1201-ാം ആണ്ട് ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി 2025 ഡിസംബർ 31 ബുധനാഴ്ചയാണ്. ചൊവ്വാഴ്ച രാത്രി 11.43 മുതൽ ബുധനാഴ്ച പകൽ 10.18 വരെ ഹരിവാസരം.
രണ്ട് പ്രമാണങ്ങൾ
ഏകാദശി ആചാരത്തെ കുറിച്ച് രണ്ട് പ്രമാണങ്ങൾ ചുവടെ കുറിക്കുന്നത് ഈ പ്രാവശ്യത്തെ സ്വർഗ്ഗവാതിൽ ഏകാദശി ഏത് ദിവസമാണെന്ന് ഒരു പ്രമുഖ കലണ്ടറും അവരുടെ പഞ്ചാംഗവും തെറ്റായി രേഖപ്പെടുത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്. ഈ കഴിഞ്ഞ കാർത്തിക വിളക്കും ഇവർ തെറ്റായാണ് നൽകിയത്.
ഗര്‍ഗസംഹിത
ദശമിശേഷ സംയുക്താ
ഗാന്ധാര്യ സമുപോഷിതാ
തസ്യാ പുത്രശതം നഷ്ടം
തസ്മാത്താം പരിവര്‍ജയേത്
ദശമ്യനുമതാ യത്ര തിഥിരേകാദശീ
ഭവേത് തത്രാപത്യ വിനാശ: സ്യാത്
പരെദ്യ നരകം വ്രജേത്.
സ്കന്ദപുരാണം
ഏകാദശീ തു സര്‍വ്വകാര്യേഷു
ദ്വാദശീ സംയുതാ ഗ്രാഹ്യാ
രുദ്രേണ ദ്വാദശീയുക്തേതി
ഏകാദശീ ന കര്‍തവ്യാ
ദശമീസംയുതാ വിഭോ:
ദശമിയുള്ള ദിവസം ഏകാദശിവ്രതം നോറ്റിയ ഗാന്ധാരിക്ക് 100 പുത്രന്മാര്‍ നഷ്ടമായെന്നും ആകയാല്‍ ദശമി തിഥിയുള്ള ദിവസം വരുന്നത് ഒഴിവാക്കി അടുത്ത ദിവസം ആ ഏകാദശി ആചരിക്കണമെന്നുമാണ് വിവക്ഷ. ദശമി തിഥി, പ്രഭാതത്തില്‍ വരുന്ന ദിവസം ഏകാദശി ആചരിക്കരുതെന്നും അങ്ങനെ തെറ്റായി ആചരിച്ചാല്‍ സന്താന നാശവും നരകപതനവും ഫലത്തില്‍ വരുമെന്നാണ് മുകളില്‍ എഴുതിയ പ്രമാണത്തിന്റെ ഏകദേശ തര്‍ജ്ജമ.
മുകളില്‍ പറഞ്ഞ പ്രമാണപ്രകാരം 1201-ാം ആണ്ട് ധനുമാസത്തിൽ വെളുത്തപക്ഷത്തിലെ ഏകാദശി – സ്വര്‍ഗ്ഗവാതില്‍ ഏകാദശി – ആചരിക്കേണ്ടത് 2025 ഡിസംബർ 31 ബുധനാഴ്ചയാണ്.
ALSO READ
കേരള സര്‍ക്കാരിന്റെ പഞ്ചാംഗ ഗണിതാവ് ഡോ: ബാലകൃഷ്ണവാര്യര്‍, ഭാരതപഞ്ചാംഗ ഗണിതാവ് പാലക്കാട് ശ്രീ ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍, സദനം സഹോദരങ്ങൾ തയ്യാറാക്കിയ മാതൃഭൂമി കലണ്ടര്‍ എന്നിവയിലെല്ലാം സ്വഗ്ഗവാതില്‍ ഏകാദശി 2025 ഡിസംബർ 31 ബുധനാഴ്ച
തന്നെയാണ്.
ഗുരുവായൂര്‍, പത്മനാഭ സ്വാമിക്ഷേത്രം, തിരുവമ്പാടി എന്നീ പുണ്യക്ഷേത്രങ്ങളില്‍ വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗ്ഗവാതില്‍ ഏകാദശി 2025 ഡിസംബർ 31 ബുധനാഴ്ച ആണ്.
