അതിവേഗം സുബ്രഹ്മണ്യപ്രീതി നേടാൻ അനുഷ്ഠിക്കുന്ന സുപ്രധാനമായ വ്രതമാണ് ഷഷ്ഠി. സന്താനങ്ങളുടെ ശ്രേയസ്സിനും ദാമ്പത്യ സൗഖ്യത്തിനും സാമ്പത്തികമായ ബാധ്യതകൾ മാറുന്നതിനും സന്താന ഭാഗ്യത്തിനും ഏറ്റവും ഗുണകരമായ വ്രതമാണിത്. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതം എടുക്കുന്നത്. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഏറ്റവും ഫലപ്രദമായ വ്രതാനുഷ്ഠാനമാണിത്. 2026 ജനുവരി 25 ഞായറാഴ്ചയാണ് മകരമാസത്തിലെ ഷഷ്ഠി.
ദുഃഖങ്ങൾ അതിവേഗം നീങ്ങും
ഈ ഷഷ്ഠിയില്‍ സ്‌കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാന പ്രാപ്തി ഉണ്ടാകും. സൂര്യന്‍ വിഷ്ണു രൂപം പ്രാപിച്ച ദിവസമാണിത്. ഷഷ്ഠി തിഥി സമയം: ജനുവരി 24 ന് ഉച്ചയ്ക്ക് 1:48 മുതൽ 25 ന് പകൽ 12:40 വരെ. ശ്രീസുബ്രഹ്മണ്യ ഉപാസനയുടെ പ്രധാന സവിശേഷത പെട്ടെന്നുള്ള ഫലസിദ്ധിയാണ്. ഷഷ്ഠി വ്രതം നോറ്റ് മുരുകനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും അതിവേഗം നീങ്ങും.
ഒരോ ഷഷ്ഠിക്കും പ്രത്യേക ഫലം
ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും ഒരോ ഐതിഹ്യങ്ങളുമുണ്ട്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠി തിഥിയാണ് ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. ജാതകവശാൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവരും ചൊവ്വാ ദോഷമുള്ളവരും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.
വ്രതനിഷ്ഠ, ജപം
ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രമായ ഓം വചദ്ഭുവേ നമഃ കഴിയുന്നത്ര തവണ ജപിക്കുന്നത് നല്ലതാണ്. സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ കവചം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീ സ്തോത്രം, സുബ്രഹ്മണ്യ കരാവലംബ സ്തോത്രം, ഗുഹാഷ്ടകം, കാർത്തികേയ കരാവലംബ സ്തോത്രം എന്നിവയും കഴിയുന്നത്ര ജപിക്കണം. സ്‌കന്ദപുരാണം പാരായണം ചെയ്യണം. വഴിപാട് , പ്രസാദമൂട്ട് എന്നിവ നടത്തണം. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു കിട്ടുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. ആരോഗ്യ പ്രശ്‌നമുള്ളവർ അതിനനുസരിച്ച് വ്രതം അനുഷ്ഠിക്കുക. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണ വിടുന്നു.
ഇവർ ഗായത്രി ജപിക്കണം
ഷഷ്ഠിനാളിൽ മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്ക് സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യവും ജപിക്കാനും സുബ്രഹ്മണ്യ ഗായത്രി നല്ലതാണ്. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്ത ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം കഴിക്കാം.
സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്
ALSO READ
സുബ്രഹ്മണ്യ ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം
ഭഗവൽ രൂപം സങ്കല്പിച്ച് ജപിക്കണം
ഭഗവാനെ ധ്യാനിച്ച് ഭഗവൽ രൂപം സങ്കല്പിച്ച് വേണം ധ്യാനശ്ലോകം ജപിക്കാൻ. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധിയുണ്ടാകും. ശ്ലോക അർത്ഥം: തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം ഇവയാൽ വിഭൂഷിതനും ചമ്പകമാലയാൽ അലങ്കരിച്ച കഴുത്തോടുകൂടിയവനും ഇരുകൈകളിൽ വേൽ, വജ്രം ധരിക്കുന്നവനും കുങ്കുമവർണശോഭയുള്ളവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു
സുബ്രഹ്മണ്യ സഹസ്രനാമം
കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ന്യാസവും ധ്യാനവുമുൾപ്പടെ ജപിച്ച സുബ്രഹ്മണ്യ സഹസ്രനാമം :
ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)
Story Summary: Makara Shashi Vritham on January 24, 2026
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500. ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.