Wednesday, February 4, 2026
Wednesday, February 4, 2026
Home » മകരവാവ്, മാഘ മഹോത്സവാരംഭം, മകരച്ചൊവ്വ, വാരാഹി പഞ്ചമി, ഷഷ്ഠി ;  ഈ ആഴ്ചയിലെ നക്ഷത്രഫലം

മകരവാവ്, മാഘ മഹോത്സവാരംഭം, മകരച്ചൊവ്വ, വാരാഹി പഞ്ചമി, ഷഷ്ഠി ;  ഈ ആഴ്ചയിലെ നക്ഷത്രഫലം

0 comments

(2026 ജനുവരി 18 – 24)
മകരവാവ്, തിരുനാവായയിലെ മാഘ മഹോത്സവ ആരംഭം, മകരച്ചൊവ്വ, വസന്തപഞ്ചമി, വാരാഹി പഞ്ചമി ഷഷ്ഠി എന്നിവയാണ് ജനുവരി 18 ന് ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ജനുവരി 18 നാണ് മകരവാവ്. കർക്കടക വാവ് പോലെ പിതൃകർമ്മങ്ങൾക്ക് പ്രധാനമാണ് മകരവാവും. മൗനി അമാവാസി എന്ന പേരിലും അറിയപ്പെടുന്ന ഈ ദിനം ശ്രാദ്ധകർമ്മങ്ങൾക്ക് വിശേഷമാണ്. പിറ്റേന്ന് തിങ്കളാഴ്ച മാഘമാസം തുടങ്ങും. മാഘ നവരാത്രി ആരംഭമായ ഈ ദിവസമാണ് കേരളത്തിൻ്റെ കുംഭമേളയായ മാനഘ മാഹോത്സവത്തിന് തിരുനാവായയിൽ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധർമ്മ ധ്വജാരോഹണം നടത്തുന്നത്. മാഘഗുപ്ത നവരാത്രി നാളിൽ തുടങ്ങുന്ന ഈ കുംഭമേള ഫെബ്രുവരി 3ന് മകം നക്ഷത്രത്തിൽ സമാപിക്കും. ജനുവരി 20 നാണ് മകരചൊവ്വ. സുബ്രഹ്മണ്യനും മുരുകനും ഒരു പോലെ വിശേഷപ്പെട്ട ദിവസമാണ് മകരച്ചൊവ്വ. ചൊവ്വ ബലവാനാകുന്ന രാശിയായതിനാലാണ് മകരച്ചൊവ്വയ്ക്ക് വൻ പ്രാധാന്യം വരുന്നത്. ജനുവരി 23 നാണ് മാഘമാസത്തിലെ വെളുത്തപക്ഷ പഞ്ചമിയായ വസന്തപഞ്ചമി അഥവാ ശ്രീ പഞ്ചമി. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായി ഉത്തര ഭാരതത്തിൽ വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ആഘോഷമാണിത്. ഈ ദിവസം തന്നെയാണ് മകരമാസം വെളുത്ത പക്ഷത്തിലെ വാരാഹി പഞ്ചമി. ജനുവരി 24 ശനിയാഴ്ചയാണ് സുബ്രഹ്മണ്യ പ്രീതികരമായ മകരത്തിലെ ഷഷ്ഠി വ്രതം. 2026 ജനുവരി 18 ന് ധനുക്കൂറിൽ പൂരാടം നക്ഷത്രം നാലാംപാദത്തിൽ ആരംഭിക്കുന്ന വാരം ജനുവരി 24 ന് മീനക്കൂറിൽ രേവതി നക്ഷത്രം മൂന്നാം പാദത്തിൽ തീരും.  ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം ശ്രദ്ധിക്കണം. പതിവായി ഈശ്വരഭജനയും ധ്യാനവും ചെയ്യുക. പഴകിയ ഭക്ഷണം ഒഴിവാക്കുക. സാമ്പത്തിക ബുദ്ധിമുട്ട് മാറും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. കുടുംബാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. വിനോദയാത്ര പോകാൻ പദ്ധതിയിടും. ഭാഗ്യത്തിൻ്റെ പിന്തുണ ലഭിക്കും. ജോലിയിൽ വിജയം വരിക്കും. വെല്ലുവിളികളും പ്രതിബന്ധങ്ങളും തരണം ചെയ്തു മുന്നേറാൻ കഴിയും. അമിത ആത്മവിശ്വാസം, അലസത ദോഷം ചെയ്യും. ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2,3,4 രോഹിണി, മകയിരം 1,2)
ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കും. ആരോഗ്യം സൂക്ഷിക്കണം. വ്യായാമം ഒഴിവാക്കരുത്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കും. ഭാവി സുരക്ഷിതമാക്കാൻ നിക്ഷേപങ്ങൾ നടത്തും. സ്വജനങ്ങളെ സംശയിക്കരുത്. തീരുമാനങ്ങൾ വച്ച് താമസിപ്പിക്കരുത്. ജീവിത പങ്കാളിയെ എല്ലാ രീതിയിലും സഹായിക്കണം.
മേലുദ്യോഗസ്ഥർ പരുഷമായി പെരുമാറും. ചിലർ മനോവീര്യം തകർക്കാൻ ശ്രമിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ വിപരീത ഫലം ഉണ്ടാകും.ഓം ഭദ്രകാള്യൈ നമഃ ദിവസവും 108 തവണ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3,4 തിരുവാതിര, പുണർതം 1,2,3)
ആരോഗ്യം മെച്ചമാകും. വാഹനം ഓടിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. കുടുംബാംഗങ്ങൾക്കൊപ്പം സമയം സന്തോഷപ്രദമാക്കും. ഇഷ്ടപ്പെടുന്ന ചിലർക്ക് സമ്മാനം നൽകും. നേട്ടങ്ങളുടെ അവകാശം മറ്റുള്ളവർ സ്വന്തമാക്കാർ ശ്രമിക്കും. അതിന് ആരെയും അനുവദിക്കരുത്. ജോലിയിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടാകും. യാത്ര ഗുണം ചെയ്യും. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. ഭൂമി ഇടപാടുകൾ വഴി ലാഭം പ്രതീക്ഷിക്കാം. ചിലർക്ക് സന്താനഭാഗ്യം കാണുന്നു. നാരായണീയം പതിവായി ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
നിയമങ്ങൾ ലംഘിക്കാൻ ശ്രമിക്കരുത്. അഥവാ അങ്ങനെ ചെയ്താൽ കനത്ത പിഴ നൽകേണ്ടിവരും. സമൂഹത്തിൽ അംഗീകാരവും ആദരവും ലഭിക്കും.
സഹോദരങ്ങളുടെ ആരോഗ്യ പ്രശ്നം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കച്ചവടം പുരോഗമിക്കും. ബിസിനസ് രഹസ്യങ്ങൾ ആരുമായും പങ്കിടരുത്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണം. കുടുംബത്തിലെ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
മാനസിക സമ്മർദ്ദം അനുഭവിക്കും. വിശ്രമം അനിവാര്യമാണ്. ചെലവ് നിയന്ത്രിക്കണം. അനാവശ്യമായ വസ്തുക്കൾ വാങ്ങിക്കൂട്ടരുത്. പ്രതീക്ഷിച്ച ധനസഹായം ലഭിക്കും. കുടുംബവുമൊത്ത് സന്തോഷകരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. പ്രതികൂല സാഹചര്യങ്ങൾ മറികടക്കും. കോപം നിയന്ത്രിക്കണം. ആത്മാർത്ഥമായി എല്ലാ ജോലികളും ശരിയായി പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓം ഭാസ്കരായ നമഃ ദിവസവും 108 തവണ ജപിക്കുക.

