(2026 ജനുവരി 25 – 31)
2026 ജനുവരി 25 ന് മീനക്കൂറിൽ രേവതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ രഥസപ്തമി, മകര ഭരണി, ജയ ഏകാദശി, പ്രദോഷ വ്രതം എന്നിവയാണ്. വാരം ആരംഭിക്കുന്ന ഞായറാഴ്ചയാണ് രഥസപ്തമി. മാഘമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥസപ്തമിയായി ആചരിക്കുന്നു. സൂര്യജയന്തി എന്ന പേരിലും പ്രസിദ്ധമായ ഈ ദിവസം വ്രതമെടുത്ത് സൂര്യഭഗവാനെ ഉപാസിച്ചാൽ എല്ലാ രോഗങ്ങളിൽ നിന്നും മോചനവും ദീർഘായുസ്സും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ജനുവരി 26 ന് റിപ്പബ്ലിക് ദിനവും ഭീഷ്മാഷ്ടമിയുമാണ്. ഭദ്രകാളി പ്രീതി നേടാൻ ഉത്തമമായ മകരഭരണി ജനുവരി 27 ചൊവ്വാഴ്ചയാണ്. കുംഭഭരണി, മീനഭരണി എന്നിവ പോലെ വ്രതാനുഷ്ഠാനത്തിന് ശ്രേഷ്ഠമാണ് മകര ഭരണിയും. ഇത്തവണ മകരഭരണി ഭദ്രകാളീ പ്രധാനമായ ചൊവ്വാഴ്ച വരുന്നതിനാൽ കൂടുതൽ ഫലപ്രദമാണ്. ഈ ദിവസം ഭദ്രകാളിയെ ഉപാസിച്ചാൽ ആഗ്രഹലാഭവും ജീവിത വിജയവുമുണ്ടാകും. മകരഭരണി മുതൽ മീനഭരണി വരെയുള്ള കാലയളവിൽ നടത്തുന്ന ദേവീക്ഷേത്ര വഴിപാടുകൾ, പൊങ്കാല എന്നിവയ്ക്ക് ഒരാണ്ടത്തെ ദോഷനിവാരണ ശക്തിയുണ്ട്. ജനുവരി 29 വ്യാഴാഴ്ചയാണ് ജയഏകാദശി. അന്ന് രാവിലെ 8:15 മുതൽ വൈകിട്ട് 6:54 വരെയാണ് ഹരിവാസര വേള. ജനുവരി 30 ന് വെള്ളിയാഴ്ചയാണ് ശിവ പാർവതി പ്രീതികരമായ പ്രദോഷ വ്രതം. സുബ്രഹ്മണ്യ പ്രീതികരമായ തൈപ്പൂയത്തിന് വ്രതം അനുഷ്ഠിക്കുന്നവർ വാരം അവസാനിക്കുന്ന 31 ന് ശനിയാഴ്ച ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. ഫെബ്രുവരി 1 ഞായാറാഴ്ചയാണ് തൈപ്പൂയം. ജനുവരി 31 ന് കർക്കടകക്കൂറിൽ പൂയം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കർമ്മരംഗത്ത് അസൂയാവഹമായ സ്‌ഥാനമാനങ്ങളും ചുമതലകളും ലഭിക്കും. ധനപരമായി പുരോഗതിയുണ്ടാകും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കും. മികച്ച നിക്ഷേപങ്ങൾ നടത്തും. പുതിയ വീട് അല്ലെങ്കിൽ വാഹനം വാങ്ങും. യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക. പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കും. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. ചെലവുകളിൽ വളരെയധികം നിയന്ത്രണം വേണം. ദേഷ്യം നിയന്ത്രിക്കണം. വീട് പുതുക്കിപ്പണിയും. ഓം ഭദ്രകാള്യൈ നമഃ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2,3,4 രോഹിണി, മകയിരം 1,2)
പുതിയ സംരംഭം ആരംഭിക്കാൻ കഴിയും. അശ്രദ്ധമൂലം പ്രശ്നങ്ങളുണ്ടാകും. സാഹസികമായ ദൗത്യങ്ങൾ ഏറ്റെടുക്കും. ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നു കിട്ടും. മാനസിക സമ്മർദ്ദവും പ്രയാസങ്ങളും ഒഴിഞ്ഞു പോകും. വാക്ക് പാലിക്കാൻ ശ്രമിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ വേണ്ട ശ്രമം തുടരും. സന്താനങ്ങളുടെ കാര്യത്തിൽ ജാഗ്രത പുലർത്തും. സുപ്രധാനമായ തീരുമാനങ്ങളെടുക്കാൻ നിർബ്ബന്ധിതമാകും. അഭിമുഖ പരീക്ഷയിൽ അഭിമാനകരമായ വിജയം വരിക്കും. അംഗീകാരങ്ങൾ തേടിയെത്തും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തമാക്കും. മുടങ്ങിക്കിടന്ന ജോലികൾ പുനരാരംഭിക്കും. അപേക്ഷിച്ച വായ്പ അനുവദിച്ചു കിട്ടും. ഏറ്റെടുക്കുന്ന ചുമതലകൾ തൃപ്തികരമായി നിറവേറ്റും. കർമ്മരംഗത്ത് മികവ് തെളിയിച്ചു മുന്നേറും. സ്വജനങ്ങളെ ധനപരമായി സഹായിക്കും.
