Wednesday, December 10, 2025
Wednesday, December 10, 2025
Home » ഭക്തരക്ഷകന്‍ ചൊവ്വര ശാസ്താവ്

ഭക്തരക്ഷകന്‍ ചൊവ്വര ശാസ്താവ്

by NeramAdmin
0 comments
തിരുവനന്തപുരം  വിഴിഞ്ഞത്തിനടുത്ത് ചൊവ്വരയില്‍  അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്: ചൊവ്വര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. അറബിക്കട ലോരം നെഞ്ചിലേറ്റുന്ന മനോഹരമായ ഒരു കുന്നിന്‍ പ്രദേശത്താണ്  ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പഴക്കം നിര്‍ണ്ണയിക്കാന്‍  പ്രയാസമാണ്. എങ്കിലും അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടം തൊട്ടുള്ള ചരിത്രപരമായ വസ്തുതകള്‍ ഇവിടെ അവശേഷിക്കുന്നു.

chowara shastha



അനിഴം തിരുനാള്‍  പലസ്ഥലങ്ങളിലും ഒളിവില്‍ കഴിയുന്നതിനിടെ ചൊവ്വര മുര്യതോട്ടം തറവാട്ടിലെ ഇലങ്കത്തെ പൂജാമുറിയിലും അഭയതേടി.  ഇതറിഞ്ഞെത്തിയ പ്രതിയോഗികളായ എട്ടുവീട്ടില്‍ പിള്ളമാര്‍ തറവാട്  അഗ്നിക്കിരയാക്കി.  പക്ഷേ രാജാവ് ഒളിച്ചിരുന്ന പൂജാമുറിയെ  അഗ്നി വിഴുങ്ങിയില്ല.  

വേണാടിന്റെ ഭരണം ഏറ്റെടുത്ത മഹാരാജാവ് നന്ദിസൂചകമായി തനിക്ക് അഭയം നല്‍കി രക്ഷിച്ച തറവാട്ടിലേക്ക് ദൂതരെ അയച്ച് കാരണവരേയും കാര്യസ്ഥനേയും  കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. രണ്ടുപേരുംകൂടി ഒരു കുതിരപ്പുറത്തുകയറി കൊട്ടാരത്തിലെത്തി. രാജാവ് അവര്‍ക്ക് പാരിതോഷികത്തിനൊപ്പം ഒരു കുതിരയെക്കൂടി നല്‍കി ആദരിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മഹാരാജാവ് മുര്യതോട്ടം തറവാട്ടിലെത്തി. താന്‍ മറഞ്ഞിരുന്ന പൂജാമുറി മാത്രം കത്താതിരുന്നതിന്റെ കാരണം ആരാഞ്ഞു. തറവാടു വകയായി ചൊവ്വരയില്‍  ഒരു ശാസ്താ ക്ഷേത്രമുണ്ടെന്നും കാട്ടിലൂടെ അവിടെയെത്തി നിത്യേന പൂജ നടത്താന്‍ ബുദ്ധിമുട്ടായതിനാല്‍  വീട്ടിലെ പൂജാമുറിയില്‍ വച്ച് ആരാധിക്കുകയാണെന്നും ശാസ്താവിന്റെ ശക്തികൊണ്ടാണ് പൂജാമുറിക്ക്   അഗ്നി സ്പർശമേക്കാതിരുതെന്നും കാരണവര്‍  അറിയിച്ചു.  രാജാവ് ക്ഷേത്രം കാണാന്‍  താല്‍പര്യം പ്രകടിപ്പിച്ചു. കാരണവര്‍ രാജാവിന് എഴുന്നെള്ളാന്‍ ഒരു പാത വെട്ടിത്തെളിച്ചു. രാജ പാത എന്നാണ് ഈ ഇടവഴി  ഇന്നും അറിയപ്പെടുന്നത്. രജിസ്‌ട്രേഷന്‍ രേഖകളിലും ഈ പേരുണ്ട്.

ക്ഷേത്രം സന്ദര്‍ശിച്ച മഹാരാജാവ്  കൗതുകപൂര്‍വം ഒരു മല്‍സരം ഏര്‍പ്പെടുുത്തി. ചൊവ്വരയില്‍ നിന്ന് കുതിരപ്പുറത്തേറി വലിയ താഴ്ചയുള്ള കടല്‍പ്പുറത്തേക്ക് ചാടാന്‍ തയാറുള്ള ആരെങ്കിലുമുണ്ടോ?

