ജ്യോതിഷരത്നം വേണു മഹാദേവ്
സന്താനലാഭം, സന്തതികൾക്ക് ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയ്ക്കും സുബ്രഹ്മണ്യനൊപ്പം ശിവഭഗവാന്റെ പ്രത്യേക അനുഗ്രഹത്തിനും ഉത്തമമാണ് ഫല്‍ഗുന മാസത്തിലെ (കുംഭം – മീനം) ഷഷ്ഠിവ്രതാനുഷ്ഠാനം. 2022 മാർച്ച് 8 നാണ് ഇത്തവണ ഫാൽഗുന ഷഷ്ഠി. ഇത് സുബ്രഹ്മണ്യ ഭാഗവാന് ഏറ്റവും പ്രധാനമായ ചൊവ്വാഴ്ച വരുന്നത് അതിവിശേഷവും ഏറെ ഫലദായകമായും കരുതുന്നു.
സന്തതികളുടെ നന്മയ്ക്ക് വേണ്ടി മാതാപിതാക്കള്‍ ഏറ്റവും കൂടുതൽ അനുഷ്ഠിക്കുന്ന ഷഷ്ഠിവ്രതം സുബ്രഹ്മണ്യപ്രീതി നേടാനുള്ള ഉത്തമമായ മാർഗ്ഗമാണ്. വെളുത്തപക്ഷ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്നവര്‍ പഞ്ചമിനാളില്‍ ഉപവസിക്കുകയും, ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ നടത്തുകയും വേണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് കഴിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. ഷഷ്ഠിയുടെ തലേദിവസമായ പഞ്ചമിനാളില്‍ ഒരുനേരം മാത്രമേ അരിയാഹാരം കഴിക്കാവൂ. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നത് ഏറെ ശ്രേഷ്ഠവും അതിവേഗം അഭീഷ്ടസിദ്ധി നൽകുകയും ചെയ്യും.
ചൊവ്വയുടെ ദോഷങ്ങള്‍ ഇല്ലാതാക്കാൻ ആരാധിക്കേണ്ട മൂർത്തിയും സുബ്രഹ്മണ്യനെയാണ്. അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക എന്നിവ കുജദോഷ പരിഹാരത്തിനുള്ള മാര്‍ഗ്ഗമാണ്.
എല്ലാ മാസത്തിലെയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയും കാര്‍ത്തിക, വിശാഖം, പൂയം എന്നീ നക്ഷത്രങ്ങളും വെള്ളി, ചൊവ്വ ദിനങ്ങളുമാണ് സുബ്രഹ്മണ്യന് പ്രധാനം. സന്താനഭാഗ്യം, ശത്രുനാശം, മുതലായവ സാധിക്കുന്നതിന് വെള്ളിയാഴ്ചയും, രോഗശാന്തിയ്ക്ക് ചൊവ്വാഴ്ചയും സുബ്രഹ്മണ്യനെ ആരാധിക്കണം.
അഭിഷേകപ്രിയനായ സുബ്രഹ്മണ്യന് പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം ഇവ കൊണ്ട് അഭിഷേകം നടത്താം. പഴം, കല്‍ക്കണ്ടം, നെയ്, ശര്‍ക്കര, മുന്തിരി എന്നിവ ചേരുന്ന വിശിഷ്ട നിവേദ്യമാണ് പഞ്ചാമൃതം. ഈ അഞ്ചു വസ്തുക്കള്‍ പഞ്ചഭൂത തത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നു. ആഗ്രഹസാഫല്യം ആണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം ലഭിക്കും.
പാല്‍, നെയ്, ഇളനീര്‍ അഭിഷേകം ശരീരസുഖം നൽകും. എണ്ണ അഭിഷേകം രോഗനാശത്തിനുത്തമം. ഭസ്മം കൊണ്ട് അഭിഷേകം നടത്തിയാല്‍ പാപനാശം, തൈര് അഭിഷേകം സന്താനലാഭത്തിനും നല്ലതാണ്. ഷഷ്ഠിവ്രതം അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യന്റെ മാത്രമല്ല ശിവപാര്‍വ്വതിമാരുടെയും അനുഗ്രഹം സിദ്ധിക്കും.
ALSO READ
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Significance and Benefits of Phalguna Month Shasti
Copyright 2022 riyoceline.com/projects/Neram/. All rights reserved