Wednesday, December 10, 2025
Wednesday, December 10, 2025
Home » മന്ത്രം ഇങ്ങനെ ജപിച്ചാല്‍ ആഗ്രഹസാഫല്യം ഉറപ്പ്

മന്ത്രം ഇങ്ങനെ ജപിച്ചാല്‍ ആഗ്രഹസാഫല്യം ഉറപ്പ്

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

വെറും അക്ഷരങ്ങളോ, കുറെ അക്ഷരക്കൂട്ടമോ അല്ല മന്ത്രങ്ങള്‍; സങ്കല്പിക്കുന്ന ദേവതയുടെ ശബ്ദ പ്രതീകമാണ്. ആ ദേവതയുടെ അപാരമായ ശക്തി ചൈതന്യങ്ങളെല്ലാം അടങ്ങിയിരിക്കുന്നത് ഈ നാദരൂപത്തിന്റെ അക്ഷരങ്ങളുടെ ഘടനയിലാണ്. ശുദ്ധമായ ചിത്തത്തോടെ ആവര്‍ത്തിച്ചു ജപിക്കുന്നവരെ മന്ത്രങ്ങള്‍ രക്ഷിക്കുന്നത് അതിനാലാണ്. പാപ ദുരിത ശാന്തിക്കും ഇഷ്ടകാര്യസിദ്ധിക്കും ഏറ്റവും ഗുണകരമാണ് മന്ത്രജപം. അതിലൂടെ നമ്മുടെ മനസ്സ് ശുദ്ധീകരിക്കും. നമ്മള്‍ ചെയ്യുന്ന ഏതൊരു കാര്യത്തിലും കൂടുതല്‍ വിജയ സാദ്ധ്യത ഉണ്ടാകും. ഈശ്വരീയമായ അനുഗ്രഹം നമുക്ക് ലഭിക്കുമ്പോള്‍ മനസ്സ് തെളിമയുള്ളത് ആകും. അതിനൊപ്പം നമ്മള്‍ ചെയ്യുന്ന എല്ലാ കര്‍മ്മത്തിനും ഈശ്വരീയമായ പിന്‍ബലം കൂടി ലഭിക്കും. അതോടെ ഏതൊരു കര്‍മ്മവും കൂടുതല്‍ ശ്രദ്ധയോടെ, ഭക്തിയോടെ, നല്ല സാമര്‍ത്ഥ്യത്തോടെ ചെയ്യാന്‍ നമുക്ക് കഴിയും. മന്ത്രജപം നമുക്ക് ജീവിതവിജയം നല്‍കും എന്നതാണ് അതിന്റെ പ്രധാന ഗുണം. മന്ത്രജപം രാവിലെയും വൈകിട്ടും ചെയ്യണം. രാവിലെ എത്ര നേരത്തേ ചെയ്യാന്‍ കഴിയുമോ അത്രയും നേരത്തേ ചെയ്യുക. സൂര്യോദയത്തിന് ഒരു യാമം മുന്‍പു തൊട്ടുള്ള സമയം ജപത്തിന് ഏറ്റവും ഉത്തമമാണ്. ഉദയം രാവിലെ ആറു മണിക്കാണെങ്കില്‍ വെളുപ്പിന് മൂന്നു മണിമുതല്‍ ജപത്തിന് ഉത്തമമാണ്. സൂര്യോദയ ശേഷമുളള ഒരു യാമവും ജപത്തിന് നല്ലതാണ്. എന്നു പറഞ്ഞാല്‍ 6 മണിക്കാണ് ഉദയമെങ്കില്‍ കാലത്ത് 9 മണി വരെ ജപത്തിന് നല്ല സമയമാണ്. രാവിലെയും വൈകിട്ടും സൗകര്യപ്രദമായി ഏത് സമയമാണോ ജപത്തിന് തിരഞ്ഞെടുക്കുന്നത് എല്ലാ ദിവസവും അതേ സമയം തന്നെ ജപിക്കുവാന്‍ ശ്രമിക്കണം. വൈകിട്ടും ജപ സമയം നിശ്ചയിക്കുന്നത് ഇതേപോലെ തന്നെയാണ്. അസ്തമയത്തിന് ഒരു യാമം മുന്‍പും പിന്‍പുമുള്ള ഒരോയാമം. അസ്തമയം ആറു മണിക്ക് എങ്കില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 6 മണിവരെയും 6 മണി മുതല്‍ 9 വരെയും ജപം നടത്താം. ഇതില്‍ എന്നും ജപിക്കാന്‍ കഴിയുന്ന ഒരു സമയം കണ്ടെത്തി എല്ലാ ദിവസവും ആ സമയത്തു തന്നെ ജപിക്കുക. ജപസംഖ്യയും അതേപോലെ ഒരേരീതിയില്‍ തുടരണം.
സാധാരണ എല്ലാ മന്ത്രങ്ങള്‍ക്കും 108 തവണയാണ് ജപസംഖ്യയായി ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്. അത്രയും തവണ ജപിക്കുവാന്‍ സമയമില്ലെങ്കില്‍ 64, 36,28,12, 8 എന്നിങ്ങനെ ജപസംഖ്യ ക്രമപ്പെടുത്താം. രാവിലെയും വൈകിട്ടും, എല്ലാ ദിവസവും, ജപിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത്, ഒരേ ജപസംഖ്യ, ഒരേ താളത്തില്‍ ജപിക്കണം എന്ന് ചുരുക്കം. താളം എന്ന് പറഞ്ഞാല്‍ മന്ത്രം ജപിക്കുമ്പോള്‍ അതിവേഗം ജപിക്കാന്‍ പാടില്ല. വേഗം കൂടിയാല്‍ മന്ത്രങ്ങള്‍ മുറിയും. അക്ഷരത്തെറ്റുകള്‍ ഉണ്ടാകും. അതേസമയം വളരെ സാവകാശത്തിലും ജപിക്കാന്‍ പാടില്ല. അപ്പോഴും അക്ഷരത്തെറ്റിനും മന്ത്രം മുറിയുന്നതിനും സാദ്ധ്യതയുണ്ട്. അക്ഷരങ്ങള്‍ തെറ്റാതെ ശ്രദ്ധയോടെ ജപിച്ചാല്‍ മാത്രമേ മന്ത്രശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന തരത്തിലെ ഫലപ്രാപ്തി ഉണ്ടാവുകയുള്ളു. എങ്ങനെയെങ്കിലും ജപിച്ചാല്‍ അഗ്രഹിക്കുന്ന ഫലപ്രാപ്തി ലഭിക്കില്ല എന്നു സാരം.
അതുകൊണ്ടു തന്നെയാണ് ആചാര്യന്മാരെല്ലാം തന്നെ മന്ത്രം ഗുരുമുഖത്തു നിന്നും സ്വീകരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചത്. ഗുരുമുഖത്തു നിന്നു മന്ത്രം സ്വീകരിക്കുമ്പോള്‍ അത് തെറ്റാനുള്ള സാദ്ധ്യത കുറവാണ്. ആചാര്യന്‍ പറഞ്ഞു തരുന്നത് കൂടെയിരുന്ന് ചൊല്ലി പഠിച്ചാല്‍ തെറ്റാനുള്ള സാദ്ധ്യത ഉണ്ടാകില്ല. അതിനൊപ്പം പിന്നീട് നമുക്ക് പ്രാര്‍ത്ഥന മുന്നോട്ടു കൊണ്ടു പോകുന്നതിനും ഗുരുനാഥന്റെ അനുഗ്രഹം പ്രയോജനപ്പെടും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 094-470-20655

Story Summary: Correct way of Chanting Vedic Mantras


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?