Wednesday, December 10, 2025
Wednesday, December 10, 2025
Home » ആവശ്യപ്പെടാതെ തന്നെ ദു:ഖ ദുരിതങ്ങൾ ഭഗവാൻ മാറ്റിത്തരുന്ന പുണ്യ ദിനം ഇതാ

ആവശ്യപ്പെടാതെ തന്നെ ദു:ഖ ദുരിതങ്ങൾ ഭഗവാൻ മാറ്റിത്തരുന്ന പുണ്യ ദിനം ഇതാ

by NeramAdmin
0 comments

ജ്യോതിഷി പ്രഭാസീന സി പി

ഒന്നും ആവശ്യപ്പെടാതെ തന്നെ ഭക്തരുടെ ദു:ഖങ്ങളും ബാധ്യതകളും മനസിലാക്കി ശ്രീകൃഷ്ണ സ്വാമി അവരെ അനുഗ്രഹിക്കുന്ന പുണ്യ ദിവസമാണ് കുചേലദിനം. ഈ ദിവസം ആശ്രിത വത്സലനായ ശ്രീകൃഷണനെ അഭയം പ്രാപിച്ചാൽ യഥാർത്ഥ ഭക്തരുടെ ജീവിതദുരിതങ്ങൾ എല്ലാം മാറും എന്നാണ് അവിൽ പൊതിയുമായി ദർശനം തേടിയെത്തിയ പരമ ദരിദ്രനായ സതീർത്ഥ്യൻ കുചേലന്റെ അനുഭവത്തിലൂടെ വെളിവാക്കപ്പെടുന്നത്.

ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലന് സദ്‌ഗതി കിട്ടിയ കുചേലദിനമായി ആചരിക്കുന്നത്. 2021 ഡിസംബർ 22 നാണ് കുചേലദിനം.

ഈ ദിവസം ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി അവിൽ നേദിച്ച് പ്രാർത്ഥിച്ചാൽ സാമ്പത്തിക ക്ലേശങ്ങൾ എല്ലാം മാറി ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകും. ഈ ദിവസത്തെ ഗുരുവായൂർ ക്ഷേത്ര ദർശനം ഭാഗ്യവും ധനസമൃദ്ധിയും സമ്മാനിക്കും എന്നാണ് വിശ്വാസം. എല്ലാ വിഷ്ണു ക്ഷേത്രങ്ങളിലും ഈ ദിവസം ഭക്തർക്ക് അവൽ സമർപ്പിച്ച് പ്രാർത്ഥിക്കാം. ശ്രീകൃഷ്ണ / വിഷ്ണു ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസത്തെ പ്രധാന ചടങ്ങാണ് അവൽ സമർപ്പണം. സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം നിവേദിച്ച അവൽ പ്രസാദമായി കൊടുക്കുന്നത് മിക്ക ക്ഷേത്രങ്ങളിലെയും പതിവാണ്. ഗുരുവായൂരിൽ കുചേല അവൽ ദിനം വളരെ പ്രധാനമാണ്. കോട്ടയത്തെ പൂതൃക്കോവിൽ ക്ഷേത്രത്തിലും, തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിലും കുചേല ദിനത്തിലെ സവിശേഷ പൂജകൾ പ്രസിദ്ധമാണ്.

ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള സുഹൃത് ബന്ധം പ്രസിദ്ധമാണ്. ആ ഐതിഹ്യം ഇങ്ങനെ: ശ്രീകൃഷ്ണന്റെ സഹപാഠിയും പ്രിയ മിത്രവുമായിരുന്നു ദരിദ്ര ബ്രാഹ്മണനായ സുധാമാവ്. ഗൃഹസ്ഥാശ്രമിയായി ഭൗതിക വസ്തുക്കളോടും ഇന്ദ്രിയ സുഖങ്ങളോടും അത്ര ആസക്തി കൂടാതെ കഴിഞ്ഞു വന്ന അദ്ദേഹത്തിന് വേണ്ടത്ര വസ്ത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല. പഴകി മുഷിഞ്ഞ വസ്ത്രധാരണം കൊണ്ട് സുധാമാവിന് കുചേലൻ എന്ന പേരും വീണു. സുഹൃത്തായ കൃഷ്ണനെ ചെന്നു കണ്ട് സഹായം അഭ്യർത്ഥിക്കാൻ ഭാര്യ എപ്പോഴും കുചേലനോട് പറയുമായിരുന്നു. എന്നാൽ സമ്പത്തിന് വേണ്ടി ഭഗവാനോടു പ്രാർത്ഥിക്കുന്നതിൽ കുചേലന് അശേഷം താല്പര്യമുണ്ടായിരുന്നില്ല. അവസാനം ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി കൃഷ്ണനെ ചെന്നു കാണാൻ അദ്ദേഹം തീരുമാനിച്ചു.

ശ്രീകൃഷ്ണനെ കാണാൻ വെറും കയ്യോടെ പോകാൻ മനസ് അനുവദിക്കാത്തതിനാൽ കുചേലൻ മുണ്ടിൽ അല്പം അവൽ കരുതിയിരുന്നു. കൊട്ടാര മുറ്റത്ത് വച്ചേ കൂട്ടുകാരനെ കണ്ട കൃഷ്ണൻ കുചേലനെ കെട്ടിപ്പിടിച്ച് ആനയിച്ച് മണിമഞ്ചത്തിൽ സ്വീകരിച്ചിരുത്തി കുശലം ചോദിക്കുന്നതിനിടെ അവൽപ്പൊതി കണ്ടു. അതിൽ നിന്ന് ഒരു പിടി വാരി കഴിക്കുന്നു. രണ്ടാമത്തെ പിടി എടുക്കാൻ തുടങ്ങുമ്പോഴേക്കും ഭഗവാനെ ഭാര്യമാരായ രുഗ്മിണിയും സത്യഭാമയും വിലക്കി.

ALSO READ

ഭഗവാനോട് ഒന്നും ആവശ്യപ്പെടാതെ തിരിച്ചു പോയ കുചേലൻ നാട്ടിലെത്തിയപ്പോൾ അത്ഭുതപരതന്ത്രനായി. സ്വന്തം കുടിലിന്റെ സ്ഥാനത്ത് മണിമന്ദിരവും ഇഹലോക ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഭഗവാൻ ശ്രീകൃഷ്ണൻ തനിക്ക് ചെരിഞ്ഞത് കണ്ട് സന്തോഷത്താൽ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. അങ്ങനെ കുചേലന് സദ്ഗതി കൈവരുന്നു. ഈ കഥയാണ് കുചേല ദിനം ആചരിക്കുന്നതിന് പിന്നിലുള്ളത്.

കാര്യസാദ്ധ്യത്തിനായി മാത്രം ഭഗവാനെ ഭജിക്കുന്ന നമ്മൾ ഓരോരുത്തർക്കും ആ തലം വിട്ട് കുചേലനെപ്പോലെയുള്ള നിഷ്കാമ ഭക്തി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ജ്യോതിഷി പ്രഭാസീന സി പി

+91 9961442256

Story Summary: Significance of Kuchela Dinam and Observation

Copyright 2021 riyoceline.com/projects/Neram/. All rights reserved


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?