ആശ്രിത വത്സലനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളിൽ അഭയം തേടി ഗൃഹദുരിതങ്ങളും സാമ്പത്തിക ക്ലേശങ്ങളും മാനസിക – ശാരീരിക പീഢകളും അകറ്റി ജീവിതാഭിവൃദ്ധി കൈവരിക്കാൻ ഏറ്റവും ശ്രേഷ്ഠമായ സുദിനമാണ് കുചേല അവൽ ദിനം. ധനുമാസത്തിലെ ആദ്യ ബുധനാഴ്ച വരുന്ന ഈ പുണ്യ ദിനം എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും, വിശേഷിച്ച് ഗുരുവായൂരിൽ സുപ്രധാനമാണ്. 2025 ഡിസംബർ 17 നാണ് കുചേല അവൽ ദിനം.
അവൽ നേദിച്ചാൽ ധനാഭിവൃദ്ധി
ത്രൈലോക്യ നാഥനായ ശ്രീകൃഷ്ണന്റെ ഭക്തനും ഒപ്പം സതീർത്ഥ്യനുമായിരുന്ന കുചേലൻ ദാരിദ്ര്യത്തിന്റെ പാരമ്യതയിൽ കഴിയുമ്പോൾ ഒരിക്കൽ ഭാര്യയുടെ താല്പര്യപ്രകാരം അവിൽപ്പൊതിയുമായി ഭഗവാനെ കാണാനെത്തി. കുചേലനെ കണ്ട് കൃഷ്ണൻ മാളികയിൽ നിന്ന് ഓടിയെത്തി ആശ്ലേഷിച്ച്, സ്വീകരിച്ച് കാൽകഴുകി, തീർത്ഥം ശിരസ്സിലേറ്റി, വെൺചാമരം വീശി ക്ഷീണം അകറ്റി, സ്‌നേഹാന്വേഷണം നടത്തി അവൽ ഭക്ഷിച്ച് ഋണമുക്തനാക്കി. കുചേലൻ ഒന്നും ആവശ്യപ്പെടാതെ തന്നെ ഭഗവാൻ അറിഞ്ഞ് അനുഗ്രഹിച്ച് ദുഃഖനിവൃത്തി വരുത്തിയ ആ അത്യപൂർവ്വ സ്നേഹത്തിന്റെ അഥവാ ഭഗവത് ലീലാവിലാസത്തിന്റെ ഓർമ്മ പുതുക്കലാണ്
കുചേല അവൽ ദിനമായി ആചരിക്കുന്നത്. ഈ ദിവസം ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി അവൽ നേദിച്ച് പ്രാർത്ഥിക്കുന്നതും, കുചേല–കൃഷ്ണാശ്ലേഷ ദൃശ്യം കഥകളി കാണുന്നതും സുഖവും ധനാഭിവൃദ്ധിയും മറ്റ് ഭാഗ്യാനുഭവങ്ങളുമുണ്ടാക്കും.

അറിഞ്ഞ് അനുഗ്രഹിക്കുന്ന ഭഗവാൻ
ഒന്നും ആവശ്യപ്പെടാതെ തന്നെ ഭക്തരുടെ എല്ലാ ദു:ഖങ്ങളും ബാധ്യതകളും മനസിലാക്കി അവരെ അനുഗ്രഹിക്കുന്ന മൂർത്തിയാണ് ശ്രീകൃഷ്ണ സ്വാമി എന്നാണ് കുചേല ദിനം നൽകുന്ന സന്ദേശം. ഈ പുണ്യ ദിവസം ആശ്രിത വത്സലനായ ശ്രീകൃഷണനെ അഭയം പ്രാപിച്ചാൽ യഥാർത്ഥ ഭക്തരുടെ ജീവിത ദുരിതങ്ങൾ മാറും എന്നാണ് അവിൽ പൊതിയുമായി ദർശനം തേടിയെത്തിയ പരമ ദരിദ്രനായ സതീർത്ഥ്യൻ കുചേലന്റെ അനുഭവത്തിലൂടെ വെളിവാക്കപ്പെടുന്നത്. ശ്രീകൃഷ്ണ / വിഷ്ണു ക്ഷേത്രങ്ങളിലെല്ലാം കുചേലന് സദ്‌ഗതി കിട്ടിയ ഈ ദിവസത്തെ പ്രധാന ചടങ്ങാണ് അവൽ സമർപ്പണം. എല്ലാ ദിവസവും സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം നേദിച്ച അവൽ പ്രസാദമായി കൊടുക്കുന്നത് മിക്ക ക്ഷേത്രങ്ങളിലെയും പതിവാണ്. ഗുരുവായൂരിൽ കുചേല ദിനം വളരെ പ്രധാനമാണ്.
