Wednesday, December 10, 2025
Wednesday, December 10, 2025
Home » തടസങ്ങൾ അകറ്റി ഐശ്വര്യവും ആഗ്രഹസാഫല്യവും നേടാൻ …….

തടസങ്ങൾ അകറ്റി ഐശ്വര്യവും ആഗ്രഹസാഫല്യവും നേടാൻ …….

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ശ്രാവണ മാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ് കാമിക ഏകാദശിയായി ആചരിക്കുന്നത്. പവിത്ര ഏകാദശി എന്ന പേരിലും അറിയപ്പെടുന്ന കാമിക ഏകാദശി വ്രതം നോറ്റാൽ എല്ലാ തടസങ്ങളും അകന്ന് ഐശ്വര്യവും ആഗ്രഹസാഫല്യവും ഉണ്ടാകും. ഇഹലോകത്തും പരലോകത്തും സർവ്വ സൗഭാഗ്യങ്ങളും സമ്മാനിക്കുന്ന വിഷ്ണു പ്രീതികരമായ ഈ വ്രത ഫലം ആയിരം പശുക്കളെ ദാനം ചെയ്താൽ ലഭിക്കുന്ന പുണ്യത്തിന് തുല്യമാണ്.

പിതൃദോഷ ദുരിതം തീരും

കാമിക ഏകാദശി നാളിൽ ചതുർഭുജങ്ങളിൽ താമരപ്പൂവും ശംഖ് ചക്ര ഗദയും ധരിച്ചിരിക്കുന്ന ഭഗവാൻ ശ്രീ മഹാവിഷ്ണുവിനെ ശ്രീധരനായും ഹരിയായും മധുസൂദനനായും മാധവനായും ഉപാസിക്കണം എന്നാണ് പറയുന്നത്. അതിന് വിഷ്ണു ദ്വാദശ മന്ത്ര ജപം ഉത്തമമാണ്. ശരിയായി ഈ വ്രതം നോറ്റാൽ ലഭിക്കുന്ന അപാരമായ പുണ്യത്താൽ മുടങ്ങിക്കിടക്കുന്ന എല്ലാ കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കാനാകും. ആഗ്രഹങ്ങളെല്ലാം സഫലമാകും. പിതൃദോഷ ദുരിതം തീർക്കാനും കഴിയും. ഈ ദിവസം തീർത്ഥ സ്നാനം ചെയ്യുന്നത് അശ്വമേധയാഗ തുല്യ ഫലം നൽകുമത്രേ.

തുളസി പൂജയ്ക്ക് പ്രധാനം

മഹാഭാരത കാലത്ത് ഭഗവാൻ ശ്രീകൃഷ്ണൻ യുധിഷ്ഠിരന് കാമികാ ഏകാദശി ഫലം വിവരിച്ചതായി പറയുന്നുണ്ട്. ബ്രഹ്മാവ് നാരാദമുനിക്ക് പകർന്നു നൽകിയ കാമികാ ഏകാദശി വ്രതമാഹാത്മ്യമാണ് ശ്രീകൃഷ്ണൻ ധർമ്മരാജാവിനോട് പറഞ്ഞത്. ലൗകിക ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിന് കാമിക ഏകാദശി വ്രതം നോറ്റ് വിഷ്ണു പാദങ്ങളിൽ തുളസീദളം അർച്ചിക്കുന്നത് ശ്രേഷ്ഠമാണ്. പാപമോചനം നൽകി വ്യക്തിയെ പവിത്രീകരിച്ച് ഒടുവിൽ വിഷ്ണു ഭഗവാൻ മോക്ഷം തന്നെ പ്രദാനം ചെയ്യും. ചതുർമാസ്യ വ്രതകാലത്തെ ആദ്യ ഏകാദശി എന്ന സവിശേഷതയും ഇതിനുണ്ട്. കാമിക ഏകാദശിയിൽ തുളസി പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിച്ചെടി കാണുന്നതു പോലും സർവ പാപഹരമത്രേ.

