ശ്രീമദ് ഭാഗവതത്തിന്റെ സാരം ഉൾക്കൊള്ളുന്ന നാരായണീയം എന്ന ഭക്തികാവ്യം മേൽപ്പുത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ചു ഗുരുവായൂരപ്പന് സമർപ്പിച്ചതിന്റെ ഓർമ്മദിനം വർഷന്തോറും വൃശ്ചികം 28 ന് ആഘോഷിക്കുന്നു. ഈ ദിവസം രോഗശാന്തിക്കും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി നാരായണീയം പാരായണം ചെയ്യുക പ്രധാനമാണ്. ഡിസംബർ 14 ഞായറാഴ്ചയാണ് ഇത്തവണ ശ്രീ നാരായണീയ ദിനം.
വാതരോഗ വിപത്തിനാൽ ക്ലേശിച്ച മേൽപ്പുത്തൂർ നാരായണീയം എഴുതി നടയിൽ വച്ചതോടെ രോഗമുക്തി നേടിയ സംഭവം വിശ്വ പ്രസിദ്ധമാണ്. കൊല്ലവർഷം762 വൃശ്ചികമാസം 28 ഞായറാഴ്ച ആയിരുന്നു അത്. ഈ ദിവസമാണ് ശ്രീ നാരായണീയദിനമായി ആചരിക്കുന്നത്. നൂറു ദശകങ്ങളിലായി 1034 ശ്ലോക സൗഗന്ധിക പുഷ്പങ്ങൾ കോർത്ത നാരായണീയം ഗുരുവായൂരപ്പന്റെ നടയിൽ വയ്ക്കുമ്പോൾ മേല്പത്തൂരിനു പ്രായം 27 വയസ് മാത്രം. ആനന്ദമുള്ളിടത്ത് വേണം രോഗശാന്തിക്ക് പ്രാർത്ഥിക്കാൻ എന്ന തത്വം ഉൾക്കൊണ്ട് ‘സാന്ദ്രാനന്ദാവ ബോധാത്മകം’ എന്ന തുടങ്ങി ആയുരാരോഗ്യസൗഖ്യം കുറിച്ച് അവസാനിപ്പിക്കുമ്പോൾ ഫലം സമ്പൂർണ്ണ രോഗമുക്തി.
സർവ്വവേദേദിഹാസങ്ങളുടെയും സാരസംഗ്രഹമായ ശ്രീമദ് ഭാഗവതത്തെ ആറ്റിക്കുറുക്കി സ്വന്തം ആത്മാവിന്റെ സൗരഭ്യവും ചേർത്തു തയ്യാറാക്കിയ കുറിക്കൂട്ടായാണ് മേല്പത്തൂർ ശ്രീമദ് നാരായണന്റെ മുന്നിൽ നാരായണീയത്തെ വച്ചത്. ആ കുറിക്കൂട്ടിനെ തൊട്ട് ഗോപിക്കുറി വരയ്ക്കുക മാത്രമല്ല സർവ്വാംഗം പൂതുകയാണ് ആദ്യം ഗുരുവായൂരപ്പനും പിന്നീട് ഭഗവാന്റെ പ്രസാദമായി അതേറ്റു വാങ്ങിയ ഭക്തരും ചെയ്തത്.

നിത്യപാരായണത്തിന് ഉതകുന്ന ഗ്രന്ഥവുമാണ് നാരായണീയം. ശ്രീമദ് ഭാഗവതം ഒരു ദിവസം കൊണ്ട് വായിച്ചു തീർക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ നാരായണീയം ഒരു ദിവസം കൊണ്ട് വായിക്കാവുന്നതേയുള്ളൂ. നാരായണീയം പതിവായി ജപിക്കുന്നതിന് മറ്റെന്തു ശുദ്ധിയേക്കാളും മന:ശുദ്ധിയാണ് വേണ്ടത്. ഗ്രന്ഥങ്ങൾ ഈശ്വരനെ ഭജിക്കാനുള്ള ഉപാധികൾ മാത്രമാണ്. ശാരീരികമായും മാനസികമായും ഉന്മേഷവും ആരോഗ്യവും നിലനിർത്താൻ വ്രതങ്ങൾ നമ്മെ സഹായിക്കും എന്നതിൽ സംശയവുമില്ല. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. ഈശ്വരനെ ഏകാഗ്രമായി ഉപാസിക്കാൻ ആരോഗ്യമുള്ള മനസുണ്ടെങ്കിലേ സാധിക്കൂ. ഏതൊക്കെ ഗ്രന്ഥങ്ങൾ വായിച്ചാലും എത്ര നാമം ജപിച്ചാലും മനസ് കൊണ്ട് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നല്ലതല്ലെങ്കിൽ ഇതൊന്നും നമുക്ക് ഗുണം ചെയ്യില്ല.
ALSO READ
ആയുരാരോഗ്യ സൗഖ്യം എന്നതാണ് നാരായണീയത്തിന്റെ പ്രധാന സന്ദേശം. അതുകൊണ്ട് ഈ ദിവസം നാരായണീയ പാരായണം ചെയ്യുന്നത് ആയുസ്സും ആരോഗ്യവും സൗഖ്യവും നേടാൻ സഹായിക്കുമെന്നാണു ഭക്തരുടെ വിശ്വാസം.
ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ദിവസം വിശേഷ ദിവസമായി ആചരിക്കുന്നു,
തന്റെ വാതരോഗശമനത്തിനായി ഗുരുവായൂരപ്പന്റെ മുന്നിലിരുന്ന് നാരായണീയം എഴുതി സമർപ്പിച്ച മേല്പത്തൂരിന് രോഗശാന്തി ഉണ്ടായി എന്നു മാത്രമല്ല ഈശ്വരദർശനവും സാധ്യമായി. അതിനാൽ ഈ ഗ്രന്ഥം ഉപാസിക്കുന്നത് രോഗശാന്തിക്ക് ഉത്തമമാണ്. എങ്കിലും രോഗശാന്തിക്കായി ഇതിൽ പ്രത്യേകം എടുത്തു പറയുന്ന ചില ശ്ലോകങ്ങളുണ്ട്. അതിൽ പ്രധാനമാണ് 8-ാം ദശകത്തിലെ 13-ാം ശ്ലോകം :
അസ്മിൻ പരാത്മൻ നനു
പാദ്മകല് പേ
ത്വമിത്ഥമുത്ഥാപിത പദ്മയോനി:
അനന്തഭൂമാ മമ രോഗരാശം
നിരുന്ധി വാതാലയ വാസ വിഷ്ണോ
Story Summary: Narayaneeyam, First Malayalam Translation by Irayimman Thambi
( പരമാത്മ സ്വരൂപനായ ഗുരുവായൂരപ്പാ, വിഷ്ണു ഭഗവാനേ , ഈ പാദ കല്പത്തിൽ ഇങ്ങനെ ബ്രഹ്മാവിനെ ആവിർഭവിപ്പിച്ചവനും ഇത്രയെന്ന് തിട്ടപ്പെടുത്താനാവാത്ത വിധമുള്ള മാഹാത്മ്യത്തോട്
കൂടിയവനുമായ അവിടുന്ന് എന്റെ എല്ലാ
രോഗങ്ങളെയും ദൂരീകരിച്ചാലും )
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭ്യമാണ്. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved