Wednesday, December 10, 2025
Wednesday, December 10, 2025
Home » കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും ചിങ്ങത്തിലെ ശുക്ലപക്ഷ പ്രദോഷം ഞായറാഴ്ച

കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും ചിങ്ങത്തിലെ ശുക്ലപക്ഷ പ്രദോഷം ഞായറാഴ്ച

by NeramAdmin
0 comments

മംഗള ഗൗരി
ചിങ്ങത്തിലെ വെളുത്തപക്ഷ പ്രദോഷ വ്രതാചരണം കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും നല്ലതാണ്. ശിവപാർവ്വതിമാർ ഏറ്റവും കൂടുതൽ പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ ഉമാ മഹേശ്വരന്മാരുടെ മാത്രമല്ല എല്ലാ
ദേവതകളുടെയും അനുഗ്രഹം നേടാൻ ഉത്തമമാണ്.

പ്രദോഷ സന്ധ്യയിൽ ആനത്തോലുടുത്ത ശിവൻ, പാർവതിയെ രത്‌നപീഠത്തിലിരുത്തി മുന്‍പില്‍ ആനന്ദനടനമാടുന്നു എന്നാണ് സങ്കല്പം. ഈ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യം ഉണ്ടാകും. അതിനാലാണ് ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മറ്റ് എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കുക.

അസ്തമയത്തിന് തൊട്ടുമുമ്പും പിൻപുമായി വരുന്ന ഒന്നരമണിക്കൂർ വീതമുള്ള സമയമാണ് പ്രദോഷവേള; വൈകിട്ട് ഏകദേശം 4.30 മുതൽ 7:30 മണിവരെയുള്ള സമയം. ഇങ്ങനെ നിത്യവും പ്രദോഷവേളയുണ്ടെങ്കിലും ത്രയോദശിനാളിൽ വരുന്ന പ്രദോഷം സവിശേഷവും ശിവപ്രീതികരവുമാണ്. കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം ആചരിക്കണം. ഇക്കുറി ചിങ്ങത്തിലെ വെളുത്തപക്ഷ പ്രദോഷം വരുന്നത് 2024 സെപ്റ്റംബർ 15 ന് തിരുവോണ നാളിലാണ്. തലേന്ന് ശനിയാഴ്ച ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം ഉപവാസം അനുഷ്ഠിക്കണം. പുലർച്ചേ കുളിച്ച് ശിവക്ഷേത്രദർശനം കൂവളപ്രദക്ഷിണം എന്നിവ ചെയ്ത് ശിവഭജനം നടത്തണം. വൈകുന്നേരം കുളിച്ച് പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കൂവളമാല, പിന്‍വിളക്ക് വഴിപാടുകള്‍ കഴിപ്പിക്കണം. പ്രദോഷ പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് വ്രതം പൂര്‍ത്തിയാക്കണം. പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കണം.

ദാരിദ്ര്യ ദു:ഖശമനം, കീർത്തി, ശത്രുനാശം, രോഗശാന്തി, സന്താനലബ്ധി, ആയുസ്സ്, ക്ഷേമം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യാൻ കഴിയുന്ന ശിവപാർവതിമാരെ പ്രദോഷ ദിവസം വ്രതം നേറ്റ് പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി എല്ലാവിധ ഭൗതിക അഭിവൃദ്ധിയും ലഭിക്കും. ആദിത്യദശയുള്ളവർ ഈ വ്രതമെടുക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാൽ അവർ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതൽ ഫലപ്രദവുമായിരിക്കും. ” സന്തതിക്കും യശസിനും ധനത്തിനും സന്തതം ശോഭനം പ്രാദോഷികം വ്രതം ” ഇങ്ങനെയാണ് ശിവപുരാണത്തിൽ പ്രദോഷവ്രത ഫലം പറയുന്നത്.

പ്രദോഷദിവസം ശിവ പഞ്ചാക്ഷരി , അഷേ്ടാത്തര ശതനാമാവലി, ശിവസഹസ്രനാമം, ഉമാമഹേശ്വര
സ്തോത്രം, പ്രദോഷ സ്തോത്രം, ദാരിദ്ര്യ ദു:ഖ ദഹന സ്തോത്രം, പഞ്ചാക്ഷര സ്തോത്രം, ശങ്കരധ്യാന പ്രകാരം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം. ഭഗവാൻ്റെ അതിമനോഹരമായ സ്വരൂപവർണ്ണനയായ ശങ്കരധ്യാന
പ്രകാരം 11 പ്രദോഷനാളിൽ തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പാണെന്ന് പറയുന്നു. കേൾക്കാം, പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം കേൾക്കാം:


ALSO READ

പ്രാർത്ഥനാ ശ്ലോകങ്ങൾ
1
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

ശിവപഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വ കാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ

Story Summary: Significance, Benefits Of Shukla Paksha Pradosha Vritham and it’s Rituals

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?