ശാസ്താ ഷഡ് ക്ഷേത്രങ്ങൾ – 2
ധർമ്മശാസ്താവ് ഭാര്യമാരായ പൂർണ്ണ – പുഷ്കലമാരോടും പുത്രനായ സത്യകനോടും കൂടി ഗൃഹസ്ഥാശ്രമിയായി വാണരുളുന്ന അച്ചൻകോവിൽ ധർമ്മശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലാണ്. ഷഡാധാര ചക്രങ്ങളിൽ മൂലാധാരം കഴിഞ്ഞാൽ അടുത്ത ചക്രമായ സ്വാധിഷ്ഠാന ചക്രസ്ഥിതനായ അച്ചൻകോവിൽ ശാസ്താവിനെ ദർശിച്ചാൽ ഏകാഗ്രതയും വിജയവും സൗന്ദര്യബോധവും സമഭാവനയും അതിന്റെ ഏറ്റവും സംശുദ്ധമായ രൂപത്തില്‍ അനുഭവിക്കാൻ സാധിക്കും എന്നാണ് വിശ്വാസം.

തമിഴർക്ക് മണികണ്ഠ മുത്തിയൻ
പാപനാശത്ത് ദേവകളാൽ അർച്ചിക്കപ്പെടുന്ന അയ്യനാരായും, കുളത്തുപ്പുഴയിൽ ബാലകനായും, ആര്യങ്കാവിൽ തൃക്കല്യാണ സ്വരൂപനായും , അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനാവസ്ഥയിലുള്ള ചിന്മുദ്രാധാരിയായും, കാന്തമലയിൽ പരമാത്മാവായും ഭഗവാൻ ധർമ്മശാസ്താവ് കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ആര്യങ്കാവ് പഞ്ചായത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് കിഴക്ക് ദർശനമായാണ് അച്ചൻകോവിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ശാസ്താക്ഷേത്രം എന്നാണ് ഐതിഹ്യം. തമിഴ്നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. തമിഴ്നാട്ടുകാർ ഇവിടെ ഭഗവാനെ വിളിക്കുന്നത് മണികണ്ഠ മുത്തിയൻ എന്നാണ്.
വിഷബാധകളകറ്റുന്ന വൈദ്യനാഥൻ
ഗൃഹസ്ഥാശ്രമിയായ അച്ചൻകോവിൽ ധർമ്മ ശാസ്താവ് വിഷഹാരിയാണ്. സർപ്പദോഷം, സർപ്പവിഷം, വിഷബാധകൾ എന്നിവ അകറ്റുന്ന വൈദ്യനാഥനായി ശാസ്താവ് ഇവിടെ വാഴുന്നു. സർപ്പസൂക്ത മന്ത്രത്താൽ സിദ്ധന്മാർ ഇവിടെ സർപ്പവിഷത്തിനു ചികിത്സിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. ഇവിടുത്തെ തീർത്ഥജലം വളരെ പ്രസിദ്ധമാണ്. സർപ്പദംശനമേറ്റവർ ഇവിടെയെത്തി തീർത്ത ജലം വാങ്ങി മുറിവിൽ പുരട്ടുകയോ, ഉള്ളിൽ കഴിക്കുകയോ ചെയ്താൽ സർപ്പ വിഷത്തിൽ നിന്നും മുക്തരാകുന്നു. അതിനായി ഏതുസമയത്തു ചെന്നാലും, പാതിരാത്രിയാണെങ്കിൽ കൂടി നട തുറക്കപ്പെടുന്ന ക്ഷേത്രം എന്ന അപൂർവ്വതയും ഇവിടെയുണ്ട്. ഈ കാനനക്ഷേത്ര പരിസരത്ത് സർപ്പദംശനമേറ്റ് ആരും മരിക്കാറില്ല എന്നത് ഇവിടുത്തെ അനുഭവമാണ്. ശബരിമലയിലെന്നത് പോലെ ഇവിടെയും പതിനെട്ടു പടികളുണ്ട്.

