Wednesday, December 10, 2025
Wednesday, December 10, 2025
Home » ജന്മനക്ഷത്രത്തിന്റെ വിഷ്ണു സഹസ്രനാമ ശ്ലോകങ്ങൾ എന്നും ജപിച്ചാൽ അഭിവൃദ്ധി ഉറപ്പ്

ജന്മനക്ഷത്രത്തിന്റെ വിഷ്ണു സഹസ്രനാമ ശ്ലോകങ്ങൾ എന്നും ജപിച്ചാൽ അഭിവൃദ്ധി ഉറപ്പ്

by NeramAdmin
0 comments

എം.നന്ദകുമാർ, റിട്ട. ഐ എ എസ്

വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് മോക്ഷദായകമാണ്. കാര്യസിദ്ധിക്കും ജീവിത വിജയത്തിനും ഉത്തമമായ മന്ത്രമാണ് വിഷ്ണുസഹസ്രനാമം. ശംഖും ചക്രവും ഗദയും ധരിച്ച് ആദിശേഷന് മുകളിൽ പള്ളി കൊള്ളുന്ന മഹാവിഷ്ണുവിന്റെ ആകെ രൂപഭാവങ്ങളെ വർണ്ണിക്കും വിധം കോർത്തിരിക്കുന്ന വിഷ്ണുസഹസ്രനാമത്തിൽ ഭഗവാന്റെ ആയിരം നാമങ്ങളുണ്ട്. ഈ ഭഗവത് സ്തുതി നിരന്തരം ജപിക്കുന്നവർക്ക് അഭീഷ്ടസിദ്ധിയും എന്ത് കാര്യത്തിലും വിജയവും സുനിശ്ചിതമാണ്. മഹാഭാരതം അനുശാസനാ പർവം എന്ന അദ്ധ്യായത്തിൽ നിന്നുമാണ് ഈ ആയിരം നാമങ്ങൾ എടുത്തിട്ടുള്ളത്.

യോഗവിദ്യ വശമാക്കിയാൽ സഹസ്രാരചക്രത്തെ ഉത്തേജിപ്പിക്കാനുംഅതുവഴി ബ്രഹ്മജ്ഞാനം നേടിയെടുക്കാനും വിഷ്ണു സഹസ്രനാമ ജപത്തിലൂടെ കഴിയും. ജന്തുക്കൾ ജന്മസംസാര ബന്ധനത്തിൽ നിന്ന് മോചനത്തിന് ജപിക്കേണ്ടത് ഏത് എന്ന ധർമ്മപുത്രരുടെ ചോദ്യത്തിന് ശരശയ്യയിൽ കിടന്ന് ഭീഷ്മപീതാമഹൻ വിഷ്ണുസഹസ്രനാമം ചൊല്ലി കേൾപ്പിക്കുന്നുണ്ട്. മൂലാധാരസ്ഥിതനായ കുണ്ഡലിനിയെ ഉണർത്തി സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ അധാരങ്ങൾ ഭേദിച്ച് സഹസ്രാരത്തിലെ സദാശിവനുമായി സംഗമിച്ച് അമൃതസ്രവണം നടത്താൻ സഹായകമാണ് വിഷ്ണു സഹസ്രനാമപാരായണം. സുപ്താവസ്ഥയിൽ വക്ത്രാന്തർഭാഗത്ത് പുച്ഛാഗ്രം തിരുകി കിടക്കുന്ന കുണ്ഡലീരൂപത്തിലുള്ള കുണ്ഡലിനി ആലസ്യത്തിന്റെയും താമസിക ഗുണത്തിന്റെയും പ്രതീകമാണ്. പക്ഷെ ധ്യാനാവസ്ഥയിൽ കുണ്ഡലിനി സുഷുപ്തിയിൽ നിന്ന് ഉണർന്ന് സുഷ്മനയിലൂടെ ജാഗരൂകയായി മുകളിലേക്ക് പ്രയാണം നടത്തും. ഇതിനെ കുണ്ഡലിന്യുത്ഥാനം എന്നാണ് പറയുക. ഓരോ ആധാരങ്ങളും ഭേദിച്ച് കുണ്ഡലിനി മുകളിലേക്ക് പോകുമ്പോൾ സമുദ്രം, മേഘം, അരുവി, മദ്ദളം, മണിനാദം, കിങ്കിണി, വേണു വീണ എന്നീ നാദങ്ങൾ കേൾക്കും എന്ന് നാദബിന്ദു ഉപനിഷത്തിൽ വർണ്ണിച്ചിരിക്കുന്നു.

