Wednesday, December 10, 2025
Wednesday, December 10, 2025
Home » ടെൻഷനും ഭയവും മാറുന്നതിന് ഈ കൃഷ്ണമന്ത്രം ജപിക്കൂ ……

ടെൻഷനും ഭയവും മാറുന്നതിന് ഈ കൃഷ്ണമന്ത്രം ജപിക്കൂ ……

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

എല്ലാവർക്കും ടെൻഷനാണ്. ജോലിയുള്ളവർക്കും ഇല്ലാത്തവർക്കും മാത്രമല്ല കൊച്ചു കുട്ടികൾക്കു പോലും ടെൻഷനാണ്. സാമ്പത്തിക വിഷമങ്ങൾ, തൊഴിലില്ലായ്മ, വരുമാനം ഇല്ലാത്തത്, അസുഖങ്ങൾ, സ്വന്തക്കാരുടെ വേർപാട്, ആത്മാർത്ഥമായി സ്നേഹിച്ചവർ അകന്നു പോകുന്നത്, തെറ്റ് ചെയ്യാതെ തെറ്റിദ്ധരിക്കുന്നത് എന്നിങ്ങനെയുള്ള ഓരോരോ കാരണങ്ങളാൽ മിക്ക ആളുകളും മാനസിക സംഘർഷത്തിന് അടിമകളാണ്.

ജാതക പ്രകാരം ഗ്രഹങ്ങൾ മോശം സ്ഥാനങ്ങളിൽ നിൽക്കുന്ന കാലത്തായിരിക്കും ഇത്തരം മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടിവരിക. ഇങ്ങനെ പല തരത്തിൽ നീറി കഴിയുന്ന മനുഷ്യർ അനാവശ്യ ഭീതി കാരണം തെറ്റായ തീരുമാനങ്ങൾ കൈക്കൊണ്ട് കുഴപ്പത്തിൽ പോയി ചാടുന്നു. അല്ലെങ്കിൽ മാനസിക ദൗർബല്യം കാരണം ഒരു തീരുമാനവും എടുക്കാൻ കഴിവില്ലാത്തവരായി മാറുന്നു. അതിനാൽ ജീവിതത്തിൽ വിജയം കൈവരിക്കണമെങ്കിൽ മാനസികസമ്മർദ്ദം കൂടാതെ തന്നെ കാര്യങ്ങളെ സമീപിക്കാനാകണം. കരുത്തുറ്റ മനസാണ് മാനസിക ദൗർബല്യങ്ങൾ ഒഴിവാക്കുന്നതിനായി ആദ്യം വേണ്ടത്. അതിനായി നല്ല ഈശ്വര വിശ്വാസം വളർത്തിയെടുക്കണം. അതായത് എന്ത് ആപത്ത് ഉണ്ടായാലും താൻ ആരാധിക്കുന്ന ഭഗവാൻ അല്ലെങ്കിൽ ദേവി തന്നെ രക്ഷിക്കും എന്ന ബോധമാണ് ഇതിന് ആവശ്യം. അതുപോലെ സമ്മർദ്ദം ഒഴിവാക്കാൻ എന്നും നാമം ജപിക്കുന്നതും ഉത്തമമാണ്.

ഭയക്കുന്ന കുട്ടികളോട് അർജ്ജുനപ്പത്ത് അഥവാ അർജ്ജുനന്റെ പത്ത് നാമങ്ങൾ ചൊല്ലാൻ മുതിർന്നവർ പണ്ടു കാലം മുതലേ ആവശ്യപ്പെടാറുണ്ട്. നമ്മൾ ഭയം വരുമ്പോൾ അർജ്ജുനനെയാണ് സ്മരിക്കുന്നതെങ്കിൽ ഈ അർജ്ജുനന് ഭയം ഉണ്ടായപ്പോൾ ഓടി എത്തിയത് ശ്രീകൃഷ്ണ സമീപത്താണ്. അർജ്ജുനന്റെ ആശ്വാസം അഥവാ വിജയത്തിന്റെ അടിസ്ഥാനം തന്നെ കൃഷ്ണൻ രക്ഷയ്ക്കുണ്ട് എന്ന വിശ്വാസമാണ്. അപ്പോൾ നമ്മൾ കൃഷ്ണനെ സദാ സ്മരിച്ചു കൊണ്ടു കഴിയുക. നമ്മുടെ എല്ലാം വിഷമങ്ങളും ഭഗവാൻ കാണുന്നുണ്ട് എന്ന ഉറച്ചവിശ്വാസത്തിൽ ഞാൻ കൃഷ്ണന്റെയാണ് ഞാൻ കൃഷ്ണന്റെയാണ് എന്ന് പ്രാർത്ഥിച്ച് ബ്രഹ്മാണ്ഡത്തെ വഹിക്കുന്ന ഭഗവാനിലേക്ക് ഒരു മണൽത്തരിയായി എങ്കിലും അലിഞ്ഞുചേരാൻ ആഗ്രഹിക്കുക. ഇതിനൊപ്പം പുലർകാലത്ത് കുളിച്ച് വെള്ള വസ്ത്രം ധരിച്ച് തുളസി ദളങ്ങൾ സമർപ്പിച്ച് കഴിയുന്നത്ര ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിക്കുക. അതിനു ശേഷം കിഴക്കോട്ട് തിരിഞ്ഞിരുന്ന് താഴെ കാണുന്ന മന്ത്രം 108 തവണ ജപിക്കുക. ഇങ്ങനെ നിത്യവും ചെയ്താൽ തീർച്ചയായും ടെൻഷൻ അകലും.

ഓം കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശനാശായ
ഗോവിന്ദായ നമോ നമ:

അർത്ഥം അറിഞ്ഞ് ഈ ശ്ലോകം ജപിച്ചാൽ അതിവേഗം ഫലം ലഭിക്കും. ഭക്തരുടെ പാപങ്ങളെ ഹരിക്കുന്നവനും പ്രണമിക്കുന്നവരുടെ ക്ലേശങ്ങളെ ഇല്ലാതാക്കുന്നവനും സകലചരാചരങ്ങൾക്കും ആശ്രയവുമായ ഭഗവാൻ ശ്രീകൃഷ്ണനെ ഞാൻ എപ്പോഴും നമിക്കുന്നു എന്നാണ് അർത്ഥം. വ്യാസ വിരചിതമായ ശ്രീമദ് ഭാഗവതത്തിലെ ഒരു മന്ത്രമാണിത്.

ALSO READ

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

Story Summary: Tension Reliving Sree Krishna Mantra


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?