സാമൂഹ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കച്ചവടത്തിൽ പുതിയ സാധ്യതകൾ തെളിയും. കിട്ടുന്ന അവസരങ്ങൾ ഭംഗിയായി പ്രയോജനപ്പെടുത്താൻ സാധിക്കും.
ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും 108 ഉരു ജപിക്കുക.
ALSO READ
കർക്കടകക്കൂറ്
(പുണർതം 4, പൂയം ആയില്യം)
ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തും. മുതിർന്ന വ്യക്തിയുടെ പെരുമാറ്റം അസ്വസ്ഥമാക്കും. കുടുംബസമാധാനം നിലനിർത്താൻ ആ പരുഷ വാക്കുകളോട്
പ്രതികരികാത്തിരിക്കുക. ജോലിഭാരം കുറയുന്നത് കാരണം കുറച്ച് വിരസത അനുഭവപ്പെടാം. തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ മാറ്റങ്ങൾ സംഭവിക്കും. ആരോഗ്യകരമായ ദിനചര്യ സ്വീകരിക്കും. മുതിർന്ന വ്യക്തികൾക്ക് രോഗമുക്തി. കഠിനാദ്ധ്വാനത്തിന് മികച്ച ഫലം ലഭിക്കും. മത്സരങ്ങളിൽ വിജയം വരിക്കും. ധനസ്ഥിതി ഭദ്രമാകും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു മാറും. കൃഷിയിൽ ആദായം വർദ്ധിക്കും. ഭൂമി ഇടപാടിൽ ലാഭമുണ്ടാകും. സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ തീരുമാനമെടുക്കും. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കുക.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
കർമ്മരംഗത്തെ ഉത്കണ്ഠകൾക്ക് ശമനമുണ്ടാകും. പുതിയ ചില ചുമതലകൾ ഏറ്റെടുക്കും. സന്താനങ്ങൾ കാരണം നേട്ടം ഉണ്ടാകും. എതിരാളികളുടെ കുത്സിത ശ്രമങ്ങൾ ഫലം കാണില്ല. കച്ചവടത്തിൽ മികച്ച വിജയം നേടാൻ കഴിയും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ചിരകാല മോഹങ്ങൾ പൂവണിയും. സ്വന്തം കഴിവും കാര്യപ്രാപ്തിയും കാരണം വലിയ നേട്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. ആഗ്രഹിച്ച സ്ഥലമാറ്റം ശമ്പളവർദ്ധനവ്, സ്ഥാനക്കയറ്റം ഉൾപ്പെടെ ലഭിക്കും. ജീവിതപങ്കാളിയുടെ ആരോഗ്യം മാനസിക സംഘർഷത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ജോലിയിൽ ആഗ്രഹിക്കുന്ന അവസരവും അർഹമായ പരിഗണനയും ലഭിക്കാൻ സാദ്ധ്യത കാണുന്നു. സ്വത്ത് തർക്കം രമ്യമായി പരിഹരിക്കാൻ കഴിയും. വിപണന രംഗത്തു പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. ധനക്ലേശം അസ്വസ്ഥതകൾ സൃഷ്ടിക്കും. കുടുംബാംഗത്തിന്റെ ആരോഗ്യ പ്രശ്നം സംബന്ധിച്ച വാർത്ത ഉത്കണ്ഠ സൃഷ്ടിക്കും. മുടങ്ങിക്കിടന്ന ചില കാര്യങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. ബാങ്ക്
വായ്പ എടുക്കാനിടയുണ്ട്. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. സാഹിത്യപ്രവർത്തകർക്ക് അഭിമാനകരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സോഫ്റ്റ് വെയർ രംഗത്തുള്ളവർക്ക് നല്ല സമയമാണ്. ദിവസവും ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1,2,3)
