Wednesday, December 10, 2025
Wednesday, December 10, 2025
Home » മകര സംക്രമം രോഹിണി നക്ഷത്രത്തിൽ; ഉത്തരായന പുണ്യകാലം തുടങ്ങുന്നു

മകര സംക്രമം രോഹിണി നക്ഷത്രത്തിൽ; ഉത്തരായന പുണ്യകാലം തുടങ്ങുന്നു

by NeramAdmin
0 comments

സി സദാനന്ദൻ പിള്ള

ധനുരാശിയിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മകര സംക്രമം. മകര മാസപ്പുലരി 2022 ജനുവരി 15 ശനിയാഴ്ച ആണെങ്കിലും മകര സംക്രമം തലേന്ന് ജനുവരി 14 വെള്ളിയാഴ്ച പകൽ 2 മണി 29 മിനിട്ടിന് ഇടവക്കൂറിൽ രോഹിണി നക്ഷത്രം നാലാം പാദത്തിലാണ് നടക്കുക.

ഉത്തരായനകാലം ആരംഭിക്കുന്നു എന്നതാണ് മകര സംക്രമത്തിന്റെ പ്രത്യേകത. ഈ സമയത്ത് സൂര്യന്റെ ഗതി വടക്കോട്ടായിരിക്കും. മകരം ഒന്ന് മുതല്‍ കര്‍ക്കടക സംക്രമം വരെ ഈ ഗതി തുടരും. ഉത്തരായനത്തില്‍ സൂര്യശക്തി വര്‍ദ്ധിക്കും. ആത്മീയ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് അഭിഷ്ടസിദ്ധി നേടാന്‍ അനുകൂല സമയം. നിഷ്ഠയുള്ള ഉപാസനയിലൂടെ ഈ സമയത്ത് വേഗത്തില്‍ ഈശ്വരാനുഗ്രഹം നേടാനാകും. ഉപനയനത്തിനും അഷ്ടബന്ധകലശത്തിനും ക്ഷേത്രപ്രതിഷ്ഠയ്ക്കും ദേവപ്രശ്‌നചിന്തയിലൂടെ ദേവന്റെ ഹിതാഹിതങ്ങള്‍ മനസിലാക്കാനും മന്ത്രോപദേശം സ്വീകരിക്കുന്നതിനും മറ്റ് പല ശുഭകാര്യങ്ങള്‍ക്കും ഉത്തരായനം ശ്രേഷ്ഠമാണ്. അര്‍ദ്ധരാത്രിക്ക് താഴെ സംക്രമം വന്നാല്‍ സംക്രമ കാലത്ത് ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ എല്ലാം അന്ന് മദ്ധ്യാഹ്‌നത്തിന് മേലും അര്‍ദ്ധരാത്രികഴിഞ്ഞ് സംക്രമം വന്നാല്‍ പിറ്റേദിവസം മദ്ധ്യാഹ്‌നത്തിനകത്തും ചെയ്യണം എന്നാണ് പ്രമാണം. ഇത്തവണ മകര സംക്രമം ധനു 30 ന് ഉച്ചയ്ക്ക് ശേഷമായതിനാൽ സംക്രമ കാല കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് അന്നാണ്. അവതാരോദ്ദേശം പൂർത്തിയാക്കി ശ്രീ അയ്യപ്പൻ ശബരിമല ധർമ്മശാസ്താ വിഗ്രഹത്തിൽ ലയിച്ചത് മകരസംക്രാന്തി ദിവസമാണെന്നും മഹിഷീ വധത്തിന്റെ ആഹ്ളാദ സൂചകമായാണ് പൊന്നമ്പലമേട്ടിൽ ആദ്യം മകരജ്യോതി തെളിയിച്ചതെന്നുമാണ് ഐതിഹ്യം. അയ്യപ്പന്റെ ജനനം മകര സംക്രമ ദിവസമാണ് എന്നും ഐതിഹ്യമുണ്ട്. ശബരിമലയിൽ ഭക്തർ മകരജ്യോതി ദർശനത്തിനെത്തുന്ന പുണ്യ ദിവസമാണ് മകരസംക്രമം. ഈ ദിവസം പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയാണ് ഭക്തരെ സന്നിധാനത്തേക്ക് ആകർഷിക്കുന്നത്. സംക്രമസന്ധ്യയിൽ അയ്യപ്പനെ തൊഴുന്നത് പരകോടി പുണ്യം ലഭിക്കുന്നതാണ്.

മകര സംക്രമം വൈകുന്നേരം ആകണമെന്നില്ല. മകര സംക്രമ വേളയിൽ അയ്യപ്പന് സംക്രമ പൂജയുണ്ടാകും. ഇത്തവണ മകരസംക്രമം നടക്കുന്നത് ജനുവരി 14 ന് പകൽ 2.29 നാണ്. ഈ സമയത്താണ് സന്നിധാനത്ത് മകരസംക്രമ പൂജ നടക്കുക. വൈകുന്നേരം 6.30 ന് അയ്യപ്പസ്വാമിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഇതേ സമയം പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും. അന്ന് വൈകിട്ട് സന്ധ്യാസമയത്ത് ആകാശത്ത് മകര നക്ഷത്രം പ്രത്യക്ഷപ്പെടും. പുല്ലുമേട്, സന്നിധാനം, അപ്പാച്ചിമേട്, ശബരി പീഠം, പമ്പ, നീലിമല ഇവിടങ്ങളിൽ നിന്ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മകരവിളക്ക് ദർശിക്കാം.

കാലഗണന പ്രകാരം ദേവന്മാരുടെ പകലാണ് ഉത്തരായനം. മകര സംക്രമ ദിനത്തില്‍ ഈ പകൽ തുടങ്ങും. ഈ സമയം സ്വര്‍ഗവാതില്‍ തുറക്കും എന്നാണ് വിശ്വാസം. അതിനാൽ ഉത്തരായന കാലത്തെ ആറു മാസത്തില്‍ മരിക്കുന്നവര്‍ സ്വർഗ്ഗം പ്രാപിക്കും എന്നാണ് വിശ്വാസം. സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍ ശരശയ്യയില്‍ ഉത്തരായനം കാത്തുകിടന്ന കഥ പ്രസിദ്ധമാണ്. ഭാരത യുദ്ധത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു – ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

തീര്‍ത്ഥ സ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണ് മകര സംക്രമം എന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകര സംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്ന് വിശ്വസിച്ചു വരുന്നു. മകര സംക്രാന്തി തൈപ്പൊങ്കലായി തമിഴ്‌നാട്ടിലും, ഭോഗി ആയി കര്‍ണാടകത്തിലും ആന്ധ്രയിലും ആഘോഷിക്കുന്നു.

ALSO READ

സി സദാനന്ദൻ പിള്ള,

+ 91 9400201810

Story Summary : Significance of Makara Sankramam, Makara Vilakku and Utharayana Punyakalam

Copyright 2022 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?