Wednesday, December 10, 2025
Wednesday, December 10, 2025
Home » സന്താനഭാഗ്യം, സ്വഭാവമഹിമ, ഉന്നതി, ധനം, ശത്രുരക്ഷ എന്നിവ നേടാൻ ഇതാ ഒരു ദിവസം

സന്താനഭാഗ്യം, സ്വഭാവമഹിമ, ഉന്നതി, ധനം, ശത്രുരക്ഷ എന്നിവ നേടാൻ ഇതാ ഒരു ദിവസം

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന സി പി

സന്താനഭാഗ്യം, സന്താനങ്ങളുടെ സ്വഭാവമഹിമ, ഉന്നതി, ശത്രുരക്ഷ എന്നിവയ്ക്കായി ഷഷ്ഠി വ്രതം ആചരിക്കുന്നത് ഉത്തമമാണെന്ന് പുരാണങ്ങൾ പറയുന്നു. എല്ലാ മാസത്തെയും ഷഷ്ഠികളിൽ ഏറ്റവും ശ്രേഷ്ഠമത്രേ തുലാമാസത്തിലെ സ്കന്ദഷഷ്ഠി.
ഭഗവാൻ ശൂരസംഹാരം നടത്തിയ ദിവസമാണെന്നും ബ്രഹ്മാവിനെ തടവിലാക്കിയ തെറ്റിന് പശ്ചാത്തപിച്ച് സ്വീകരിച്ച സർപ്പ രൂപത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട
ദിവസമാണെന്നും ഐതിഹ്യമുണ്ട്.

‘ഓം’ എന്ന പ്രണവ മന്ത്രത്തിൻ്റെ അർത്ഥം പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ട് ഒരിക്കൽ ബ്രഹ്മാവിനെ സുബ്രഹ്മണ്യസ്വാമി തടഞ്ഞു നിർത്തി. “ഞാൻ ബ്രഹ്മം ആകുന്നു” എന്ന ബ്രഹ്മാവിൻ്റെ മറുപടിയിൽ സംതൃപ്തനാകാതെ ബ്രഹ്മാവിനെ ഭഗവാൻ കയറു കൊണ്ട് വരിഞ്ഞു കെട്ടി. ഒടുവിൽ മഹാദേവൻ തന്നെ സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. തെറ്റു മനസ്സിലാക്കിയ കുമാരൻ പ്രായശ്ചിത്തമെന്നോണം സർപ്പമായി പരിണമിച്ചു തിരോധാനം ചെയ്തു. മകനെ കാണാതെ പാർവ്വതീദേവി അത്യധികം ദുഃഖിതയായി. പുത്രനെ തിരികെ കിട്ടാനായി ദേവി ശുക്ലഷഷ്ഠി വ്രതം ആചരിക്കണമെന്നും താരകബ്രഹ്മമായ തന്റെ പുത്രനെ തന്നെ ഭജിക്കണമെന്നും ശിവഭഗവാൻ പാർവ്വതി ദേവിയെ ഉപദേശിച്ചു. അതനുസരിച്ച് പാർവ്വതീ ദേവി 108 ഷഷ്ഠിവ്രതമെടുത്തു. അവസാനത്തെ ഷഷ്ഠിനാളിൽ സുബ്രഹ്മണ്യസ്വാമിയെ ഭയങ്കര സർപ്പാകൃതിയിൽ കാണുകയും ആ സർപ്പ ശ്രേഷ്ഠനെ മഹാവിഷ്ണു സ്പർശിച്ചപ്പോൾ സ്വരൂപത്തിൽ സുബ്രഹ്മണ്യൻ പ്രത്യക്ഷപ്പെടുകയും ചെയ്തു. പാർവ്വതി സന്തുഷ്ടയായി. ഇത് മൂലമാണത്രേ ഷഷ്ഠിവ്രതം വ്യാപകമായത്. (ഷഷ്ഠിനാളിൽ കർണാടകയിലെ സുബ്രഹ്മണ്യത്ത് വച്ചാണത്രേ അങ്ങനെ മാറിയതെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് നാഗപ്രതിമ വെച്ച് സുബ്രഹ്മണ്യനെ പൂജ ചെയ്യുന്നത് )

