Wednesday, December 31, 2025
Wednesday, December 31, 2025
Home » സ്കന്ദഷഷ്ഠി വ്രതം നാളെ ബുധനാഴ്ച തുടങ്ങും; വീടിനും സന്തതികൾക്കും അഭിവൃദ്ധി നേടാം

സ്കന്ദഷഷ്ഠി വ്രതം നാളെ ബുധനാഴ്ച തുടങ്ങും; വീടിനും സന്തതികൾക്കും അഭിവൃദ്ധി നേടാം

0 comments

ഡോ രാജേഷ് പുല്ലാട്ടിൽ

സുബ്രഹ്മണ്യ പ്രീതി നേടാൻ എടുക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമായ സ്കന്ദ ഷഷ്ഠിവ്രതം നാളെ 2025
ഒക്ടോബർ 22 മുതൽ ആരംഭിക്കും. ആറു ദിവസത്തെ വ്രതാനുഷ്ഠാനത്തിനാണ് നാളെ ബുധനാഴ്ച തുടക്കം കുറിക്കുക. വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കാരണം
നാളെ വ്രതം ആരംഭിക്കാൻ കഴിയാത്തവർക്ക് മൂന്ന്
ദിവസമായും ഷഷ്ഠിയുടെ തലേന്നും ഷഷ്ഠി നാളിലും
മാത്രമായും വ്രതം അനുഷ്ഠിക്കാം. 2025 ഒക്ടോബർ 27
തിങ്കളാഴ്ചയാണ് സ്കന്ദഷഷ്ഠി.

🟠 ഭഗവാൻ്റെ അവതാര മാഹാത്മ്യം

ശ്രീപരമേശ്വരന്റെയും പാര്‍വതീദേവിയുടെയും പുത്രനായി സുബ്രഹ്മണ്യന്‍ അവതരിക്കാൻ ഇടയായ സാഹചര്യം ഇങ്ങനെ: ദക്ഷ യാഗവേദിയില്‍ വച്ച് സതീദേവി ശരീരം വെടിഞ്ഞു. ഇതിനുശേഷം ശിവന്‍ ദക്ഷിണാമൂര്‍ത്തീ ഭാവം സ്വീകരിച്ച് കഠിന തപസ്‌ തുടങ്ങി. ഈ സമയത്ത് ശുക്രാചാര്യരുടെ ശിഷ്യയും അസുരേന്ദ്രന്‍ എന്ന അസുരരാജാവിന്റെ പുത്രിയുമായ കുമാരി മായ കശ്യപമുനിയെ പ്രലോഭിപ്പിച്ച് ശൂരപദ്മാസുരന്‍, സിംഹവക്ത്രന്‍, താരകന്‍ എന്നീ മൂന്ന് പുത്രന്‍മാര്‍ക്ക് ജന്മമേകി. ഈ അസുര പുത്രന്മാർ തപസ് ചെയ്ത് ശിവനെ പ്രീതിപ്പെടുത്തി ശിവപുത്രനില്‍ നിന്ന് മാത്രമേ മൃത്യു സംഭവിക്കാവൂ എന്ന വരം നേടി.

🟠 ശിവഭഗവാന്റെ തപസ് മുടങ്ങുന്നു
ശിവന്‍ പത്‌നി വിയോഗത്തെ തുടർന്ന് പൂർണ്ണമായും തപസ്സിലേക്ക് മാറിയതു കൊണ്ട് പുത്രന്‍ ജനിക്കുക അസാദ്ധ്യമാണ് എന്ന് കരുതി ഈ വരം നേടിയ മൂന്ന് അസുരന്‍മാരും അഹങ്കാരം മൂത്ത് ദേവലോകം കീഴടക്കി ഭരിച്ചു. എന്നാൽ ദേഹത്യാഗം ചെയ്ത സതി ഹിമവാന്റെയും മേനയുടെയും പുത്രി പാര്‍വതിയായി അവതരിച്ചു. പിന്നീട് കാമദേവന്റെ ഇടപെടലിലൂടെ ശിവപത്‌നിയായി. അസുരന്മാരുടെ ദ്രോഹം കാരണം കഷ്ടപ്പെടുന്ന ദേവന്മാരെ രക്ഷിക്കുവാൻ വേണ്ടിയാണ് ശിവന്റെ തപസ് മുടക്കി പാർവ്വതിയുമായി ഒന്നിപ്പിച്ചത്.

🟠 ശിവതേജസില്‍ നിന്ന് സ്‌കന്ദന്‍
ദേവന്മാരുടെ ദു:ഖത്തിന് ശമനമുണ്ടാക്കണമെന്ന് ബ്രഹ്മാവ് ശ്രീപരമേശ്വരനോട് അഭ്യര്‍ത്ഥിച്ചപ്പോൾ ഭഗവാന്റെ തൃക്കണ്ണില്‍ നിന്നും ഒരു ദിവ്യതേജസ്‌ ആവിര്‍ഭവിച്ചു. വായുദേവനും അഗ്‌നിദേവനും കൂടി ആ ദിവ്യതേജ‌സിനെ ഗംഗയില്‍ എത്തിച്ചു. ഗംഗാദേവി ആ തേജസ്‌ ശരവണ പൊയ്കയില്‍ നിക്ഷേപിച്ചു. ഒരു ബാലന്‍ അതില്‍നിന്ന് അവതരിച്ചു. ശിവതേജസില്‍ നിന്നുണ്ടായതു കൊണ്ട് ആ ബാലന് സ്‌കന്ദന്‍ എന്ന പേര് ലഭിച്ചു.