സർക്കാറിൽ നിന്നും സഹായങ്ങൾ ലഭിക്കും. യുവതീയുവാക്കളുടെ വിവാഹം തീരുമാനിക്കും. ബന്ധുമിത്രാദികൾ വഴി തൊഴിൽ രംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കും. ഉന്നത സ്‌ഥാനമാനങ്ങൾ ഏറ്റെടുക്കേണ്ടി വരും. സാമൂഹ്യസേവന രംഗത്ത് സജീവമാകും. വായ്പ എടുത്ത തുക അടച്ചു തീർക്കും. വീട്ടിൽ സന്തോഷാനുഭവങ്ങൾ വർദ്ധിക്കും. ചിലർക്ക് വിദേശ കമ്പനിയിൽ മികച്ച ജോലിക്ക് സാദ്ധ്യതയുണ്ട്. ശുഭാപ്തി വിശ്വാസം ഗുണം ചെയ്യും. ഭൂമിസംബന്ധമായ കേസിൽ അനുകൂലവിധി വരും. മാനസിക പിരിമുറുക്കം ഒഴിവാകും. ഔദ്യോഗികമായി പ്രശംസയും പുരോഗതിയും ലഭിക്കും. ഭാഗ്യം അനുകൂലമാകും. ഓം ശ്രീം നമഃ ദിവസവും 108 തവണ വീതം ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം , തൃക്കേട്ട )
പുതിയ സംരംഭത്തിന് ആവശ്യമായ അനുമതി സർക്കാറിൽ നിന്ന് ലഭിക്കും. ആഡംബര വസ്‌തുക്കൾ വാങ്ങും. ജോലിയിൽ ഉയർച്ചയും നേട്ടങ്ങളുമുണ്ടാകും.
സാമ്പത്തിക നിയന്ത്രണം അത്യാവശ്യമാണ്. ഭാഗ്യവും ഈശ്വരാധീനവും അപകടങ്ങളിൽ നിന്ന് രക്ഷിക്കും. സാമ്പത്തിക തടസ്സങ്ങൾ നീങ്ങും. സന്താനത്തിന് നല്ല ജോലി ലഭിക്കും. സർഗ്ഗപരമായ കഴിവുകൾ ശ്രദ്ധിക്കപ്പെടും. അടുത്ത ബന്ധുക്കളെ സന്ദർശിക്കും. അല്ലെങ്കിൽ ദൂരയാത്ര പോകും. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. നിയന്ത്രണം വിട്ട് സംസാരിച്ചാൽ പിന്നീട് വിഷമിക്കേണ്ടി വരും. കൂട്ടുകാർക്കായി ആവശ്യത്തിൽ കൂടുതൽ പണവും സമയവും ചെലവഴിക്കും. നിയമവിരുദ്ധമായ നിക്ഷേപം ഭാവിയിൽ വലിയ കുഴപ്പങ്ങൾക്ക് വഴിയൊരുക്കും. ഓം
ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വരുമാനം വർദ്ധിപ്പിക്കാൻ മികച്ച അവസരങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് അന്തരീക്ഷം നല്ലതായിരിക്കും. സഹപ്രവർത്തകരോട് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയും. കഠിനാദ്ധ്വാനം ഗുണം ചെയ്യും. പരീക്ഷയിൽ അഭിമാനകരമായ നേട്ടം ലഭിക്കും. അശുചിന്തകൾ മനസ്സിനെ സ്വാധീനിക്കും. അതിനാൽ എപ്പോഴും പല കാര്യങ്ങളെയും പ്രതികൂലമായി സമീപിക്കും. ഇത് കാരണം നല്ല ചില അവസരങ്ങൾ നഷ്ടപ്പെടും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചില കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. തർക്കങ്ങളിൽ വിജയിക്കും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. സാമൂഹ്യ സേവനരംഗത്ത് സജീവമാകും. പുതിയ ജോലിക്കു ശ്രമിച്ചാൽ ലഭിക്കും. ദാമ്പത്യത്തിലെ താളപ്പിഴകൾ പരിഹരിക്കാൻ ശ്രമം തുടരും. ഓം ശരവണ ഭവഃ നമഃ 108 തവണ വീതം ജപിക്കണം.