ദാരിദ്ര്യം സുധാമാവിനെ കുചേലനാക്കി
ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള സുഹൃത് ബന്ധം പ്രസിദ്ധമാണ്. ആ ഐതിഹ്യം ഇങ്ങനെ: ശ്രീകൃഷ്ണന്റെ സഹപാഠിയും പ്രിയ മിത്രവുമായിരുന്നു ദരിദ്രബ്രാഹ്മണനായ സുധാമാവ്. ഗൃഹസ്ഥാശ്രമിയായി ഭൗതിക വസ്തുക്കളോടും ഇന്ദ്രിയ സുഖങ്ങളോടും അത്ര ആസക്തി കൂടാതെ കഴിഞ്ഞു വന്ന അദ്ദേഹത്തിന് വേണ്ടത്ര വസ്ത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല. പഴകി മുഷിഞ്ഞ വസ്ത്രധാരണം കൊണ്ട് സുധാമാവിന് കുചേലൻ എന്ന പേരും വീണു. സുഹൃത്തായ കൃഷ്ണനെ ചെന്നു കണ്ട് സഹായം അഭ്യർത്ഥിക്കാൻ ഭാര്യ എപ്പോഴും കുചേലനോട് പറയുമായിരുന്നു. എന്നാൽ സമ്പത്തിന് വേണ്ടി ഭഗവാനോടു പ്രാർത്ഥിക്കുന്നതിൽ കുചേലന് അശേഷം താല്പര്യമുണ്ടായിരുന്നില്ല. അവസാനം ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി കൃഷ്ണനെ ചെന്നു കാണാൻ അദ്ദേഹം തീരുമാനിച്ചു.
പരമ പ്രധാനം നിഷ്കാമ ഭക്തി
ഭഗവാനോട് ഒന്നും ആവശ്യപ്പെടാതെ തിരിച്ചു പോയ കുചേലൻ നാട്ടിലെത്തിയപ്പോൾ അത്ഭുതപരതന്ത്രനായി. സ്വന്തം കുടിലിന്റെ സ്ഥാനത്ത് മണിമന്ദിരവും ഇഹലോക ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഭഗവാൻ ശ്രീകൃഷ്ണൻ തനിക്ക് ചെരിഞ്ഞത് കണ്ട് സന്തോഷത്താൽ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. അങ്ങനെ കുചേലന് സദ്ഗതി കൈവരുന്നു ഈ കഥയാണ് കുചേല ദിനം ആചരിക്കുന്നതിന് പിന്നിലുള്ളത്. കാര്യസാദ്ധ്യത്തിനായി മാത്രം ഭഗവാനെ ഭജിക്കുന്ന നമ്മൾ ഓരോരുത്തർക്കും ആ തലം വിട്ട് കുചേലനെപ്പോലെയുള്ള നിഷ്കാമ ഭക്തി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

രണ്ടാമത്തെ പിടി ഭാര്യമാർ തടഞ്ഞു
ശ്രീകൃഷ്ണനെ കാണാൻ വെറും കയ്യോടെ പോകാൻ മനസ് അനുവദിക്കാത്തതിനാൽ കുചേലൻ മുണ്ടിൽ അല്പം അവൽ കരുതിയിരുന്നു. കൊട്ടാര മുറ്റത്ത് വച്ചേ കൂട്ടുകാരനെ കണ്ട കൃഷ്ണൻ കുചേലനെ കെട്ടിപ്പിടിച്ച് ആനയിച്ച് മണിമഞ്ചത്തിൽ സ്വീകരിച്ചിരുത്തി കുശലം ചോദിച്ചപ്പോൾ അവൽപ്പൊതി കണ്ടു. അതിൽ നിന്ന് ഒരു പിടി വാരി കഴിക്കുന്നു. രണ്ടാമത്തെ പിടി എടുക്കാൻ തുടങ്ങുമ്പോഴേക്കും ഭഗവാനെ ഭാര്യമാരായ രുഗ്മിണിയും സത്യഭാമയും വിലക്കി.
ALSO READ
ജയ ജനാർദ്ദന കേൾക്കാം
വേണ്ടതെല്ലാം നൽകി ഭക്തരെ കാത്തുരക്ഷിക്കുന്ന പ്രേമസ്വരൂപനായ ശ്രീകൃഷ്ണനെ പല രൂപഭാവങ്ങളിൽ സ്തുതിക്കുന്ന പ്രചുര പ്രചാരം നേടിയ ജയ ജനാർദ്ദന എന്ന് തുടങ്ങുന്ന കീർത്തനം കേൾക്കാം. ആലാപനം: മണക്കാട് ഗോപൻ, ഡോ ശ്രദ്ധാപാർവതി, ഗൗരിഗോപൻ:
ജ്യോതിഷി പ്രഭാസീന സി പി , +919961442256
Story Summary: Significance of Kuchela Dinam falling on first wednesday of Dhanu month
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App . )
Copyright 2025 NeramOnline.com . All rights reserved