Wednesday, December 10, 2025
Wednesday, December 10, 2025
Home » കർക്കടക സംക്രമ വേളയിൽ ശ്രീ ഭഗവതി വീട്ടിൽ പ്രവേശിക്കും

കർക്കടക സംക്രമ വേളയിൽ ശ്രീ ഭഗവതി വീട്ടിൽ പ്രവേശിക്കും

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി

സൂര്യ ഭഗവാൻ മിഥുനത്തിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്ന ശുഭ മുഹൂർത്തമായ കർക്കടക സംക്രമ വേളയിൽ ശ്രീ ഭഗവതി കുടുംബത്തിൽ പ്രവേശിക്കുമെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. ശ്രീദേവിയെ വരവേൽക്കുന്നതിനാണ് സംക്രാന്തിയുടെ തലേന്ന് വീടെല്ലാം അടിച്ചു വാരി വൃത്തിയാക്കുന്നത്. ഗൃഹത്തിലെ സകല മാലിന്യങ്ങളും ദക്ഷിണായന പുണ്യകാലത്തിന് മുൻപ് മാറ്റം ചെയ്യുന്ന ഈ ചടങ്ങിന് ജ്യേഷ്ഠാ ഭഗവതിയെ പുറത്താക്കൽ എന്നാണ് പറയപ്പെടുന്നത്. വീട്ടിലെ പാഴ്വസ്തുകൾ എല്ലാം മിഥുന മാസാറുതിയിൽ പുറത്താക്കണം – പഴയ കാലത്ത് ഇതൊരു ചടങ്ങായിരുന്നു. ഒരു 30 കൊല്ലം മുൻപ് ഇവിടെ പതിവായിരുന്ന ആചാരം. ഇപ്പോഴും ചില ഭവനങ്ങളിലെങ്കിലും പഴയ കാലത്തെപ്പോലെ വിസ്തരിച്ച് അല്ലെങ്കിലും ആടിയറുതി നാളിൽ വീട് തൂത്തുവാരി മാലിന്യങ്ങൾ കത്തിച്ച് വിളക്ക് വയ്ക്കാറുണ്ട്. കർക്കടക രവി സംക്രമം നടക്കുന്നതിന് മുൻപ് ചടങ്ങ് നടത്തണം.

പണ്ട് വളരെ വിപുലമായ രീതിയിലാണ് ആടിയറുതി ആചരിച്ചിരുന്നത്. അതിന്റെ ചിട്ടകൾ ഏതാണ്ട് ഇങ്ങനെ ആയിരുന്നു: ഉപയോഗ ശൂന്യമായ കുട്ട, മുറം, ചട്ടി, തൊട്ടി എന്നിവയിൽ ഒന്നിൽ ചൂൽ ഈർക്കിൽ, ചേമ്പിൻ തണ്ട്, ചോറു വറ്റ്, നാശമായ നെല്ല്, കുറച്ച് അരി, ഉപ്പ്, മുളക്, ഉപ്പുമാങ്ങ, കൂവ, താള്, കരിക്കട്ട, നാല് തിരികൾ എന്നിവ ഒരുക്കി വച്ചാണ് ജ്യേഷ്ഠാ ഭഗവതിയെ പുറത്താക്കാനുള്ള പുജ നടത്തിയിരുന്നത്. ഇതിൽ രണ്ടു തിരികൾ തൊട്ടിക്ക് മീതെയും രണ്ടു തിരികൾ തൊട്ടിക്കുള്ളിലും കത്തിച്ചു വയ്ക്കും. അകത്തും പുറത്തുമുള്ള ദ്വൈത സങ്കല്പമത്രേ ജ്യേഷ്ഠാ സ്വരൂപം. ഇങ്ങനെ ജ്യേഷ്ഠയെ പുറത്ത് കളഞ്ഞാൽ ഒരു തിരിയിട്ട വിളക്ക് വീടിന്റെ മുൻ വശത്ത് കൊളുത്തിവയ്ക്കും. ഏകത്വ ദർശനമാണ് ഈ ഒറ്റത്തിരി. ഈ തിരികൊളുത്തും മുൻപ് നാല് തിരി കൊളുത്തിയ തൊട്ടി അല്ലെങ്കിൽ മുറം വീട്ടിന് പുറത്ത് ഒരു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കളയും. ജ്യേഷ്ഠയെ കൊണ്ടുപോയ ശേഷം കതകടച്ച് ചേട്ടാ ഭഗവതി പുറത്ത് ശ്രീ ഭഗവതി അകത്ത് എന്ന് മൂന്ന് തവണ വിളിച്ചു പറയും. ജ്യേഷ്ഠയെ കളയാൻ പോയ ആൾ കുടുംബാംഗം ആണെങ്കിൽ കുളിച്ചിട്ട് അകത്തു കയറിയ ശേഷം വേണം കതക് അടയ്ക്കാൻ. വീട്ടിലെ ജോലിക്കാരാണ് ജ്യേഷ്ഠയെ കളയാൻ പോകുന്നതെങ്കിൽ അരിയും എണ്ണയും അവരുടെ അവകാശം ആയിരുന്നു.

കർക്കടകം ഒന്നു മുതൽ ശീപോതി എന്ന് അറിയപ്പെടുന്ന ശ്രീഭഗവതി പൂജ പണ്ട് നടക്കുമായിരുന്നു. ഒരു മാസം നീണ്ടുനിന്നിരുന്ന ശ്രീഭഗവതി പൂജ ഇപ്പോൾ അപൂർവം ചിലയിടങ്ങളിൽ മാത്രമായി ചുരുങ്ങി. അതും ഒരാഴ്ച മാത്രം. കൺമഷി, ചാന്ത്, കുങ്കുമം, നെല്ല്, അരി, ചന്ദന മുട്ടി, അലക്കിയ മുണ്ട്, വാൽക്കണ്ണാടി, വെറ്റില, അടയ്ക്ക എന്നിവ ഒരുക്കി കിണ്ടിയിൽ വെള്ളവും വച്ചാണ് ശ്രീഭഗവതി പൂജ തുടങ്ങുക. എന്നിട്ട് വൃത്തിയാക്കിയ പൂജാ സ്ഥലത്ത് ചന്ദനവും നാളീകേര കഷണവും ഇട്ട് കത്തിക്കും. രണ്ടുനേരം വിളക്കുവയ്ക്കും. ദശപുഷ്പവും തുളസിക്കതിരും വച്ച് വാൽക്കണ്ണാടിയിൽ ഭഗവതിയെ സങ്കല്പിച്ചാണ് ഭഗവതി പൂജ നടത്തുന്നത്. പൂജയിൽ ദേവീസ്തുതികൾ ജപിക്കും. ഈ പൂജ അന്ന് സ്ത്രീകളുടെ അവകാശം ആയിരുന്നു. ഇത് ചെയ്യുന്ന സ്ത്രീകൾ വെള്ളി, തിങ്കൾ ദിനങ്ങളിൽ കൈയിൽ മയിലാഞ്ചിയിടും. ചൊവ്വയും വെള്ളിയും ഉപ്പു ചേർക്കാതെ തവിട്ടട ചുട്ട് കഴിക്കും. ചീര, പയർ, ചേമ്പ്, ചേന, മത്തൻ, കുമ്പളം, താള്, തകര തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന ഉപ്പേരി കഴിക്കും.

തരവത്ത് ശങ്കരനുണ്ണി

+91 9847118340

ALSO READ

Story Summary: Aadiyaruthi, The Ritual performing before Karkkadaka Ravi Sankramam

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?