Wednesday, December 10, 2025
Wednesday, December 10, 2025
Home » ഭരണിക്ക് ചെലവു കടലു പോലെ, കേട്ട പിറന്നാൽ ചേട്ടനയ്യം: 10 നാളിന് പാദ ദോഷം

ഭരണിക്ക് ചെലവു കടലു പോലെ, കേട്ട പിറന്നാൽ ചേട്ടനയ്യം: 10 നാളിന് പാദ ദോഷം

by NeramAdmin
0 comments

കെ. മോഹനചന്ദ്രൻ, വെള്ളായണി

പത്തു നക്ഷത്രങ്ങൾക്ക് നാൾ ദോഷമുണ്ട് :

1.ഭരണി 2. പൂയം 3. ആയില്യം 4. പൂരം 5. ഉത്രം 6. അത്തം 7. ചിത്തിര 8. കേട്ട 9. മൂലം 10. പൂരാടം എന്നീ നക്ഷത്രങ്ങൾക്കാണ് നാൾ ദോഷം പറയുന്നത്. നക്ഷത്ര പാദങ്ങളുടെ അതായത് നക്ഷത്ര കാലുകളുടെ അടിസ്ഥാനത്തിലാണ് നാൾദോഷം തീരുമാനിക്കുന്നത്. ജനന സമയം ഏതെന്നറിഞ്ഞാൽ ഏത് പാദത്തിലാണ് ജനനം നടന്നതെന്ന് മനസിലാക്കാം. ഒരു നക്ഷത്രത്തിന് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ നാല് പാദങ്ങൾ ഉണ്ട്. ഒരു നക്ഷത്രത്തിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്ന സമയമാണ് നാൾ. 27 നക്ഷത്രങ്ങളിലൂടെയും ഒരോ മാസവും ചന്ദ്രൻ ഒരു വട്ടം സഞ്ചരിക്കും. ചന്ദ്രന്റെ പിന്നിൽ ഒരു നക്ഷത്രം ഉദിച്ചു നില്ക്കുന്ന സമയം ഏകദേശം 60 നാഴികയാണ്. അത് 24 മണിക്കൂറിന് സമമാണ്. നക്ഷത്ര സമയത്തെ 4 തുല്യഭാഗങ്ങളായി വിഭജിച്ചാൽ 15 നാഴിക (6 മണിക്കൂർ) വീതമുള്ള 4 ഭാഗങ്ങൾ കിട്ടും. ഇവയിൽ ആദ്യത്തെ 15 നാഴിക ഭാഗത്തെ ഒന്നാം പാദം എന്നും രണ്ടാം 15 നാഴികയെ രണ്ടാം പാദം എന്നും മൂന്നാം 15 നാഴികയെ മൂന്നാം പാദം എന്നും അവസാനത്തെ 15 നാഴികയെ നാലാം പാദം എന്നും പറയുന്നു. ഒരു നക്ഷത്രത്തിൽ ജനിച്ചു എന്നറിഞ്ഞാൽ മാത്രം പോര. എത്രാം കാലിലാണ് ജനിച്ചതെന്നും അറിയണം. എങ്കിൽ നാൾ ദോഷം സൂക്ഷ്മമായി മനസിലാക്കാം. നാൾദോഷം അനുഭവിക്കാനുള്ളത് ഒന്നുകിൽ ജാതകൻ അല്ലെങ്കിൽ മാതാപിതാക്കൾ ആയിരിക്കും. എന്നാൽ പാദ ദോഷം തീവ്രമായി സംഭവിക്കണമെങ്കിൽ ചന്ദ്രനും ലഗ്നവും ഒരേ രാശിയിലായിരിക്കണം. അല്ലെങ്കിൽ പാദദോഷം സാരമായി ബാധിക്കില്ല. ബലവാനായ ചന്ദ്രൻ ശുഭയോഗത്തോടെ ശുഭസ്ഥാനങ്ങളിൽ ശുഭ ദൃഷ്ടിയിൽ നിന്നാൽ പാദ ദോഷത്തിന് പരിഹാരമുണ്ടാകും.

ഒരു കുഞ്ഞ് ഒരു പ്രത്യേക കാലിൽ ജനിച്ചത് കൊണ്ടു മാത്രം ബന്ധുവിന് ദോഷം എന്ന് വിചാരിക്കുന്നത് ശരിയല്ല. ദോഷം ബന്ധുവിന്റെ ജാതകത്തിൽ നേരത്തേ തന്നെ കാണും. കുഞ്ഞിന്റെ നാൾദോഷം കൊണ്ട് അതിനെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞിന്റെ അനുഭവരാഹിത്യത്തെയാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് കുഞ്ഞിനെ പഴിക്കേണ്ടതില്ല. ദോഷത്തെ അതിജീവിക്കാനുള്ള മുൻകരുതൽ എടുക്കുകയും പരിഹാരമാർഗ്ഗങ്ങൾ ആരായുകയും വേണം.

1 ഭരണി
നാഡീഗ്രന്ഥങ്ങളിലാണ് ഭരണി നക്ഷത്രത്തിന്റെ പാദ ദോഷത്തെപ്പറ്റി പറയുന്നത്. സ്ത്രീകൾ കൂടുതലും ജനിക്കുന്നത് ഭരണിയുടെ രണ്ടാം പാദത്തിലാണ്. ഭരണി നക്ഷത്രത്തിന്റെ ഒന്നും രണ്ടും പാദങ്ങളിൽ പുത്രൻ ജനിച്ചാൽ പിതാവിനും പുത്രി ജനിച്ചാൽ മാതാവിനും നല്ലതല്ല. ഭരണി നാൾ ധരണിപോലെ വരവു ചെലവു കടലുപോലെ എന്നും ചൊല്ലുണ്ട്.

2 പൂയം
ആൺപൂയം അരശാളും എന്ന് തമിഴർ പറയും. ആൺ പൂയം അമൃതൂട്ടും എന്ന് മലയാളി. പൂയം നക്ഷത്രം പൊതുവെ ജാതകന് ഉയർച്ച കൊടുക്കും എന്ന് താല്പര്യം. പൂയം നക്ഷത്രം കർക്കടകം രാശിയിലാണല്ലോ. ചന്ദ്രനും ലഗ്നവും കർക്കടകത്തിൽ ആകുകയും ജനനം കൃഷ്ണപക്ഷത്തിലും ആണെങ്കിൽ പൂയത്തിന് ദോഷം പറയുന്നു. ഒന്നാം പാദം ജാതകനും രണ്ടാം പാദം പിതാവിനും മൂന്നാം പാദം മാതാവിനും നാലാം പാദം അമ്മാവനും ദോഷം.

ALSO READ

3 ആയില്യം
ആയില്യത്തിന്റെ ഒന്നും രണ്ടും പാദത്തിന് ദോഷമില്ല. മൂന്നാം പാദം മാതാവിനും നാലാം പാദം പിതാവിനും ദോഷം പറയുന്നു. പാദ ദോഷത്തിന്റെ പേരിൽ ചിലർ ആയില്യക്കാരെ മരുമക്കളാക്കാൻ മടിക്കാറുണ്ട്. അയൽ വീട്ടുകാർക്ക് ദോഷം പറയാറുണ്ട് – ഇതിന് രണ്ടിനും അനുഭവവും യുക്തിയുമില്ല.

4 പൂരം
പൂരം ഒന്നാം പാദം പുരുഷ ജനനം പിതാവിനും സ്ത്രീ ജനനം മാതാവിനും ദോഷം പറയുന്നുണ്ട്.

5 ഉത്രം
ഉത്രം നക്ഷത്രം ചിങ്ങം രാശിയിലും കന്നി രാശിയിലും ആയിവരും. ചിങ്ങം രാശിയിൽ വരുന്ന ഒന്നാം പാദത്തിനാണ് ദോഷം. ഉത്രം ഒന്നാം പാദം പുരുഷന് ആണെങ്കിൽ പിതാവിനും സ്ത്രീയാണെങ്കിൽ മാതാവിനും ദോഷം പറയുന്നു. പദവി നഷ്ടം, തൊഴിൽ നഷ്ടം, ആരോഗ്യപരമായ ആപത്തുകൾ തുടങ്ങിയവ ഉത്രം ആദ്യ കാലിന്റെ ദോഷങ്ങളായി കണ്ടുവരുന്നു.

