മംഗള ഗൗരി
ചാന്ദ്രമാസമായ ആശ്വിനമാസത്തിലെ ശുക്ലപക്ഷ പ്രഥമയായ 2025 സെപ്തംബർ 22, 1201 കന്നി 6 തിങ്കളാഴ്ച നവരാത്രി ആചരണം ആരംഭിക്കും. ദശമി പിറന്നാൾ കണക്കിന് വരുന്ന ദിവസം ഒക്ടോബർ 2, കന്നി 16 വ്യാഴാഴ്ച വിജയദശമി ആചരിക്കുന്നു. അപ്പോൾ പ്രഥമ മുതൽ പതിനൊന്നാം ദിവസമാണ് ഇത്തവണ ദശമി വരുന്നത്. ഈ വർഷത്തെ നവരാത്രിയുടെ ഒരു പ്രത്യേകത ഇതാണ്. സെപ്തംബർ 29 ന് സന്ധ്യയ്ക്ക് പുസ്തകം പൂജ വയ്ക്കണം. ഗ്രന്ഥപൂജ തിങ്കളാഴ്ച തുടങ്ങുന്നതിനാൽ 4 ദിവസം സരസ്വതി പൂജ ഉണ്ടാകും. ദുർഗ്ഗാഷ്ടമി വരുന്നത് സെപ്തംബർ 30 ചൊവ്വാഴ്ചയാണ്. ഒക്ടോബർ 1 ബുധനാഴ്ചയാണ് മഹാനവമിയും ആയുധപൂജയും.
ദേവീപൂജക്ക് ഏറെ പവിത്രമായ കാലമാണ് നവരാത്രി. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ പ്രഥമ മുതൽ ദശമി വരെ എത്തുന്ന 9 രാത്രികളാണ് നവരാത്രി. ഇത്തവണ 10 രാത്രികൾ കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് ദശമി ദിവസം വരുന്നത്. പോത്തിന്റെ തലയുള്ള അതീവ പരാക്രമശാലിയായ മഹിഷൻ എന്ന അസുരൻ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി ഒരു സ്ത്രീയിൽ നിന്നേ മരണമുണ്ടാകാവൂ എന്ന വരം നേടി. ശക്തനായ തന്നെ ഒരു സ്ത്രീയും നേരിടില്ല എന്ന വിശ്വാസത്തിൽ അഹങ്കരിച്ച് അവൻ ലോകം കീഴടക്കി. ഈ അസുരന്റെ ശല്യം തീർക്കാൻ എല്ലാ ദേവന്മാരുടെയും ശക്തികൾ ഒത്തുചേർന്ന് ആദിപരാശക്തി പുനരവതരിച്ചു. ദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസം മഹിഷാസുര മർദ്ദിനിയായ ദുർഗ്ഗയുടെ വിജയസ്മരണ ഉണർത്തുന്നു.
അഹങ്കാരിയായ ദക്ഷനെ നശിപ്പിക്കുന്നതിന് കാളി അവതരിച്ചത് അഷ്ടമിക്കാണെന്നാണ് വിശ്വാസം. ദുർഗ്ഗമൻ എന്ന അസുരനെ നിഗ്രഹിക്കാൻ പരാശക്തി ദുർഗ്ഗയായി അവതരിച്ചതും അഷ്ടമിക്കുതന്നെ. നാരദന്റെ നിർദ്ദേശപ്രകാരം ശ്രീരാമൻ പരാശക്തിയെ നവരാത്രി ദിനങ്ങളിൽ പ്രാർത്ഥിച്ചുവെന്നും അഷ്ടമിദിവസം പ്രത്യക്ഷപ്പെട്ട് വരം നല്കിയെന്നും ഐതിഹ്യമുണ്ട്. ശ്രീരാമൻ രാവണനെ ജയിച്ച ദിവസമായും വിജയദശമി കണക്കാക്കുന്നു. പാണ്ഡവരിൽ പ്രമുഖനായ അർജ്ജുനന്റെ മറ്റൊരു പേരാണ് വിജയൻ. നവരാത്രി പൂജയിലൂടെ ശക്തിയാർജ്ജിച്ച് അർജ്ജുനൻ കൗരവരെ നശിപ്പിച്ച് വിജയിച്ചത് വിജയദശമി നാളിലാണെന്നും ഐതിഹ്യമുണ്ട്. ഇപ്രകാരം പല സങ്കല്പങ്ങളാൽ പ്രധാനമാണ് നവരാത്രി കാലത്ത് ചെയ്യുന്ന ഏത് പ്രാർത്ഥനയും അതിവേഗം സഫലമാകും.
Story Summary: Sharad Navratri for Worshipping Adi Parashakti will commence on Monday, 22nd September, and conclude on Vijayadashami Thursday, 2nd October 2025
Copyright 2025 riyoceline.com/projects/Neram/. All rights reserved