Thursday, January 15, 2026
Thursday, January 15, 2026
Home » ആര്യങ്കാവിലെ ബാലകൻ മംഗല്യ ഭാഗ്യം നൽകും; അകാലമൃത്യു ഭയം അകറ്റും

ആര്യങ്കാവിലെ ബാലകൻ മംഗല്യ ഭാഗ്യം നൽകും; അകാലമൃത്യു ഭയം അകറ്റും

0 comments

ശാസ്താ ഷഡ് ക്ഷേത്രങ്ങൾ – 3

ഷഡാധാര ചക്രങ്ങളിലെ മൂന്നാമത്തെ ചക്രമാണ് മണിപൂരകം. ശാസ്താ സങ്കല്പങ്ങളിൽ ഈ ചക്രസ്ഥാനം ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തിനു കൽപ്പിക്കുന്നു. പരശുരാമനാൽ പ്രതിഷ്ഠിതമെന്ന് വിശ്വസിക്കുന്ന ഈ പുണ്യ ക്ഷേത്രം ചെങ്കോട്ടയ്ക്കടുത്ത് കേരള തമിഴ്നാട് അതിർത്തിയിലാണുള്ളത്. ആര്യങ്കാകാവിലെ അയ്യനെ ദർശിച്ചാൽ മണിപൂരചക്രത്തെ ശുദ്ധീകരിക്കാം. അനന്തമായ ആഹ്ലാദത്തിന്റെ ഉറവിടമാണ് ഈ പുണ്യപുരാതന ശാസ്താക്ഷേത്രം. ഭഗവാനെ യുവാവായി സങ്കൽപ്പിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളിൽ ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട കഥകൾക്കാണ് ഏറെ പ്രാധാന്യമുള്ളത്.

