Wednesday, December 10, 2025
Wednesday, December 10, 2025
Home » കറുകമാല ഗണപതി ഭഗവാന് പ്രിയങ്കരമായത് എങ്ങനെ ?

കറുകമാല ഗണപതി ഭഗവാന് പ്രിയങ്കരമായത് എങ്ങനെ ?

by NeramAdmin
0 comments

സുജാത പ്രകാശൻ, ജ്യോതിഷി

ദുഷ്ടനായ ഒരു അസുരനായിരുന്നു അനലൻ. അയാൾ നിരന്തരം ദേവന്മാരെ ശല്യം ചെയ്തു കൊണ്ടേയിരുന്നു. അനലാസുരന്റെ ശല്യത്താൽ വലഞ്ഞ ദേവകൾ ഗണപതിയെ ശരണം പ്രാപിച്ചു. അവരുടെ പ്രാർത്ഥന കേട്ട് മനമലിഞ്ഞ ഗണപതി തന്റെ ഭൂതഗണങ്ങളെ ഒപ്പം കുട്ടി അനലാസുരനുമായി യുദ്ധത്തിനിറങ്ങി. ഘോരയുദ്ധം ഒരു ഘട്ടം പിന്നിട്ടപ്പോൾ അനലാസുരൻ തന്റെ ശരീരത്തിൽ നിന്നും അഗ്നി ജ്വാലകൾ വമിപ്പിച്ചു. ഈ ജ്വാലകൾ തന്റെ ഭൂതഗണങ്ങളെ ദഹിപ്പിക്കുന്നത് കണ്ട് കുപിതനായ ഗണപതി ഭഗവാൻ അനലാസുരനെ പിടിച്ച് അപ്പാടെ വിഴുങ്ങി. എന്നാൽ ഉള്ളിലെത്തിയ അനലാസുരന്റെ ചൂട് കാരണം ഗണപതിയുടെ വയറും ശരീരവും ചുട്ടുപൊള്ളാൻ തുടങ്ങി. ഭഗവാന്റെ ചൂട് ശമിപ്പിക്കാൻ ദേവൻ നിരന്തരം വെള്ളം ഒഴിച്ചും മറ്റും നടത്തിയ ശ്രമങ്ങളെല്ലാം തന്നെ വിഫലമായി. അപ്പോൾ അവിടെ എത്തിയ കശ്യപമുനിയും മറ്റ് ഋഷിമാരും ഗണപതി ഭഗവാന്റെ ശിരസ് ഉൾപ്പെടെ ശരീരം മുഴുവൻ കറുകപ്പുല്ല് കൊണ്ട് മൂടി. തപിച്ചു കൊണ്ടിരുന്ന ഭഗവാന്റെ ശരീരം അതോടെ തണുത്തു തുടങ്ങി. പെട്ടെന്ന് തന്നെ അഗ്നിശമനം സംഭവിച്ച് ഗണപതിക്ക് സുഖമായി. അതോടെ ഗണപതി ഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് കറുകമാല ചാർത്തൽ ആയി മാറി. ഗണേശ പൂജയ്ക്ക് ഏറ്റവും പ്രധാനം കറുകയാണ് ഗണേശമന്ത്രം ചൊല്ലി വിഗ്രഹത്തിന്റെ പാദത്തിൽ പതിക്കത്തക്കവണ്ണം കറുക അർപ്പിക്കണം. ഉദ്ദിഷ്ട കാര്യസാധ്യത്തിനും തടസ നിവാരണത്തിനും രോഗശാന്തിക്കു ഗണപതി ഭഗവാന് കറുകമാല ചാർത്തുന്നത് ഏറ്റവും ഗുണകരമായ വഴിപാടാണ്. എല്ലാ ഗണപതി ക്ഷേത്രങ്ങളിലും പ്രധാന സമർപ്പണമാണ് കറുകമാല. ആയുസൂക്തം കൊണ്ടും ത്ര്യംബക മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ്. ആയുർ ദോഷം മാറുന്നതിനും രോഗ ദുരിതനിവാരണത്തിനും കുട്ടികൾക്ക് ബാലാരിഷ്ടത മാറുന്നതിനും ഏറ്റവും ചെലവ് കുറച്ച് ചെയ്യാവുന്ന ഒരു കർമ്മമാണിത്. കറുകയും നെയ്യുമാണ് ഹോമിക്കുന്നത്. ചില സ്ഥലങ്ങളിൽ ഹവിസും ഹോമിക്കാറുണ്ട്.

സുജാത പ്രകാശൻ, ജ്യോതിഷി ,
+91 9995960923
(എടക്കാട് റോഡ്, പി ഒ കാടാച്ചിറ, കണ്ണൂർ – 670621 email: sp3263975@gmail.com )

Story Summary: Significance of Durva Grass Offering in Ganesha Pooja

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?