ശാസ്താ ഷഡ് ക്ഷേത്രങ്ങൾ – 7
ഷഡാധാരങ്ങളിൽ ആജ്ഞാചക്ര സ്ഥാനമാണ് ശബരിമലയ്ക്കുള്ളത്. അദ്വൈതമൂർത്തിയായ ധർമ്മ ശാസ്താവിന്റെ പൂർണ്ണാവതാരമായ അയ്യപ്പന്റെ വിലയം കൊണ്ട് അതിവൈശിഷ്ട്യമാർന്ന പുണ്യഭൂമിയാണിത്. സർവ്വന്തര്യാമിയായ ചിച്ഛക്തിയെ ശാസ്താവിന്റെ രൂപത്തിൽ ഇവിടെ ആരാധിക്കപ്പെടുന്നു.
പതിനെട്ടു പടി കടന്നാൽ പരബ്രഹ്മം
ശാസ്താവിന്റെ വിഗ്രഹത്തിൽ ലയിച്ചു ചേർന്ന പന്തള രാജകുമാരനായ മണികണ്ഠസ്വാമി തന്റെ സേവകരായ കറപ്പസ്വാമി, വലിയ കടുത്തസ്വാമി , ചെറിയ കടുത്തസ്വാമി വാപുരൻ (വാവർ), കടൂരവൻ, കന്നിമൂലയിൽ ഗണപതി, മാളികപ്പുറത്ത് അമ്മ എന്നിവരോടൊപ്പം ഈ കാനന ക്ഷേത്രത്തിൽ വാഴുന്നു. പതിനെട്ടുപടികൾ കടന്നുള്ള ഭഗവത്ദർശനം യോഗ ശാസ്ത്രപ്രകാരമുള്ള പ്രതീകങ്ങളാകുന്നു. സുഷുമ്നാനാഡി മാർഗ്ഗത്തിലുള്ള ഷഡാധാര ചക്രങ്ങൾ എന്നറിയപ്പെടുന്ന ആറ് ഊർജ്ജകേന്ദ്രങ്ങൾക്കും മുമ്മൂന്നു പിരിവുകൾ ഉണ്ടെന്നും അങ്ങനെ പതിനെട്ടു പടികളും കടന്നിട്ടാണ് കുണ്ഡലിനീശക്തി പരബ്രഹ്മത്തിൽ ലയിക്കുന്നതെന്നും യോഗശാസ്ത്രത്തിൽ പറയുന്നു. മണികണ്ഠൻ ശാസ്താവിൽ വിലയം പ്രാപിക്കുന്നതിനു മുൻപ്, തന്റെ പതിനെട്ടായുധങ്ങളും ഓരോ പടിയിലും വച്ച് നിരായുധനായാണ് ശാസ്താവിൽ ലയിച്ചത് എന്നു വിശ്വസിക്കുന്നു. തനിക്ക് ഏറ്റവും പ്രിയമായ ചുരിക വളർത്തച്ഛനെ ഏൽപ്പിച്ച ശേഷം എല്ലാവർഷവും ഇതു കൊണ്ടുവന്ന് തന്നെ അണിയിക്കണമെന്ന് നിർദ്ദേശിച്ചു.
ശാസ്താദർശനം മോക്ഷം തരും
പതിനെട്ടു പടികൾ പതിനെട്ടു തത്വങ്ങളായും , പതിനെട്ടു ദേവതകളായും, പതിനെട്ടുമലകളുടെ പ്രതീകങ്ങളായുമെല്ലാം കരുതപ്പെടുന്നു. അതു കടന്നശേഷം യോഗിയായി സമാധിരൂപത്തിൽ ചിന്മുദ്രാങ്കിതനായിരിക്കുന്ന ശാസ്താവിന്റെ ദർശനം മോക്ഷത്തെയാണ് പ്രദാനം ചെയ്യുന്നത്. ഇവിടെ ഭഗവാനും ഭക്തരും തമ്മിൽ വേർതിരിവില്ല. അതു നീ തന്നെയാണെന്ന സ്വത്വബോധം ഭക്തനെ പരിശുദ്ധനാക്കുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായി, യോഗനിഷ്ഠനായിയിരിക്കുന്ന ഭഗവാൻ ഭക്തി വേണ്ടവർക്ക് ഭക്തിയും മുക്തി വേണ്ടവർക്ക് മുക്തിയേയും നൽകുന്നു. പരമാനന്ദ സ്വരൂപനായി അഷ്ടൈശ്വര്യ മൂർത്തിയായി, യുക്തിക്കും ശാസ്ത്രത്തിനും ബുദ്ധിക്കുമെല്ലാം അതീതനായി ഭഗവാൻ ഇവിടെ വാഴുന്നു.
