Thursday, December 11, 2025
Thursday, December 11, 2025
Home » ചൊവ്വ 41 ദിവസം ധനു രാശിയിൽ; ഓരോ നക്ഷത്രക്കാരുടെയും ഫലം,പരിഹാരം

ചൊവ്വ 41 ദിവസം ധനു രാശിയിൽ; ഓരോ നക്ഷത്രക്കാരുടെയും ഫലം,പരിഹാരം

0 comments

2025 ഡിസംബർ 7 മുതൽ 2026 ജനുവരി 16 വരെയുള്ള ഒരു മണ്ഡല കാലയളവിൽ, ചൊവ്വ അഥവാ കുജൻ ധനു രാശിയിലാണ് സഞ്ചരിക്കുന്നത്. 41 ദിവസത്തേക്കുള്ള ചൊവ്വയുടെ ഈ സ്ഥാനമാറ്റം ഓരോ നക്ഷത്രക്കാരെയും അവരുടെ ചന്ദ്രരാശിയെ ആശ്രയിച്ച് ജീവിതത്തിൻ്റെ വിവിധ മേഖലകളെ എങ്ങനെയെല്ലാം സ്വാധീനിക്കും എന്ന് പരിശോധിക്കാം. അതിന് മുൻപ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ഈ ഫലങ്ങൾ പൊതുവായി പറയുന്നുവെങ്കിലും, ഓരോ വ്യക്തിയുടെയും ദശ, അപഹാരം, ഗ്രഹനില. വ്യാഴത്തിന്റെയും ശനിയുടെയും സൂര്യന്റെയും ചാരവശാലുള്ള ഫലദാനദോഷങ്ങൾ എന്നിവ അനുസരിച്ച് മാറ്റങ്ങൾ വരും. ദോഷകരമായ ഫലങ്ങൾ അനുഭവിക്കുന്നവർക്ക് ഉചിതമായ പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ ആശ്വാസം നേടാവുന്നതാണ്.

ഓം അംഗാരകായ നമഃ
ഓം സ്കന്ദായ നമഃ

മേടം രാശി
(അശ്വതി, ഭരണി, കാർത്തിക 1/4)
സ്ഥിതി: 9-ാം ഭാവത്തിൽ (ഭാഗ്യം)
ഫലം: ചൊവ്വ 9-ൽ പൊതുവെ ദോഷകരമല്ല. എങ്കിലും, അനാവശ്യ യാത്രകൾക്ക് സാധ്യതയുണ്ട്. പിതാവിൻ്റെയോ ഗുരുവിൻ്റെയോ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ധാർമ്മിക കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.
പരിഹാരം: ചൊവ്വാഴ്ചകളിൽ ദക്ഷിണാമൂർത്തിയെ ഭജിക്കുകയും, സാധിക്കുമെങ്കിൽ ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുക.

ഇടവം രാശി
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സ്ഥിതി: 8-ാം ഭാവത്തിൽ (അഷ്ടമ ചൊവ്വ – ദോഷകരം)
ഫലം: ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട നക്ഷത്രക്കാരാണിത്. അപകടങ്ങൾ, രോഗങ്ങൾ, ശസ്ത്രക്രിയകൾ, ബന്ധുക്കളുമായുള്ള കലഹം, തൊഴിൽപരമായ തടസ്സങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ധനനഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കുക.
പരിഹാരം: എത്രയും വേഗം ദോഷപരിഹാരം ചെയ്യണം. ദിവസവും സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ ക്ഷേത്രത്തിൽ കുമാരസൂക്തം വഴിപാട്, അല്ലെങ്കിൽ ഭദ്രകാളിക്ക് രക്തപുഷ്പാഞ്ജലി നടത്തുക. യാത്രാവേളകളിൽ അതീവ ശ്രദ്ധ പുലർത്തുക.