ആര്യങ്കാവ് ബാലകൻ

പുഷ്കലാദേവിയിൽ ലയിച്ച പെൺകുട്ടി

പാണ്ഡ്യവംശജനായ പന്തളം രാജാവിന് പമ്പാതീരത്തു നിന്നും ശിശുവായി ലഭിച്ച അയ്യപ്പൻ കൗമാര പ്രായമെത്തിയപ്പോൾ വളർത്തച്ഛന്റെ നിർദ്ദേശപ്രകാരം ആയോധനകല അഭ്യസിക്കാൻ പാണ്ഡ്യദേശത്തേക്ക് തിരിച്ചു. വളർത്തമ്മയായ പന്തളം രാജ്ഞി കാഞ്ചനാദേവിയുടെ മൂലകുടുംബമുള്ള മധുരയിൽ അയ്യപ്പനെത്തി. അവിടെ ആയോധനകല അഭ്യസിച്ചു വരവേ പാരമ്പര്യമായി പട്ടു വസ്ത്ര വ്യാപാരം ചെയ്തുവന്ന ഒരു സൗരാഷ്ട്ര കച്ചവട കുടുംബത്തിലെ വ്യാപാരിയുടെ മകൾ അയ്യപ്പനിൽ അനുരക്തയായി. താൻ നിത്യ ബ്രഹ്മചാരിയാണെന്നും വിവാഹ ജീവിതം സാദ്ധ്യമാകില്ലെന്നും അയ്യപ്പൻ പെൺകുട്ടിയെ അറിയിച്ചു. എങ്കിലും അവൾ തന്റെ നിലപാടിൽ ഉറച്ചു നിന്നു. ആത്മഹത്യാ ഭീഷണി വരെ മുഴക്കി. ഒടുവിൽ ത്രികാലജ്ഞാനിയായ അയ്യപ്പൻ അവളോട് ആര്യങ്കാവിലെത്താൻ നിർദ്ദേശിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് പട്ടുവസ്ത്രങ്ങൾ എത്തിക്കുന്നത് ഈ പെൺകുട്ടിയുടെ പിതാവായിരുന്നു. ഒരുനാൾ രാജാവിന് നൽകാനുള്ള പട്ടുമായി പോന്ന വ്യാപാരിയോടൊപ്പം മകളും ഇവിടേക്ക് തിരിച്ചു. തമിഴ്നാട് അതിർത്തിക്കുശേഷം ആര്യങ്കാട് മാമ്പഴത്തറ വഴി വനത്തിലൂടെ കാൽനടയായിട്ടായിരുന്നു പത്മനാഭപുരത്തേക്കുള്ള യാത്ര. വ്യാപാരിയും മകളും ആര്യങ്കാവിൽ എത്തിയത് അസമയത്തായതിനാലും തുടർന്നുള്ള വഴിയിൽ കൊള്ളക്കാരുടെ ശല്യം ഉള്ളതിനാലും, മകളെ ആര്യങ്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനെ ഏൽപ്പിച്ച് വ്യാപാരി യാത്ര തുടർന്നു. വഴിമദ്ധ്യേ ഒരു കാട്ടാന വ്യാപാരിയെ തടഞ്ഞു. ഭയന്നോടിയ വ്യാപാരിക്കു പിന്നിലും ഒരു കാട്ടാന നിന്നിരുന്നു. പരവശനായ അദ്ദേഹത്തിന് അപ്പോൾ അവിടെയെത്തിയ ഒരു കാട്ടുജാതിക്കാരൻ രക്ഷകനായി. അവൻ ആനകളെ വിരട്ടിയോടിച്ചു. സന്തോഷം കൊണ്ട് രക്ഷകന് ഒരു നീലപ്പട്ട് സമ്മാനിച്ച ശേഷം വ്യാപാരി യാത്രയായി. വ്യാപാരാനന്തരം ആര്യങ്കാവിൽ മടങ്ങിയെത്തിയ വ്യാപാരി താൻ കാട്ടുജാതിക്കാരനു നൽകിയ നീലപ്പട്ട് ശാസ്താവിഗ്രഹത്തിൽ ചാർത്തിയിരിക്കുന്നതാണ് കണ്ടത്. മകളെ കാണാതെ പരിഭ്രാന്തനായ അദ്ദേഹം, മകൾ ശാസ്താവിൽ ലയിച്ചുചേർന്നു എന്ന അശരീരിയാണ് കേട്ടത്. വിവരമറിഞ്ഞ ആളുകൾ ഒത്തുകൂടി. പെൺകുട്ടി ശ്രീകോവിലിൽ മുന്നിൽ നിന്നു മാറാൻ കൂട്ടാക്കിയില്ലെന്നും, പിന്നീട് അപ്രത്യക്ഷയായി എന്നുമുള്ള ശാന്തിക്കാരന്റെ മറുപടിയിൽ തൃപ്തനാകാതെ അദ്ദേഹം നിലവിളിച്ചു കൊണ്ടേയിരുന്നു. തുടർന്ന് വിപുലമായ ദേവപ്രശ്നം നടത്തുകയും, വ്യാപാരിയുടെ മകൾ പുഷ്കലാദേവിയിൽ ലയിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടു. തുടർന്ന് മാമ്പഴത്തറയിൽ ഒരു ദേവീക്ഷേത്രം പണിഞ്ഞ് ആ ചൈതന്യത്തെ അവിടേക്ക് ആവാഹിച്ചു. ഈ സംഭവങ്ങളുടെ അനുസ്മരണയ്ക്കായി അന്നുമുതൽ നടന്നുവരുന്ന ലോകപ്രസിദ്ധമായ ഉത്സവ ചടങ്ങാണ് ആര്യങ്കാവിലെ തൃക്കല്യാണം.

