Monday, December 8, 2025
Monday, December 8, 2025
Home » ജന്മജന്മാന്തര പാപങ്ങൾ പോലും അകറ്റി സർവാഭീഷ്ട സിദ്ധിയേകും ഈ ഏകാദശി

ജന്മജന്മാന്തര പാപങ്ങൾ പോലും അകറ്റി സർവാഭീഷ്ട സിദ്ധിയേകും ഈ ഏകാദശി

0 comments

ആർക്കും വിഷ്ണുപ്രീതി ആർജ്ജിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ ദിവസമാണ് എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും വരുന്ന ഏകാദശി. ഇതിൽ വൃശ്ചിക മാസത്തിൽ വെളുത്തപക്ഷത്തിൽ വരുന്നതാണ് ഗുരുവായൂർ ഏകാദശി. ഗുരുവായൂരപ്പന്റെ സുപ്രധാന പുണ്യദിനങ്ങളിൽ ഒന്നായ ഈ ദിവസം വ്രതമെടുത്ത് ശ്രീകൃഷ്ണ ഭജനം നടത്തുന്നത് ഏറ്റവും ഐശ്വര്യദായകമാണ്. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 1, വൃശ്ചികം 15 തിങ്കളാഴ്ചയാണ്.

പല കാരണങ്ങളാൽ പ്രധാനം

ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനം, ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയ പുണ്യദിനം, മഹാവിഷ്ണു ഭഗവാൻ ചതുർമാസ നിദ്ര കഴിഞ്ഞ് പള്ളിയുണരുന്ന ദിനം, പ്രസിദ്ധ സംഗീതജ്ഞനായ ചെമ്പൈ ഭാഗവതർക്ക് ഗുരുവായൂരപ്പൻ നാദം തിരിച്ചു നൽകിയ ദിനം, ഭഗവാൻ ശങ്കരാചാര്യരുടെ ഗർവ് മാറിയ ദിനം, ഗോവർദ്ധനോദ്ധാരണത്തിലൂടെ ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിച്ച ശ്രീകൃഷ്ണ ഭഗവാനെ കാമധേനു പാലഭിഷേകം നടത്തിയ പുണ്യദിനം എന്നെല്ലാം ഗുരുവായൂർ ഏകാദശിയുടെ സവിശേഷതയായി പറയുന്നു.

ഭുവന പ്രസിദ്ധം ഗുരുവായൂർ

ശ്രീകൃഷ്ണഭഗവാന്റെ അതിപുരാതനമായ പുണ്യ സങ്കേതമായ ഗുരുവായൂരമ്പലം സാക്ഷാൽ ശ്രീവൈകുണ്ഠം തന്നെയാണെന്ന കവിഭാഷിതം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ലക്ഷക്കണക്കിന് ഭക്തരുണ്ട്. ദേവഗുരുവായ ബൃഹസ്പതിയും വായുഭഗവാനും ചേർന്ന് ഇവിടെ ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചതോടെ ഈ നാടിന്റെ നാമം ഗുരുവായൂർ ( ഗുരു + വായു + ഊര് = ഗുരുവായൂർ ) എന്ന് ഭുവന പ്രസിദ്ധമായിത്തീർന്നു. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശി നാളിലായിരുന്നു ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനം. ഒരു മാസത്തിലധികം നീളുന്ന ഏകാദശി വിളക്കോടെയാണ് ഗുരുവായൂർ ഏകാദശിയുടെ തുടക്കം. ഇതിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി, ഏകാദശി വിളക്കുകളാണ്.

