(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗള ഗൗരി
നിത്യജീവിത ദുരിതങ്ങൾ കാരണം കഷ്ടപ്പെടുന്നവർ മാസന്തോറും ആയില്യം നാളിൽ നാഗസന്നിധിയിൽ ദര്‍ശനം നടത്തി വഴിപാടുകൾ കഴിപ്പിച്ച് പ്രാർത്ഥിക്കുന്നത് നല്ല പരിഹാരമാണ്. എല്ലാ സങ്കടങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും അതിവേഗം മോചനം നേടാനുള്ള ആരാധനാമാർഗ്ഗമാണ് നാഗപൂജ. ധനസമൃദ്ധിക്കും ആയുരാരോഗ്യം നേടാനും മന:സമാധാനമുള്ള ജീവിതത്തിനും സന്താനഭാഗ്യത്തിനും സന്താനങ്ങൾ കാരണം ഉണ്ടാകുന്ന ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിനും സന്താനങ്ങളുടെ ജീവിത പുരോഗതിക്കും നാഗാരാധന പോലെ നല്ല മറ്റൊരു ആരാധനാ സമ്പ്രദായമില്ല.
2025 ജൂൺ 28 ശനിയാഴ്ചയാണ് മിഥുന മാസത്തിലെ ആയില്യം. എല്ലാ മാസവും ആയില്യപൂജ നടത്തിയാൽ അതിവേഗം സങ്കടമോചനമുണ്ടാകും. കന്നി, തുലാം മാസങ്ങളിൽ ആയില്യ നാളിൽ നടത്തുന്ന ആയില്യപൂജ ബഹുവിശേഷമാണ്. ഈ ദിവസം പൂ >ജയും വഴിപാടും നടത്തി സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ ഉറപ്പായും
സർപ്പദോഷങ്ങൾ മാറിക്കിട്ടും.
രോഗശാന്തിക്കും ഉത്തമം
രോഗ ശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ മാറുന്നതിനും മാനസിക പ്രയാസങ്ങൾ തീരുന്നതിനും വിദ്യ, വിവാഹ തടസം നിവാരണത്തിനും കുടുംബ കലഹം ഒഴിയുന്നതിനും തൊഴിൽസംബന്ധമായ തടസങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശങ്ങൾ പരിഹരിക്കാനും ശത്രുദോഷ ശാന്തിക്കും എല്ലാ മാസവും ആയില്യപൂജ നടത്തുന്ന ഭക്തർക്ക് കണക്കില്ല.
അതുപോലെ ജാതകത്തിലെ രാഹു ദോഷശാന്തിക്കും ആയില്യപൂജ മികച്ച ഒരു പരിഹാരമാണ്. നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ സര്‍പ്പക്കാവില്‍ അന്ന് അഭിഷേകത്തിന് പാൽ, മഞ്ഞള്‍പ്പൊടി എന്നിവ നല്കുകയും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും കൊടുക്കുകയും വേണം. ഇതിനൊപ്പം ഓം നമഃ ശിവായ പഞ്ചാക്ഷരമന്ത്രവും അഷ്ടനാഗ മന്ത്രവും യഥാശക്തി ജപിക്കുകയും ചെയ്യണം:
അഷ്ട നാഗമന്ത്രം
ഓം അനന്തമായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ഈ 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതം ആദ്യം മുതല്‍ അവസാനം വരെ ചൊല്ലുക. ഉപവാസമോ, ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളില്‍ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പായി സൗകര്യംപോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തിപ്പെടുത്തന്നതും ശ്രേയസ്‌കരമാണ്.
ALSO READ
നൂറുംപാലും
സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന പ്രധാന നിവേദ്യമാണ് നൂറുംപാലും. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും പറയും. കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടുവേണം നൂറുംപാലും തർപ്പിക്കാൻ. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറുംപാലും ഒരക്കുന്നത്.
എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള എല്ലാ ക്ഷേത്രങ്ങളിലും നൂറുംപാലും നേദിക്കാറുണ്ട്.
സർപ്പബലി
സർപ്പബലിയാണ് നാഗപ്രീതിക്കുള്ള മറ്റൊരു സുപ്രധാന ചടങ്ങ്. സാധാരണ നടക്കുന്ന ഏറ്റവും ചെലവേറിയ നാഗാരാധന ഇതാണ്. ചെലവേറിയ പൂജ ആയതിനാൽ അപൂർവ്വമായി മാത്രമാണ് ഈ ദോഷപരിഹാരകർമ്മം നടത്തുന്നത്. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുന്ന പതിവും ഉണ്ട്. നാഗാരാധനാ കേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത്. ഭക്തർ അത് കാണാൻ പാടില്ലത്രെ. സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക, സര്‍പ്പ സ്ഥാനങ്ങള്‍ അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്തും.
പൂജ / അർച്ചന നടത്തണം
എല്ലാ മാസവും പേരും നാളും പറഞ്ഞ് ക്ഷേത്രത്തിൽ ആയില്യപൂജ / അർച്ചന നടത്തുന്നത് ഐശ്വര്യത്തിനും കാര്യസിദ്ധിക്കും ഗുണകരമാണ്. നാഗദേവതകളെ പ്രാർത്ഥിച്ച് നാഗസന്നിധികളിൽ വഴിപാടുകൾ സമർപ്പിക്കുമ്പോൾ സർവ്വ വിഘ്‌നങ്ങളും അകന്ന് ഫലസിദ്ധി ലഭിക്കും. തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം. ആയില്യം നാളിൽ
ശ്രീ നാഗരാജ അഷ്ടോത്തരം ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് നല്ലതാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച നാഗരാജ അഷ്ടോത്തരം കേൾക്കാം:
Story Summary: Significance of Ayilyam Pooja on June 28
Copyright 2025 riyoceline.com/projects/Neram/. All rights reserved