ഡോ രാജേഷ് പുല്ലാട്ടിൽ
കളങ്കമില്ലാതെ ഭജിക്കുന്ന ഭക്തരുടെ മനസ്സിലെ എല്ലാ വിധത്തിലുള്ള ക്ലേശങ്ങളും ഭയവും അകറ്റുന്നതില്‍ തല്പരനായ ഭഗവാനാണ് സുബ്രഹ്മണ്യൻ. ഉപാസിക്കുന്ന
ആരെയും ഒരിക്കലും കൈവിടാത്ത മൂർത്തി. വേണ്ടതെല്ലാം നൽകി അനുഗ്രഹിക്കുന്ന കരുണാകരൻ. സന്താനലാഭം, സന്തതികളുടെ നന്മ, അവരുടെ വിജയം,
രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് സുബ്രഹ്മണ്യ ഉപാസനയുടെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസിനു വേണ്ടി മാതാപിതാക്കളാണ് സുബ്രഹ്മണ്യനെ ഏറ്റവും കൂടുതൽ ഉപാസിക്കുന്നത്. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളിൽ ജനിച്ചവരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനങ്ങളിലുള്ളവരും ചൊവ്വാദോഷം ഉള്ളവരും സുബ്രഹ്മണ്യനെ നിർബ്ബന്ധമാകും ഭജിക്കണം.
നിത്യോപാസനയ്ക്ക് ഉത്തമമായ അനേകമനേകം സ്തുതികളും മന്ത്രങ്ങളും ഉള്ളതിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് സുബ്രഹ്മണ്യാഷ്ടകം. എട്ട് ശ്ലോകങ്ങളടങ്ങിയ ഈ സ്തുതി പക്ഷേ സുബ്രഹ്മണ്യ കരാവലംബ സ്തോത്രം എന്ന പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. ശ്രേഷ്ഠവും പുണ്യപ്രദവുമായ സുബ്രഹ്മണ്യാഷ്ടകം പഠിക്കുന്ന സര്‍വ്വർക്കും സുബ്രഹ്മണ്യ പ്രസാദത്താല്‍ നിരാലാംബതയും അരക്ഷിതത്വവുമകന്ന് സുരക്ഷയും സൗഖ്യവും ലഭിക്കും. എല്ലാ ജീവിതസുഖവും അനുഭവിച്ച ശേഷം അനായാസം മോക്ഷം പ്രാപിക്കും എന്നാണ് ആചാര്യന്മാർ പറയുന്നത്. ഈ സുബ്രഹ്മണ്യാഷ്ടകം പ്രഭാതത്തില്‍ എഴുന്നേറ്റ് ശുദ്ധമായ ശേഷം ഏത് ഭക്തർ പഠിക്കുന്നുവോ, കോടിജന്മങ്ങളില്‍ അവർ ചെയ്ത പാപം ഉടന്‍തന്നെ നശിക്കും. സുബ്രഹ്മണ്യ പ്രധാനമായ ഷഷ്ഠി ദിനങ്ങൾ, ചൊവ്വാഴ്ചകൾ, തൈപ്പൂയം, വൈകാശി വിശാഖം തുടങ്ങിയ ദിനങ്ങളിൽ ഇത് ജപിക്കുന്നത് ഇരട്ടി ഫലം ചെയ്യും. അർത്ഥം മനസ്സിലാക്കി ജപിക്കുന്നത് പെട്ടെന്ന് ഫലസിദ്ധിയേകും. ജപിക്കും മുമ്പ് ഭഗവൻ്റെ രൂപം ധ്യാനശ്ലോകം ജപിച്ച് സങ്കല്പിച്ച് മനസ്സിൽ ഉറപ്പിക്കണം. അതിന് ശേഷം സ്തോത്രം ജപിക്കണം. സുബ്രഹ്മണ്യ കരാവലംബ സ്തോത്രവും അർത്ഥവും:
