Wednesday, December 10, 2025
Wednesday, December 10, 2025
Home » മൂകാംബികയിൽ വർഷം മുഴുവൻ വിദ്യാരംഭം

മൂകാംബികയിൽ വർഷം
മുഴുവൻ വിദ്യാരംഭം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
സരസ്വതി കടാക്ഷം അതിരുകളില്ലാതെ വർഷിക്കുന്ന കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ
വിദ്യാരംഭത്തിന് പ്രത്യേക ദിവസമോ മുഹൂർത്തമോ ഇല്ല. വർഷം മുഴുവൻ ഏതു ദിവസവും ഇവിടെ ആദ്യാക്ഷരം കുറിക്കാം. ക്ഷേത്രത്തിലെ പുരോഹിതന്മാരുടെ മേൽനോട്ടത്തിൽ, ആചാരബദ്ധമായാണ് വിദ്യാരംഭം നടക്കുക. അരിമണികളും പൂജാദിദ്രവ്യങ്ങളും നിറഞ്ഞ തളികയിൽ ആദ്യാക്ഷരം കുറിക്കും; അതോടൊപ്പം കുഞ്ഞുങ്ങളുടെ നാവിൽ സ്വർണ്ണമോതിരത്താൽ ഹരിശ്രീ കുറിക്കുന്നു. നിത്യവും നൂറുകണക്കിന് കുഞ്ഞുങ്ങളെ ആണ് സരസ്വതീ മണ്ഡപത്തിൽ എഴുത്തിനിരുത്തുന്നത്. രാവിലെ ആറു മണി മുതൽ ഒന്നര വരെയാണ് എഴുത്തിനിരുത്ത്. മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുന്നവർ സാഹിത്യ – കലാ രംഗത്തും പ്രസിദ്ധരായി മാറുന്നതും സ്വന്തം കർമ്മരംഗത്ത് അത്ഭുതകരമായി
ശോഭിക്കുന്നതും പതിവാണ്.

വിദ്യാരംഭം കുറിക്കുന്നവർ മാത്രമല്ല, നൃത്തം, വാദ്യം, സംഗീതം തുടങ്ങിയ കലകൾ അഭ്യസിക്കുന്നവർ ദേവിക്ക് കലോപഹാരം സമർപ്പിക്കുന്നതും സരസ്വതീ മണ്ഡപത്തിലും സമീപത്തും ആണ്. കഥ, കവിത എഴുതുന്നവരും ചലച്ചിത്ര പ്രവർത്തകരും സരസ്വതീ മണ്ഡപത്തിൽ ഇരുന്നെഴുതാനും പാരായണം ചെയ്യാനും ധാരാളമായി എത്തുന്നുണ്ട്.

സരസ്വതി മണ്ഡപം
ചുറ്റമ്പലത്തിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് സരസ്വതി മണ്ഡപം. വീണാപുസ്തകധാരിയായ സരസ്വതീദേവിയുടെ വിഗ്രഹമാണ് മണ്ഡപത്തിലുള്ളത്. ഇതിന് മുന്നിലായാണ് വിദ്യാരംഭച്ചടങ്ങുകൾ. നമ്മുടെ ഗാന ഗന്ധർവ്വൻ യേശുദാസിനെപ്പോലെ വിശ്വപ്രസിദ്ധ കലാകാരന്മാർ വരെ മണ്ഡപത്തിൽ ദേവിക്കു മുന്നിൽ ശിശുക്കളായി മാറുന്നു. അവർ മനം തുറന്ന് ദേവിയുടെ പാദാരവിന്ദങ്ങളിൽ കലാർച്ചന തടത്തുന്നു.

ചുറ്റമ്പലത്തിലുള്ള ദേവിയുടെ ഓലകമണ്ഡപം കൂടിയാണ് സരസ്വതീമണ്ഡപം. അത്താഴശീവേലി നടക്കുമ്പോൾ ദേവി ഈ മണ്ഡപത്തിലാണ് ഉപവിഷ്ടയാവുക. തുടർന്നാണ് അഷ്ടാവധാനസേവ, വേദം, ശാസ്ത്രം, പുരാണം, അഷ്ടകം, സംഗീതം, ഗദ്യം, ശ്രുതി, വാദ്യം എന്നിവയാൽ ദേവിയെ പ്രകീർത്തിക്കുന്ന ചടങ്ങാണ് അഷ്ടാവധാനസേവ.

