Wednesday, December 10, 2025
Wednesday, December 10, 2025
Home » വെള്ളിയാഴ്ച നിർജ്ജല ഏകാദശി; ഐശ്വര്യവും ദീർഘായുസ്സും ഫലം

വെള്ളിയാഴ്ച നിർജ്ജല ഏകാദശി; ഐശ്വര്യവും ദീർഘായുസ്സും ഫലം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ജോതിഷി പ്രഭാ സീന സി പി
ജ്യേഷ്ഠ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയും ഒരു വർഷത്തെ സുപ്രധാന ഏകാദശികളിൽ ഒന്നുമായ നിർജല ഏകാദശി 2025 ജൂൺ 6 വെള്ളിയാഴ്ചയാണ്. വേദവ്യാസന്റെ നിര്‍ദ്ദേശപ്രകാരം ഭീമസേനന്‍ ഈ വ്രതം അനുഷ്ഠിക്കുകയും ആഗ്രഹസാഫല്യം നേടുകയും ചെയ്തതിനാൽ ഭീമസേനി എന്നും പേരുണ്ട്. അന്ന് ജലപാനം പോലും ഒഴിവാക്കി വ്രതം എടുക്കാനായാൽ ദീര്‍ഘായുസ്സും ദുരിത നിവാരണവും കൈവല്യ പ്രാപ്തിയുമുണ്ടാകും. ഇടവമാസത്തിലെ ഈ ഒരു ദിവസത്തെ വ്രതം കൊണ്ട് ഒരു വര്‍ഷത്തെ എല്ലാ
ഏകാദശിക്കും വ്രതം അനുഷ്ഠിച്ച പുണ്യം ലഭിക്കും. നിർജല ഏകാദശി ദിവസം ജ്ഞാനേന്ദ്രിയങ്ങളെയും കര്‍മ്മേന്ദ്രിയങ്ങളെയും മനസിനെയും തികച്ചും ഈശ്വരാഭിമുഖമായി നിയന്ത്രിച്ച് നിറുത്തുകയും നാമജപത്തില്‍ മുഴുകുകയും വേണം. ഐശ്വര്യം,
അഭിവൃദ്ധി, ദീർഘായുസ്, പാപമോചനം എന്നിവ നൽകി അനുഗ്രഹിക്കുന്ന ഈ വ്രതം അനുഷ്ഠിച്ച ശേഷം ദ്വാദശിയിൽ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ തന്നെ എഴുന്നേറ്റ് സ്നാനം, വിഷ്ണു പൂജ, കഴിവിനനുസരിച്ച് ദാനം, സജ്ജനങ്ങള്‍ക്ക് ആഹാരം എന്നിവ നല്‍കുകയും വേണം.

ഭീമസേനി ഏകാദശിയുടെ കഥ
നിർജല ഏകാദശിക്ക് പിന്നിൽ പാണ്ഡവരുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട് : ഭീമസേനൻ ഒഴികെ പാണ്ഡവരെല്ലാം ഏകാദശിവ്രതം എടുക്കുമായിരുന്നു. ഉപവാസമാണല്ലോ ഈ വ്രതത്തിലെ പ്രധാന നിഷ്ഠ. എന്നാൽ ഒട്ടും വിശപ്പു സഹിക്കാൻ കഴിയാത്തതിനാൽ ഭീമന് ഒരിക്കലും ഈ വ്രത്രം നോൽക്കാൻ കഴിഞ്ഞില്ല. ഒരു അവസരത്തിൽ ഏകാദശിവ്രത മാഹാത്മ്യം വേദപാരംഗതനായ പിതാമഹൻ വ്യാസൻ ജ്യേഷ്ഠൻ യുധിഷ്ഠിരന് വിവരിച്ചു കൊടുക്കുന്നത് ഭീമൻ കേട്ടു: മനുഷ്യധർമ്മങ്ങളും വേദധർമ്മങ്ങളും അനുഷ്ഠിക്കാൻ പ്രയാസമാണ്. പക്ഷേ അല്പധനം കൊണ്ടും അല്പക്ലേശം
കൊണ്ടും എളുപ്പം അനുഷ്ഠിക്കാവുന്നതും ഫലം ഏറിയതുമാണ് ഏകാദശിവ്രതം. ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കണം എന്നതാണ് ഈ വ്രതത്തിന്റെ പ്രധാന നിഷ്ഠ.
ഇത് കേട്ട് ഭീമസേനൻ വ്യാസനോട് പറഞ്ഞു: എനിക്ക് മാത്രം വ്രതമെടുക്കാൻ സാധിക്കുന്നില്ല. എത്ര വേണോ വിഷ്ണു പൂജ ചെയ്യാം; ദാനവും നടത്താം. ആഹാരം ഉപേക്ഷിക്കുവാൻ കഴിയുന്നില്ല. ഒരിക്കൽ എടുക്കാൻ പോലും ഉദരത്തിലെ വൃകൻ എന്ന അഗ്നി അനുവദിക്കില്ല. എത്ര ഭക്ഷിച്ചാലും അത് പെട്ടെന്ന് ദഹിപ്പിച്ചു കളയുന്നു. അതുകൊണ്ട് ഒരു ഉപവാസം മാത്രം അനുഷ്ഠിക്കാനുളള വഴി പറഞ്ഞു തരണം.