മിഥുനം രാശി
(മകയിരം 1/2,തിരുവാതിര,പുണർതം 3/4)

ALSO READ

സ്ഥിതി: 7-ാം ഭാവത്തിൽ (ദോഷകരം)
ഫലം: ദാമ്പത്യ ബന്ധത്തിൽ കലഹങ്ങൾ, പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തമുള്ളവർ ശ്രദ്ധിക്കുക. പൊതുരംഗത്ത് അപമാനങ്ങൾക്ക് സാധ്യത.
പരിഹാരം: ദിവസവും ദുർഗ്ഗാദേവിക്ക് ദീപാരാധന നടത്തുക. പങ്കാളിയോട് ക്ഷമയോടെയും സ്നേഹത്തോടെയും പെരുമാറുക. ചൊവ്വാഴ്ചകളിൽ ദേവി ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക.

കർക്കടകം രാശി
(പുണർതം 1/4, പൂയം, ആയില്യം)
സ്ഥിതി: 6-ാം ഭാവത്തിൽ (അനുകൂലം – ശ്രേഷ്ഠം)
ഫലം: ഈ കാലയളവിൽ ഉന്നതിയുണ്ടാകും. ശത്രുക്കളുടെ മേൽ വിജയം, രോഗങ്ങളിൽ നിന്ന് മോചനം, കടബാധ്യതകൾ തീർക്കാൻ സാധിക്കും. മത്സരപ്പരീക്ഷകളിൽ വിജയം നേടും. പൊതുവെ എല്ലാ കാര്യങ്ങൾക്കും അനുകൂലമായ സമയമാണ്.
പരിഹാരം: ചൊവ്വ അനുകൂലമായതിനാൽ പ്രത്യേക ദോഷപരിഹാരം ആവശ്യമില്ല. കൂടുതൽ ഐശ്വര്യത്തിനായി ഗണപതിക്ക് കറുകമാല സമർപ്പിക്കുക.

ചിങ്ങം രാശി
(മകം, പൂരം, ഉത്രം 1/4)
സ്ഥിതി: 5-ാം ഭാവത്തിൽ (സന്താനസ്ഥാനം)
ഫലം: കുട്ടികളുടെ കാര്യത്തിൽ കൂടുതൽ
ശ്രദ്ധ ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറവ്, അല്ലെങ്കിൽ സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാവാം. ധനപരമായ ചില തീരുമാനങ്ങൾ തെറ്റായി പോവാൻ സാധ്യതയുണ്ട്.
പരിഹാരം: വിഷ്ണു സഹസ്രനാമം ജപിക്കുക. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. സുബ്രഹ്മണ്യന് പഞ്ചാമൃതം വഴിപാട് നടത്തുക.

കന്നി രാശി
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്ഥിതി: 4-ാം ഭാവത്തിൽ (കേന്ദ്രസ്ഥാനം – ദോഷകരം)
ഫലം: ഗൃഹത്തിൽ അസ്വസ്ഥതകൾ, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം, വാഹന സംബന്ധമായ പ്രശ്നങ്ങൾ, ഭൂമി സംബന്ധമായ കാര്യങ്ങളിൽ തടസ്സം എന്നിവ ഉണ്ടാവാം. മാതൃതുല്യരായവർക്ക് ക്ലേശം വരാതിരിക്കാൻ ശ്രദ്ധിക്കുക.
പരിഹാരം: വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക. ദിവസവും ലളിതാ സഹസ്രനാമം ജപിക്കുക. ചൊവ്വാഴ്ചകളിൽ ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തുക.

തുലാം രാശി
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്ഥിതി: 3-ാം ഭാവത്തിൽ (അനുകൂലം – ശ്രേഷ്ഠം)
ഫലം: ഈ കാലയളവിൽ ആത്മവിശ്വാസം വർദ്ധിക്കും. തുടങ്ങുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. സഹോദരങ്ങളുടെ സഹായം ലഭിക്കും.
ചെറിയ യാത്രകൾ ഫലപ്രദമാകും.
ധൈര്യവും ഉന്മേഷവും വർദ്ധിക്കും.
പരിഹാരം: ചൊവ്വ അനുകൂലമായതിനാൽ പ്രത്യേക ദോഷപരിഹാരം ആവശ്യമില്ല. കൂടുതൽ ഗുണങ്ങൾക്കായി ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുക.