6 അത്തം
പെണ്ണത്തം പൊന്നത്തം എന്ന് മലയാളി പറയും. അത്തം ആൺപിറന്നാൽ അപ്പനയ്യം എന്ന് തമിഴർ പറയും. പാദ ദോഷത്തിന് ദുഷ്‌ക്കീർത്തിയുള്ള നക്ഷത്രമാണ് അത്തം. കന്നിരാശിയിലുള്ളതാണ് ഈ നക്ഷത്രം. കന്നിരാശിയിൽ തന്നെ ലഗ്നവും അമാവാസിയിൽ ജനനവും വന്നാലാണ് കൂടുതൽ ദോഷം. അത്തം ഒന്നാം പാദത്തിൽ പുത്രൻ ജനിച്ചാൽ പിതാവിനും രണ്ടിൽ മാതുലനും മൂന്നിൽ ജാതകനും നാലിൽ മാതാവിനും ദോഷം പറയുന്നു.

7 ചിത്തിര
ചിത്തിര നക്ഷത്രം കന്നിയിൽ ഒന്നും രണ്ടും പാദങ്ങളും തുലാത്തിൽ മൂന്നും നാലും പാദങ്ങളുമായി വരും. പുരുഷൻ മൂന്നാം പാദത്തിൽ ജനിച്ചാൽ പിതാവിനും സ്ത്രീ ജനിച്ചാൽ മാതാവിനും ദോഷം. ബാല്യത്തിൽ തന്നെ പിരിയേണ്ടിവരുന്നതാണ് ദോഷം. ചിത്തിരക്ക് അപ്പൻ തെരുവിലെ എന്ന് തമിഴ് മൊഴി. ചിത്തിര പിറന്നാൽ അത്തറ തോണ്ടും എന്ന് മലയാളി മൊഴിയുണ്ട്. സ്വന്തം കുടുംബസാഹചര്യത്തിൽ പോകുന്നതാണ് ദോഷത്തിന്റെ താല്പര്യം.

8 തൃക്കേട്ട
തൃക്കേട്ടയ്ക്ക് തലക്കേട്ടയില്ല എന്ന് മലയാളത്തിൽ പറയും. കേട്ട പിറന്നാൽ ചേട്ടനയ്യം എന്നാണ് തമിഴ് മൊഴി. തൃക്കേട്ട നക്ഷത്രത്തിൽ ചൊവ്വാഴ്ച ജനനവും വൃശ്ചികം ലഗ്നവുമാണെങ്കിലാണ് കൂടുതൽ ദോഷം. തൃക്കേട്ട ഒന്നാം പാദം ജ്യേഷ്ഠനും രണ്ടാം പാദം അനുജനും മൂന്നാം പാദം പിതാവിനും നാലാം പാദം മാതാവിനും ദോഷം.

9 മൂലം
മൂലം നക്ഷത്രവും ധനു ലഗ്നവും ഞായറാഴ്ചയും ഒത്തുവന്നാലാണ് ദോഷം. ഒന്നാം പാദം അച്ഛനും രണ്ടാം പാദം അമ്മയ്ക്കും ദോഷം.

10 പൂരാടം
പാദ ദോഷമുള്ള മുഖ്യനക്ഷത്രമാണിത്. പൂരാടം നക്ഷത്രവും ധനുലഗ്നവും ഒത്തുവന്നാലാണ് ദോഷം. ഒന്നാം പാദത്തിൽ ജനിച്ചാൽ പിതാവിനും രണ്ടാം പാദത്തിൽ ജനിച്ചാൽ മാതാവിനും മൂന്നാം പാദത്തിൽ മാതുലനും നാലാം പാദത്തിൽ ജാതകനും ദോഷം. പൂരാടം നക്ഷത്രവും വെള്ളിയാഴ്ചയും ഒത്തുവന്നാൽ വിവാഹം വൈകാനുള്ള സാദ്ധ്യത പറയുന്നുണ്ട്. അതുകൊണ്ട് ദശാപഹാരങ്ങൾ യോജിച്ചുവരുന്ന സമയം നോക്കി പൂരാടം നക്ഷത്രക്കാർ വിവാഹം നേരത്തേ നടത്താൻ ശ്രദ്ധിക്കണം.

കെ. മോഹനചന്ദ്രൻ, വെള്ളായണി,
എം.എ.അസ്‌ട്രോളജി എം.എ.സോഷ്യോളജി,

+91 94 95303081

Story summary: Nakshatra pada Dosha
Everything you need to know

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?