Wednesday, December 10, 2025
Wednesday, December 10, 2025
Home » വിഷാദരോഗം, ടെൻഷൻ ഇവയിൽ നിന്നും കരകയറാൻ ഇതെല്ലാം വഴികൾ

വിഷാദരോഗം, ടെൻഷൻ ഇവയിൽ നിന്നും കരകയറാൻ ഇതെല്ലാം വഴികൾ

by NeramAdmin
0 comments

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

കടുത്ത മാനസിക സമ്മർദ്ദമാണ് ഇക്കാലത്ത് മിക്ക ആളുകളും നേരിടുന്നത്. പ്രത്യേകിച്ച് കോവിഡ് മഹാമാരി പടർന്ന് പിടിച്ചതിന് ശേഷം മാനസികമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ എണ്ണം വല്ലാതെ കൂടി. ഉത്കണ്ഠയും ആകാംക്ഷയും ഒഴിഞ്ഞ നേരമില്ല. ആധുനിക ജീവിതത്തിന്റെ കൂടപ്പിറപ്പാണ് മാനസിക സമ്മര്‍ദ്ദം. പുതിയ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു പക്ഷേ ഇതാകാം. മാനസിക സമ്മർദ്ദം അങ്ങേയറ്റം രൂക്ഷമാകുമ്പോൾ അത് ഗുരുതരമായ വിഷാദരോഗം അഥവാ ഡിപ്രഷനായി മാറും. രോഗം പിടിപെടുമ്പോള്‍, നിസാരമായ രോഗങ്ങളെ വളരെ വലിയ കുഴപ്പമായി സ്വയം ചിത്രീകരിക്കുമ്പോൾ, രോഗം വിവരം പുറത്തു പറയാതെ കൊണ്ട് നടന്ന് മന:സംഘർഷം കൂട്ടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോള്‍, സാമ്പത്തികമായ പ്രശ്‌നങ്ങൾ ബാധിക്കുമ്പോൾ, കിട്ടിക്കൊണ്ടിരിക്കുന്ന സ്‌നേഹം നഷ്ടപ്പെടുമ്പോള്‍, ഏറെ വേണ്ടപ്പെട്ടവരുടെ വിയോഗം സംഭവിക്കുമ്പോള്‍ എല്ലാമാണ് ആളുകൾ വിഷാദത്തിന് അടിമയാകുന്നത്. തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത എന്നിവയെ കടുത്ത തോതില്‍ ബാധിക്കുമ്പോഴാണ് മാനസിക സംഘർഷം, വിഷാദരോഗം എന്ന രീതിയിലേക്ക് വഴി മാറുന്നത്. ഇത് എങ്ങനെ ഉണ്ടാകുന്നു എന്ന് വ്യക്തമല്ലെങ്കിലും തലച്ചോറിലെ ചില ക്രമക്കേടുകള്‍ ശാരീരികമായും മാനസികമായും പലതരം അസ്വസ്ഥതകളായി പരിണമിക്കും. അതിന്റെ ആകെത്തുകയായ വിഷാദരോഗം മാനസികമായാണ് അനുഭവപ്പെടുന്നത്. പിരിമുറുക്കവും ദുഖവും കൂടി സൃഷ്ടിക്കുന്ന അസംതുലിതാവസ്ഥ വിഷാദത്തിലേക്ക് നയിക്കും. മാനസികനില ആകെ തെറ്റും. ഇതിൽ നിന്നും രക്ഷപ്പെടാൻ ആധുനിക ചികിത്സയ്ക്കൊപ്പം കൃത്യമായ പ്രാർത്ഥനാ പദ്ധതികളും ഗുണം ചെയ്യും.