മഹാരാജാവ് വെല്ലുവിളിച്ചു. മുര്യതോട്ടം കുടുംബത്തിലെ മാര്‍ത്താണ്ഡന്‍പിള്ള വെല്ലുവിളി ഏറ്റെടുത്തു. മാര്‍ത്താണ്ഡന്‍ പിള്ള കുതിരയുടെ രണ്ടുകണ്ണുകളും കൂട്ടിക്കെട്ടി കുതിരപ്പുറത്ത് ചാടിക്കയറി താഴോട്ട് ചാടി. മാര്‍ത്താണ്ഡന്‍പിള്ളയും കുതിരയും തല്‍ക്ഷണം പരലോകം പ്രാപിച്ചു. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി രാജാവ് ധാരാളം പുരയിടങ്ങളും, നിലവും മുര്യതോട്ടം കുടുംബത്തിന് പതിച്ചു നല്‍കി. അവയുടെ കരം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു.

കുളച്ചല്‍ യുദ്ധകാലത്ത് കപ്പലില്‍ പോകുകയായിരുന്ന നാവിക സേനാംഗങ്ങള്‍ ചൊവ്വരക്ഷേത്രത്തിലെ ഉത്സവാഘോഷം കണ്ട് പടയൊരുക്കമെന്നു കരുതി ക്ഷേത്രത്തിനുനേര്‍ക്ക് വെടിവച്ച കഥയും ഇവിടെ പാട്ടാണ്. കൊല്ലവര്‍ഷം 852ല്‍ ക്ഷേത്രത്തില്‍ പുന: പ്രതിഷ്ഠയും കലശവും നടത്തിയതായി രേഖകള്‍ സമര്‍ത്ഥിക്കുന്നു. ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടായപ്പോള്‍ മുര്യതോട്ടം തറവാട്ടിലെ കാരണവര്‍  ഗോവിന്ദപ്പിള്ള ക്ഷേത്രം അയ്യപ്പ സേവാ സംഘത്തിന് കൈമാറി.  

ALSO READ

ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ 18 പടികള്‍ പണിതിട്ടുണ്ട്. ശബരിമലയിലെ പതിനെട്ട് പടിയുടെ അളവിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. ഇരുമുടിക്കെട്ടുമായി മാത്രമേ ഇതിലൂടെ  ഭക്തന്മാര്‍ കയറാറുള്ളൂ.  


ബുധന്‍, ശനി, മലയാളമാസം ഒന്നാം തിയതി, ഉത്രം, പൗര്‍ണമി, വൃശ്ചികം ഒന്നുമുതല്‍ മകരം ഒന്നുവരെ മാത്രമാണ് നടതുറന്ന് പൂജയുള്ളത്. എല്ലാ ഉത്രം നാളിലും അന്നദാനം നടത്താറുണ്ട്. ശാസ്താവിന്റെ നടയില്‍ വന്ന് അന്നദാനം നടത്തുന്നത് ഏറ്റവും ഐശ്വര്യപ്രദമാണ്. പ്രതിഷ്ഠാ ദിനമായ കുംഭത്തിലെ രോഹിണിക്ക് പതിനെട്ടാം പടിയില്‍ പടിയില്‍ പൂജയുണ്ട്. മണ്ഡല മകരവിളക്കുകാലത്ത് ധാരാളം ഭക്തജനങ്ങള്‍ ഇവിടെ വന്ന് പൂജ നടത്തി കെട്ടുനിറച്ച് ശബരിമലയിലേക്ക് പോകും. ശബരിമലക്കു പോകാന്‍ കഴിയാത്തവര്‍ കെട്ടുനിറച്ച് ഇവിടെ വന്ന് ദര്‍ശന പുണ്യം നേടാറുണ്ട്. എല്ലാമാസവും രണ്ടാം ശനിയാഴ്ച നടത്തുന്ന ശനീശ്വരപൂജയില്‍ പങ്കെടുക്കുന്നത് പുണ്യമാണ്.

ഗണപതി, ദുര്‍ഗ, മഹാദേവന്‍, നാഗര്‍, ബ്രഹ്മര്‍ഷി എന്നിവരാണ് ഉപദേവതകള്‍.  നെയ്യഭിഷേകം, അപ്പം, പായസം, അരവണ, നീരാജനം, വെടിവഴിപാട് എന്നിവയാണ് പ്രധാന വഴിപാട്. പൗര്‍ണമിക്കും ഐശ്വര്യ പൂജയ്ക്കും നാരങ്ങാവിളക്കും നടത്താറുണ്ട്.  തെക്കന്‍ ശബരിമല എന്നും ചൊവ്വര ക്ഷേത്രത്തെ വിളിക്കാറുണ്ട്. പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും ഇവിടെ ദര്‍ശനം നടത്താം. ഭക്തജനങ്ങളില്‍ സദാ ഐശ്വര്യം നല്‍കുന്ന  ഊര്‍ജസ്രോതസായി ചൊവ്വര ശാസ്താവ് വാണരുളുന്നു.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?