വിഷ്ണുസഹസ്രനാമം നിത്യേന പൂർണ്ണമായും ജപിക്കാൻ കഴിയാത്തവർക്ക് അവരുടെ ജന്മനക്ഷത്രം അടിസ്ഥാനമാക്കി ഇതിലെ നിശ്ചിത ശ്ലോകങ്ങൾ എന്നും ജപിക്കാം. ഇത് വളരെയധികം ഫലപ്രദമാണെന്ന് അനുഭവസ്തർ പറയുന്നു. വിഷ്ണു സഹസ്രനാമത്തിലെ
ഏത് പാദത്തിലാണ് ജനിക്കുന്നത് എന്ന് നോക്കി വിഷ്ണു സഹസ്രനാമത്തിലെ നിശ്ചിത ശ്ലോകങ്ങൾ എന്നും ചൊല്ലിയാൽ ആ നക്ഷത്രജാതന് (27 നക്ഷത്രങ്ങളും 108 പാദങ്ങളും) സർവ്വതോമുഖമായ അഭിവൃദ്ധിയും ഉണ്ടാകും എന്ന് എന്റെ ഗുരു പറഞ്ഞു തന്നിട്ടുണ്ട്. ഉദാഹരണത്തിന് വിശാഖജാതനായ എനിക്ക് 61 മുതൽ 64 വരെയുള്ള ശ്ലോകങ്ങളാണ് ഉത്തമമായി വരിക. തിരുവാതിരക്ക് 21 മുതൽ 24 വരെ എന്നിങ്ങനെയാണ്. ജനിച്ച നക്ഷത്ര പാദം കൃത്യമായി അറിയാവുന്നവർ പ്രസ്തുത ശ്ലോകം മാത്രം ജപിച്ചാൽ മതി. അറിയില്ലെങ്കിൽ ആ നക്ഷത്രത്തിന് പറഞ്ഞിട്ടുള്ള നാല് ശ്ലോകങ്ങളും എന്നും ജപിക്കണം. ഒരോ നക്ഷത്ര ജാതരും ജപിക്കേണ്ട ശ്ലോകങ്ങൾ താഴെ പറയുന്നുണ്ട്.

വിഷ്ണു സഹസ്രനാമത്തിൽ പുനരുക്തിദോഷം (76 നാമങ്ങൾ 2 തവണ, 13 നാമങ്ങൾ 3 തവണ, രണ്ടു നാമങ്ങൾ നാലുതവണ) ഉണ്ടെങ്കിൽക്കൂടി അതിന്റെ ശക്തിയും സ്വാധീനവും അപാരമാണ്. സർവ്വചരചര പ്രപഞ്ചത്തിന്റെ നിയാമകശക്തിയായ ഭഗവാന്റെ വൈശിഷ്ട്യങ്ങൾ വർണ്ണിക്കുന്ന വിഷ്ണുസഹസ്രനാമം കുട്ടികളെ പഠിപ്പിക്കുന്നതും ചൊല്ലിക്കുന്നതും കേമമാണ്.

അശ്വതി: 1 മുതൽ 4 വരെ ശ്ലോകങ്ങൾ
ഭരണി: 5 മുതൽ 8 വരെ ശ്ലോകങ്ങൾ
കാർത്തിക: 9 മുതൽ 12 വരെ ശ്ലോകങ്ങൾ
രോഹിണി: 13 മുതൽ 16 വരെ ശ്ലോകങ്ങൾ
മകയിരം: 17 മുതൽ 20 വരെ ശ്ലോകങ്ങൾ
തിരുവാതിര: 21 മുതൽ 24 വരെ ശ്ലോകങ്ങൾ
പുണർതം: 25 മുതൽ 28 വരെ ശ്ലോകങ്ങൾ
പൂയം: 29 മുതൽ 32 വരെ ശ്ലോകങ്ങൾ
ആയില്യം: 33 മുതൽ 36 വരെ ശ്ലോകങ്ങൾ

ALSO READ

മകം: 37 മുതൽ 40 വരെ ശ്ലോകങ്ങൾ
പൂരം: 41 മുതൽ 44 വരെ ശ്ലോകങ്ങൾ
ഉത്രം: 45 മുതൽ 48 വരെ ശ്ലോകങ്ങൾ
അത്തം: 49 മുതൽ 52 വരെ ശ്ലോകങ്ങൾ
ചിത്തിര: 53 മുതൽ 56 വരെ ശ്ലോകങ്ങൾ
ചോതി: 57 മുതൽ 60 വരെ ശ്ലോകങ്ങൾ
വിശാഖം: 61 മുതൽ 64 വരെ ശ്ലോകങ്ങൾ
അനിഴം: 65 മുതൽ 68 വരെ ശ്ലോകങ്ങൾ
തൃക്കേട്ട: 69 മുതൽ 72 വരെ ശ്ലോകങ്ങൾ

മൂലം: 73 മുതൽ 76 വരെ ശ്ലോകങ്ങൾ
പൂരാടം: 77 മുതൽ 80 വരെ ശ്ലോകങ്ങൾ
ഉത്രാടം: 81 മുതൽ 84 വരെ ശ്ലോകങ്ങൾ
തിരുവോണം: 85 മുതൽ 88 വരെ ശ്ലോകങ്ങൾ
അവിട്ടം: 89 മുതൽ 92 വരെ ശ്ലോകങ്ങൾ
ചതയം: 93 മുതൽ 96 വരെ ശ്ലോകങ്ങൾ
പൂരുരുട്ടാതി: 97 മുതൽ 100 വരെ ശ്ലോകങ്ങൾ
ഉത്തൃട്ടാതി: 101 മുതൽ 104 വരെ ശ്ലോകങ്ങൾ
രേവതി: 105 മുതൽ 108 വരെ ശ്ലോകങ്ങൾ

എം.നന്ദകുമാർ, റിട്ട. ഐ എ എസ്

(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ ശ്രീ എം. നന്ദകുമാറുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷന് സൗകര്യമുണ്ട്. www.astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. മൊബൈൽ: +91 9497836666 )
Story summary: Find your Birth Star and and try to recite the relative slokha form Vishnu Sahasranama for successful life

Copyright 2022 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?