ധ്യാനം
സിന്ദൂരാരുണകാന്തിമിന്ദുവദനം
കേയൂര ഹാരാദിഭിര്‍
ദിവൈ്യരാഭരണൈര്‍ വിഭൂഷിതതനും
സ്വര്‍ഗ്ഗസ്ഥസൗഖ്യപ്രദം
അംഭോജാദയ ശക്തികുക്കുടധരം
രക്താംഗരാഗാംശുകം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം
ഭീതിപ്രണാശോദ്യതം
ധ്യാനശ്ലോകത്തിന്റെ അര്‍ത്ഥം
സിന്ദൂരനിറവും ശോഭയുമുള്ള, ചന്ദ്രനെപ്പോലെ സുന്ദരമായ മുഖമുള്ളവനും കേയൂരം- തോള്‍വള, ഹാരം തുടങ്ങിയ ദിവ്യാഭരണങ്ങളാല്‍ അലങ്കൃതമായ ശരീരത്തോടുകൂടിയവനും സ്വര്‍ഗ്ഗീയസുഖം പ്രദാനം ചെയ്യുന്നവനും താമര, അഭയം ശക്തി എന്ന വേല്‍, കോഴി എന്നിവ കൈകളില്‍ ധരിച്ചവനും രക്തവര്‍ണ്ണമായ അംഗരാഗവും വസ്ത്രവുമണിഞ്ഞവനും പ്രണമിക്കുന്നവരുടെ ഭയവും ക്ലേശവും അകറ്റുന്നതില്‍ തല്പരനുമായ സുബ്രഹ്മണ്യനെ ഞാന്‍ ഉപാസിക്കുന്നു.
സുബ്രഹ്മണ്യ കരാവലംബ സ്തോത്രം
ALSO READ
ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ
ശ്രീപാര്‍വ്വതീശ മുഖപങ്കജ പദ്മബന്ധോ
ശ്രീശാദി ദേവഗണ പൂജിത പാദപദ്മ
വല്ലീശ നാഥ മമ ദേഹി കരാവലംബം
ദേവാദിദേവസുത ദേവഗണാധിനാഥ
ദേവേന്ദ്രവന്ദ്യ മൃദുപങ്കജ മഞ്ജുപാദ
ദേവര്‍ഷി നാരദമുനീന്ദ്ര സുഗീതകീര്‍ത്തേ
വല്ലീശ നാഥ മമ ദേഹി കരാവലംബം
നിത്യാന്നദാനനിരതാഖില രോഗഹാരിന്‍
ഭാഗ്യപ്രദാന പരിപൂരിത ഭക്തകാമ
ശ്രുത്യാഗമ പ്രണവവാച്യ നിജസ്വരൂപ
വല്ലീശ നാഥ മമ ദേഹി കരാവലംബം
ക്രൗഞ്ചാസുരേന്ദ്ര പരിഖണ്ഡന ശക്തിശൂല
ചാപാദിശസ്ത്ര പരിമണ്ഡിതദിവ്യപാണേ
ശ്രീകുണ്ഡലീശ ധൃതതുണ്ഡ ശിഖീന്ദ്രവാഹ
വല്ലീശ നാഥ മമ ദേഹി കരാവലംബം
ദേവാദിദേവ രഥമണ്ഡലമധ്യമേത്യ
ദേവേന്ദ്രപീംനഗരം ദൃഢചാപഹസ്ത
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന
വല്ലീശ നാഥ മമ ദേഹി കരാവലംബം
ഹീരാദിരത്‌നവരയുക്ത കിരീടഹാര-
കേയൂരകുണ്ഡല ലസത്കവചാഭിരാമ
ഹേ വീര താരക ജയാമരബൃന്ദവന്ദ്യ
വല്ലീശ നാഥ മമ ദേഹി കരാവലംബം
പഞ്ചാക്ഷരാദി മനുമന്ത്രിത ഗാംഗതോയൈ:
പഞ്ചാമൃതൈ: പ്രമുദിതേന്ദ്ര മുഖൈര്‍മ്മുനീന്ദ്രൈ:
പട്ടാഭിഷിക്ത മഘവത്തനയാസനാഥ
വല്ലീശ നാഥ മമ ദേഹി കരാവലംബം
ശ്രീകാര്‍ത്തികേയ കരുണാമൃത പൂര്‍ണ്ണദൃഷ്ട്യാ