ALSO READ

🟠 ആറു പേരുടെ മകൻ
വിഷ്ണുഭഗവാന്റെ അഭ്യര്‍ത്ഥന പ്രകാരം കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവതമാരായ ആറ് കൃത്തികാ ദേവിമാര്‍ സ്‌കന്ദന് മുലയൂട്ടി. ഓരോ ദേവിയോടും ഒപ്പം നില്‍ക്കാന്‍ സ്‌കന്ദന് ഓരോ മുഖം ഉണ്ടായി. അങ്ങനെ മുരുകന്‍ ഷൺമുഖനായി. കൃത്തികാ ദേവിമാര്‍ പാലൂട്ടി വളര്‍ത്തിയത് കൊണ്ടു സ്‌കന്ദന് കാര്‍ത്തികേയന്‍ എന്ന പേരും ലഭിച്ചു. ശരവണ പൊയ്കയില്‍ ജനിച്ചത്
കാരണം ശരവണഭവനുമായി. ഗുഹൻ എന്ന പേരിൽ ശിവ ഭഗവാന്റെയും, സ്കന്ദൻ എന്ന പേരിൽ പാർവതി ദേവിയുടെയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും
പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു. അങ്ങനെ
ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ കാരണമായ എല്ലാ
ചൈതന്യങ്ങളുടെയും മകനായി സുബ്രഹ്മണ്യൻ മാറി;

🟠 ദേവസേനാപതിയായി യുദ്ധം
സ്‌കന്ദനെ കണ്ട് ബ്രഹ്മാദികള്‍ സന്തുഷ്ടരായി. അവര്‍ മുരുകനെ ദേവന്മാരുടെ സേനാപതിയായി വാഴിച്ചു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായത് കാരണം ദേവസേനാപതി എന്ന പേരും ലഭിച്ചു. ദേവസേനയുടെ ഭർത്താവായതും ഈ പേരിനെ അന്വർത്ഥമാക്കുന്നു.
തുടര്‍ന്ന് സ്‌കന്ദന്‍ അതി ഘോരമായ യുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും നിഗ്രഹിച്ചു. അവരുടെ ജ്യേഷ്ഠൻ ശൂരപദ്മാസുരനുമായി അനേക കാലം യുദ്ധം ചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായ കൊണ്ട് സ്‌കന്ദനെ മറച്ചു. ഇത് കണ്ടു ദേവന്മാരും അമ്മ പാര്‍വ്വതിയുമെല്ലാം വളരെയധികം ദു:ഖിച്ചു. അവര്‍ കഠിന നിഷ്ഠയോടെ ഷഷ്ഠിവ്രതം അനുഷ്ഠിച്ചു. അങ്ങനെ സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി നിഗ്രഹിച്ചു. ഇതിനാലാണ് ഷഷ്ഠിവ്രതത്തിന് ഇത്രയധികം പ്രാധാന്യം ലഭിച്ചത്.
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ ഈ വ്രതമെടുത്താൽ പാർവ്വതി ദേവിയുടെ അനുഗ്രഹവും ലഭിക്കും.

🟠 ഒക്ടോബർ 27 തിങ്കളാഴ്ച സ്കന്ദഷഷ്ഠി
വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. 1201 തുലാം മാസത്തെ സ്കന്ദഷഷ്ഠി 2025 ഒക്ടോബർ 27 നാണ്. തുലാമാസത്തിലെ (കാർത്തിക മാസം ) കറുത്തവാവ് കഴിഞ്ഞ് വരുന്ന ആറാം തിഥിയാണ് സ്ക്ന്ദഷഷ്ഠി. ഒക്ടോബർ 21 ചൊവ്വാഴ്ചയാണ് കറുത്തവാവ്. അതിനാലാണ് തുലാം10 , ഒക്ടോബർ 27 തിങ്കളാഴ്ച സ്കന്ദഷഷ്ഠി
വരുന്നത്.

🟠 വ്രതനിഷ്ഠ കർശനം

സ്കന്ദഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ 6 ദിവസം
ഒരിക്കലെടുത്ത് പഞ്ചമിനാളില്‍ ഉപവസിക്കുകയും, ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ ചെയ്യുകയും വേണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് ഭക്ഷിച്ച് വ്രതം അവസാനിപ്പിക്കാം . ഷഷ്ഠിവ്രതത്തിന് അതിന്റെ തലേദിവസമായ പഞ്ചമിക്ക് വലിയ പ്രാധാന്യമുണ്ട്. അന്ന് ഉപവസിക്കണം. എന്നാൽ പഞ്ചമിനാളില്‍ ഉപവസിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരുനേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ടും വ്രതം അനുഷ്ഠിക്കാം. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് ബ്രഹ്മചര്യം പാലിച്ച് വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമം.

🟠 വ്രതഫലം , മന്ത്രജപം
സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രത അനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയ‌സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യ സ്വാമിയുടെ മൂല മന്ത്രമായ ഓം വചത്‌ഭുവേ നമഃ , സുബ്രഹ്മണ്യ സഹസ്രനാമം, സുബ്രഹ്മണ്യ അഷ്ടോത്തരം തുടങ്ങിയവ കഴിയുന്നത്ര തവണ ജപിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
ന്യാസവും ധ്യാനവും ഉൾപ്പെടെ ജപിച്ച സുബ്രഹ്മണ്യ സഹസ്രനാമം കേൾക്കാം:

https://youtu.be/d-KUkwsQbjY?si=lpUIzfmkn0IZHYtB

ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: +91 90377 48752

Story Summary: Skandashasti Vritham, Myth, Mantras

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?