ഗൗരി ലക്ഷ്മി
നമസ്തേ ശർവ്വാണി
ശിവേ മഹാദേവി സനാതനി
കൗസല്യ ജനനി ദിവ്യേ
നാരായണി നമോസ്തുതേ
അർത്ഥം മനസ്സിലാക്കി പതിവായി ഈ പാർവതി സ്തുതി പതിവായി മുടങ്ങാതെ ജപിച്ചാൽ മന:സമാധാനം, കുടുംബസൗഖ്യം, മംഗല്യഭാഗ്യം, ധനസമൃദ്ധി എന്നിവ കൈവരുമെന്ന് വിശ്വസിക്കുന്നു.
🟠 ശ്ലോകത്തിൻ്റെ അർത്ഥം
ശിവപത്നിയെ നമസ്കരിക്കുന്നു. മംഗളകാരിണിയും സർവേശ്വരിയും അനാദികാലം മുതൽ എക്കാലവും നിലനിൽക്കുന്നവളും, എല്ലാത്തിൻ്റെയും അമ്മയും ദിവ്യയും എല്ലാ ലോകങ്ങളെയും രക്ഷിച്ചു പരിപാലിക്കുകയും ചെയ്യുന്ന ദേവിക്ക് വീണ്ടും വീണ്ടും നമസ്കാരം.
🟠 ദാക്ഷായണിയുടെ പുനരവതാരം
പാർവതി ദേവിക്ക് നവദുർഗ്ഗകൾ ഉൾപ്പെടെ അനേകം അവതാരങ്ങളുണ്ട്. ദേവി തന്നെ ദക്ഷപുത്രിയായ സതിദേവിയുടെ, അഥവാ ദാക്ഷായണിയുടെ പുനരവതാരമാണ്. ദക്ഷപ്രജാപതിയുടെ മകളായിരുന്ന സതി ശിവനെ വിവാഹം കഴിച്ചെങ്കിലും തന്നോടും
ഭർത്താവിനോടും പിതാവ് കാട്ടിയ ക്രൂരവും നിന്ദ്യവുമായ അവഹേളനത്തിൽ മനംനൊന്ത് യാഗജ്വാലയിൽ ചാടി ആത്മാഹൂതി ചെയ്തു. പിന്നീട് സതി ഹിമവാൻ്റെയും മേനയുടെയും പുത്രിയായി പുനർജ്ജനിച്ചു. അങ്ങനെ പർവ്വതപുത്രിയായതിനാൽ പാർവതിയായി മാറിയ ദേവി തപസ്സ് ചെയ്ത് ശിവനെ സ്വന്തമാക്കി.
🟠 നവദുർഗ്ഗകൾ പാർവതി ഭാവങ്ങൾ
നവരാത്രി കാലത്ത് പാർവതിദേവിയുടെ ഒൻപത് ഭാവങ്ങളെയാണ് നവദുർഗ്ഗകളായി ഓരോ ദിവസവും ആരാധിക്കപ്പെടുന്നത്. ആദ്യദിനം ഹിമവൽ പുത്രിയെ ശൈലപുത്രിയായി ആരാധിക്കുന്നു. തുടർന്നുള്ള ദിനങ്ങളിൽ കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി ശിവനെ പതിയായി ലഭിക്കാൻ തപസ്സു ചെയ്ത ഭാവത്തിലുള്ള ബ്രഹ്മചാരിണി, ശിരസ്സിൽ ചന്ദ്രക്കല ധരിക്കുന്ന ചന്ദ്രഘണ്ഡാ, ദിവ്യമായ മന്ദസ്മിതത്താൽ പ്രപഞ്ചം തന്നെ രചിച്ച കുഷ്മാണ്ഡ, വീരയോദ്ധാവായ
സ്കന്ദൻ്റെ അഥവാ കാർത്തികേയൻ്റെ അമ്മയായ സ്കന്ദമാതാ, മഹിഷാസുര യുദ്ധത്തിൽ ദേവന്മാരെ സഹായിക്കാൻ കാർത്യായന മഹർഷിയുടെ മകളായി
അവതരിച്ച കാത്യായനി, കറുത്തിരുണ്ട് ഭീകരരൂപിയും കാലത്തിൻ്റെ പ്രതീകവുമായ ഭദ്രകാളി അഥവാ കാലരാത്രി, തൂവെൺമ നിറമാർന്ന വിശുദ്ധിയുടെ പ്രകാശരേണുക്കൾ പൊഴിക്കുന്ന മഹാഗൗരി, അതീന്ദ്രീയ ശക്തികളുടെ കേദാരമായ സിദ്ധിദാത്രി എന്നിങ്ങനെ വിവിധ ഭാവങ്ങളിൽ ദേവിയെ ആരാധിക്കുന്നു.
ALSO READ
🟠 ഭുവനേശ്വരി, അന്നപൂർണ്ണ, ഭവാനി, ഉമ
ഇതിന് പുറമെ മൂന്ന് ലോകങ്ങളുടെയും രക്ഷാധികാരിയും പരമാധികാരിയുമായ ഭുവനേശ്വരി, അന്നവും അർത്ഥവും നൽകുന്ന അന്നപൂർണ്ണ, ചണ്ഡമുണ്ഡാസുരന്മാരെ നിഗ്രഹിച്ച ഉഗ്രരൂപി കാളി, പരമമായ സൗന്ദര്യത്തിൻ്റെ പ്രതിരൂപമായ ത്രിപുര സുന്ദരി, പ്രകൃതി ശക്തിയുടെ ഊർജ്ജമായ ഭവാനി, മഹിഷാസുരൻ എന്ന രാക്ഷസനെ നിഗ്രഹിച്ച ദുർഗ്ഗ, മഹേശ്വരൻ്റെ കൂടെ ശാന്തയായി പരിലസിക്കുന്ന ഉമ തുടങ്ങി അനേകം പേരുകളിലും രൂപങ്ങളിലും ഭാവങ്ങളിലും പാർവതി ദേവിയെ പൂജിച്ച് ആരാധിക്കുന്നു.
Story Summary: Powerful Sri Parvathi hymn for mental peace, wealth, family harmony and removing obstacles of marriage
Copyright 2025 riyoceline.com/projects/Neram/. All rights reserved