വൃശ്ചികം രാശി
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്ഥിതി: 2-ാം ഭാവത്തിൽ (ധനസ്ഥാനം – ദോഷകരം)
ഫലം: ധനനഷ്ടം, അനാവശ്യമായ ചെലവുകൾ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. സംസാരത്തിൽ പരുഷത കൂടും. ഇത് കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമാകും. കണ്ണുകൾ, പല്ലുകൾ എന്നിവയ്ക്ക് അസുഖം വരാതെ ശ്രദ്ധിക്കുക.
പരിഹാരം: സംസാരത്തിൽ വളരെയധികം ശ്രദ്ധിക്കുക. ലക്ഷ്മീദേവിയെ ഭജിക്കുക. വെളുത്ത വസ്ത്രങ്ങൾ ചൊവ്വാഴ്ചകളിൽ ദാനം ചെയ്യുന്നത് ഉചിതമാണ്.

ധനു രാശി
(മൂലം, പൂരാടം, ഉത്രാടം 1/4)
സ്ഥിതി: 1-ാം ഭാവത്തിൽ (ജന്മ ചൊവ്വ – ദോഷകരം)
ഫലം: വളരെയധികം ശ്രദ്ധിക്കണം. പെട്ടെന്നുള്ള കോപം, എടുത്തുചാട്ടം, ആരോഗ്യ പ്രശ്നങ്ങൾ, അപകട സാധ്യത എന്നിവ ഉണ്ടാവാം. തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടങ്ങൾ സംഭവിക്കാം.
പരിഹാരം: എത്രയും വേഗം ദോഷപരിഹാരം ചെയ്യുക. സ്ഥിരമായി ദുർഗ്ഗാദേവിക്ക് രക്തപുഷ്പാഞ്ജലി നടത്തുക. ഹനുമാൻ ചാലിസ ജപിക്കുക. വാഹന ഉപയോഗത്തിലും യാത്രയിലും അതീവ ശ്രദ്ധ പുലർത്തുക.

മകരം രാശി
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സ്ഥിതി: 12-ാം ഭാവത്തിൽ (വ്യയം)
ഫലം: ചെലവുകൾ വർദ്ധിക്കും. ഉറക്കക്കുറവ്, അനാവശ്യ യാത്രകൾ എന്നിവ ഉണ്ടാവാം. ആശുപത്രിവാസം വരാതെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. വിദേശ സംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാവാം.
പരിഹാരം: ദുർഗ്ഗാ സൂക്തം നിത്യേന ജപിക്കുക. ചൊവ്വാഴ്ചകളിൽ അന്നദാനം നടത്തുന്നത് ഉചിതമാണ്.

കുംഭം രാശി
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സ്ഥിതി: 11-ാം ഭാവത്തിൽ (അനുകൂലം – ശ്രേഷ്ഠം)
ഫലം: ഏറ്റവും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ധനലാഭം, സ്ഥാനക്കയറ്റം, ആഗ്രഹങ്ങൾ സഫലമാവുക, മൂത്ത സഹോദരരിൽ നിന്ന് സഹായം ലഭിക്കുക എന്നിവ ഫലം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല സമയമാണ്.
പരിഹാരം: ചൊവ്വ അനുകൂലമായതിനാൽ പ്രത്യേക ദോഷപരിഹാരം ആവശ്യമില്ല. കൂടുതലായി സുബ്രഹ്മണ്യനെ ഭജിക്കുക.

മീനം രാശി
(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
സ്ഥിതി: 10-ാം ഭാവത്തിൽ (കർമ്മം)
ഫലം: തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ജോലിയിൽ അദ്ധ്വാനം വർദ്ധിക്കും. മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസം വരാതെ ശ്രദ്ധിക്കുക. തൊഴിൽ സംബന്ധമായ ദൂരയാത്രകൾ ഉണ്ടാവാം.
പരിഹാരം: മഹാവിഷ്ണുവിനെ ഭജിക്കുക. ചൊവ്വാഴ്ചകളിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്.

അനിൽ വെളിച്ചപ്പാടൻ,+ 91 9497134134

(https://uthara.in/ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം, കരുനാഗപ്പള്ളി )

Story Summary: Mars transit to Sagittarius 2025; Impact and remedies

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?