ALSO READ

ഗീത ലോകത്തിന് മുഴുവൻ വഴികാട്ടി

അധർമ്മികളായ കൗരവർ പാണ്ഡവർക്ക് അവകാശപ്പെട്ട രാജ്യവും സ്വത്തും സ്വന്തമാക്കുകയും സൂചികുത്താൻ ഇടം നൽകാതെ അവരെ കഠിനമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ അന്ത്യമാണ് കുരുക്ഷേത്രയുദ്ധം. പാണ്ഡവപക്ഷത്തും കൗരവപക്ഷത്തും സമീപ രാജ്യങ്ങളുടെ സൈന്യവും ഉറ്റ ബന്ധുമിത്രാദികളും നിരന്നു. യുദ്ധാരംഭത്തിൽ അർജ്ജുനൻ യുദ്ധക്കളത്തിൽ നിൽക്കുന്ന തൻ്റെ ബന്ധുജനങ്ങളെ കണ്ട് തളർന്നുപോകുന്നു. ഇവരെ ഞാൻ എങ്ങനെ നിഗ്രഹിക്കും; എല്ലാവരും എനിക്ക് വേണപ്പെട്ടവരല്ലേ എന്ന് ചിന്തിച്ച് തേർത്തട്ടിൽ തളർന്നിരുന്നു. ഇത് തളരേണ്ട ഘട്ടമല്ലെന്നും അധർമ്മത്തെ തുടച്ചുനീക്കാൻ മുഖം നോക്കാതെ ധീരനായി പോരാടണമെന്നും തേരാളി കൂടിയായ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ ഉപദേശിച്ചു. തുടർന്ന് അർജ്ജുനന് ഉണ്ടാകുന്ന എല്ലാ സംശയങ്ങളും ഭഗവാൻ ഉപദേശത്തിലൂടെ ദൂരീകരിച്ചു. ഈ ഉപദേശങ്ങൾ ഭഗവത്ഗീതയായി പരിണമിച്ചു. ആത്മീയവും ഭൗതികവുമായി ഒരു വ്യക്തി നേരിടുന്ന എല്ലാ സമസ്യകളുടെയും കുരുക്ക് അഴിക്കുന്ന ഈ ദിവ്യ ഗ്രന്ഥം ലോകത്തിന് മുഴുവനും വഴികാട്ടിയായി ഇന്നും വർത്തിക്കുന്നു. സന്നിഗ്ധ ഘട്ടങ്ങളിൽ പ്രശ്നങ്ങളിൽ നിന്നും പുറത്തു വരാനുള്ള നിർദ്ദേശങ്ങൾ അഥവാ ഉപദേശങ്ങളാണ് ഭഗവത്ഗീത എന്ന് നിർവചിക്കാം. യഥാർത്ഥത്തിൽ അർജ്ജുനൻ എന്ന വ്യക്തിക്ക് കേവലമായി പറഞ്ഞു കൊടുക്കുന്ന ഒന്നല്ല ഗീത. ചില ഘട്ടങ്ങളിൽ വഴിയറിയാതെ തളർന്നും പകച്ചും പോകുന്ന നമുക്കെല്ലാവർക്കുമുള്ള ഉപദേശമാണ്. ശ്രീകൃഷ്ണൻ ഇപ്രകാരം അർജുനന് ഗീതോപദേശം നൽകിയ പുണ്യ ദിനമായും ഗുരുവായൂർ ഏകാദശിയെ സങ്കല്പിക്കുന്നു.

ഭഗവാൻ ഉണരുന്ന ദിനം

അനന്തനാകുന്ന മെത്തയിൽ യോഗനിദ്ര കൊള്ളുന്ന മഹാവിഷ്ണു ചതുർമാസ നിദ്ര കഴിഞ്ഞ് പള്ളിയുണരുന്ന പുണ്യദിനമായും ചില ആചാര്യൻമാർ ഗുരുവായൂർ ഏകാദശിയെ പറയുന്നുണ്ട്. അതിനാൽ ഉത്ഥാനഏകാദശി എന്നും ഇതിന് പേരുണ്ട്. ഭഗവാനെ ആരാധിക്കുന്നവർ ക്രമേണ ഭഗവാനായിത്തന്നെ മാറുന്നു എന്നാണ് സങ്കല്പം. സാമീപ്യം, സാലോക്യം, സാരൂപ്യം, സായൂജ്യം എന്നിങ്ങനെ വിവിധ ഘട്ടങ്ങൾ ഭഗവത് സാക്ഷാത്കാരത്തിന് പറയാം. ഭഗവാന്റെ സാമീപ്യമുണ്ടാവുക, ഭഗവത്‌ ലോകത്തെത്തുക, ഭഗവാന്റെ രൂപം ലഭിക്കുക, ഭഗവാനിൽ ലയിക്കുക എന്നെല്ലാം ഇതിന്റെ അർത്ഥങ്ങളാണ്. ഗുരുവായൂർ ഏകാദശി നാളിൽ ഭഗവാൻ ഉണരുന്ന നാളിൽ എല്ലാ വിഷ്ണുഭക്തർക്കും ഭഗവാന്റെ രൂപ ഭാവങ്ങൾ ലഭിക്കുന്നെന്നും സങ്കല്പമുണ്ട്. എല്ലാവരും ഭഗവാനായി മാറുന്ന പുണ്യദിനം എന്ന് ചുരുക്കിപ്പറയാം.

ശങ്കരാചാര്യരുടെ ഗർവ് മാറിയ ദിവസം

മഹാസിദ്ധനായിരുന്ന ശങ്കരാചാര്യർ ഗുരുവായൂർ ഏകാദശി നാൾ ക്ഷേത്രത്തിന് മുകളിലൂടെ തൻ്റെ യോഗബലത്താൽ ആകാശസഞ്ചാരം നടത്തിയെന്നും ഈ സമയത്ത് ക്ഷേത്രത്തെ ആദരിച്ചില്ലെന്നും ഒരു കഥയുണ്ട്. ഈ അഹന്ത മൂലം സിദ്ധികൾ നശിച്ച് ആചാര്യർ താഴെ പതിച്ചെന്നും തെറ്റ് മനസിലാക്കി ഭഗവാനോട് മാപ്പിരന്നെന്നും ഭഗവാൻ അനുഗ്രഹിച്ച് കൂടുതൽ ശക്തിയും സിദ്ധിയും സമ്മാനിച്ചെന്നും ഐതിഹ്യം പറയുന്നു.