പഞ്ചഭൂതങ്ങളുടെയും നാഥൻ
ഇരുമുടിക്കെട്ടിൽ പുണ്യപാപങ്ങള്‍ നിറച്ചുവന്ന് അതു സമർപ്പണം ചെയ്ത് പാപമുക്തി നേടി സ്വബോധത്തോടെ സ്വകർമ്മത്തിൽ നിരതനായി തുടർ കാലം ജീവിക്കാനുള്ള വരം ഇവിടെ ലഭിക്കുന്നു. ശബരിമല ഒരു വിനോദസഞ്ചാര സ്ഥലമല്ല. സ്രഷ്ടാവുമായി, പഞ്ചഭൂതങ്ങളുടെ നാഥനായ ഭൂതനാഥനുമായി സംവേദിക്കാനുള്ള സ്ഥലമാണത്. ഭക്തിക്കും നിഷ്ഠയ്ക്കുമാണ് ഇവിടെ സ്ഥാനം. പഞ്ചഭൂതത്തിൽ നിർമ്മിക്കപ്പെട്ട ശരീരത്തെ ഭൂതനാഥനു മുന്നിൽ സമർപ്പിച്ച് ശരീരവും മനസ്സും ആത്മാവും ശുദ്ധീകരിക്കാനുള്ള ഇടമാണിവിടം ഇവിടെ ജാതിമതവർണവർഗ്ഗ ഭേദമില്ല. ഏതൊരു വിശ്വാസിക്കും ഇവിടെ ദർശനം നടത്താം. തത്ത്വമസി – നീയും ഞാനും ഒന്നാണ് രണ്ടല്ല എന്ന് ഓർമ്മിപ്പിക്കുന്ന ലോകത്തിലെ ഒരേയൊരു ദേവാലയമാണിവിടം. വ്രതനിഷ്ഠമായ മനസ്സും ശരീരവുമായി ദർശനം നടത്തുമ്പോൾ ഭക്തന്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേയുള്ള ആജ്ഞാചക്രത്തിലെ ഊർജപ്രവാഹ ശക്തിയിലൂടെ അവന്റെ മോക്ഷ കവാടം തുറക്കപ്പെടുന്നു.
അനിർവചനീയമായ അനുഭൂതി
ദൈവികശക്തിയെ സ്വന്തം ആജ്ഞാ ചക്രത്തിലേക്ക് സ്വാംശീകരിക്കാൻ ശബരിമല ശാസ്താ ദർശനം സഹായിക്കുന്നു. അയ്യപ്പദർശനം ലഭിക്കുന്ന ഭക്തനു ലഭിക്കുന്ന അനിർവചനീയമായ അനുഭൂതിയും നിർവൃതിയും കഠിനമായ വ്രതചര്യങ്ങളിലൂടെയും ദുർഘടം പിടിച്ച വഴികളിലൂടെയും പിന്നെയും പിന്നെയും ഇവിടേക്ക് എത്താൻ പ്രേരണയാകുന്നു. സ്രഷ്ടാവും സൃഷ്ടിയും ഒന്നാകുന്ന മുഹൂർത്തമാണ് ശബരിമല അയ്യപ്പദർശനം. സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ പരസ്പരം മനസ്സാലും ആത്മാവിനാലും സംവദിക്കുന്ന മുഹൂർത്തത്തിന് സാക്ഷിയാകുന്ന പുണ്യഭൂമിയാണിത്.
തേജോവതി ശാസ്താ ലോകം
കാന്തമലയിലാണു സഹസ്രാരപത്മത്തിന്റെ സ്ഥാനം. പടിയാറും കടന്ന് അവിടെ ചെല്ലുമ്പോഴാണ് ആത്യന്തികമായി ജീവാത്മാവ് പരമാത്മാവിൽ ലയിച്ചുചേരുന്നത്. കാന്തമല സാധാരണ മനുഷ്യനെ സംബന്ധിച്ച് അപ്രാപ്യമാണ്. കാന്തമലയുടെ പ്രവേശനസ്ഥാനമാണ് പൊന്നമ്പലമേടെന്നു വിശ്വസിച്ചുപോരുന്നു. മഹാകാലം അഥവാ ‘തേജോവതി’ എന്നതാണു ശാസ്താവിന്റെ ലോകം. അവിടെ പൂർണ, പുഷ്കല എന്നീ പത്നിമാരോടൊപ്പം ശാസ്താവ് വാഴുന്നു. എല്ലാ കർമ്മബന്ധങ്ങളും ഒടുങ്ങുമ്പോൾ നമ്മൾ അവിടെയെത്തും. കുണ്ഡലിനീ ശക്തി ഷഡാധാരങ്ങളെയും ഭേദിച്ച് സഹസ്രാരപത്മത്തിൽ അഥവാ പരമപഥത്തിൽ എത്തുന്നയിടം ഇവിടെ എത്തുന്ന മനുഷ്യജന്മം അമരനായി വാഴും. പൂർണ്ണതയുടെ പരമോന്നതിയാണ് കാന്തമല. യോഗവിദ്യ പ്രകാരമുള്ള ഷഡാധാര ചക്രത്തിന്റെ ഉത്തേജനത്തിനായി സൊരിമുത്തിയൻ, അച്ചൻകോവിൽ, ആര്യൻകാവ്, കുളത്തൂപ്പുഴ, എരുമേലി, ശബരിമല എന്നീ ക്ഷേത്രങ്ങൾ ക്രമപ്രകാരം പൂർണമായുള്ള ആചാരം, വ്രതം എന്നിവ പാലിച്ച് ദർശനം നടത്തിയാൽ ആത്യന്തികമായ ആത്മസാക്ഷാത്കാരം തന്നെയാണ് ഫലം.
ALSO READ
അശോകൻ ഇറവങ്കര;
Email: ashokaneravankara@gmail.com
Story Summary : Shabarimala Sri Dharma Shastha Temple; Sixth Shadadhara temple dedicated to Lord Ayyappa
Highlights
ശബരിമല ശാസ്താവ് ഭക്തിയും മുക്തിയും ഒരു പോലെ നൽകും
യുക്തിക്കും ബുദ്ധിക്കും അതീതനായ അഷ്ടൈശ്വര്യ മൂർത്തി അയ്യപ്പൻ
പൂർണ്ണതയുടെ പരമോന്നതിയായ കാന്തമലയുടെ പ്രവേശന സ്ഥാനം പൊന്നമ്പലമേട്
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App )
Copyright @ 2025 NeramOnline.com . All rights reserved.