Wednesday, December 10, 2025
Wednesday, December 10, 2025
Home » കാര്യസിദ്ധി, ശത്രുനാശം രോഗമുക്തി, വിദ്യ; എല്ലാം തരും രാമായണ പാരായണം

കാര്യസിദ്ധി, ശത്രുനാശം രോഗമുക്തി, വിദ്യ; എല്ലാം തരും രാമായണ പാരായണം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

രാമമന്ത്രത്തിന്റെ അത്ഭുതശക്തിയും രാമകഥാമൃത പുണ്യവും നിറയുന്ന രാമായണ മാസം ആരംഭിക്കുന്നു. പൊതുവെ രോഗങ്ങളും ദുരിതങ്ങളും വർദ്ധിക്കുന്ന കർക്കടകത്തിലെ മിക്ക ദോഷങ്ങളും ഒഴിവാക്കുവാൻ ഏറ്റവും ഉത്തമ മാർഗ്ഗം ഈശ്വര ചിന്തയാണ്. ഇതിന് ഏറ്റവും അനുകൂലം ശ്രീരാമനാമജപമാണ്. രാമനാമ
ജപത്തിലൂടെയും രാമായണപാരായണ – ശ്രവണത്തിലൂടെയും സമസ്തദുരിതങ്ങളും അകറ്റാം. മനുഷ്യമനസ്സുകളെ ആദ്ധ്യാത്മിക വിശുദ്ധിയുടെ അത്യുന്നതങ്ങളിലേക്ക് ഉയർത്താനും ധർമ്മാധർമ്മ വിവേകം പകർന്ന് നന്മയിലേക്ക് നയിക്കുവാനും
രാമായണ പാരായണത്തിന് കഴിയും എന്ന വിശ്വാസമാണ് കർക്കടകത്തെ രാമായണ പുണ്യ മാസമാക്കിത്തീർത്തത്. എല്ലാ പുണ്യകർമ്മങ്ങൾക്കും പരിപൂർണ്ണ ഫലപ്രാപ്തി നൽകുന്ന മാസവുമാണ് കർക്കടകം.

വാല്മീകി രാമായണം, അദ്ധ്യാത്മ രാമായണം, തുളസീദാസരാമായണം, അഗസ്ത്യരാമായണം, അത്ഭുത രാമായണം, കാളിദാസരാമായണം തുടങ്ങി ഒട്ടനേകം രാമായണകൃതികളുണ്ട്. അവയ്‌ക്കെല്ലാം അടിസ്ഥാനം വാല്മീകിരാമായണമാണ്. ഭാരതീയ സംസ്‌കാരത്തെ അത്യധികം സ്വാധീനിച്ച കൃതികൂടിയാണ് രാമായണം.
സമ്പൂർണ്ണ വിവർത്തനം, സംഗ്രഹം, പുനരാഖ്യാനം തുടങ്ങിയ വിവിധ രൂപങ്ങളിൽ ധാരാളം രാമായണങ്ങൾ ലഭ്യമാണ്. എന്നാൽ കേരളീയർക്ക് കൂടുതൽ പരിചിതവും  പ്രിയങ്കരവും രാമാനുജനെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്. വാല്മീകിരാമായണത്തിന് സംസ്‌കൃതത്തിൽ ഉണ്ടായ പുനരാഖ്യാനമാണ് അദ്ധ്യാത്മരാമായണം. എന്നാൽ വാല്മീകിരാമായണം ശ്രീരാമന് ശ്രേഷ്ഠനായ മാതൃകാപുരുഷന്റെ രൂപം നൽകുമ്പോൾ അദ്ധ്യാത്മ രാമായണം ശ്രീരാമന് ഈശ്വരാംശം നൽകി വിഷ്ണുവിന്റെ അവതാരമായി സങ്കല്പിച്ച് ഭക്തിയുടെ അമൃത സ്വരൂപമാക്കുന്നു. അതിനാലാകാം വാല്മീകി രാമായണത്തിനു പകരം ഭക്തിഭാവവും വേദാന്തചിന്തയും നിറഞ്ഞ അദ്ധ്യാത്മ രാമായണം വിവർത്തനം ചെയ്യാൻ എഴുത്തച്ഛൻ തീരുമാനിച്ചത്.