മഹാവിഷ്ണുവിന്റെ അവതാരമായ ധന്വന്തരി മൂർത്തി, ശിവാംശമായ ഹനുമാൻ സ്വാമി എന്നിവരെയും മനസിന്റെ അധികാരിയായ ചന്ദ്രനെയും നവഗ്രഹങ്ങളെയുമാണ് മാനസിക വിഷമതകളിൽ നിന്നുള്ള മോചനത്തിന് പ്രധാനമായും ഉപാസിക്കേണ്ടത്. ഈ ദേവതകളുടെ ഇഷ്ട മന്ത്രങ്ങൾ ജപിക്കുക, വഴിപാടുകൾ നടത്തുക, രക്ഷ ധരിക്കുക തുടങ്ങിയവ അതിവേഗം രോഗമുക്തി നൽകും. മനസിനെ ബാധിക്കുന്ന അസുഖങ്ങൾ പലരും ഗൗരവമായി എടുക്കാറില്ല. ചിലർ തമാശയായി കണ്ട് കളിയാക്കുക പോലും ചെയ്യും. എന്നാൽ കടുത്ത ശാരീരിക രോഗങ്ങൾ പോലെ തന്നെ ഗൗരവപൂർവം കാണേണ്ടതാണ് ഡിപ്രഷൻ. രോഗിയെക്കാൾ അവരുടെ കൂടെ ജീവിക്കുന്നവർക്കാണ് വിഷാദരോഗ ചികിത്സയിൽ പ്രാധാന്യം. അവർ കാട്ടുന്ന ക്ഷമയും ത്യാഗവും പക്വതയും പ്രാർത്ഥനയും രോഗിയെ പെട്ടെന്ന് പ്രശ്നത്തിൽ നിന്നും പുറത്തു കൊണ്ടുവരും. യഥാസമയം രോഗിക്ക് മരുന്നും പരിചരണവും നൽകുന്നതിനൊപ്പം ഈശ്വരീയമായ മാർഗ്ഗങ്ങൾ പിൻതുടരണം.

ഹനുമദ് പ്രീതിക്ക്

കരുത്തിന്റെയും വീര്യത്തിന്റെയും സ്ഥിരതയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയെ ഭജിക്കുന്നത് മാനസിക വിഷമതകളിൽ നിന്നും മോചനം നേടാനുള്ള എളുപ്പ വഴികളിൽ ഒന്നാണ്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം കിട്ടിയാൽ അതിലൂടെ തന്നെ മാനസിക അസ്വസ്ഥതകൾ അകന്നു പോകും. ഇനി പറയുന്ന ഹനുമദ് ശ്ലോകം രോഗിയുടെ കൂടെയുള്ളവരും രോഗിയും ദിവസവും രാവിലെയും വൈകിട്ടും 36 തവണ വീതം ജപിക്കണം. യാതൊരു പാർശ്വ ഫലങ്ങളും ദോഷവുമില്ലാത്തതാണ് മനോജവം എന്നു തുടങ്ങുന്ന പ്രാർത്ഥന.

ഹനുമദ് ശ്ലോകം
മനോജവം മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനര യൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

ALSO READ

ചന്ദ്ര പ്രീതിക്ക്
‘ഓ സം സോമായ നമ: ‘ എന്നതാണ് ചന്ദ്രന്റെ മൂലമന്ത്രം. ഈ മന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കണം.

ധന്വന്തരി പ്രീതിക്ക്
ധന്വന്തരി മന്ത്രം പതിവായി ജപിക്കുകയാണ് മറ്റൊരു ഫല പ്രദമായ പ്രാർത്ഥനാ മാർഗ്ഗം. ഇത് എല്ലാ ദിവസവും രാവിലെ 108 തവണ ജപിക്കണം. രാവിലെയും വൈകിട്ടും ജപിക്കാൻ കഴിയുമെങ്കിൽ കൂടുതൽ നല്ലതാണ്. വിഷ്ണു ഭഗവാന്റെ അംശാവതാരമാണ് ധന്വന്തരി മൂർത്തി.

ധന്വന്തരി മന്ത്രം

ഓം നമോ ഭഗവതേ
ധന്വന്തരയേ
അമൃതകലശ ഹസ്തായ
സർവ്വാമയ വിനാശകായ
ത്രൈലോക്യ നാഥായ
മഹാവിഷ്ണവേ സ്വാഹ:

ഈ മൂർത്തികളുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും കഴിവിനൊത്ത വിധം വഴിപാടുകൾ നടത്തുന്നതും ചരട് ജപിച്ചു ധരിക്കുന്നതും കരുത്തും ആത്മവിശ്വാസവും മന:ശക്തിയും വർദ്ധിപ്പിക്കും. ധാരാളം പേരുടെ അനുഭവമാണിത്. ഹനുമാൻ സ്വാമിക്ക് വെറ്റില മാല, വെണ്ണ എന്നിവ സമർപ്പിക്കാം. അയ്യപ്പ സ്വാമിക്ക് പൂജകളും വഴിപാടുകളും നടത്തുന്നതും നല്ല ഫലം ചെയ്യും. നീരാജനം, പുഷ്പാഞ്ജലി, എള്ളുപായസം എന്നിവയാണ് അയ്യപ്പസ്വാമിക്കുള്ള മുഖ്യ വഴിപാടുകള്‍.

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി,
+91 094-470-20655

Story Summary: Powerful Mantras for Healing Chronic Depression and Anxiety


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?