സകല ദേവീദേവന്മാരും മഹാദേവപൂജ ചെയ്യുന്ന ത്രയോദശി തിഥിയിലെ പ്രദോഷവേളയിൽ ശിവപാർവതിമാരെ ഭജിക്കുന്നവർക്ക് എല്ലാ നന്മകളും ഉണ്ടാകും. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല എന്നാണ് ശിവപുരാണത്തിൽ പറയുന്നത്. അതിനാൽ ശിവപാർവ്വതി പൂജയ്ക്ക് ഏറ്റവും മികച്ച സമയമാണ് ശുക്ലപക്ഷത്തിലെയും കൃഷ്ണപക്ഷത്തിലെയും ത്രയോദശി പ്രദോഷസന്ധ്യകൾ. ഇതിൽ കറുത്തപക്ഷ പ്രദോഷത്തിന് പ്രാധാന്യം കൂടുതലുള്ളതായി ശിവഭക്തർ വിശ്വസിക്കുന്നു. 2025 ഡിസംബർ 17, 1201 ധനു 2 ബുധനാഴ്ച ധനുവിലെ കൃഷ്ണപക്ഷ പ്രദോഷമാണ്.
എല്ലാ ദേവതകളുടെയും അനുഗ്രഹം
പാർവ്വതിദേവിയെ സന്തോഷിപ്പിക്കാൻ ശിവഭഗവാൻ താണ്ഡവമാടുന്ന ഈ പ്രദോഷവേളയിൽ സകല ദേവഗണങ്ങളും കൈലാസത്തിൽ എത്തുമെന്നും അപ്പോൾ ശിവപൂജ നടത്തുന്നവർക്ക് എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കുമെന്നുമാണ് വിശ്വാസം. അതിനാലാണ് ഈ സമയത്തെ ശങ്കര പാർവതീ പ്രാർത്ഥനകൾക്കും വ്രതാനുഷ്ഠാനത്തിനും അത്ഭുതകരമായ ഫലസിദ്ധി പറയുന്നത്.
സകല ദുരിതവും അകറ്റും മഹാദേവൻ
ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശിവൻ ഏറെ സന്തോഷവാനാകുന്നത് പ്രദോഷ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ദേവദേവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. കാലകാലനാണ് ശിവൻ. അതായത് കാലന്റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്റെ ദേവൻ. കാലനെ പോലും നശിപ്പിക്കാൻ ശക്തിയുള്ള ദേവനാണ് പരമശിവൻ. അതുകൊണ്ടു തന്നെ മൃത്യുദോഷം ഉൾപ്പെടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ഭജിക്കുന്നു. സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം അല്ലെങ്കിൽ ധർമ്മദേവതാ ദോഷങ്ങൾ എന്നിവയാണ്. ഇതെല്ലാം മാറുന്നതിന് പ്രദോഷദിവസം വ്രതമെടുത്ത് ശിവ പാർവ്വതിമാരെ പ്രാർത്ഥിച്ചാൽ മതി.പുത്രപൗത്രാദിഭാഗ്യം, സമ്പൽസമൃദ്ധി, ആയുരാരോഗ്യം ഇവയാണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിന്റെ ഫലങ്ങൾ.
മാസത്തിൽ രണ്ടു പ്രദോഷം
ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷവ്രതം ആചരിക്കുന്നത്. ശിവപാർവ്വതി ക്ഷേത്രങ്ങളിലെല്ലാം അതിവിശേഷകരമാണ് ഈ ദിവസം. അസ്തമയത്തിന് മുൻപും പിൻപുമായി മൂന്ന് മണിക്കൂറാണ് പ്രദോഷവേള. ഒരു മാസത്തിൽ രണ്ടുപക്ഷത്തിലും പ്രദോഷം ഉണ്ട്. രണ്ടും ആചരിക്കാറുണ്ട്. കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. അതിൽ തന്നെ കൃഷ്ണപക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷ അനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാദുരിതങ്ങളും അലച്ചിലുകളും അവസാനിപ്പിക്കും എന്നാണ് സങ്കല്പം. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന അപൂർവ്വ പ്രദോഷത്തെ ശനിപ്രദോഷം എന്നാണ് അറിയപ്പെടുന്നത്. ശനിപ്രദോഷ അനുഷ്ഠാന മാഹാത്മ്യം ആചാര്യന്മാർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതു പോലെ തിങ്കളാഴ്ചയിലെ പ്രദോഷവും ശ്രേഷ്ഠമാണ്.
വ്രതമെടുക്കുന്നവർ ചെയ്യേണ്ടത്
പ്രദോഷ വ്രതമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനവും യഥാശക്തി പ്രാർത്ഥനയും വഴിപാടുകളും നടത്തണം. ഓം നമഃ ശിവായ, ശിവ അഷ്ടോത്തര ശതനാമാവലി, ശിവാഷ്ടകം, ഉമാമഹേശ്വര സ്തോത്രം, ദാരിദ്ര്യദു:ഖ ദഹന ശിവസ്തോത്രം, ശങ്കരധ്യാനപ്രകാരം, ലിംഗാഷ്ടകം, ശിവപഞ്ചാക്ഷര സ്തോത്രം, ബില്വാഷ്ടകം, ശിവ സഹസ്രനാമം, ശിവപുരാണം തുടങ്ങിയ ശിവപ്രീതികരമായ മന്ത്രങ്ങളും സ്തുതികളും പരമാവധി ചൊല്ലണം. പഞ്ചാക്ഷരി മന്ത്രം കഴിയുന്നത്ര തവണ ജപിക്കുന്നത് കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശിവ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. ഈ പുണ്യ ദിനത്തിൽ യാതൊരു അധാർമ്മിക പ്രവൃത്തികളും ചെയ്യരുത്. മോശം കാര്യങ്ങൾ പ്രവർത്തിക്കുക മാത്രമല്ല
ചിന്തിക്കുക പോലും ചെയ്യരുത്. അസ്തമയ സന്ധ്യയിൽ നല്ല കാര്യങ്ങൾ ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും വേണം. പ്രദോഷ ദിവസം മുഴുവൻ മിതമായി സസ്യഭക്ഷണം കഴിക്കുക.
പ്രദോഷപൂജ സന്ധ്യയ്ക്ക്
പ്രാർത്ഥനയ്ക്കുള്ള സന്ധ്യാസമയമാണ് പ്രദോഷവേള. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പൂജ കണ്ട് തൊഴുകയാണ് പതിവ്. ഇതിൻ്റെ തീർത്ഥം കഴിച്ചാണ് പ്രദോഷവ്രതം മുറിക്കേണ്ടത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കാം. ഏതാണോ സൗകര്യപ്രദം അത് സ്വീകരിക്കാം. മാസന്തോറും ഒരു പ്രദോഷ വ്രതമെങ്കിലും എടുത്താൽ ദുരിതശമനം ഉറപ്പാക്കാം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവപഞ്ചാക്ഷര സ്തോത്രം കേൾക്കാം:
ALSO READ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
Story Summary: Significance of Krishna Paksha Pradosham on Dhanu month
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക:
AstroG App )
Copyright 2025 NeramOnline.com . All rights reserved