ശ്രീപരമേശ്വരൻ പാർവ്വതിക്ക് വിവരിച്ചു കൊടുത്ത രാമായണകഥ കിളിയെക്കൊണ്ട് പാടിക്കുന്ന രീതിയിലാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചിരിക്കുന്നത്. ഓരോ കാണ്ഡാരംഭത്തിലും കവി കിളിയെ കഥ പറയാൻ സാദരം ക്ഷണിക്കുന്നു. എന്നാൽ ബാലകാണ്ഡത്തിൽ പ്രാരംഭമായി ഇഷ്ടദേവതാ വന്ദനത്തോടെയാണ് കാവ്യാരംഭം. തുടർന്ന് പൈങ്കിളിയോട് കഥപറയാൻ കവി അഭ്യർത്ഥിക്കുന്നു. രാമായണത്തിൽ എല്ലാ കാണ്ഡങ്ങൾക്കും തുല്യ പ്രാധാന്യമുണ്ടെങ്കിലും ഏറ്റവും ശ്രേഷ്ഠം സുന്ദരകാണ്ഡമാണ്. ഹനുമാൻ സീതയെ കണ്ടെത്തുന്ന സീതാസന്ദർശനം എന്ന രാമായണത്തിലെ മർമ്മ പ്രധാനഭാഗം ഈ കാണ്ഡത്തിലാണുള്ളത്. രാമായണം പൂർണ്ണമായി പാരായണം ചെയ്യാൻ കഴിയാത്തവർ സുന്ദരകാണ്ഡം മാത്രം പാരായണം ചെയ്താലും സമ്പൂർണ്ണ രാമായണ പാരായണ ഫലം ലഭിക്കും.
ധർമ്മത്തെയും അധർമ്മത്തെയും തിരിച്ചറിയാൻ സഹായിക്കുന്നതിലൂടെ മനുഷ്യനെ ശരിയായ പാതയിലേക്കു നയിക്കുന്ന അമൂല്യകൃതികൂടിയാണ് രാമായണം. ധർമ്മക്ഷയത്തിനും മനസ്താപത്തിനും സംസാരബന്ധനത്തിനും കാരണമാകുന്ന കോപം ഒഴിവാക്കണമെന്നും കർമ്മങ്ങളിലെ ശ്രദ്ധ പുണ്യവും അശ്രദ്ധ പാപവുമാണെന്നും ആദ്ധ്യാത്മിക രാമായണം സൂചന നൽകുന്നു. കൂടാതെ ഭക്തി ജ്ഞാനത്തിലേക്കും ജ്ഞാനം മോക്ഷത്തിലേക്കും നയിക്കുമെന്ന് അറിവു പകരുകയും ചെയ്യുന്നു.

കർക്കടക മാസത്തിലെ രാമായണ പാരായണത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. കാരണം ദേവകളുടെ പകൽ അവസാനിച്ച് രാത്രി തുടങ്ങുന്ന സന്ധ്യാസമയമാണ് കർക്കടകം. അതായത് നമ്മുടെ ഒരു വർഷം ദേവന്മാർക്ക് ഒരു ദിവസമാണ്. മകരം മുതൽ മിഥുനം വരെയുള്ള ആറുമാസം പകലും, കർക്കടകം മുതൽ ധനുവരെയുള്ള ആറ്മാസം രാത്രിയുമാണ്. ഈശ്വരാരാധനയാണ് സന്ധ്യാവേളയിൽ മുഖ്യം. തന്നെയുമല്ല ദേവന്മാരുടെ സന്ധ്യാവേളയിൽ നാം ഭക്തിയോടെ ഈശ്വര ജപത്തിൽ മുഴുകി മന:ശുദ്ധിവരുത്തുമ്പോൾ അത് കൂടുതൽ ദേവപ്രീതികരമാകുകയും അതുവഴി വളരെ വേഗം ദു:ഖനിവൃത്തി ലഭിക്കുകയും ചെയ്യും.

ALSO READ

രാമായണം ശുദ്ധബുദ്ധിയോടും ഗുരുഭക്തിയോടും കൂടി നിത്യവും അദ്ധ്യായനം ചെയ്യുകയോ മറ്റുള്ളവർ പാരായണം ചെയ്യുന്നത് കേൾക്കുകയോ ചെയ്താൽ അഭീഷ്ടസിദ്ധി കൈവരും. കൂടാതെ നല്ല മിത്രങ്ങളെ ലഭിക്കും. ശത്രുനാശം വരും. രോഗദുരിതങ്ങൾ അകന്ന് ആരോഗ്യം വർദ്ധിക്കും. വിഷാദവും ആപത്തുകളും ഒഴിവാകും. സൽകീർത്തിയുണ്ടാകും. മഹാപാപങ്ങളിൽ നിന്ന് മോചിതരാകും. സൽസന്താനങ്ങൾ ഉണ്ടാകും. വിശിഷ്ടവ്യക്തികളുടെ അംഗീകാരം ലഭിക്കും. വിദ്യ ആഗ്രഹിക്കുന്നവർ മഹാപണ്ഡിതരാകും. ധനം ആഗ്രഹിക്കുന്നവർക്ക് സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. ദീർഘായുസ്സ് ലഭിക്കും. വലിയ ദു:ഖങ്ങൾ ഉള്ളവർ സുഖമുള്ളവരാകും. ഭയമുള്ളവർ നിർഭയരാകും. മോക്ഷം ലഭിക്കും. ഇങ്ങനെ സമസ്തദുരിതങ്ങളും ഒഴിവായി ആഗ്രഹനിവൃത്തി കൈവരിക്കാൻ രാമായണപാരായണം ശ്രവണം, പഠനം എന്നിവ വഴിതെളിയും. അതിനുപരി ദേവന്മാർ, പിതൃക്കൾ മുതലായവർ വേഗം പ്രസാദിക്കും.


ദേവീ ഉപാസകർക്കും കർക്കടകമാസം ഏറ്റവും ശ്രേഷ്ഠമാണ്. ഭഗവതി സേവയിലൂടെയും ശ്രീചക്രപൂജയിലൂടെയും ത്രികാല പൂജയിലൂടെയും മറ്റും ദേവീപ്രീതി കൈവരിക്കാൻ കർക്കടകം ഏറ്റവും അനുകൂലമാണ്. ദേവീമാഹാത്മ്യ ജപവും ഏറെ ശ്രേഷ്ഠമാണ്. കർക്കടകത്തിലെ രാമായണ പാരായണത്തിൻ്റെ ചിട്ടകൾ ആദ്ധ്യാത്മിക ആചാര്യൻ
പുതുമന മഹേശ്വരൻ നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം:

Story Summary: Significance of Ramayana Parayam of Karkadaka Masam

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?