Wednesday, December 10, 2025
Wednesday, December 10, 2025
Home » എല്ലാവർക്കും 3 സമ്പന്ന നക്ഷത്രങ്ങൾ; ആ ദിനങ്ങളിൽ ധനോന്നതി

എല്ലാവർക്കും 3 സമ്പന്ന നക്ഷത്രങ്ങൾ; ആ ദിനങ്ങളിൽ ധനോന്നതി

by NeramAdmin
0 comments

എസ്. ശ്രീനിവാസ് അയ്യര്‍

ഏതാണോ ജന്മനക്ഷത്രം, അതിന്റെ തൊട്ടടുത്ത നക്ഷത്രം, രണ്ടാം നാള്‍ ആണ് സമ്പന്ന നക്ഷത്രം
അഥവാ ധന നക്ഷത്രം. അശ്വതിയാണ് നിങ്ങളുടെ ജന്മനക്ഷത്രമെങ്കില്‍ സംശയമില്ല, ഭരണിയാണ് നിങ്ങളുടെ സമ്പന്ന/ധന നക്ഷത്രം. നിങ്ങള്‍ ഭരണിനാളുകാരന്‍ ആണെങ്കിലോ തൊട്ടടുത്ത നക്ഷത്രം, രണ്ടാംനാള്‍ ആയ കാര്‍ത്തികയാവും സമ്പന്ന/ധന നക്ഷത്രം. ഒരുദാഹരണം കൂടി പറയാം: ജന്മനക്ഷത്രം രേവതിയെങ്കില്‍ തൊട്ടടുത്ത നക്ഷത്രമായ അശ്വതിയാണ് സമ്പന്ന/ ധന നക്ഷത്രം. നക്ഷത്ര പരിചയമുള്ളവര്‍ക്ക് എല്ലാം ഇക്കാര്യം വ്യക്തമായിട്ടുണ്ടാവും.

തൊട്ടടുത്ത നാള്‍ അഥവാ രണ്ടാംനാള്‍ മാത്രമല്ല സമ്പന്ന/ധന നക്ഷത്രം. അവയുടെ അനുജന്മ നക്ഷത്രങ്ങളും സമ്പന്ന/ധന നക്ഷത്രങ്ങളാണ്. (സമ്പന്ന/ധന നക്ഷത്രങ്ങളുടെ 10, 19 ആയി വരുന്ന നാളുകള്‍). അശ്വതിക്ക് ഭരണി മാത്രമല്ല സമ്പന്ന നക്ഷത്രം, ഭരണിയുടെ അനുജന്മങ്ങളായ പൂരവും പൂരാടവും കൂടി സമ്പന്ന നക്ഷത്രങ്ങളാണ്. ഒരുദാഹരണം കൂടിനോക്കാം. രോഹിണിയില്‍ ജനിച്ചയാള്‍ക്ക് മകയിരം മാത്രമല്ല, മകയിരത്തിന്റെ അനുജന്മങ്ങളായ ചിത്തിരയും അവിട്ടവും സമ്പന്നനാളുകള്‍/ ധന നാളുകള്‍ തന്നെ!

ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെയും അവയുടെ അധിപഗ്രഹങ്ങളുടെയും അവയുടെ ദശാവര്‍ഷങ്ങളുടെയും ഒരു പട്ടിക ചുവടെ ചേര്‍ക്കുന്നു. മറ്റൊരു രീതിയിലും ഇത് പറയാം. 27 നക്ഷത്രങ്ങള്‍ മൂന്ന് നക്ഷത്രങ്ങളടങ്ങിയ 9 കൂട്ടമായി / ഗ്രൂപ്പായി വിശകലനം ചെയ്യപ്പെടുന്നു.

1 അശ്വതി, മകം, മൂലം (കേതുദശ: 7 വര്‍ഷം)
2 ഭരണി, പൂരം, പൂരാടം (ശുക്രദശ: 20 വര്‍ഷം)
3 കാര്‍ത്തിക, ഉത്രം, ഉത്രാടം (സൂര്യദശ: 6 വര്‍ഷം)
4 രോഹിണി, അത്തം, തിരുവോണം (ചന്ദ്രദശ: 10 വര്‍ഷം)
5 മകയിരം, ചിത്തിര, അവിട്ടം (ചൊവ്വാദശ: 7 വര്‍ഷം)
6 തിരുവാതിര, ചോതി, ചതയം (രാഹുദശ: 18 വര്‍ഷം)
7 പുണര്‍തം, വിശാഖം, പൂരുരുട്ടുതി ( വ്യാഴദശ: 16 വര്‍ഷം)
8 പൂയം, അനിഴം, ഉത്രട്ടാതി (ശനിദശ: 19 വര്‍ഷം)
9 ആയിലും, തൃക്കേട്ട, രേവതി (ബുധദശ: 17 വര്‍ഷം)

ഇതിലെ ഓരോ ഗ്രൂപ്പിലെ / കൂട്ടത്തിലെ ഏത് നക്ഷത്രമാണോ ജന്മനക്ഷത്രം, അവയിലെ മറ്റു രണ്ടു നക്ഷത്രങ്ങളും ക്രമത്തില്‍ അനുജന്മനക്ഷത്രങ്ങള്‍. അതുപോലെ ജന്മനക്ഷത്രത്തിന്റെ രണ്ടാം നക്ഷത്രം മാത്രമല്ല, അതിന്റെ അനുജന്മങ്ങളുടെ രണ്ടാം നക്ഷത്രങ്ങളും സമ്പന്ന/ധന നക്ഷത്രങ്ങള്‍ തന്നെയാണ്.