സ്കന്ദഷഷ്ഠി വ്രതനിഷ്ഠകൾ
സന്താനങ്ങളുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഏറ്റവും ഉത്തമം സ്കന്ദഷഷ്ഠി വ്രതാചരണമാണ്. തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് ആറാം നാൾ വരുന്ന ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി ആചരിക്കേണ്ടത്. ഇത്തവണ 1198 തുലാമാസം 13 ഒക്ടോബർ 30 ഞായറാഴ്ചയാണ് സ്കന്ദഷഷ്ഠി. ചിലർ പ്രഥമ തിഥി മുതൽ 6 ദിവസം സ്കന്ദഷഷ്ഠിവ്രതം എടുക്കും. ഒരു ദിവസം വ്രതമെടുക്കുന്നവർ തലേന്ന് ഒരിക്കലെടുത്ത് വ്രതം ആരംഭിക്കണം. സാധാരണ എല്ലാ വ്രതവും പോലെ ഷഷ്ഠി വ്രതത്തിനും മത്സ്യമാംസാദി ഭക്ഷണം കഴിക്കരുത്. ബ്രഹ്മചര്യവും അത്യാവശ്യമാണ്. ഷഷ്ഠിനാളിൽ അതിരാവിലെ ഉണർന്ന് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി വഴിപാട് കഴിക്കണം. പകൽ ഉറങ്ങരുത്. വൈകുന്നേരം വീണ്ടും ക്ഷേത്ര ദർശനം നടത്തണം. പിറ്റേന്ന് വ്രതം മുറിക്കാം.

ജപിക്കേണ്ട മന്ത്രങ്ങൾ
ഓം വചത്ഭുവേ നമഃ എന്നതാണ് സുബ്രമണ്യ ഭഗവാന്റെ മൂലമന്ത്രം. അത്ഭുതകരമായ ഫലസിദ്ധിയുള്ള ഈ മന്ത്രം സ്കന്ദഷഷ്ഠി ദിവസം തുടങ്ങി നിത്യവും 2 നേരവും 108 വീതം ജപിക്കുക. പാപശാന്തി, മന:ശാന്തി എന്നിവ ഫലം. സനൽക്കുമാരായ വിദ്മഹേ ഷഡാനനായ ധീമഹേ തന്നോ സ്കന്ദ: പ്രചോദയാൽ എന്ന സുബ്രഹ്മണ്യ ഗായത്രി. ദിവസവും രണ്ടു നേരം 36 പ്രാവശ്യം ജപിച്ചാൽ തടസങ്ങൾ അകന്ന് സർവ്വകാര്യ വിജയം ഉണ്ടാകും

ഷഷ്ഠിദേവി
മൂലപ്രകൃതിയുടെ ആറിലൊന്നു ഭാഗം കൊണ്ടുണ്ടായ ദേവിയാണ് ഷഷ്ഠി ദേവി. ആറിലൊന്നു ഭാഗം കൊണ്ട് ഉണ്ടായതിനാലാണ് ഷഷ്ഠി ദേവി എന്ന പേര് കിട്ടിയത്. ദേവസേന എന്ന പേരോടു കൂടിയ ഈ ദേവി കുട്ടികളുടെ അനുഷ്ഠാന ദേവിയും, കുഞ്ഞുങ്ങൾക്ക് ആയുസ് കൊടുക്കുന്നവളും, പെറ്റമ്മയപ്പോലെ സംരക്ഷിക്കുന്നവളും, കുട്ടികളുടെ അടുത്തു തന്നെ ഇരിക്കുന്നവളും, യോഗാഭ്യാസത്താൽ സിദ്ധിയുള്ളവളും, സുബ്രഹ്മണ്യൻ്റെ ഭാര്യയുമാണെന്ന് പുരാണത്തിൽ പറയുന്നു. ഈ ദേവിയുടെ വാഹനം പൂച്ചയാണ്. എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ദേവൻ്റെ ഇടതു വശത്ത് ഷഷ്ഠി ദേവിയുടെ അദൃശ്യ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഷഷ്ഠി ദേവിക്ക് പ്രത്യേകം പ്രതിഷ്ഠയുള്ള ക്ഷേത്രം ഇല്ലെന്നതാണ് അറിവ്.

