Wednesday, December 10, 2025
Wednesday, December 10, 2025
Home » ഹരിവരാസനം പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു

ഹരിവരാസനം പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു

by NeramAdmin
0 comments

ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്‌കാരം. ജാതിക്കും മതത്തിനും ഭാഷയ്ക്കും പ്രദേശത്തിനും അതീതമായി എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിനാകെ മാതൃകയായ പുണ്യഭൂമിയാണെന്ന് പുരസ്‌കാരദാന ചടങ്ങില്‍ മന്ത്രി പറഞ്ഞു.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കിയ പുണ്യഭൂമിയാണ് ശബരിമല എന്നത് നമുക്ക് അഭിമാനമാണ്. എല്ലാ മനുഷ്യരും ഒന്നാവാനുള്ള അവസരമാണ് ശബരിമല നല്‍കുന്നത്. ഇവിടെ തൊട്ടുകൂടായ്മയില്ല. പക്ഷേ നമ്മുടെ രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിച്ച അതേ ദിവസമാണ് ക്ലാസ്മുറിയില്‍ ദാഹജലം നിറച്ച ഗ്ലാസ് തൊട്ടതിന് അധ്യാപകന്‍ ഒരു കൊച്ചു ദലിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍, എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശമാണ് ശബരിമല നല്‍കുന്നത്.


സാഹിത്യത്തിന്റെയും സിനിമയുടെയും എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അത്യപൂര്‍വ വ്യക്തിത്വമായ ശ്രീകുമാരന്‍ തമ്പിക്ക് ഈ പുരസ്‌കാരം നല്‍കുന്നതില്‍ മലയാളത്തിന് അഭിമാനിക്കാമെന്ന് മന്ത്രി പറഞ്ഞു. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമുണ്ട് എന്ന് എഴുതിയതിലൂടെ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ ചിന്തയാണ് അദ്ദേഹം പകര്‍ന്നുനല്‍കിയത്. നമ്മുടെ നാട്ടില്‍ തിരിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനം നടത്തേണ്ട കാലഘട്ടമാണിത് , മന്ത്രി പറഞ്ഞു. കോവിഡ് മാറിയതിനാല്‍ ശബരിമലയില്‍ ഭക്തജന തിരക്ക് ഉണ്ടാവുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഒരുക്കങ്ങള്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട്, തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത്. 45 ലക്ഷത്തിലധികം ഭക്തരാണ് ഇതുവരെ സന്നിധാനത്തെത്തിയത്. അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക എന്നത് പ്രധാന ദൗത്യമാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭക്തര്‍ എത്തിയപ്പോഴും അവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കാന്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിച്ചു. ശബരിമലയില്‍ ഭക്തര്‍ എല്ലാവരും സ്വയം നിയന്ത്രിക്കുക. ഇവിടെ എത്തുന്ന ഓരോ ഭക്തരും പുതിയ ആളായി, സമൂഹത്തിന് നന്മ ചെയ്യുന്നവരായി മാറുക, മന്ത്രി പറഞ്ഞു. തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങള്‍ക്കും മുകളിലാണ് ഹരിവരാസനം പുരസ്‌കാരത്തിന് നല്‍കുന്ന സ്ഥാനമെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷനായി. എംപിമാരായ ആന്റോ ആന്റണി, വി കെ ശ്രീകണ്ഠന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കെ യു ജനീഷ് കുമാര്‍ എംഎല്‍എ വിശിഷ്ടാതിഥിയായി. ദേവസ്വം സെക്രട്ടറി കെ ബിജു പ്രശസ്തിപത്ര പാരായണം നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ് എസ് ജീവന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബിഎസ് പ്രകാശ്, റാന്നി പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ജില്ലാ ജഡ്ജി എം മനോജ്, ശബരിമല എഡിഎം പി വിഷ്ണുരാജ് എന്നിവര്‍ സംസാരിച്ചു. സോപാന സംഗീതത്തോടെയാണ് ചടങ്ങിന് തുടക്കമായത്.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?