മകരവിളക്ക് മഹോത്സവ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇതോടെ ഈ മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി. ഇന്ന്,
ജനുവരി 20 ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറന്നു. 5.15-ന് ഗണപതിഹോമത്തിന് ശേഷം ആറുമണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ മടക്കയാത്ര തുടങ്ങി.

തുടർന്ന് പന്തളം രാജപ്രതിനിധി പന്തളം രാജപ്രതിനിധി പുണർതം തിരുനാൾ പി. എൻ. നാരായണവർമ്മ ദർശനത്തിനായി എത്തി. ഈസമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അദ്ദേഹം ദർശനം പൂർത്തിയാക്കിയ ഉടൻ തന്നെ ഹരിവരാസനം പാടി നട അടച്ചു. തുടർന്ന് മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി 18 പടികൾ ഇറങ്ങിവന്ന് ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധിക്ക് കൈമാറി. രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസിന് നൽകിയ ശേഷം. ക്ഷേത്രത്തിന്റെ താക്കോൽ തിരിച്ച്
മേൽശാന്തിയെ ഏല്‍പ്പിച്ചു. പതിനെട്ടാം പടിക്ക് താഴെവച്ചാണ് ഈ ചടങ്ങ് നടന്നത്. എക്സിക്യൂട്ടീവ് ഓഫീസർ ഒ. ജി. ബിജു സന്നിഹതനായിരുന്നു.

തിങ്കളാഴ്ച രാത്രി നടന്ന ഗുരുതിയോടെ ആണ് ഈ തീർത്ഥാടനകാലത്തിന് സമാപനം കുറിച്ചത്. മാളികപ്പുറത്ത് മലദൈവങ്ങൾക്കും ഭൂതഗണങ്ങൾക്കും നടത്തുന്ന സമർപ്പണമാണ് ഗുരുതി. അത്താഴപൂജ കഴിഞ്ഞ് ശ്രീകോവിൽ അടച്ചപ്പോൾ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രനട അടച്ച് തിരുമുറ്റത്ത് നിന്ന്
എല്ലാ ഭക്തരെയും താഴെയിറക്കി. മണിമണ്ഡപത്തിന് മുന്നിൽ കളം വരച്ച് വാഴപ്പോളയിൽ കുരുത്തോലകൾ കുത്തി അലങ്കരിച്ചു. അവിടെ മല ദൈവങ്ങൾക്ക് വിളക്കുവച്ച് ദേവതകളെയും ഭൂതഗണങ്ങളെയും കളത്തിലേക്കു ക്ഷണിച്ചു. തുടർന്ന് കർമ്മികൾ കുമ്പളങ്ങ മുറിച്ച് ഗുരുതി നടത്തി. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ‘നിണം’ തൂകി നടത്തിയ ഗുരുതിക്ക് കാർമ്മികത്വം വഹിച്ച കുറുപ്പന്മാർക്ക് രാജപ്രതിനിധി പുണർതം തിരുനാൾ പി. എൻ. നാരായണവർമ്മ പണക്കിഴി സമ്മാനിച്ചു. തിങ്കളാഴ്ച രാത്രി അത്താഴ പൂജയോടെ ഭക്തരുടെ ദർശനം പൂർത്തിയായിരുന്നു.
Story Summary: Sabarimala Temple closed after Mandala – Maksravilakku festival Season
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.