ഗുരുവായൂരിൽ സ്വർഗ്ഗവാതിൽ ഏകാദശി അതീവ ഭക്തിനിർഭരമാണ്. അതുകൊണ്ടാണല്ലോ അന്ന് ഗുരുവായൂർ സാക്ഷാൽ വൈകുണ്ഠത്തിന് തുല്യമാകുന്നതും…
ഭഗവത്ചൈതന്യം നിറഞ്ഞുതുളുമ്പി നിൽക്കുന്ന സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ ഭഗവാനെ ഇറക്കി എഴുന്നളളിക്കുകയും ചെയ്യും. ഈ ദിവസം ഭക്തർക്ക് സന്ദർശനം നടത്താൻ സാധിക്കുന്ന ഒരു വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നത് സ്വർഗ്ഗത്തിലെത്തിയ പുണ്യം ലഭിക്കുമെന്ന് നൂറ്റാണ്ടുകളായി വിശ്വസിച്ചുവരുന്നു.
വ്രതാനുഷ്ഠാനം.
ഏകാദശിയിൽ പരിപൂർണ്ണമായോ അനാരോഗ്യമുള്ളവർ കാൽവയർ ഭക്ഷണം കഴിച്ചോ ഉപവസിക്കണം. എണ്ണ തേച്ച് കുളി പാടില്ല. പകലുറക്കവും പാടില്ല. സൂര്യോദയ സമയത്ത് കുളി, തേവാരം എന്നിവയ്ക്ക് ശേഷം ഭഗവാൻ വിഷ്ണുവിനെ ധ്യാനിക്കണം. തുടർന്ന് അവസരമുള്ളവർ ഒരു വൈഷ്ണവക്ഷേത്ര ദർശനവും നിങ്ങളാൽ കഴിയുന്ന വഴിപാടുകളും ചെയ്ത് പ്രാർത്ഥിക്കണം. ക്ഷേത്രത്തിൽ പോകുമ്പോൾ പുഷ്പം, മാല, എണ്ണ, നെയ്യ് എന്നിവയിലൊന്ന് കരുതാൻ മറക്കരുത്. ക്ഷേത്രത്തിൽ ഇരുന്ന് വിഷ്ണു-അഷ്ടോത്തരമോ വിഷ്ണുസഹസ്രനാമമോ ഭക്തിയോടെ ജപിക്കുക. ഓം നമോ നാരായണായ എന്ന മന്ത്രം വ്യത്യസ്ത ഈണങ്ങളിൽ തുടർച്ചയായി ജപിക്കുന്നതും കൊളളാം. ഭക്തർ ഓരോരോ കൂട്ടമായിരുന്ന് ജപിക്കുന്നത് ആ ക്ഷേത്രത്തെയും അവിടെയെത്തുന്ന ഭക്തജനങ്ങളെയും ഭക്തിയിൽ ആറാടിക്കും. വെള്ള, മഞ്ഞ എന്നീ വസ്ത്രമോ അല്ലെങ്കിൽ ഇവ ഉൾപ്പെടുന്ന വസ്ത്രമോ ധരിക്കാൻ ശ്രമിക്കുക. പക്ഷെ അതൊന്നും നിർബ്ബന്ധവുമല്ല.
ഏകാദശിയിൽ വരുന്ന ‘ഹരിവാസരം’ എന്ന ഏറ്റവും മഹനീയമായ അരദിവസം കടുകട്ടിയായ വ്രതവും പ്രാർത്ഥനയും അർപ്പണബോധവും ഉണ്ടായിരിക്കണം. 2025 ഡിസംബറിലെ സ്വർഗ്ഗവാതിൽ ഏകാദശി ദിവസത്തെ ഹരിവാസരം മുകളിൽ എഴുതിയിട്ടുണ്ട്.