ALSO READ

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
കുടുംബത്തിന്റെ അമിത ഇടപെടൽ മൂലം ആഗ്രഹങ്ങൾ പലതും നടക്കുന്നില്ല എന്ന തോന്നൽ ശക്തമാകും. പരുഷമായ പെരുമാറ്റം ഒഴിവാക്കണം. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി ചില പ്രശ്നങ്ങൾ ഉണ്ടാകും. അത് പേരുദോഷത്തിന് കാരണമാകും. ആരോഗ്യം മെച്ചമാക്കാൻ നന്നായി ശ്രമം നടത്തും. ജോലിയിൽ നെഗറ്റീവ് സ്വാധീനങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
അപ്രതീക്ഷിതമായി ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ സംഭവിക്കും. പുതിയ സംരംഭങ്ങൾക്ക് അതിശക്തമായി ശ്രമം തുടരും. മുടങ്ങിക്കിടന്ന ജോലികൾ
പൂർത്തിയാക്കും. അമിതാവേശം നിയന്ത്രിക്കണം. സ്ഥാനമാനങ്ങൾ ലഭിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യമായും ഭംഗിയായും നിറവേറ്റും. എതിരാളികളെ കീഴടക്കും. വിവാഹം തീരുമാനിക്കും. യുവതീ യുവാക്കൾക്ക് സന്താനലാഭത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി കലഹിക്കരുത്. അനാവശ്യമായി ആരെയും സംശയിക്കരുത്. തിടുക്കത്തിൽ തീരുമാനം എടുക്കണം. ദിവസവും ലളിതാസഹസ്രനാമം ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ചില നല്ല വാർത്തകൾ കേൾക്കും. സന്തോഷം മറ്റുള്ളവരുമായി പങ്കിടണം. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തികമായി ധാരാളം നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ പദ്ധതികളിലെ വിജയം ആത്മവിശ്വാസം വർദ്ധിപ്പിക്കും. വിവാഹ വിഷയത്തിൽ മാതാപിതാക്കളുടെ പിൻതുണ സാഹചര്യം പൂർണ്ണമായും അനുകൂലമാക്കും. ജോലികൾ പൂർത്തിയാക്കി മേലുദ്യോഗസ്ഥരെ സന്തോഷിപ്പിക്കാൻ കഴിയും. ശമ്പള വർധനവ് നേടാനും കഴിയും. മത്സര പരീക്ഷകളിൽ വിജയം നേടും. നരസിംഹ മൂർത്തിയെ ഭജിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
വളരെക്കാലമായി എവിടെയെങ്കിലും കുടുങ്ങി കിടന്ന പണം ലഭിക്കും. വീട്ടിൽ കലഹവും തർക്കങ്ങളും ഒഴിവാക്കാൻ മനസ്സു വയ്ക്കുക. ആരോഗ്യത്തിൽ
നല്ല മാറ്റങ്ങൾ സംഭവിക്കും. തെറ്റുകൾ തിരുത്താൻ ശ്രമിക്കും. വാഹനം മാറ്റി വാങ്ങും. പേരും പ്രശസ്തിയും നേടും. ആരെങ്കിലുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, സംഭാഷണത്തിലൂടെ അത് സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുക. ജോലിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 തവണ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2,3,4, തിരുവോണം, അവിട്ടം1,2)
കർമ്മരംഗത്ത് ഉയർച്ച ഉണ്ടാകും. അപകടങ്ങൾ ഒഴിവാക്കാൻ കഴിയും. എല്ലാ രംഗത്തും സജീവമായി പ്രവർത്തിച്ച് അഭിനന്ദങ്ങൾ നേടും. കോടതിയിലുള്ള കേസിനെപ്പറ്റി അമിതമായി ഉത്കണ്ഠപ്പെടും. സ്വജനങ്ങളുമായുള്ള പ്രശ്നങ്ങൾ വഷളാക്കാതെ പറഞ്ഞു തീർക്കാൻ ശ്രമിക്കണം. ജീവിത പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ
കഴിയും. പരസ്പരം കൂടുതൽ അടുക്കും. തീർത്ഥയാത്രയ്ക്ക് അവസരം തെളിയും.
സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. ഓം ശരവണ ഭവഃ നിത്യവും 108 തവണ ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3,4, ചതയം, പുരുരുട്ടാതി 1,2,3)
എല്ലാകാര്യങ്ങൾക്കും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ കുറച്ച് ശ്രമം നടത്തും. വീട്ടിൽ നിന്നും മാറി നിൽക്കും. കോടതിയിൽ ഒരു വ്യവഹാരം നടക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് അനുകൂലമായി വരും. സഹപ്രവർത്തകന്  സഹായം വാഗ്ദാനം ചെയ്യും. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. സുഹൃത്തുക്കളെ സന്ദർശിക്കാൻ സാധ്യതയുണ്ട്. ക്ഷമയോടെ കാത്തിരുന്നാൽ സാഹചര്യങ്ങൾ അനുകൂലമായി വരും. മത്സര പരീക്ഷകളിൽ മികച്ച ഫലം ലഭിക്കും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യാൻ ആരെയും നിർബന്ധിക്കരുത്. സ്വാർത്ഥത ഒഴിവാക്കാൻ മന:പൂർവം ശ്രമിക്കണം. അധികാരം ദുരൂപയോഗം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിലപിടിപ്പുള്ള വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കണം. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സ്വയം ചികിത്സിക്കുന്നത് ഒഴിവാക്കണം. സ്വന്തമായി ഒരു വീട് കണ്ടെത്തുന്നതിൽ ചിലർ വിജയിക്കാൻ സാധ്യത കാണുന്നു. കുടുംബ ജീവിതത്തിലെ എല്ലാത്തരം ഉയർച്ചതാഴ്ചകളിൽ നിന്നും മോചനം നേടാൻ കഴിയും. വിദ്യാർത്ഥികൾക്ക് വായനയിലും പഠനത്തിലും താൽപ്പര്യം വർദ്ധിക്കും. ഓം നമോ നാരായണായ
ദിവസവും 108 തവണ ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App )

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?