ചെമ്പൈയ്ക്ക് നാദം തിരിച്ചു കിട്ടി
പ്രസിദ്ധ സംഗീതജ്ഞനായ ചെമ്പൈ ഭാഗവതർ ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായിരുന്നു. ഭഗവാന്റെ കരുണ കൊണ്ടാണ് അദ്ദേഹം വലിയ ഭാഗവതരായത്. എല്ലാ വർഷവും ഏകാദശി നാളിൽ അദ്ദേഹം ഗുരുവായൂരിൽ സംഗീതാർച്ചന നടത്തുമായിരുന്നു. എന്നാൽ ഒരിക്കൽ കോഴിക്കോട് സാമൂതിരി കോവിലകത്ത് കച്ചേരിക്ക് പോയതിനാൽ ഗുരുവായൂരെ പതിവ് കച്ചേരി മുടക്കി. എന്നാൽ സാമൂതിരിയുടെ മുന്നിലെ കച്ചേരി തുടങ്ങിയപ്പോൾ ചെമ്പൈയ്ക്ക് ശബ്ദം നിലച്ചു. തുടർന്ന് തെറ്റ് മനസിലാക്കി ഭഗവാനോട് ഗുരുവായൂരിൽ വന്ന് മാപ്പിരന്നപ്പോൾ ശബ്ദം തിരിച്ചു കിട്ടി. അങ്ങനെ അദ്ദേഹം പാടിയതാണ് കരുണ ചെയ്താനെന്തു താമസം എന്ന കീർത്തനം. ഇത് പാടിക്കഴിഞ്ഞേപ്പോൾ ഭഗവാൻ്റെ ദർശനം ലഭിച്ചു; ഇതും ഒരു ഗുരുവായൂർ ഏകാദശി നാളിലായിരുന്നു.

അളവറ്റ ഐശ്വര്യാഭിവൃദ്ധി ഉണ്ടാകും

ഏകാദശിയിലൂടെ സാധാരണതിയിൽ അളവറ്റ ഐശ്വര്യാഭിവൃദ്ധികൾ ഉണ്ടാകും. എങ്കിലും ഒരു ആഗ്രഹത്തോടെയാകരുത് വ്രതം സ്വീകരിക്കുന്നത്. മോക്ഷദായകനായ വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്തി മോക്ഷം നേടുകയാണ് പരമലക്ഷ്യം. ജന്മജന്മാന്തരങ്ങളിലെ പോലും പാപങ്ങൾ അകറ്റി ഒരുവനെ മോക്ഷത്തിലെത്തിക്കാൻ ഈ വ്രതത്തിന് കഴിയും.

