തൃക്കാർത്തികയുമായി ബന്ധപ്പെട്ട മുഖ്യ ആചാരമാണ് കാർത്തിക ദീപം തെളിയിക്കുക. വൃശ്ചികമാസത്തിൽ തൃക്കാർത്തിക നക്ഷത്രം സന്ധ്യാവേളയിലുള്ള ദിവസമാണ് സാധാരണ എല്ലാവരും കാർത്തിക ദീപം തെളിക്കുന്നത്. ഇത്തവണ നാളെ ഡിസംബർ 3 ബുധനാഴ്ച വൈകിട്ടാണ് ചന്ദ്രോദയത്തിൽ കാർത്തിക നക്ഷത്രമുള്ളത്. അതിനാൽ നാളെ സന്ധ്യയ്ക്ക് കാർത്തിക ദീപവും കാർത്തിക നക്ഷത്രവും പൗർണ്ണമിയുമുള്ള വ്യാഴാഴ്ച ദിവസം തൃക്കാർത്തികയും ആചരിക്കണം.
നെയ് അല്ലെങ്കിൽ നല്ലെണ്ണ വിളക്ക്
കാർത്തിക ദീപം തെളിയിക്കാൻ നെയ് വിളക്കാണ് എറ്റവും ഉത്തമം. അതിന് കഴിയുന്നില്ലെങ്കിൽ നല്ലെണ്ണ ഒഴിച്ച് ദീപം തെളിച്ചാൽ മതി. ഇതിന് നിലവിളക്കും മൺചെരാതും എല്ലാം ഉപയോഗിക്കാം. വീടും പരിസരവും ശുദ്ധമാക്കി വേണം ദീപം തെളിക്കാൻ.
ഏറ്റവും ഉത്തമം 108 ദീപങ്ങൾ
108 ദീപം തെളിക്കുകയാണ് ഏറ്റവും ഉത്തമം. അതിന് കഴിയുന്നില്ലെങ്കിൽ 84, 64,54,48, 36, 28 സംഖ്യകൾ തിരഞ്ഞെടുക്കാം. ദീപം തെളിക്കുന്നതിൽ നിശ്ചിത എണ്ണങ്ങൾക്ക് പ്രത്യേകമായി ഫലസിദ്ധി ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. പ്രേമസാഫല്യത്തിന് 64 ദീപം തെളിയിച്ച് പ്രാർത്ഥിക്കണം. ആരെയെങ്കിലും ഇഷ്ടപ്പെടുമ്പോൾ തടസങ്ങൾ മാറി ആ വിവാഹം നടക്കുന്നതിനാണ് 64 ദീപങ്ങൾ തെളിയിച്ച് ദേവിയോട് പ്രാർത്ഥിക്കേണ്ടത്.
ശത്രുദോഷം മാറാൻ 84 ദീപങ്ങൾ
ALSO READ
പൊതുവിൽ ഏത് വിഷയത്തിലെയും കാര്യസിദ്ധിക്ക് വേണ്ടി 36 ദീപങ്ങൾ ഉത്തമമാണ്. ശത്രുദോഷ ദുരിതങ്ങൾ കൊണ്ട് ക്ലേശം നേരിടുന്നവർ 84 ദീപങ്ങൾ തെളിക്കണം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ 51 ദീപങ്ങളും വിദ്യാവിജയത്തിന് 48 ദീപങ്ങളുമാണ് തെളിക്കേണ്ടത്. ഉദ്യോഗസംബന്ധമായ പുരോഗതിക്ക്, നേട്ടത്തിന് വേണ്ടി 36 ദീപങ്ങൾ തെളിയിക്കാറുണ്ട്.
രോഗദുരിതശാന്തിക്കും ആരോഗ്യസിദ്ധിക്കും വേണ്ടി 41 ദീപങ്ങൾ തെളിക്കുന്നത് ഉത്തമമാണ്. പ്രത്യേകിച്ച് ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്തവർക്ക് 108 ദീപങ്ങളാണ് ഏറ്റവും ഉത്തമം. അസൗകര്യമുള്ളവർക്ക് സ്വന്തം കഴിവ് പോലെ 12 ദീപമോ 21 ദീപമോ 28, 36 തുടങ്ങിയ സംഖ്യ ദീപമോ തെളിക്കാം. ഇതിനൊന്നും കഴിയാത്തവർ ഒരു ദീപമെങ്കിലും പൂജാമുറിയിൽ ഭക്തിപൂർവം കത്തിച്ചാൽ ദേവീകടാക്ഷം ആവോളം ലഭിക്കും.