ത്രിമധുരം വഴിപാട്
മൂകാംബികാക്ഷേത്രത്തിലെ ഏറെ പേരുകേട്ട വഴിപാടാണ് ത്രിമധുരപൂജ. വാഗ്‌വിലാസത്തിനും സംഗീത നൃത്താദി കലകളിലെ വൈശിഷ്ട്യത്തിനും ബുദ്ധിസാമർത്ഥ്യത്തിനുമൊക്കെ വളരെ വിശേഷമാണ് ത്രിമധുര വഴിപാട്. 48 ദിവസം ദേവീനടയിൽ പൂജിച്ച് നടത്തുന്ന മഹാത്രിമധുര പൂജയാണ് ഏറെ വിശേഷം. മഹാത്രിമധുരപ്രസാദത്തിന് ഔഷധഗുണങ്ങളും ഏറെയാണ്.

ALSO READ

കഷായതീർത്ഥം
ശാരീരിക അസ്വസ്ഥതകൾ മാറ്റുന്നതിനായി മൂകാംബികാ ദേവീ ക്ഷേത്രത്തിൽ പ്രസിദ്ധ വഴിപാടാണ് കഷായതീർത്ഥം. കഷായ തീർത്ഥവും ശ്രീശങ്കരാചാര്യരും തമ്മിലുള്ള ബന്ധം വളരെയധികം പ്രസിദ്ധമാണ്. ദേവിയെ തപസ്‌ ചെയ്യുന്നതിനിടയിൽ ശങ്കരാചാര്യർ രോഗബാധിതനാവുകയും അവശനാവുകയും ചെയ്തു. ആ സമയത്ത് ഒരു കന്യക ശങ്കരാചാര്യർക്ക് മുന്നിലെത്തി കഷായം ഔഷധമായി നൽകി. അത് കഴിച്ചതിനുശേഷം ശങ്കരാചാര്യരുടെ രോഗപീഡ ശമിച്ചു. മൂകാംബികയാണ് കന്യകയുടെ രൂപത്തിൽ കഷായവുമായി എത്തിയത് എന്ന് വിശ്വസിക്കുന്നു.

കുരുമുളക്, തിപ്പലി, ഇഞ്ചി തുടങ്ങിയവ ചേർത്ത് തയ്യാറാക്കുന്ന കഷായതീർത്ഥം രാത്രിയാണ് ദേവിക്ക് മുന്നിൽ സമർപ്പിക്കുന്നത്. കഷായ പൂജയ്ക്കുശേഷം രാത്രി ഒൻപതുമണിയോടെ തീർത്ഥം ഭക്തർക്ക് വിതരണം ചെയ്യും. നാലമ്പലത്തിന് പുറത്ത് വച്ചാണ് വിതരണം. വലം കയ്യിൽ പ്രസാദം വാങ്ങി, ദേവിയെ വണങ്ങാൻ ഭക്തർ പ്രാർത്ഥനാഭരിതരായി കാത്തു നിൽക്കുക പതിവാണ്.

രംഗപൂജ
മൂകാംബികാ ദേവീ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് രംഗപൂജ. കാർഷികാഭിവൃദ്ധിയുമായി ചേർന്നു നിൽക്കുന്ന വേറിട്ട പൂജയാണിത്. ആദ്യകാലത്ത് കർഷകർ വയലിൽ വിളവെടുത്തശേഷം നെല്ലുകുത്തി അരിയാക്കി, ആ അരിക്കൊണ്ട് ദോശയും അപ്പവും മറ്റും ഉണ്ടാക്കി ദേവിക്ക് സമർപ്പിച്ചിരുന്നു. ആ ഓർമ്മയിലാണ് രംഗപൂജ എന്ന പ്രത്യേക വഴിപാട് നടത്തുന്നത്. കാർഷിക ഐശ്വര്യത്തിനും മികച്ച വിളവിനുമായി നടത്തുന്നതാണ് മൂകാംബികാദേവിക്ക് മുന്നിലെ രംഗപൂജ.

സർവ്വസ്യ ബുദ്ധിരൂപേണ
ജനസ്യ ഹൃദി സംസ്ഥിതേ
സ്വർഗ്ഗാ ച വർഗ്ഗദേ ദേവി
നാരായണി നമോസ്തുതേ

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559

Story Summary: Significance of Vidyarambham at Mookambika Temple

Copyright 2021 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?