ALSO READ

” ഞാൻ ബ്രഹ്മാവിൻ്റെ മാനസ പുത്രിയും സ്കന്ദ ദേവൻ്റെ ധർമ്മപത്നിയുമാണ്. പുത്രനില്ലാത്തവർക്ക് പുത്രനേയും ഭാര്യയില്ലാത്തവർക്ക് ഭാര്യയേയും ഭർത്താവില്ലാത്തവർക്ക് ഭർത്താവിനെയും ധനമില്ലാത്തവർക്ക് ധനത്തേയും എല്ലാവർക്കും നല്ല കർമ്മ ഫലത്തേയും നൽകുന്നത് ഞാനാണ് ” എന്ന് ഷഷ്ഠി ദേവി സ്വയം പറയുന്നുണ്ട്.

സ്കന്ദഷഷ്ഠി ദിനത്തിൽ രാവിലെ സുബ്രഹ്മണ്യന്റെ ചിത്രത്തിന് മുന്നിൽ ഏഴുതിരിയുള്ള നിലവിളക്ക് തെളിച്ച് ശുഭവസ്ത്രം ധരിച്ച് “ഓം ഹ്രീം ഷഷ്ഠി ദേവ്യൈ നമഃ ” എന്ന മന്ത്രം എട്ടു പ്രാവശ്യം ജപിച്ച ശേഷം ഷഷ്ഠി ദേവി സ്തോത്രം ജപിക്കണം.

ഷഷ്ഠി ദേവി സ്തോത്രം
നമോ ദേവീ മഹാദേവീ
സിദ്ധി ശാന്തി സ്വരൂപിണി
ദേവീ നിത്യം നമോസ്തുതേ
വരദേ പുത്രദേ ദേവീ
ധനദോ തേ നമോ നമഃ
സുഖദേ മോക്ഷദേ ഷഷ്ഠി
നമസ്തേ ജഗദാംബികേ
ഷഷ്ഠാംശരൂപം സൃഷ്ട്യർത്ഥം
പൂണ്ട സിദ്ധേ നമോസ്തു തേ
സിദ്ധയോഗിനിയാം മായേ
ഷഷ്ഠീ ദേവി നമോസ്തുതേ
ശ്രേഷ്ഠയാം കാരദേ! ദേവീ
പരാദേവീ നമോസ്തുതേ
നമസ്തേ ലോക മാതാവേ
ബാലാധിഷ്ഠാത്യ ദേവതേ
കല്യാണദാത്രീ കല്യാണീ
സർവ്വകർമ്മ ഫലപ്രദേ
ഭക്തർതൻ മുമ്പിലെന്നെന്നും
പ്രത്യക്ഷപ്പെടുമീശ്വരീ
കർമ്മമേതിലുമേവർക്കു
പൂജ്യേ ഷൺമുഖ വല്ലഭേ
ദേവരക്ഷാകാരിണിയാം
ഷഷ്ഠീ ദേവീ നമോസ്തു തേ
ശുദ്ധസത്വാത്മികേ ദേവീ
നമസ്തേ സർവ്വ വന്ദിതേ
ഹിംസാ ക്രോധങ്ങളറ്റോളേ
ഷഷ്ഠീ ദേവീ നമോ നമഃ
ധനഭാര്യാ പുത്രരേയും
മേകണം മേ സുരേശ്വരീ
മാനവും ജയവും നൽകി
ശത്രുക്കളെ ഹനിക്ക നീ;
കീർത്തിയും ധർമ്മവും ദേവീ;
നല്കിയാലും മഹേശ്വരീ
വിദ്യയും സത്പ്രജയേയും
ഭൂവുമേകുക പൂജിതേ
ശുഭവും ജയവും നൽകൂ
ഷഷ്ഠീദേവീ നമസ്ക്കാരം

കർപ്പൂര ദീപം ഉഴിഞ്ഞ് നമസ്കരിച്ച് വീട്ടിൽ സർവ്വൈശ്യര്യവും ഉണ്ടാകാൻ അകമഴിഞ്ഞ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം.

ജ്യോതിഷി പ്രഭാസീന സി പി, 91 9961442256
(ഹരിശ്രീ പിഒ : മമ്പറം, വഴി: പിണറായി,
കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com )

Story Summary: Skanda Shashti: Importance, Myth, Rituals and Mantras

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?