Wednesday, February 4, 2026
Wednesday, February 4, 2026
Home » ഉദയനാപുരത്തപ്പന് ഇന്ന് ആറാട്ട് ; അച്ഛനും മകനും കൂടി പൂജ

ഉദയനാപുരത്തപ്പന് ഇന്ന് ആറാട്ട് ; അച്ഛനും മകനും കൂടി പൂജ

0 comments

ഉദയനാപുരത്തപ്പന്റെ ആറാട്ട് ഇന്ന് രോഹിണി നാളില്‍ സന്ധ്യയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത്  ആറാട്ടുകുളങ്ങര തീർത്ഥത്തിൽ നടക്കും. മകൻ ആറാട്ടിന് പോകുന്നതറിഞ്ഞ് ഏഴു മണിക്ക് അച്ഛൻ സപരിവാരം പുറത്തേക്കെഴുന്നള്ളി തെക്കേ തിരുമുറ്റം വഴി വടക്കേ നടയിലെത്തുമ്പോഴാണ് വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും തമ്മിൽ ഇന്ന് ആദ്യ കൂടിക്കാഴ്ച നടക്കുക. അപ്പോൾ അരിയിട്ടു വാഴിക്കും. ശേഷം കിഴക്കേ നടയിറങ്ങി ഉദയനാപുരത്തപ്പൻ ആറാട്ടിന് പോകും. രാത്രി പത്തു മണിയോടെ തിരിച്ചെഴുന്നുള്ളുന്ന മകൻ അച്ഛനോട് ഒത്തു കൂടിയിരിക്കുമ്പോഴാണ് പ്രസിദ്ധമായ, ജനശ്രദ്ധ ആകര്‍ഷിക്കുന്ന കൂടിപ്പൂജ എന്ന
ചടങ്ങ് നടക്കുക. ഉദയനാപുരത്തപ്പനെയും വൈക്കത്തപ്പനെയും ഒരേ പീഠത്തില്‍ ഇരുത്തി പ്രത്യേക വിധി പ്രകാരം രഹസ്യമന്ത്രങ്ങള്‍ കൊണ്ട് നടത്തുന്ന പൂജയാണ് കൂടിപ്പൂജ. ആറാട്ടു കഴിഞ്ഞ് വൈക്കം ക്ഷേത്രത്തില്‍ എത്തുന്ന ഉദയനാപുരത്തപ്പനെ വൈക്കത്തപ്പന്റെ ശ്രീകോവിലിലേക്ക് എതിരേറ്റ് എഴുന്നളളിക്കുന്നു. തന്ത്രി ആ വിഗ്രഹം ഏറ്റുവാങ്ങി ഗര്‍ഭഗൃഹത്തില്‍ വൈക്കത്തപ്പൻ്റെ പ്രതിഷ്ഠാ വിഗ്രഹത്തിന്റെ അടുത്തായി ഇരുത്തും. കൂടിപ്പൂജ കഴിഞ്ഞു നടതുറന്നു ദീപാരാധന തൊഴാന്‍ വലിയ ഭക്തജനത്തിരക്കാണ്. ഈ സമയത്ത് ബലിക്കല്‍ പുരയിലും പരിസരങ്ങളിലും വന്‍ ഭക്തജനത്തിരക്കാണ്. അന്നദാനപ്രഭുവിന്റെ ആഥിത്യം സ്വീകരിച്ചു മകന്‍ സന്തുഷ്ടനായിരിക്കുമ്പോള്‍ ഭക്തർ തന്റെ ഓമനശിശുവിന് അന്നപ്രാശം (ചോറൂണ്) ആദ്യമായി നടത്തുവാനുളള തിരക്കും, അടിമ കിടത്തല്‍, തുലാഭാരം തുടങ്ങിയ വഴിപാടുകളും ഈ സന്ദര്‍ഭത്തില്‍ നടത്താറുണ്ട്. മകനെ മുമ്പും അച്ഛന്‍ പുറകിലുമായി ശ്രീകോവിലില്‍ നിന്ന് പ്രത്യേകം പാണികൊട്ടി പുറത്തെത്തി തിടമ്പ് ആനപ്പുറത്തേയ്ക്ക് ഏറ്റുമ്പോള്‍ നല്ല തിരക്കാണ്. പ്രദക്ഷിണ വഴി ചുറ്റി അച്ഛനും മകനും യാത്ര പറഞ്ഞ് മകന്‍ ഉദയനാപുരത്തേക്ക് തിരിച്ചു പോകുന്നു. ക്ഷേത്ര ചടങ്ങുകളിൽ അപൂവ്വങ്ങളിൽ അപൂർവം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

സദാനന്ദന്‍ എസ് , വൈക്കം
മൊബൈൽ: + 91 9744727929

(നേരം ഓൺലൈൻ വാട്‌സ്ആപ്പിലും ലഭ്യമാണ്. പുതിയ വിശേഷങ്ങൾക്ക് ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനം, ചിത്രങ്ങൾ, വീഡിയോ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ വിശേഷങ്ങൾ, ജ്യോതിഷ വാര്‍ത്തകള്‍ ഉടൻ ലഭിക്കാന AstroG App ഡൗണ്‍ലോഡ് ചെയ്യുക )

Copyright 2025 NeramOnline.com . All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?