മകരക്കൂറ്
(ഉത്രാടം 2,3,4, തിരുവോണം, അവിട്ടം 1,2)
നിക്ഷേപങ്ങളും ഭാവിപദ്ധതികളും രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അടുത്തിടപഴകുന്ന ഒരാൾ നിങ്ങളെ മുതലെടുത്ത് പണം തട്ടിയെടുക്കാൻ സാദ്ധ്യത കൂടുതലാണ്. ഭൂമി, സ്വത്ത് തർക്കമുണ്ടെങ്കിൽ അത് നിങ്ങൾക്ക് അനുകൂലമായി വരും. ഗൃഹത്തിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാക്കും. അലസത അനുഭവപ്പെടും. ജോലിയിൽ മുന്നേറാൻ നല്ലൊരു അവസരം ലഭിക്കും. ആരോഗ്യം നിലനിർത്തുന്നതിൽ വിജയിക്കും. അനാവശ്യ സംശയങ്ങൾ ഒഴിവാക്കണം. അംഗീകാരങ്ങൾ നേടും. മത്സരങ്ങളിൽ വിജയിക്കും. പുതിയ ആശയങ്ങൾ ഗുണം ചെയ്യും. സന്താനങ്ങൾക്ക് വേണ്ടി സമയവും പണവും ചെലവഴിക്കും. ബുദ്ധിശക്തിയും ഉത്സാഹവും വർദ്ധിക്കും.പ്രതീക്ഷിച്ച ധനസഹായങ്ങൾ ലഭിക്കും. ഓം ഹം ഹനുമതേ നമഃ 108 ഉരു ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1,2,3)
കുടുംബത്തിൽ ഐക്യവും സാഹോദര്യവും ഉണ്ടാകും. പേരും പ്രശസ്തിയും സാമൂഹത്തിൽ അംഗീകാരവും നേടുന്നതിൽ വിജയിക്കും. കൂടുതൽ മധുരം കഴിക്കുന്ന ശീലം നിയന്ത്രിക്കാൻ ശ്രമിക്കണം. വില കൂടിയ ഗൃഹോപകരണം തകരാറിലാകും. അതുമായി ബന്ധപ്പെട്ട് ധാരാളം പണം ചെലവാകും. സ്വന്തം ഇഷ്ടത്തിനനുസരിച്ച് നടക്കാൻ പലപ്പോഴും കഴിയാതെ വരും. അടുപ്പമുള്ള ആളുകൾ തന്നെ അവരുടെ നേട്ടത്തിനായി നിങ്ങളെ ചതിക്കാൻ സാധ്യത കൂടുതലാണ്. ജോലിയിൽ സമ്മർദ്ദങ്ങൾ കൂടും. തീരുമാനങ്ങൾ എടുക്കുന്നത് മാറ്റിവയ്ക്കും. എന്നാൽ മന:സാക്ഷിക്ക് നിരക്കാത്ത ഒന്നും തന്നെ ചെയ്യരുത്. ഓം നമോ വെങ്കടേശായ 108 തവണ ജപിക്കുക.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ജോലിഭാരം വർദ്ധിക്കും. ജോലിയിൽ സ്വന്തം കഴിവുകൾ പൂർണ്ണമായി ഉപയോഗിക്കാൻ കഴിയില്ല. ഇതുമൂലം ചില ബുദ്ധിമുട്ടുകൾ നേരിടും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബപ്രശ്‌നങ്ങളിൽ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നത് ദോഷം ചെയ്യും. തെറ്റിദ്ധാരണ പരിഹരിക്കും. പ്രതിസന്ധികളും എതിർപ്പുകളും സമർത്ഥമായി തരണം ചെയ്യും. ദീർഘവീക്ഷണം ഗുണം ചെയ്യും. ഉന്നത വ്യക്തികളെ പരിചയപ്പെടും. കഠിനാദ്ധ്വാനത്തിന് നല്ലഫലം ലഭിക്കും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ഭൂമി, വീട് എന്നിവയ്ക്ക് ശ്രമം നടത്തും. പരുഷമായ പെരുമാറ്റം കാരണം സ്വജനങ്ങളിൽ നിന്നും ഒറ്റപ്പെടും. എന്നാൽ ചില സൗഹൃദങ്ങൾ ശക്തമാകും. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള
സാധ്യത തെളിയും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും 108 തവണ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Story Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.