Wednesday, December 10, 2025
Wednesday, December 10, 2025
Home » പിതൃമോക്ഷത്തിലൂടെ ഐശ്വര്യത്തിന്മഹാളയ അമാവാസിക്ക് തിലഹോമം

പിതൃമോക്ഷത്തിലൂടെ ഐശ്വര്യത്തിന്
മഹാളയ അമാവാസിക്ക് തിലഹോമം

by NeramAdmin
0 comments

വി സജീവ് ശാസ്‌താരം
അപകടമരണം , അകാലകമരണം, സ്വദേശത്തിന് പുറത്തു സംഭവിക്കുന്ന മരണം, ബന്ധുമിത്രാദികളുടെ പരിലാളന, പരിഗണ എന്നിവ കൂടാതെയുള്ള മരണം തുടങ്ങി സാമാന്യമായിട്ടല്ലാതെ മരണമടയുന്നവരുടെ ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലയും
എന്ന് കരുതപ്പെടുന്നു.

ഇപ്രകാരം ഗതികിട്ടാതെ അലയുന്ന പിതൃക്കളുടെ ആത്മാവിനെ ഊർദ്ധ്വഗതിയിലാക്കി വിഷ്‌ണുലോകത്തിലെത്തിച്ച് മഹാവിഷ്ണുവിങ്കൽ ലയിപ്പിക്കുന്നതിന് അനുഷ്ഠിക്കുന്ന ചടങ്ങിന്റെ
ഭാഗമാണ് തിലഹോമം. വിധിപ്രകാരമുള്ള മരണാനന്തര കർമ്മങ്ങൾ നടത്താതിരിക്കുമ്പോഴും ആത്മാവിന് മോക്ഷം ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാവും . സഞ്ചയനം, സപിണ്ഡീകരണം എന്ന സപിണ്ഡി തുടങ്ങിയ അടിയന്തിരങ്ങൾ നടത്തുമ്പോൾ പറ്റുന്ന പിഴവുകൾ പോലും ആത്മാവിന് മോക്ഷം നിഷേധിച്ചേക്കാം. ഇങ്ങനെയുള്ള അവസരങ്ങളിൽ തിലഹോമം നടത്തുന്നത് ആത്മാവിന് മോക്ഷം നൽകാൻ സഹായിക്കും.

മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള ഹോമമാണ് തിലഹോമം. എള്ളാണ് തിലഹോമത്തിൽ പ്രധാന ദ്രവ്യം. എള്ള് ഹോമിക്കുന്നതുകൊണ്ടാണ് തിലഹോമം
എന്ന പേര് വന്നത്. മഹാവിഷ്ണുവിന്റെ വിയർപ്പിൽ നിന്നും ഉണ്ടായതാണ് എള്ള് (തിലം) എന്നും
എളളിൽ ശനിയുടെയും യമന്റെയും സൂര്യന്റെയും ദേവചൈതന്യം ഉള്ളതായും വിശ്വസിക്കപ്പെടുന്നു.

ചമത, നെയ്യ്, ഹവിസ്സ്, തിലപായസം എന്നിവയാണ് തിലഹോമത്തിൽ ഉപയോഗിക്കുന്ന മറ്റ് ഹോമദ്രവ്യങ്ങൾ. തിലഹോമത്തിൽ, കാൽകഴുകിച്ചൂട്ട്, തിലദാനങ്ങൾ
എന്നിവയ്ക്ക് ശേഷം പിതൃബിംബ ശുദ്ധി വരുത്തുന്നു. ശുദ്ധി വരുത്തിയ പിതൃബിംബത്തെ
സായൂജ്യ പൂജയ്ക്ക് വിധേയമാക്കിയാൽ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.

സായൂജ്യ പൂജ കഴിയുന്നതോടെ ആത്മാവ് മഹാവിഷ്ണുവിൽ ലയിക്കുന്നു എന്നാണ് വിശ്വാസം.
കന്നിയിലെ കറുത്തവാവിൻ നാൾ (മഹാളയ അമാവാസി) മന:ശരീര ശുദ്ധിയോടും ശ്രദ്ധയോടും വിശ്വാസത്തോടും കൂടി പിതൃ ശ്രാദ്ധമൂട്ടുന്നതും തിലഹോമം നടത്തിക്കുന്നതും പിതൃക്കളുടെ പ്രീതിക്കും തദ്വാരാ കുടുംബത്തിൽ ആയുരാരോഗ്യമുള്ള സൽസന്തതികളും അവരിലൂടെ ഐശ്വര്യവും ക്ഷേമവും കീർത്തിയും ലോകത്തിനാകെയും ഉടനാകും എന്ന് വിശ്വസിക്കപ്പെടുന്നു.
2022 സെപ്റ്റംബർ 25 നാണ് ഈ വർഷത്തെ മഹാളയ (കന്നിയിലെ ) അമാവാസി.

വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

ALSO READ

Story Summary: Significance of Thila Homam on Mahalaya Amavasya

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?