയാസമുള്ളവർക്ക് വീട്ടിൽ ഇരുന്ന് ഗണപതി മൂലമന്ത്രജപത്തോടെ ഗണപതിയെ ആരാധിക്കാവുന്നതാണ്. വ്രതനിഷ്ഠയോടെ ഗണപതിയെ പൂജിച്ചാൽ കൂടുതൽ ഫലസിദ്ധിയുണ്ടാകും.

പൂജാമുറിയിൽ ഗണപതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് പ്രാർത്ഥിക്കണം. നിലവിളക്ക് കത്തിച്ചു വച്ച് അവൽ, മലർ, നാളികേരം, പഴം, കൽക്കണ്ടം, മുന്തിരി എന്നിവ സമർപ്പിച്ച്‌ മന്ത്ര – സ്തോത്ര ജപത്തോടെ പ്രാർത്ഥിച്ചാൽ നല്ലത്. പൂജാമുറി ഇല്ലാത്തവർ ഈ ദിവസം ഗൃഹത്തിൽ ശുദ്ധമായ ഒരിടത്ത് രാവിലെ വിളക്കു കത്തിച്ച് വയ്ക്കണം. സന്ധ്യവരെ അത് അണയാതെ സൂക്ഷിക്കണം. അസൗകര്യമുളളവർ രാവിലത്തെ പ്രാർത്ഥനക്ക് ശേഷം അണയ്ക്കുകയും വൈകുന്നേരം വീണ്ടും കത്തിക്കുകയും ചെയ്താൽ മതി. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരും രാവിലെയും വൈകിട്ടും ഗണേശ പ്രീതികരമായ നാമങ്ങൾ ജപിക്കണം. ഗണേശചതുർത്ഥി ദിവസം വ്രതം അനുഷ്ഠിക്കുന്നവർ മത്സ്യമാംസാദികൾ ഉപേക്ഷിക്കുന്നത് നല്ലതാണ്.

നവഗ്രഹങ്ങളിൽ കേതുവിന്റെ അധിദേവതയാണ് ഗണപതി. ജാതകത്തിൽ കേതുദശയുള്ളവരും കേതു നക്ഷത്രാധിപനായ അശ്വതി, മകം, മൂലം എന്നീ നക്ഷത്രജാതരും ഗണപതിയെ ആരാധിച്ചാൽ ദോഷഫലങ്ങൾ ഒഴിവാകുകയും ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്യും. കേതു ദശയിലും അപാഹാര സമയത്തും അലച്ചിൽ, മാനസിക സമ്മർദ്ദം, ഭയം, ഉത്കണ്ഠ, മനോവിഷമം മുതലായവ വർദ്ധിക്കാറുണ്ട്. ഈ വിഷമങ്ങളിൽ നിന്ന് മോചനം നേടുവാൻ പതിവായി ഗണേശനെ പൂജിക്കുന്നത് നല്ലതാണ്. ഗ്രഹപ്പിഴയും തടസങ്ങളും കാരണം ബുദ്ധിമുട്ടുന്നവർ എല്ലാ മാസവും ജന്മ നക്ഷത്ര ദിവസം ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തിയാൽ വേഗം പരിഹാരമുണ്ടാകും. ക്ഷിപ്രഗണപതി ഭാവത്തിലാണ് ഇതിന് ഭഗവാനെ ആരാധിക്കേണ്ടത്. ബാല ഗണപതി ഭാവത്തിൽ പൂജിച്ചാൽ അഭീഷ്ടസിദ്ധി ലഭിക്കും. ഒരോ ഭാവത്തിനും ഒരോ ഫലമാണ് ഗണേശപൂജയിൽ വിധിച്ചിട്ടുള്ളത്.

മൂലമന്ത്രം
ഓം ഗം ഗണപതയേ നമ:

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂ ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം
2
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

ALSO READ

സുരേഷ് ശ്രീരംഗം, +91 944 640 1074

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?