Wednesday, February 4, 2026
Wednesday, February 4, 2026
Home » അപൂർവമായ സോമപ്രദോഷം തിങ്കളാഴ്ച ; ഇങ്ങനെ ഭജിച്ചാൽ സർവൈശ്വര്യലബ്ധി

അപൂർവമായ സോമപ്രദോഷം തിങ്കളാഴ്ച ; ഇങ്ങനെ ഭജിച്ചാൽ സർവൈശ്വര്യലബ്ധി

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
ശിവപ്രീതി നേടാന്‍ ശേഷ്ഠമായ ദിവസമാണ് കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി തിഥിയിലെ പ്രദോഷം. അതില്‍ത്തന്നെ ഏറ്റവും പ്രധാനം
തിങ്കൾ പ്രദോഷവും ശനി പ്രദോഷവുമാണ്. വരുന്ന തിങ്കളാഴ്ച, 2022 ജൂലൈ 11ന് സോമ പ്രദോഷമാണ്. ഈ ദിവസം ഭക്തിയോടെ ശിവപാർവതിമാരെ ഭജിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീര്‍ത്തി എന്നിവയെല്ലാം ലഭിക്കും. ദശാദോഷവും ജാതകദോഷവും കാരണം അനുഭവിക്കുന്ന ദുരിതങ്ങളുടെ കാഠിന്യം കുറയ്ക്കാനും പ്രദോഷവ്രതം നോൽക്കുന്നത് ഉത്തമമാണ്.

ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരാകുന്ന സമയമാണ് ത്രയോദശി തിഥിയിലെ പ്രദോഷ വേള. ഈ സമയത്തെ ശിവക്ഷേത്ര ദര്‍ശനം പുണ്യദായകമാണ്. എന്തെങ്കിലും കാരണവശാൽ അന്ന് പ്രദോഷ വ്രതം അനുഷ്ഠിക്കാന്‍ കഴിയാത്തവർ ശിവക്ഷേത്രദര്‍ശനം നടത്തി വഴിപാട് കഴിപ്പിക്കുന്നത് ശ്രേയസ്കരമാണ്. ഒപ്പം ശിവഭജനവും നടത്തിയാല്‍ സന്തുഷ്ട കുടുംബജീവിതം ലഭിക്കും. അന്ന് ശിവപുരാണം പാരായണം ചെയ്യുന്നത് വിശേഷമാണ്. കഴിയുന്നത്ര തവണ ഓം നമഃ ശിവായ ജപിക്കണം. ശിവപഞ്ചാക്ഷരി സ്‌തോത്രം, ശിവാഷ്ടകം, അഷ്ടോത്തര ശതനാമാവലി, ശിവസഹസ്രനാമം, എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് എല്ലാ ദേവതകളും കൈലാസത്തിൽ സന്നിഹിതരായി ശിവ പാർവതിമാരെ ഭജിക്കുന്നു എന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.

ഈ ദിവസം വിധി പ്രകാരം വ്രതം നോറ്റാൽ സകല പാപങ്ങളും നശിക്കും. വ്രതമെടുക്കുന്നവര്‍ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. പ്രദോഷദിനത്തില്‍ രാവിലെ പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദര്‍ശനം നടത്തി കൂവളത്തിലകൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം, പിന്‍വിളക്ക്, ജലധാര എന്നിവ നടത്തുക. പകല്‍ മുഴുവന്‍ ഉപവാസിക്കുന്നത് വളരെ നല്ലത്. അതിനു കഴിയാത്തവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുന്‍പായി കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി പ്രദോഷപൂജ, ദീപാരാധന ഇവയില്‍ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം കഴിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നുള്ള ചോറു വാങ്ങി കഴിക്കണം.

കൃഷ്ണപക്ഷവും ശനിയാഴ്ചയും ഒന്നിക്കുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും മഹാത്മ്യമേറും. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വരുന്നവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും.

പ്രദോഷത്തെ പറ്റിയുള്ള മറ്റൊരു വിശ്വാസം പലാഴി മഥനവുമായി ബന്ധപ്പെട്ടാണ്. ദേവാസുരന്‍മാർ ചേര്‍ന്ന് അമൃതിനായി പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു.
മേരു പര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ചായിരുന്നു മഥനം. അതിലൂടെ അവർക്ക് അമൃത് നേടാനായെങ്കിലും ഇതിനിടെ വാസുകി വിഷം ഛര്‍ദ്ദിക്കാനൊരുങ്ങി. ഇത് ഏവരേയും ഭയചകിതരാക്കി. ലോകത്തെ സര്‍വ്വ ചരാചരങ്ങളേയും നശിപ്പിക്കാന്‍ പോന്നതായിരുന്നു വാസുകിയുടെ വിഷം. ഇതിൽ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഭക്തര്‍ ശിവനെ ധ്യാനിച്ചു. ലോകത്തിന്റെ നന്മ ആഗ്രഹിച്ച് ശിവന്‍ കാളകൂട വിഷം ഏറ്റുവാങ്ങി കഴിച്ചു. കാളകൂട വിഷം ഭഗാവാനെ പോലും നശിപ്പിക്കാന്‍ ശക്തിയുള്ളതാണെന്ന് മനസ്സിലാക്കിയ പാര്‍വ്വതി ദേവി വിഷം ഭഗവാന്റെ ഉള്ളില്‍ ഇറങ്ങാതിരിക്കാന്‍ കണ്ഠത്തില്‍ ശക്തിയായി പിടിച്ചു.

അങ്ങനെ ആ വിഷം ഭഗവാന്റെ കണ്ഠത്തില്‍ കട്ടയായി. അതോടെ കണ്ഠം നീല നിറമായി. അങ്ങനെ ഭഗവാന്‍ നീലകണ്ഠനായി. ലോകരക്ഷയെന്ന കര്‍മ്മമാണ് സ്വരക്ഷ മറന്നും ഭഗവാൻ ചെയ്‌തെന്നാണ് വിശ്വാസം. അതിനു ശേഷം ഭഗവാന്‍ തന്റെ വാഹനമായ നന്ദിയുടെ ശിരസില്‍ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ത്രയോദശി തിഥി ദിവസമായിരുന്നു എന്നാണ് വിശ്വാസം. ഈ ദിവസം തിരുനീലകണ്ഠം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിക്കുമെന്നാണ് വിശ്വാസം.

ALSO READ

ജ്യോതിഷരത്നം വേണു മഹാദേവ്. +91 9847475559

Story Summary: Significance Of Soma Pradosham or Thinkal Pradosham

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?