കാമാദിരോഗ കലുഷീകൃതദുഷ്ടചിത്തം
സിക്ത്വാ തു മാമവ കലാനിധികോടികാന്ത
വല്ലീശ നാഥ മമ ദേഹി കരാവലംബം
സുബ്രഹ്മണ്യാഷ്ടകം പുണ്യം
യേ പഠന്തി ദ്വിജോത്തമാ:
തേ സര്‍വ്വേ മുക്തിമായാന്തി
സുബ്രഹ്മണ്യപ്രസാദത:
സുബ്രഹ്മണ്യാഷ്ടകമിദം
പ്രാതരുത്ഥായ യ: പഠേത്
കോടിജന്മകൃതം പാപം
തത്ക്ഷണാത് തസ്യ നശ്യതി
സുബ്രഹ്മണ്യ കരാവലംബ സ്തോത്രം – അർത്ഥം
1
കാരുണ്യമൂര്‍ത്തിയും ദീനബന്ധുവും പാര്‍വ്വതീപരമേശ്വരന്മാരുടെ മുഖാരവിന്ദങ്ങള്‍ക്ക് സൂര്യനായവനും (സൂര്യനെ കാണുമ്പോള്‍ താമര വികസിക്കുന്നതുപോലെ സുബ്രഹ്മണ്യദര്‍ശനത്താല്‍ പാര്‍വ്വതീപരമേശ്വരന്മാരുടെ മുഖങ്ങള്‍ സന്തോഷംകൊണ്ട് വികസിക്കുന്നു എന്നു സാരം) വിഷ്ണുതുടങ്ങിയ ദേവഗണങ്ങളാല്‍ പൂജിക്കപ്പെടുന്ന പാദാരവിന്ദത്തോടു കൂടിയവനും വല്ലിയുടെ പതിയും ഭക്തരക്ഷകനുമായ അല്ലയോ സ്വാമിനാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്കു നല്‍കിയാലും.
2
ദേവന്മാരുടെ ആദ്യദേവന്റെ (മഹേശ്വരന്റെ) പുത്രനും ദേവഗണങ്ങളുടെ നാഥനും ദേവേന്ദ്രനാല്‍ വന്ദിക്കത്തക്കവിധം മൃദുവും താമരപോലെ മനോഹരമായ പാദങ്ങളോടുകൂടിയവനും ദേവര്‍ഷികളാലും നാരദനാലും മുനീന്ദ്രന്മാരാലും നല്ലവണ്ണം ഗാനം ചെയ്യപ്പെട്ട കീര്‍ത്തിയോടുകൂടിയവനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്കു നല്‍കിയാലും.
3
നിത്യവും അന്നദാനം ചെയ്യുന്നതില്‍ ശ്രദ്ധയുള്ളവവും സകല രോഗങ്ങളെയും നശിപ്പിക്കുന്നവനും ഭാഗ്യത്തെ പ്രദാനം ചെയ്യുന്നവനും ഭക്താഭീഷ്ടങ്ങള്‍ സാധിക്കുന്നവനും വേദം, ആഗമം, പ്രണവം എന്നിവയാല്‍ വര്‍ണ്ണിക്കപ്പെടുന്ന സ്വരൂപമുള്ളവനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്കു നല്‍കിയാലും.
4
അസുരശ്രേഷ്ഠനായ ക്രൗഞ്ചനെ നിഗ്രഹിക്കുന്നതിനുള്ള വേല്, ശൂലം എന്നിവയോടുകൂടിയവനും വില്ല് തുടങ്ങിയ ആയുധങ്ങളാല്‍ അലങ്കരിക്കപ്പെട്ട ദിവ്യഹസ്തങ്ങളോടുകൂടിയവനും ശോഭയുള്ള സര്‍പ്പശ്രേഷ്ഠനെ ധരിച്ചിരിക്കുന്ന ചുണ്ടോടുകൂടിയ മയില്‍വാഹനമായുള്ളവനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്കു നല്‍കിയാലും.