ALSO READ

വ്രതവിധികൾ
1. ദശമി ദിവസം മുതൽ മത്സ്യ മാംസാദികൾ ത്യജിച്ച് ഒരിക്കൽ എടുത്ത് വ്രതം തുടങ്ങുക.
2. ദ്വാദശി ദിവസം വരെ ബ്രഹ്മചര്യം പാലിക്കുക
3. ഏകാദശി ദിവസം സൂര്യോദയത്തിന് മുൻപ് ഏഴുന്നേറ്റ് കുളിച്ച് ശുദ്ധ വസ്ത്രം ധരിക്കുക
4. വിഷ്ണു ഭഗവാനെ സങ്കല്പിച്ച് ഭജിച്ചും ധ്യാനിച്ചും അനുഗ്രഹം തേടുക.
5. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ നിരന്തരം ജപിക്കുക. കുറഞ്ഞത് 108 തവണ ജപിക്കണം
6. ഏകാദശിനാൾ പൂർണമായും ഉപവസിക്കുകയാണ് നല്ലത്. അതിന് കഴിയാത്തവർക്ക് ലഘുവായി ഫലങ്ങളും പാലും മറ്റും കഴിക്കാം.
7. ഉള്ളി, വെളുത്തുള്ളി തുടങ്ങി താമസസ്വഭാവമുള്ള ഭക്ഷണം ഒഴിവാക്കുക
8. മദ്യം, പുകവലി തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കുക.
9. ശാന്തമായും സൗമ്യമായും കഴിയുക; നല്ല കാര്യങ്ങൾ ചിന്തിക്കുക; നല്ല വാക്കുകൾ പറയുക.
10. പകൽ ഉറക്കം പാടില്ല
11. അന്നദാനം, വസ്ത്രദാനം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുക.
12. ഹരിവാസര സമയത്ത് അന്നപാനാദികൾ ഒഴിവാക്കി വിഷ്ണു നാമ, മന്ത്രങ്ങൾ ജപിക്കുക.
13. വിഷ്ണു ക്ഷേത്ര ദർശനം, വഴിപാട് ഉത്തമം
14. ദ്വാദശി നാളിൽ രാവിലെ വിഷ്ണു ക്ഷേത്രത്തിലെ തീർത്ഥം അല്ലെങ്കിൽ തുളസിയില ഇട്ട ജലം സേവിച്ച് പാരണ വിടാം.

പൂജാവിധി
1. കുളികഴിഞ്ഞ് ശുഭ്ര വസ്ത്രം ധരിച്ച് നെയ് / എള്ളെണ്ണ ഒഴിച്ച്‌ വിളക്ക് കത്തിക്കുക.
2. ജലം തീർത്ഥമാക്കുക.
3. ആദ്യം ഗണപതി ഭഗവാന്റെ അനുഗ്രഹം തേടുക, തുടന്ന് വിഷ്ണു നാമം ജപിക്കുക.
4. ഓം നമോ നാരായണായ ജപിച്ചു കൊണ്ട് ജലം, പൂവ്, ഗന്ധം, ദീപം, ധൂപം, നിവേദ്യം തുടങ്ങിയവ ഭഗവാന് സമർപ്പിക്കുക. മധുര പലഹാരങ്ങളും പഴങ്ങളുമെല്ലാം സമർപ്പിക്കാം.
5. വിഷ്ണു ദ്വാദശമന്ത്രം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം തുടങ്ങിയവ ജപിക്കുക.
6. വൈകിട്ടും യഥാശക്തി ഇതു പോലെ വിഷ്ണു പൂജ നടത്തുക.

2021 ആഗസ്റ്റ് 4 ന് ഏകാദശി

ദേശീയ വർഷമായ ശകവർഷ പ്രകാരം ശ്രാവണ മാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ കാമിക ഏകാദശി ഇത്തവണ രാജ്യത്ത് പൊതുവേ ആചരിക്കുന്നത് 2021 ആഗസ്റ്റ് 4 നാണ്. എന്നാൽ ചാന്ദ്രപക്ഷ രീതിയിൽ ശ്രാവണമാസം തുടങ്ങുന്നത് ആഗസ്റ്റ് 9 നാണ്. കേരളത്തിൽ വ്രതാചരണത്തിന് അടിസ്ഥാനമാക്കുന്നത് ചാന്ദ്രമാസമാണ്. അപ്പോൾ ആഷാഢമാസത്തിലെ ഏകാദശിയാകും ഇവിടെ കാമിക ഏകാദശിയായി ആചരിക്കുക. പവിത്ര ഏകാദശി എന്ന പേരിലും പ്രസിദ്ധമായ കാമിക ഏകാദശി ആചരിക്കുന്നതിന്റെ ഫലം പാപമോചനവും ഐശ്വര്യ സമൃദ്ധിയുമാണ്.

ഏകാദശി തിഥി: 2021 ആഗസ്റ്റ് 3 ഉച്ചയ്ക്ക് 1: 03 മണി മുതൽ ആഗസ്റ്റ് 4 പകൽ 3: 20 വരെ
ഹരിവാസരം: ആഗസ്റ്റ് 4 രാവിലെ 8:44 മുതൽ രാത്രി 9:10 വരെ
പാരണ സമയം : 2021 ആഗസ്റ്റ് 5 രാവിലെ 6:06 മുതൽ 8:42 വരെ

വിഷ്ണു ദ്വാദശ മന്ത്രം
ഓം കേശവായ നമ:
ഓം നാരായണായ നമ:
ഓം മാധവായ നമ:
ഓം ഗോവിന്ദായ നമ:
ഓം വിഷ്ണവേ നമ:
ഓം മധുസൂദനായ നമ:
ഓം ത്രിവിക്രമായ നമ:
ഓം വാമനായ നമ:
ഓം ശ്രീധരായ നമ:
ഓം ഋഷികേശായ നമ:
ഓം പത്മനാഭായ നമ:
ഓം ദാമോദരായ നമ:

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Story Summary: Significance, Rituals and Benefits Of  Kamika Ekadeshi Vritham

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?