ഗൗരി ലക്ഷ്മി
ശ്രീലളിതാംബികയുടെ, രാജരാജേശ്വരിയുടെ അനുഗ്രഹം നേടിയാൽ എത്ര കടുത്ത ദാരിദ്ര്യവും ശത്രുദോഷവും ഒഴിഞ്ഞു പോകും. ആശ്രയിക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന രാജരാജേശ്വരി ദേവിയെ പ്രീതിപ്പെടുത്താന്‍ 48 ദിവസം വ്രതമെടുക്കുന്ന ഒരു പ്രത്യേക ഉപാസനാ രീതിയുണ്ട്. ഈ 48 ദിവസവും രാവിലെ 6 മണിക്ക് മുന്‍പ് കുളിച്ച് ശരീരശുദ്ധിയോടെ, മന:ശുദ്ധിയോടെ പൂജാമുറിയിലിരുന്ന് ജഗദംബികയെ ഇഷ്ട മന്ത്രങ്ങളും സ്തുതികളും ജപിച്ച് ആരാധിക്കണം. ദേവിയുടെ ചിത്രത്തിൽ ആദ്യം മാലയണിയിക്കണം. പിന്നെ വിളക്കും ചന്ദനത്തിരിയും കത്തിച്ചു വയ്ക്കണം. എന്നിട്ടു വേണം പ്രാര്‍ത്ഥന. ഈ ദിവസങ്ങളില്‍ മദ്യം മറ്റ് ലഹരി വസ്തുക്കള്‍ മത്സ്യമാംസാദികള്‍ എന്നിവ ഉപയോഗിക്കരുത്. ഏത് പൂജാമുറിയിലിരുന്ന് പ്രാര്‍ത്ഥന തുടങ്ങുന്നുവോ ആ പൂജാമുറിയില്‍ തന്നെ 48 ദിവസവും പൂജ തുടരണം. ദിവസവും രണ്ടുനേരം പൂജ നടത്തി പ്രാര്‍ത്ഥിക്കണം. ഇങ്ങനെ ചെയ്താല്‍ കടുത്ത ആഭിചാര പ്രയോഗ ദോഷങ്ങള്‍ വരെ അകന്നുപോകും. മാത്രമല്ല ഐശ്വര്യവും വശ്യശക്തിയുമുണ്ടാവും. ഭാഗ്യം, ഐശ്വര്യം, സമ്പല്‍സമൃദ്ധി, സര്‍വ്വകാര്യവിജയം എന്നിവ രാജരാജേശ്വരി പ്രീതിയാൽ കരഗതമാകും. 48 ദിവസം തുടർച്ചയായി വ്രതം എടുക്കാൻ കഴിയാത്ത സ്ത്രീകൾ അശുദ്ധി മാറിയ ശേഷം വ്രതം തുടരുന്നതിൽ തെറ്റില്ല എന്ന് പുതുമന മഹേശ്വരൻ നമ്പൂതിരിയെ പോലെയുള്ള ആചാര്യന്മാർ വ്യക്തിമാക്കിയിട്ടുണ്ട്. ദേവീ ഭാഗവതം, ലളിതാ സഹസ്രനാമം, സൗന്ദര്യ ലഹരിയിലെ ശ്ലോകങ്ങള്‍, ലളിത ത്രിശതി തുടങ്ങിയവയാണ് രാജരാജേശ്വരിയെ പൂജിക്കുമ്പോള്‍ പാരായണം ചെയ്യേണ്ടത്. ദുർഗ്ഗാ മൂലമന്ത്രമായ ഓം ഹ്രീം ദും ദുർഗ്ഗായൈ നമ: കഴിയുന്നത്ര തവണ ജപിക്കണം. വ്രതദിനങ്ങളിൽ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി പുഷ്പാഞ്ജലി കഴിക്കുന്നത് വളരെ നല്ലതാണ്.
പ്രാർത്ഥനാ മന്ത്രം
സർവ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
ത്രിപുരസുന്ദരിയാണ് രാജരാജേശ്വരി. ലളിത, ശ്രീവിദ്യ, കോമേശ്വരി എന്നെല്ലാം അറിയപ്പെടുന്ന ദേവി ശിവന്റെ ശക്തിയാണ്. എല്ലാ ദുരിത ദോഷങ്ങളും അകറ്റി സര്‍വ്വ ഐശ്വര്യങ്ങളും നല്‍കുന്നതില്‍ ഈ ദേവിക്ക് സമാനമായ മറ്റൊരു ദേവതയില്ല.
ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന മാനസികമായ വിദ്വേഷത്തിലൂടെയാണ് ശത്രുദോഷം തുടങ്ങുന്നത്. ഇത് കടുത്ത ശത്രുതയായി മാറുമ്പോള്‍ എതിരാളിയെ നശിപ്പിക്കാന്‍ ചിലർ ക്ഷുദ്രം, ആഭിചാരം തുടങ്ങിയ നീച കര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. മറ്റ് ചിലര്‍ കൗളാചാരപ്രകാരം രൗദ്ര ദേവതാ സങ്കല്പത്തില്‍ ശത്രുവിന് ദോഷം വരണമെന്ന് വിളിച്ചപേക്ഷിക്കും. അതിനു വേണ്ടി അവര്‍ ആ ദേവതയ്ക്ക് നേര്‍ച്ചകളും നടത്താറുണ്ട്. ക്ഷുദ്രവും ആഭിചാരവും ചെയ്യുമ്പോഴാണ് കൂടുതല്‍ ദോഷം സംഭവിക്കുന്നത്. എന്നാൽ എല്ലാ ആഭിചാര കര്‍മ്മവും ദോഷം സംഭവിയ്ക്കാറില്ല.
ALSO READ
ആരെ ഉദ്ദേശിച്ചാണോ ആഭിചാരം ചെയ്യുന്നത് ആ ആളിന് ഉത്തമമായ ദശാകാലവും ശക്തമായ ദൈവാധീനവും ഉള്ള സമയമാണെങ്കില്‍ ഏന്ത് ക്ഷുദ്രം ചെയ്താലും ബാധിക്കാറില്ല. മറ്റൊരു തരത്തില്‍ നോക്കിയാല്‍ മാനസികമായും ശാരീരികമായും ഒരു വ്യക്തി ദുര്‍ബ്ബലമോ ചപലമോ ആകുന്ന അവസ്ഥയിൽ ശരിക്കും ശത്രുദോഷം തീവ്രമായി ബാധിക്കും. ആര് എത്ര കടുത്ത ക്ഷുദ്രം ചെയ്താലും ദോഷസമയമല്ലെങ്കില്‍ ഒന്നും ബാധിക്കില്ല. അഥവാ ഇനി ശത്രുദോഷം ബാധിച്ചാല്‍ തന്നെ രാജരാജേശ്വരിയെ ആരാധിച്ച് പ്രീതിപ്പെടുത്തിയാല്‍ അതില്‍ നിന്നും അതിവേഗം മുക്തി നേടാം. ഭദ്രകാളി, ദുര്‍ഗ്ഗ പ്രീതി നേടുന്നതും ഉത്തമമായ ശത്രുദോഷ പരിഹാര കര്‍മ്മമാണ്.
- ഗൗരി ലക്ഷ്മി,
+91 90 74580 476
Story Summary : Rajarajeswari Worship for Removing Poverty and enemies