5
ദേവന്മാര്‍ക്കും ആദിയായ ദേവാ, വൃത്താകാരമായ രഥത്തിന്റെ മധ്യത്തില്‍ പ്രവേശിച്ച് ദേവേന്ദ്രന്റെ സിംഹാസനം, നഗരം (അമരാവതി) എന്നിവയോടുകൂടിയവനും (എന്നിവയില്‍ അതിക്രമിച്ചുകടന്നവനും) കൈയില്‍ ദൃഢമായ വില്ലോടുകൂടിയവനുമായ ശൂരപത്മാസുരനെ വധിച്ച്, (അതുമൂലം) അസംഖ്യം ദേവന്മാരാല്‍ വന്ദിക്കപ്പെടുന്നവനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്കു നല്‍കിയാലും.
6
വജ്രം തുടങ്ങിയ രത്‌നങ്ങളോടുകൂടിയ ശ്രേഷ്ഠമായ കിരീടം, മാല, തോള്‍വള, കുണ്ഡലം, പ്രകാശിക്കുന്ന കവചം ഇവകൊണ്ട് മനോഹരനായുള്ളവനും താരകാസുരനെ ജയിച്ച വീരനും ദേവഗണങ്ങള്‍ക്ക് വന്ദ്യനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്കു നല്‍കിയാലും.
7
പഞ്ചാക്ഷരം തുടങ്ങിയ മന്ത്രങ്ങളാല്‍ പൂതമായ ഗംഗാജലം, പഞ്ചാമൃതം എന്നിവകൊണ്ട് ദേവേന്ദ്രന്‍ മുതലായ ദേവകളാലും മുനീന്ദ്രന്മാരാലും സന്തോഷപൂര്‍വ്വം പട്ടാഭിഷേകം ചെയ്യപ്പെട്ടവനും ഇന്ദ്രപുത്രിയായ ദേവസേനയുടെ നാഥനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്കു നല്‍കിയാലും.
8
അല്ലയോ ശോഭയാര്‍ന്ന കൃത്തികാനക്ഷത്രങ്ങളുടെ പുത്രാ, കാരുണ്യാമൃതത്താല്‍ പരിപൂര്‍ണ്ണമായ നിന്തിരുവടിയുടെ ദൃഷ്ടികൊണ്ട്, കാമം തുടങ്ങിയ രോഗങ്ങളാല്‍ കലുഷിതമായ എന്റെ മനസ്സിനെ നനച്ചിട്ട് (ശുദ്ധീകരിച്ചിട്ട്) രക്ഷിച്ചാലും. കോടി ചന്ദ്രപ്രഭയാര്‍ന്ന അല്ലയോ വല്ലീപതേ, നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്കു നല്‍കിയാലും.
9
പുണ്യകരമായ ഈ സുബ്രഹ്മണ്യാഷ്ടകം പഠിക്കുന്ന സര്‍വ്വരും സുബ്രഹ്മണ്യ പ്രസാദത്താല്‍ മോക്ഷത്തെ പ്രാപിക്കുന്നു. ഈ സുബ്രഹ്മണ്യാഷ്ടകം പ്രഭാതത്തില്‍ എഴുന്നേറ്റ ഏതൊരുവന്‍ പഠിക്കുന്നുവോ, കോടിജന്മങ്ങളില്‍ ചെയ്ത അവന്റെ പാപം ഉടന്‍തന്നെ നശിക്കുന്നു.
ഡോ രാജേഷ് പുല്ലാട്ടിൽ,
മൊബൈൽ: +91 90377 48752
Story Summary: Subramanya Karavalamba Stotram Lyrics, Meaning and Benefits of Chanting
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright @ 2025 NeramOnline.com . All rights reserved