ശ്യാമള നവരാത്രിയിലെ സുപ്രധാന ദിനമായ വസന്തപഞ്ചമി നാളെ ജനുവരി 23 വെള്ളിയാഴ്ചയാണ്. സരസ്വതി ദേവിയുടെ താന്ത്രിക രൂപമായ രാജ ശ്യാമളാ ദേവിയെ ഉപാസിക്കാൻ ഏറ്റവും നല്ല ദിവസമാണിത്. ശ്രീ ലളിതാ ത്രിപുരസുന്ദരിയുടെ സേനാനായികയായ മന്ത്രിണി വാരാഹി ദേവിയാണെങ്കിൽ കലാദേവതയായ മന്ത്രിണി രാജ മാതംഗി അഥവാ രാജ ശ്യാമളാ ദേവിയാണ്. അഭിനയം, സംഗീതം, നൃത്തം, വാഗ് വൈഭവം എന്നിവയുടെയെല്ലാം അധിദേവതയാണ് ശ്യാമളാദേവി. മാണിക്യവീണാംമുപലാളയന്തീം എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ശ്ലോകം ശ്യാമളാദേവിയുടെ ധ്യാനമാണ്.
കലാരംഗത്ത് മിന്നിത്തിളങ്ങാം
നൃത്തം, സംഗീതം, അഭിനയം, ചിത്രരചന തുടങ്ങിയ കലകളിലും സാഹിത്യ രംഗത്തും പ്രവർത്തിക്കുന്നവർ ശ്യാമള ദേവിയെ ആശ്രയിച്ചാൽ എല്ലായിടത്തും വിജയശ്രീലാളിതരാകാം. ശ്രീകൃഷ്ണ സ്വാമിയുടെ ദേവീശക്തിയായും ഉപാസിക്കുന്ന ദേവി ബുധൻ്റെ താന്ത്രിക ദേവത ആയതിനാൽ ബുദ്ധി, ജ്ഞാനം, ഗ്രഹണശേഷി ഇവ നൽകുന്നു. ശ്രീ ശ്യാമളാദേവിയുടെ പതിനാറ് നാമങ്ങൾ ശ്രീ ലളിതോപാഖ്യാനം 11 -ാം അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ട്. ശ്ലോകം 69, 70, 71 എന്നിവ. ഇതിലെ ഓരോ നാമം കൊണ്ടും ആരംഭിക്കുന്ന 16 ശ്ലോകങ്ങളാണ് ശ്രീ ശ്യാമള ദേവി ഷോഡശ നാമ സ്തോത്രം. ശ്യാമള ഷോഡശ നാമ സ്തോത്രത്താൽ ശ്രീ ശ്യാമളാദേവിയെ സ്‌തുതിക്കുന്ന ഭക്തർക്ക് അപ്രാപ്യമായി മൂന്നു ലോകങ്ങളിലും ഒന്നും തന്നെയില്ലെന്ന് ആചാര്യന്മാർ പറയുന്നു.
ശ്രീ ശ്യാമളാ ഷോഡശനാമം
സംഗീതയോഗിനീ ശ്യാമാ ശ്യാമളാ മന്ത്രിനായികാ
മന്ത്രിണീ സചിവേശാനീ പ്രധാനേശീ ശുകപ്രിയാ
വീണാവതീ വൈണികീ ച മുദ്രിണീ പ്രിയകപ്രിയാ
നീപപ്രിയാ കദംബേശീ കദംബവനവാസിനീ
സദാമദാ ച നാമാനി ഷോഡാശൈതാനി കുംഭജ
ശ്യാമളാ നവരാത്രിയിൽ ജപിച്ചാൽ ഉടൻ ഫലം
ഐശ്വര്യം, വിദ്യ, ആരോഗ്യം, സന്താനഭാഗ്യം, കുടുംബസുഖം എന്നിവ ഇതിൻ്റെ പാരായണം കൊണ്ട് കരഗതമാക്കാനാകും. ഈ ദിവ്യ സ്തോത്രം മാഘമാസം പ്രഥമ മുതലുള്ള ശ്യാമളാ നവരാത്രി കാലത്ത്, 2026 ജനുവരി 19 പ്രഥമ മുതൽ 27 നവമി വരെ നിത്യവും ജപിക്കുന്ന ഭക്തരിൽ മന്ത്രിനാഥയുടെ കടാക്ഷം പതിയുന്നത് കാരണം അവർ എന്ത് ആഗ്രഹിക്കുന്നോ അതെല്ലാം ആപത്തും ദു:ഖവും ബാധിക്കാതെ ലഭിക്കും. വസന്തകാലത്തിൻ്റെ വരവറിയിക്കുന്ന വസന്തപഞ്ചമി ഭക്തർക്ക് സരസ്വതി ദേവിയുടെ അവതാരദിനവുമാണ്. ഈ സ്തോത്രം ആർക്കും നിത്യേന ജപിക്കാം. ദേവീ പ്രധാന ദിവസങ്ങൾക്ക് പുറമെ, ബുധൻ, നവമി, ശ്യാമളാ നവരാത്രി കാലത്ത് ജപിച്ചാൽ ക്ഷിപ്രഫലസിദ്ധി ലഭിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ ശ്യാമള ദേവി ഷോഡശ നാമസ്തോത്രം കേൾക്കാം.
Story Summary: Significance of Shyamala Navaratri , The Divine Nine Days Dedicated to Raja Shyamala Devi & Benefits of Chanting Shyamala Shodesha Nama Stotram During These days
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ – ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.