ഏകാദശി ആചരിക്കുന്നതിന്റെ അടുത്ത ദിവസം രാവിലെ മലരും തുളസിയിലയുമിട്ട തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഇതിന് ‘പാരണ വീടുക’ എന്നാണ് പറയുന്നത്. 2025 ഡിസംബർ മാസത്തിൽ ഇതിനുള്ള സമയം മുകളിൽ നൽകിയിട്ടുണ്ട്. ഓരോ പ്രാവശ്യവും വ്യത്യാസമായിരിക്കും. പാരണ വീടുമ്പോൾ “ഭഗവാനേ… പുണ്ഡരീകാക്ഷാ… ഞാൻ പാരണ ചെയ്യാൻ പോകുകയാണ്, അടിയന് അങ്ങ് ശരണമായി ഭവിക്കേണമേ…” എന്ന് പ്രാർത്ഥിക്കുകയും ചെയ്യണം.
പഞ്ചാംഗം ഏകീകരിക്കണം
കലണ്ടര്‍ : പഞ്ചാംഗ നിര്‍മ്മാതാക്കളോട് നമ്മള്‍, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന:
1) ഇനിയുള്ള പഞ്ചാംഗം, കലണ്ടര്‍ എന്നിവയിലെങ്കിലും ഒരു ഏകീകരണമുണ്ടാക്കാന്‍ ബഹു: ദേവസ്വം മന്ത്രിയും വിവിധ ദേവസ്വംബോര്‍ഡുകളും പഞ്ചാംഗ സമിതി തലവന്മാരും ശ്രമിക്കണം.
2) കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ ഒരു ഏകീകരണം വേണം. എങ്കിൽ അനാരോഗ്യകരമായ മത്സരബുദ്ധി കാണിച്ച് ചില കലണ്ടറുകളിൽ ഇപ്പോള്‍ ചെയ്യുന്നതു പോലുള്ള സ്‌ഥിരം അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് സാരം.
3) പഞ്ചാംഗം ഗണിക്കുന്നവരും ഒന്നിച്ചിരുന്ന് ഇതുപോലുള്ള തര്‍ക്കവിഷയങ്ങളില്‍ ഏകീകരണമുണ്ടാക്കണം. ഇല്ലെങ്കില്‍ വിശ്വാസികള്‍ പഞ്ചാംഗത്തെയും സംശയത്തോടെ വീക്ഷിക്കുന്ന കാലം വിദൂരമല്ല.
4) പഞ്ചാംഗത്തിലെ വിവാഹമുഹൂര്‍ത്തത്തില്‍ മറ്റ് ദോഷങ്ങളില്ലാത്ത കൃത്യമായ അഭിജിത്ത് മുഹൂര്‍ത്തവും ഉള്‍പ്പെടുത്തണം. വാസ്തുപുരുഷ മുഹൂര്‍ത്തവും വാസ്തു സംബന്ധമായ കര്‍മ്മങ്ങള്‍ക്ക് ഉള്‍പ്പെടുത്തണം. എന്തെന്നാല്‍ ഇവ രണ്ടും പൊതുവെ വിശ്വാസികള്‍ പിന്തുടര്‍ന്ന് വരുന്നവയാണ്.
5) തര്‍ക്കമുള്ള ആചാരമുഹൂര്‍ത്തങ്ങളെ കുറിച്ച് പഞ്ചാംഗത്തിലും കലണ്ടറിലും ചെറിയൊരു വിശദീകരണവും നല്കുന്നത് വിശ്വാസികള്‍ക്ക് ഗുണപ്രദമാകും.
6) പഞ്ചാംഗങ്ങളുടെ വിലയും ഒന്ന് ക്രമപ്പെടുത്തിയാല്‍ നല്ലതായിരിക്കും. ചിലതിന് 80 രൂപയെങ്കില്‍ വേറെ ചിലതിന് 150 രൂപ!! മറ്റ് ചില പഞ്ചാംഗത്തിന് മറ്റൊരു വില. ഒരു വിട്ടുവീഴ്ച്ചയൊക്കെ ആകരുതോ?
ഏവർക്കും സ്വർഗ്ഗവാതിൽ ഏകാദശി ആശംസകൾ നേർന്നുകൊള്ളുന്നു.
ഓം നമോ നാരായണായ…
അനിൽ വെളിച്ചപ്പാടൻ,
(മൊബൈൽ: +91 94971 34134)
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കരുനാഗപ്പള്ളി
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Story Summary: Swargavathil Ekadashi; the auspicious day when the door to Vaikuntha is opened
Copyright 2025 NeramOnline.com . All rights reserved