ALSO READ

ഇനി ഇതിന്റെ ഫലശ്രുതിയാണ്. സമ്പന്ന നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ പൊതുവേ ധനോന്നതിയുണ്ടാവും. കുറഞ്ഞപക്ഷം ചെറിയ വരുമാനമെങ്കിലും ഉണ്ടാകുമെന്നാണ് നിയമം. ആദ്യത്തെ സംഭാവന/കച്ചവടത്തില്‍ ആദ്യ വില്പന, കൈനീട്ടം ഒക്കെ കൊടുക്കാനും വാങ്ങാനും ഈ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങള്‍ ഉത്തമം ആണ്. ധനനക്ഷത്രത്തില്‍ ജനിച്ച വ്യക്തികളെയും ഇതിനായി പരിഗണിക്കാം. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പൊതുവേ ധന നക്ഷത്രങ്ങളുടെ അന്ന് ആത്മവിശ്വാസവും ഏറും. മനസ്സമാധാനമുണ്ടാവും. പൊതുവേ പറഞ്ഞാല്‍ ‘പോസിറ്റീവ്’ ആയകാര്യങ്ങള്‍ നടക്കും. പക്ഷേ മുഹൂര്‍ത്താദികള്‍ക്കായി ധനനക്ഷത്രം സ്വീകരിക്കുമ്പോള്‍ ദൈവജ്ഞന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.

ഏതു നക്ഷത്രത്തിലാണോ ജനനം ആ നക്ഷത്രത്തിന്റെ നാഥനായ ഗ്രഹത്തിന്റെ ദശയാവും ആദ്യം. അതിനെ ജന്മദശ എന്നാണ് പറയുക (മേല്‍ ചേര്‍ത്തിരിക്കുന്ന പട്ടിക നോക്കുക). രണ്ടാംദശ രണ്ടാം നക്ഷത്രാധിപനായ ഗ്രഹത്തിന്റേത് ആവും. രണ്ടാം നക്ഷത്രം ധന/ സമ്പന്ന നക്ഷത്രമാണല്ലോ? ആ ദശയില്‍ ജാതകന്റെ/ജാതകയുടെ ധനസ്ഥിതി ഉയരുമെന്നതില്‍ തര്‍ക്കമില്ല. ചെറുപ്രായത്തിലാണ് മിക്കവാറും രണ്ടാം ദശയുടെ വരവ്. അപ്പോള്‍ എങ്ങനെ എന്നാവും സംശയം. പ്രമാണഗ്രന്ഥങ്ങളില്‍ അതിനുമുത്തരമുണ്ട്. ആ വ്യക്തിയുടെ മാതാപിതാക്കളാവും ഗുണഭോക്താക്കള്‍. സ്വാഭാവികമായും ജാതകനും അതിന്റെ നന്മകള്‍/ ആനുകൂല്യങ്ങള്‍/നേട്ടം/ സുഖം എന്നിവ പ്രതീക്ഷിക്കാമല്ലോ?

ഒരു വ്യക്തിയുടെ ദശാഫലം/ അപഹാരഫലം ഒക്കെ പറയുമ്പോള്‍ അയാളുടെ ജന്മനക്ഷത്രത്തിന്റെ എത്രാമത്തെ നക്ഷത്രത്തിന്റെ അധിപഗ്രഹത്തിന്റെ ദശ എന്നത് വളരെ പ്രധാനമാണ്. ഇങ്ങനെ ജന്മനക്ഷത്രം മുതല്‍ എല്ലാ നക്ഷത്രങ്ങള്‍ക്കും ഓരോരോ പേരുകളുമുണ്ട്. അത് അവയുടെ ഗുണ/ദോഷ പ്രകൃതത്തിലേക്ക് തിരിതെളിച്ചു കാട്ടുന്നതായിരിക്കും. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ മറ്റൊരു ലേഖനത്തില്‍ എഴുതാന്‍ ശ്രമിക്കാം. ഈ ലേഖകന്റെ നക്ഷത്രപുസ്തകങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്.

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343

അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം

കൂടുതല്‍ വായിക്കാനും മറ്റു നാളുകളെക്കുറിച്ചറിയാനും ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/

Story Summary:
Classification of birth star based on Dhana/ Sampanna Nakshatra


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?