വ്യത്യസ്ത ആകൃതിയിൽ ദീപങ്ങൾ
വീട്ടിൽ ശുദ്ധീകരിച്ച സ്ഥലത്ത് മാത്രമേ വിളക്ക് കത്തിക്കാൻ പാടുള്ളൂ. അശുദ്ധിയുള്ള സ്ഥലത്ത് കത്തിക്കരുത് എന്ന് ചുരുക്കം. ദീപം തെളിക്കുന്ന ദിവസങ്ങളിൽ മത്സ്യമാംസാദികൾ ത്യജിച്ച് ശാരീരിക ബന്ധം ഉപേക്ഷിച്ച് വ്രതം എടുക്കണം. വ്യത്യസ്ത സംഖ്യ ദീപം തെളിയിക്കുന്നതിന് പേലെ വ്യത്യസ്ത ആകൃതിയിൽ തെളിക്കുന്ന ദീപങ്ങൾക്കും പലതരത്തിലുള്ള പ്രത്യേക ഫലങ്ങൾ ആചാര്യന്മാർ പറയുന്നുണ്ട്.
ഷഡ്‌കോണ ദീപം ഇഷ്ടസിദ്ധിക്ക്
അഭീഷ്ടസിദ്ധിക്ക് ഏറ്റവും ഉത്തമമാണ് നെയ്‌വിളക്ക്. മഞ്ഞൾപ്പൊടി കൊണ്ട് നിലത്ത് ഷഡ്‌കോൺ വരച്ച് ആറു കോണുകളിലും നടുവിലും ഓരോ വിളക്കുകൾ വച്ച് നെയ്യൊഴിച്ച് കൊളുത്തുക. ഈ ഏഴ് വിളക്കുകളും നിലവിളക്കു തന്നെയാകാം. നടുവിലെ വിളക്ക് വലുതായിരിക്കണം. മറ്റ് 6 വിളക്കുകൾക്കും ഒരേ പൊക്കം ആയാൽ നല്ലത്. വിളക്കില്ലെങ്കിൽ നടുക്ക് നിലവിളക്കും ചുറ്റിനും 6 മൺചിരാതും ആകാം. എല്ലാം മൺചിരാത് ആയാലും കുഴപ്പമില്ല. ആദ്യം നടുക്ക് പിന്നെ കിഴക്കു തുടങ്ങി പടിഞ്ഞാറ് പാപശാന്തിക്ക് ഉത്തമമായ ഈ കർമ്മം തൃക്കാർത്തിക നാളിൽ സന്ധ്യയ്ക്ക് ചെയ്യണം. മന:ശാന്തി, ഇഷ്ടസിദ്ധി, വിഘ്‌നനിവാരണം എന്നിവയാണ് മറ്റ് ഫലങ്ങൾ. ഓം ശ്രീം ലക്ഷ്‌മ്യൈ നമഃ എന്ന് 336 പ്രാവശ്യം വിളക്കിനു മുമ്പിലിരുന്ന് ജപിക്കണം. തൃക്കാർത്തിക തുടങ്ങി 12 ദിവസം ഇതേ ചിട്ടയിൽ ചെയ്യുക.
ത്രികോണ ദീപം പ്രേമസാഫല്യത്തിന്
ത്രികോണം വരച്ച് കോണുകളിൽ ത്രിശൂലാകൃതി വരച്ച് ആ ശൂലങ്ങളിൽ നിലവിളക്ക് കൊളുത്തി ദേവിയെ പ്രാർത്ഥിക്കുക. ഓം രത്യൈ മദമോഹിന്യൈ മദദ്രാവിണ്യൈ നമഃ എന്ന മന്ത്രം വിളക്കിനു മുമ്പിലിരുന്ന് 244 പ്രാവശ്യം ജപിക്കുക. തൃക്കാർത്തിക തുടങ്ങി 28 ദിവസം ഇതേ ചിട്ടയിൽ ചെയ്യുക. പ്രേമബന്ധം ദൃഢമാകുന്നതിനും തടസ്സം മാറി ഇഷ്ടവിവാഹസിദ്ധി യുണ്ടാകാനും നല്ലത്.