ആര്യങ്കാവ് ക്ഷേത്ര കവാടം

പാണ്ഡിയൻ മുടിപ്പ് ആര്യങ്കാവിലെ തൃക്കല്യാണം

ഭഗവാനിൽ വിലയം പ്രാപിച്ച ദേവിയുടെ കുടുംബക്കാരായ മധുരയിൽ താമസിക്കുന്ന സൗരാഷ്ട്രക്കാരുടെ ആദ്യസംഘം എല്ലാവർഷവും വൃശ്ചികം 29 ന് ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെ തൃക്കല്യാണോത്സവത്തിനു തുടക്കമാകും. അവർ മാമ്പഴത്തറയിലേക്ക് പോയി അവിടെയുള്ള ദേവീക്ഷേത്രത്തിൽ നിന്നും ദേവിയെ ദീപത്തിൽ ആവാഹിച്ച് പിറ്റേന്ന് തിരികെയെത്തുന്നു. ധനുമാസം അഞ്ചാം തീയതിയോടെ രണ്ടാമത്തെ സംഘം മധുരയിൽ നിന്നും എത്തിച്ചേരുകയും ഒമ്പതാം തീയതി രാത്രി വിവാഹനിശ്ചയം നടത്തുകയും ചെയ്യുന്നു. ‘പാണ്ഡിയൻ മുടിപ്പ് ‘ എന്നാണ് ഈ ചടങ്ങിനു പറയുന്നത്. പണ്ട് തിരുവിതാംകൂർ മഹാരാജാവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇതു നടന്നിരുന്നത്. അടുത്ത ദിവസമാണ് തൃക്കല്യാണം. അന്നു ദേവിയെ മഞ്ചലിലും ധർമ്മശാസ്താവിനെ കാള വാഹനത്തിലും എഴുന്നള്ളിക്കുന്നു. ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം വച്ച ശേഷം ശാസ്താവും ദേവിയും അന്യോന്യം മാല കൈമാറും. തുടർന്ന് രണ്ടുപേരും മണ്ഡപത്തിൽ ഉപവിഷ്ടരാകുന്നു. ക്ഷേത്രവളപ്പിനുള്ളിലെ ഇരുപത്തിയോൻപതു കൽത്തൂണുകളിലായി താങ്ങി നിർത്തിയിട്ടുള്ള കൽമണ്ഡപത്തിൽ വച്ചാണ് ഈ ചടങ്ങു നടക്കുന്നത്. മുഹൂർത്തത്തിന് താലികെട്ടാൻ തുടങ്ങുമ്പോൾ ഒരു ചുവന്ന പട്ട് ഉയർത്തിക്കാട്ടി ദേവി “തൃപ്പൂത്തായി”എന്ന സൂചന നൽകുന്നതോടെ വിവാഹം മുടങ്ങുന്നു. തൃക്കല്യാണം അടുത്ത വർഷത്തേക്ക് മാറ്റിവെച്ച്, അടുത്തദിവസം കുംഭാഭിഷേകം നടത്തി ചടങ്ങുകൾ അവസാനിപ്പിക്കുന്നു.

ALSO READ

വിവാഹതടസ്സവും ശനി ദോഷവും മാറ്റും

പഞ്ചലോഹത്തിലാണ് ആര്യങ്കാവിലെ പ്രതിഷ്ഠ. പതിനൊന്നു ദിവസത്തെ തിരുക്കല്യാണ ഉത്സവം തന്നെയാണ് ഇവിടെ പ്രധാനം. മംഗല്യ ഭാഗ്യത്തിനായി ആര്യങ്കാവിൽ എത്തി വഴിപാടുകൾ നടത്തിയാൽ ഒരു വർഷത്തിനകം വിവാഹം നടക്കുമെന്ന് ഭക്തർ ഉറച്ചു വിശ്വസിക്കുന്നു. വിവാഹതടസ്സം മാറാനും ജാതകത്തിലെ 7, 8 ഭാവങ്ങളിലെ ശനിദോഷം നീങ്ങാനും, സന്ന്യാസയോഗത്താലുള്ള വിവാഹതടസ്സം മാറാനും ജാതകത്തിലെ അഞ്ച്, ഒൻപത് എന്നീ ഭാവങ്ങളിലുള്ള ശനിസ്ഥിതി കൊണ്ടുള്ള ദോഷം ഇല്ലാതാകാനും ചതുർഗ്രഹയോഗം, പ്രവ്രജ്യായോഗം എന്നിവ കൊണ്ടുള്ള പ്രതികൂലാവസ്ഥകൾ മാറാനും , ആപത് രക്ഷയ്ക്കും അകാലമൃത്യു ഭയം അകലുന്നതിനും ഇവിടുത്തെ ദർശനം സഹായിക്കുന്നു. പ്രപഞ്ച ശക്തിയും ഭൂമിതത്വവും മനുഷ്യതലവും പ്രാണശക്തിയായി പരിണമിക്കുന്നതാണ് മണിപൂര ചക്രവിശേഷം. പ്രാണ ശക്തിക്ക് പ്രാധാന്യമുള്ള ഈ പുണ്യ സങ്കേതം ആത്മാനന്ദ ക്ഷേത്രംകൂടിയാണ്.

ക്ഷേത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക്: അയ്യപ്പൻകുട്ടി (ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഫോൺ:9496180789)

അടുത്ത പോസ്റ്റിൽ: കുളത്തൂപ്പുഴയിലെ ബാലകൻ ത്വക്ക് രോഗങ്ങളും ശനി ദോഷവും ശമിപ്പിക്കും

അശോകൻ ഇറവങ്കര;
Email: ashokaneravankara@gmail.com

Story Summary : Aryankavu Sri Dharma Shastha Temple; Third dedicated to Lord Ayyappa

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?