ദശമിയിൽ വ്രതം തുടങ്ങണം

തലേന്ന് ദശമിക്ക് ഒരിക്കലോടെ വ്രതം തുടങ്ങണം. എല്ലാ വ്രതനിഷ്ഠകളും അന്നു മുതൽ പാലിക്കണം. ഏകാദശി ദിവസം ആരോഗ്യപരമായി കഴിയുന്നവർ ജലപാനം മാത്രമായി വ്രതം എടുക്കണം. അതിന് കഴിയാത്തവർക്ക് ഉച്ചയ്ക്ക് മാത്രം ലഘു ഭക്ഷണം കഴിക്കാം. രാവിലെയും വൈകിട്ടും പഴങ്ങൾ മാത്രം ആകാം. വെളുപ്പിന് നേരത്തെ ഉണർന്ന് വിഷ്ണുസ്മരണയോടെ ഏതൊരു കാര്യവും ചെയ്യുക. ശ്രീകൃഷ്ണ ഭജനം പരാമവധി നടത്തുക. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ , ഓം ക്ലീം കൃഷ്ണായ നമഃ , ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഓം കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ വസുദേവ കുമാരായ ഗോവിന്ദായ നമോ നമഃ , വിഷ്ണുസഹസ്രനാമം, വിഷ്ണുശതനാമ സ്തോത്രം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ഗായത്രി, ശ്രീകൃഷ്ണ അഷ്ടോത്തരം എന്നീ മന്ത്രങ്ങൾ യഥാശക്തി ജപിക്കുക. നാരായണീയം, ഭാഗവതം, ഭഗവത്ഗീത തുടങ്ങി ഗ്രന്ഥങ്ങൾ പാരായണം ചെയ്യുക. ഭഗവത് പ്രസാദം സേവിക്കുക,. കാമക്രോധാദികളിൽ നിന്നും മനസ്സിനെ മാറ്റി നിർത്തുക. ക്ഷേത്രദർശനം നടത്തി ഭഗവാന് തുളസിമാല, നെയ്‌വിളക്ക് എന്നിവ നടത്തി പ്രാർത്ഥിക്കുക, അരയാലിനും തുളസിക്കും പ്രദക്ഷിണം ചെയ്യുക എന്നിവ ഏകാദശി വ്രതത്തിന്റെ ചിട്ടകളാണ്. ഏകാദശി നാളിൽ രാത്രിയിൽ ഉറങ്ങാതെ ഭഗവത് പ്രാർത്ഥനകൾ ചെയ്യുകയും വേണം. ഏകാദശിയുടെ പിറ്റേന്ന് വ്രതം പൂർത്തിയാക്കുന്നു. ദ്വാദശി കഴിയുന്നതിന് 2 നാഴിക (48 മിനിറ്റ്) മുമ്പേ പാരണവീട്ടി വ്രതം അവസാനിപ്പിക്കണം. ദ്വാദശി തിഥിയുള്ളപ്പോഴേ പാരണപാടുള്ളൂ. ദ്വാദശി നാളിലും ഒരിക്കലൂണ് പാലിക്കണം. ദശമി, ഏകാദശി, ദ്വാദശി ഈ 3 ദിനങ്ങളിലും പകലുറക്കം പാടില്ല. ഏകാദശി നാളിൽ രാത്രിയിലും ഉറങ്ങരുത്.

ഹരിവസര വേളയും ദ്വാദശിപണം വയ്പ്പും

ഗുരുവായൂർ ഏകാദശിക്ക് 2025 നവംബർ 30 ന് ദശമി നാൾ വെളുപ്പിന് 3 മണിക്ക് തുറക്കുന്ന നട ദ്വാദശിനാൾ ഡിസംബർ 2 രാവിലെ 9 മണിക്ക് അടയ്ക്കും. അതുവരെ 54 മണിക്കൂറുകൾ തുടർച്ചയായി ഭക്തർക്ക് ദർശനം നടത്താം. 2025 ഡിസംബർ 1 തിങ്കളാഴ്ച പകൽ 1:33 മണിക്ക് തുടങ്ങുന്ന ഹരിവസര വേള രാത്രി 12:10 ന് അവസാനിക്കും. ഈ സമയത്ത് ഊണും ഉറക്കവും പാടില്ല. ദ്വാദശിനാൾ വെളുപ്പിന് ഗുരുവായൂർ കൂത്തമ്പലത്തിൽ ദ്വാദശിപണം വയ്ക്കുക എന്നൊരു ചടങ്ങുണ്ട്. ഇതും ശ്രേഷ്ഠമാണ്. ഇങ്ങനെ ദ്വാദശി പണം സമർപ്പിക്കുന്ന ഭക്തരുടെ സാമ്പത്തിക ദുരിതങ്ങൾ തീരുമെന്നാണ് വിശ്വാസം. ഗുരുവായൂർ ദർശനം നടത്താൻ കഴിയാത്തവർ തലേന്ന് മുതൽ വ്രതം നോറ്റ് ഉദയത്തിന് മുൻപ് കുളിച്ച ശേഷം വിഷ്ണു / കൃഷ്ണ ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അര്‍ച്ചന നടത്തുകയും വേണം.

വിഷ്ണു ശതനാമ സ്തോത്രം

ഏകാദശി എടുക്കുന്നവർ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് വിഷ്ണു ശതനാമ സ്തോത്രം. ഇത് ജപിക്കുന്ന ഭക്തർക്ക് ചുരുങ്ങിയ സമയത്തിനകം സമ്പൽ സമൃദ്ധി, പാപമുക്തി ഐശ്വര്യം, സന്തോഷം, ആരോഗ്യം ഇവ ലഭിക്കും. ധനം, സുഖഭോഗം, സന്താനം, സ്ഥാനമാനങ്ങൾ, കീർത്തി, വീര്യം, ബലം, നിർഭയത്വം എന്നിവ ഇത് ജപിക്കുന്നവരെ തേടി വരും. ആപത്തുകൾ രോഗങ്ങൾ, ശത്രുക്കൾ തുടങ്ങിയവയിൽ നിന്ന് അവരെ ഭഗവാൻ രക്ഷിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വ്യാഴാഴ്ച സ്തോത്രം കേൾക്കാം :

Story: Guruvayur Ekadashi 2025: Detailed description by Puthumana Maheshwaran Namboothiri

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?