Wednesday, February 4, 2026
Wednesday, February 4, 2026
Home » ദേവീ മാഹാത്മ്യത്തിലെ ഈ ശ്ലോകങ്ങൾ വ്യാധിയും മൃത്യുവും മുറിച്ചു മാറ്റും

ദേവീ മാഹാത്മ്യത്തിലെ ഈ ശ്ലോകങ്ങൾ വ്യാധിയും മൃത്യുവും മുറിച്ചു മാറ്റും

by NeramAdmin
0 comments

പകർച്ചവ്യാധികൾ ഭീതി പരത്തുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ദേവീ മഹാത്മ്യത്തിലെ ചില ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ എല്ലാ വ്യാധികളും ശമിക്കുകയും
മൃത്യുദോഷങ്ങൾ അകന്നു പോകുകയും ചെയ്യുമെന്ന് പ്രസിദ്ധ ആദ്ധ്യാത്മികാചാര്യനും എല്ലാ പ്രവചന ശാസ്ത്രങ്ങളിലും മഹാപണ്ഡിതനുമായ എം. നന്ദകുമാർ, റിട്ട. ഐ എ എസ് വെളിപ്പെടുത്തി.

ഭക്തരുടെ നിത്യദു:ഖങ്ങളെല്ലാം ഏറ്റെടുക്കുന്ന മഹാമായയെ സർവ്വവ്യാധിപ്രശമനി, സർവ്വമൃത്യു നിവാരിണി, മൃത്യുദാരുകുഠാരിക (മൃത്യുവിനെ മുറിച്ചു മാറ്റുന്ന മഴു) എന്നെല്ലാമാണ് ലളിതാ സഹസ്രനാമത്തിൽ വാഴ്ത്തുന്നത്. ശരീരവും മനസ്സും ശുദ്ധമാക്കി പൂർണമായും ദേവിയിങ്കൽ സമർപ്പിച്ച് ദേവീ മാഹാത്മ്യത്തിലെ താഴെ ചേർത്തിരിക്കുന്ന ശ്ലോകങ്ങൾ സൗകര്യം പോലെ കഴിവിനൊത്ത വിധം അക്ഷര സ്ഫുടതയോടെയും അർത്ഥം മനസിലാക്കിയും എന്നും ചൊല്ലുക.

ദേവിയെ ഗുരുവായി സ്വീകരിച്ച് ഭക്ത്യാദരപൂർവ്വം വേണം ജപം. കൊളുത്തി വച്ച നിലവിളക്കിന് മുന്നിൽ ഇരുന്ന് ദേവിയുടെ പടം വച്ച് ജപിക്കുന്നത് ശ്രേഷ്ഠമാണ്. കിഴക്കോട്ടോ, വടക്കോട്ടോ ദർശനമായിരിക്കണം. 100,1000,10000 തവണയാണ് ജപിക്കേണ്ടത്. തുടക്കത്തിലും ഒടുക്കത്തിലും 108 തവണ ഓം നമ: ശിവായ കൂടി ജപിക്കണമെന്നും എം. നന്ദകുമാർ നിർദ്ദേശിച്ചു:

ശ്ലോകങ്ങൾ

ദുർഗ്ഗേ സ്മൃതാ ഹരസി
ഭീതിമശേഷജന്തോ:
സ്വസ്ഥൈ: സ്മൃതാ
മതിമതീവ ശുഭാം ദദാസി
ദാരിദ്ര്യദു:ഖഭയഹാരിണി
കാ ത്വദന്യാ
സർവ്വോപകാരകരണായ
സദാർദ്രചിത്താ
(അദ്ധ്യായം 4 – ശ്ലോകം 234)

രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമ:
ജ്യോത്സ്നായൈ ചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമ:
(അദ്ധ്യായം 5, ശ്ലോകം 269)

ALSO READ

ദേവി പ്രപന്നാർത്തിഹരേ പ്രസീദ
പ്രസീദ മാതർജഗതോ അഖിലസ്യ
പ്രസീദ വിശ്വേശ്വരി പാഹി വിശ്വം
ത്വമീശ്വരീ ദേവി ചരാചരസ്യ.
(അദ്ധ്യായം 11, ശ്ലോകം 578)

സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
(അദ്ധ്യായം 11, ശ്ലോകം 585)

ശരണാഗതദീനാർത്ത
പരിത്രാണപരായണേ
സർവസ്യാർത്തിഹരേ ദേവീ
നാരായണീ നമോസ്തു തേ
(അദ്ധ്യായം11, ശ്ലോകം 587)

ദേവീ മാഹാത്മ്യം മൊത്തം 108ആവർത്തി പാരായണം ചെയ്താൽ അതിഭയങ്കരങ്ങളായ വ്യാധികൾ ശമിക്കുമെന്നും, അപമൃത്യുവിൽ നിന്ന് രക്ഷ നേടാമെന്നും ആചാര്യന്മാർ പറയുന്നു. മുകളിൽ കൊടുത്തിരി ക്കുന്ന സർവ്വമംഗളമംഗല്യേ എന്ന് തുടങ്ങുന്ന (അദ്ധ്യായം11, ശ്ലോകം 585) ശ്ലോകം അതി ശ്രേഷ്ഠവും ദേവിയുടെ പ്രീതി പിടിച്ചു പറ്റാൻ ഉത്തമമാണ്. ആബാലവൃദ്ധം ജനങ്ങളും എപ്പോഴും ഉരുവിടുന്നതുമാണ് ഈ ശ്ലോകം.

സർവ്വമംഗളപ്രദായകവും, പുരുഷാർത്ഥ ലഭ്യതയും, സകലവിധ ഐശ്വര്യ ലബ്ധിയും ആചാര്യന്മാർ ഉറപ്പു തരുന്നു. ഈ ശ്ലോകം എപ്പോഴും ജപിച്ചു കൊണ്ടിരുന്നാൽ ദേവീ കടാക്ഷം ഒരിക്കലും നമ്മെവിട്ടു പോകില്ലെന്നും, സർവ്വസിദ്ധി ലഭിക്കുമെന്നും അനുഭവസ്ഥരായ ഗുരുതുല്യർ പറയുന്നതായും എം. നന്ദകുമാർ വ്യക്തമാക്കി.

(റിട്ട.ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗികനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും മഹാപണ്ഡിതനുമായ എം.നന്ദകുമാർ തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിലെ പ്രണവത്തിൽ താമസിക്കുന്നു.മൊബൈൽ : 9497836666.
വെബ് സൈറ്റ്: www.m nandakumar.com)

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?