തേരോട്ടവും കറുപ്പൻ തുള്ളലും
മണ്ഡലകാലത്ത് ധാരാളം ഭക്തന്മാരെത്തുന്ന ഈ പുണ്യ സങ്കേതത്തിന്റെ ശ്രീകോവിൽ കരിങ്കൽ നിർമ്മിതമാണ്. ബലിക്കൽപുര, നാലമ്പലം തിടപ്പള്ളി മുഖമണ്ഡപം തുടങ്ങി മഹാക്ഷേത്രങ്ങൾക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. ധനുമാസം ഒന്നിന് കൊടിയേറുന്ന ഉത്സവം വളരെ പ്രസിദ്ധമാണ്. ഉത്സവത്തിന്റെ ഒമ്പതാം ദിവസം നടത്തുന്ന തേരോട്ടവും കറുപ്പൻ തുള്ളലും അതിവിശേഷമായി കൊണ്ടാടുന്നു. കറുപ്പസ്വാമി ഭഗവാന്റെ പ്രധാന സേവകനായി ഇവിടെയും കുടികൊള്ളുന്നു. ഭഗവാൻ നാട് ചുറ്റാൻ ഇറങ്ങുന്ന സങ്കല്പമാണ് തേരോട്ടത്തിനു പിന്നിലുള്ളത്. തേരിൽ സഞ്ചരിക്കുന്ന ഭഗവാന്റെ മാർഗ്ഗതടസ്സങ്ങൾ നീക്കുന്നതിനാണ് കറുപ്പന്റെ പുറപ്പാട്.
ഉപദേവതകൾ അനവധി
സഹ്യപർവതത്തിലെ ഏഴുമലുകൾക്ക് അപ്പുറത്ത് സമുദ്രനിരപ്പിൽ നിന്നും അറുനൂറു മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പുണ്യഭൂമിയിലെത്തി ഭഗവാനെ ദർശിക്കുന്നത് ആനന്ദദായകം മാത്രമല്ല അനുഭൂതിദായകം കൂടിയാണ്. ഭഗവതി ശിവൻ ഗണപതി യക്ഷി നാഗരാജാവ് കറുപ്പസ്വാമി, കറുപ്പായിയമ്മ, ചേപ്പാറമുണ്ടൻ ചേപ്പാണിമാടൻ, സിങ്കിലിഭൂതത്താൻ തുടങ്ങി ഒട്ടേറെ ഉപദേവതകൾ ഇവിടെയുണ്ട്.

മകരത്തിൽ പുഷ്പാഭിഷേകം
മകരമാസത്തിലെ രേവതിയിൽ ഇവിടെ നടക്കുന്ന പുഷ്പാഭിഷേകം ഏറെ പ്രസിദ്ധമാണ്. അന്ന് ഇവിടെ പുനഃപ്രതിഷ്ഠാദിനമായി ആചരിക്കുന്നു. കൊല്ലവർഷം 1035 -ൽ അന്ന് പുല്ലുമേഞ്ഞിരുന്ന ശ്രീകോവിലിൽ അഗ്നിബാധയുണ്ടാവുകയും, ശാന്തിക്കാരൻ ഭഗവാന്റെ വിഗ്രഹം ഇളക്കി ഇല്ലത്തു കൊണ്ടു വച്ച ശേഷം അതിൽ വിലയം പ്രാപിച്ചതായും പറയപ്പെടുന്നു. പിന്നീട് 71 വർഷങ്ങൾക്കു ശേഷം കൊല്ലവർഷം 1106 മകര മാസത്തിലെ രേവതി നക്ഷത്രത്തിലാണ് പുനഃപ്രതിഷ്ഠ നടത്തിയത്. അതിഗംഭീരമായ പുഷ്പാഭിഷേകത്തോടെ അന്നു നടത്തിയ പുനഃപ്രതിഷ്ഠയെ ഓർമ്മിപ്പിക്കുന്ന ചടങ്ങുകളാണ് എല്ലാ മകരമാസത്തിലും രേവതിനാൾ നടത്തുന്ന പുഷ്പാഭിഷേകം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്ര ഭരണം.
ALSO READ
ക്ഷേത്രസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് : ബിജുലാൽ , (പ്രസിഡന്റ് ക്ഷേത്ര ഉപദേശകസമിതി, അച്ചൻകോവിൽ. ഫോൺ:9446364581)
അടുത്ത പോസ്റ്റിൽ: മംഗല്യ ഭാഗ്യം നൽകുന്ന ആര്യങ്കാവ് ധർമ്മ ശാസ്താവ്
അശോകൻ ഇറവങ്കര;
Email: ashokaneravankara@gmail.com
Story Summary : Acha Kovil Sri Dharma Shastha Temple ; Second Shadadhara Sastha Temple dedicated to Lord Ayyappa
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.