വൃത്തദീപം ധനാഭിവൃദ്ധിക്ക്
വൃത്താകൃതിയിൽ മഞ്ഞൾപ്പൊടിക്കൊണ്ട് 4 ദിക്കിലും അരയായില പോലെ വരയ്ക്കണം. നടുക്കും നാലുദിക്കിലും വിളക്ക് കൊളുത്തുക. ദാരിദ്രശാന്തിക്കും ധനാഭിവൃദ്ധിക്കും ഗുണകരം. കടബാധ്യത മാറുന്നതിനും ധനസമൃദ്ധി നിലനിൽക്കുന്നതിനും ഗുണകരം. ഓം ശ്രീം ഐം മഹാലക്ഷ്‌മ്യൈ
വിഷ്ണുപ്രിയായൈ ശ്രീം ശ്രീം നമഃ എന്ന മന്ത്രം 144 പ്രാവശ്യം ജപിക്കുക. 21 ദിവസം ഇതേ ചിട്ടയിൽ ചെയ്യുക. വിദ്യാവിജയത്തിന് ഗുണകരം.
ചതുരശ്ര ദീപം ശത്രുശാന്തിക്ക്
ചതുരശ്രം വരച്ച് 8 ദിക്കിലും ത്രിശൂലം വരച്ച് നടുക്കും എട്ടുശൂലങ്ങളിലും ദീപം തെളിച്ച് പ്രാർത്ഥിക്കുക. ഓം കാളീ ശ്മശാനകാളീ സുരസുന്ദരീ സർവ്വസുന്ദരീ സുരമോഹിനി ക്ലീം ക്ലീം ക്ലീം കാളികേ ഹ്രീം നമഃ എന്ന മന്ത്രം 248 പ്രാവശ്യം വടക്ക് അഭിമുഖമായിരുന്ന് ജപിക്കണം. 36 ദിവസം ഇതേ ചിട്ടയിൽ ചെയ്യുക. ശത്രുദോഷം ശമിക്കും. ശത്രുക്കളുടെ കർമ്മം മൂലം വന്നു ചേരുന്ന സ്തംഭനം മാറും. ശക്തമായ ആഭിചാര ദോഷം ശമിക്കും.
ത്രിശൂലദീപം രോഗശാന്തിക്ക്
ത്രിശൂലാകൃതിയിൽ മഞ്ഞൾപ്പൊടി കൊണ്ട് വരച്ച് 4 ശൂലാഗ്രത്തിലും 3 വിളക്കുകളും ദണ്ഡ്ഭാഗത്ത് 3 വിളക്കുകളും ശൂലത്തിന്റെ ചുവട്ടിൽ ഒരു വിളക്കും ചേർത്ത് 7 വിളക്കുകൾ കൊളുത്തിവയ്ക്കുക. ഓം ശാന്തിദായൈ നീലായൈ ശോഭനായൈ പുഷ്ടിദായൈ നമഃ എന്ന മന്ത്രം 144 പ്രാവശ്യം ജപിക്കണം. ഇതേ ചിട്ടയിൽ 41 ദിവസം ചെയ്യുക. രോഗശാന്തിയും ആരോഗ്യസിദ്ധിയുമുണ്ടാകും.
അഷ്ടദളദീപം ഉദ്യോഗവിജയത്തിന്
ഒരു വൃത്തവും അതിന് ചുറ്റിനും 8 ദളങ്ങളും വരച്ച് നടുക്കും ഓരോ ദളങ്ങളിലും ഓരോ ദീപം തെളിക്കുക. ഓം ഉഗ്രായൈ ക്ലീം താരായൈ ലളിതായൈ പരായൈ അംബികായൈ ക്ഷീരസാഗര സംസ്ഥിതായൈ ശ്രീം ക്ലീം ശ്രീം നമഃ എന്ന മന്ത്രം 336 പ്രാവശ്യം 28 ദിവസം ജപിക്കുക. തൊഴിൽ പ്രതിസന്ധികൾ അകറ്റി വിജയം നേടാം.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655
Story Summary: Thrikarthika Deepam on Wednesday Evening; Number of deepam and Benefits
((നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App )
Copyright 2025 NeramOnline.com . All rights reserved