അപ്പോൾ വ്യാസൻ ഭീമന് നൽകിയ ഉപായമാണ് നിർജല ഏകാദശി അനുഷ്ഠാനം. എല്ലാ ജ്യേഷ്ഠമാസത്തിലെയും വെളുത്ത പക്ഷ ഏകാദശി ഉദയം മുതൽ ഉദയം വരെ ആഹാരം വർജ്ജിച്ച് വ്രതം നോറ്റാൽ എല്ലാ ഏകാദശിയും അനുഷ്ഠിച്ച ഫലം ലഭിക്കും. ഇന്ദ്രിയ നിഗ്രഹത്തോടെ, ശ്രദ്ധയോടെ, ദാനധർമ്മാദികൾ നടത്തി വേണം വിഷ്ണുപൂജ ചെയ്യേണ്ടത്. ഇത് ഭഗവാൻ വിഷ്ണു തന്നെ തന്നോട് അരുളിച്ചെയ്തിട്ടുണ്ടെന്നും വ്യാസൻ വെളിപ്പെടുത്തി. അങ്ങനെ പാണ്ഡവരെല്ലാം അനുഷ്ഠിച്ച വ്രതമായതിനാൽ ഇതിന് പാണ്ഡെവ ഏകാദശി എന്നും പേരുണ്ട്.

സൗഖ്യം നേടാം, വ്യാഴ ദോഷം മാറ്റാം
സ്ത്രീപുരുഷ ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി. ഇഹലോകത്ത് സുഖവും പരലോകത്ത് മോക്ഷവുമാണ് ഈ വ്രതഫലം. ഏകാഗ്രതയോടെ വ്രതം നോറ്റാലേ പൂര്‍ണ ഫലം ലഭിക്കൂ. ജാതകവശാല്‍ വ്യാഴം ദുസ്ഥിതിയിൽ ഉള്ളവരും ദുരിത ദു:ഖങ്ങൾ നേരിടുന്നവരും ഏകാദശി വ്രതമെടുക്കണം.

ദശമി, ഏകാദശി, ദ്വാദശി തിഥികള്‍ വരുന്ന മൂന്ന് ദിവസമാണ് വ്രതാനുഷ്ഠാനം വേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്, ഏകാദശി ദിവസം പൂര്‍ണമായ ഉപവാസം ഇതാണ് വ്രതവിധി. ഇതിന് കഴിയാത്തവര്‍ പാൽ, പഴങ്ങൾ കഴിച്ച് വ്രതമെടുക്കണം. പകല്‍ ഉറങ്ങരുത്. ദുഷ്ട ചിന്തകള്‍ക്കൊന്നും മനസിൽ ഇടമുണ്ടാകരുത്. രാവിലെ കുളിച്ച ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കുകയും മൂലമന്ത്രമായ അഷ്ടാക്ഷരി മന്ത്രവും ദ്വാദശാക്ഷരി മന്ത്രവും വിഷ്ണുഗായത്രിയും ജപിക്കുകയും പറ്റുമെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ പോയി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ട് അർച്ചന കഴിപ്പിക്കുകയും വേണം. സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ഇത് ചെയ്താൽ മതി. ഇതിനുപുറമെ എന്നും പ്രാർത്ഥനാവേളയിൽ വിഷ്ണു ഗായത്രി 9 തവണ ജപിച്ചാല്‍ ഐശ്വര്യവും സാമ്പത്തിക സമൃദ്ധിയും കുടുംബ സൗഖ്യവും ഉണ്ടാകും.

ALSO READ

ഹരിവാസര ജപം ഐശ്വര്യദായകം
ഹരിവാസര സമയമാണ് വിഷ്ണു നാമജപത്തിനു നല്ലത്. ജൂണ്‍ 7 രാത്രി 10:11 മുതൽ പിറ്റേന്ന് പകൽ 11:26 വരെയാണ് ഹരിവാസരം. ഐശ്വര്യവും ദീർഘായുസ്സുമാണ് നിർജല ഏകാദശിയുടെ ഫലം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ജലപാനം മുടക്കി വ്രതം എടുക്കരുത്. ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയുമിട്ട ജലം സേവിച്ച് പാരണവിടുക. ഏകാദശി വ്രതം എടുക്കുന്നവർ അഷ്ടാക്ഷരി മന്ത്രം, ദ്വാദശാക്ഷരി മന്ത്രം, വിഷ്ണു ഗായത്രി, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശതനാമ സ്തോത്രം, വിഷ്ണു സഹസ്രനാമം തുടങ്ങിയ ജപിക്കണം. വിഷ്ണുഭക്തർക്കിടയിൽ ഏറ്റവും പ്രസിദ്ധമായ ഒരു സ്തുതിയാണ് വിഷ്ണു ശതനാമ സ്തോത്രം. ഭഗവാനെ ഈ 100 നാമങ്ങളാൽ നിത്യവും ഭജിക്കുന്നവരുടെ ജീവിതത്തിൽ അശുഭങ്ങൾ ഉണ്ടാകാറില്ല എന്നാണ് വിശ്വാസം. വേദവ്യാസ വിരചിതമായ ഈ മധുര സ്തോത്രം എന്നും ജപിക്കുന്ന ഭക്തർക്ക് ചുരുങ്ങിയ സമയത്തിനകം സമ്പൽ സമൃദ്ധി, പാപമുക്തി, ഐശ്വര്യം, സന്തോഷം, ആരോഗ്യം ഇവ ലഭിക്കുംയാതൊരു വ്രതവും ഈ ജപത്തിന് നിർബന്ധമില്ല. മന്ത്രോപദേശം വേണ്ട. രാവിലെ വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം കേൾക്കാം:

അഷ്ടാക്ഷരി മന്ത്രം
ഓം നമോ നാരായണായ

ദ്വാദശാക്ഷരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
വിഷ്ണുഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Significance and Benefits of Nirjala Ekadeshi

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?