മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ഭീഷ്മപിതാമഹൻ ഉത്തരായന കാലം ആരംഭിക്കാൻ
കുരുക്ഷേത്രത്തിൽ കാത്തു കിടന്ന ശേഷം ഇച്ഛാമൃത്യു വരിച്ച് സ്വർഗ്ഗാരോഹണം ചെയ്ത
പുണ്യ ദിവസമാണ് ഭീഷ്മാഷ്ടമി. മകം നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാഘമാസം ശുക്ലപക്ഷത്തിലെ അഷ്ടമിയിലാണ് (എട്ടാം ദിവസം) ഭീഷ്മാഷ്ടമി ആചരിക്കുന്നത്.
മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ഭീഷ്മപിതാമഹൻ ഉത്തരായന കാലം ആരംഭിക്കാൻ
കുരുക്ഷേത്രത്തിൽ കാത്തു കിടന്ന ശേഷം ഇച്ഛാമൃത്യു വരിച്ച് സ്വർഗ്ഗാരോഹണം ചെയ്ത
പുണ്യ ദിവസമാണ് ഭീഷ്മാഷ്ടമി. മകം നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാഘമാസം ശുക്ലപക്ഷത്തിലെ അഷ്ടമിയിലാണ് (എട്ടാം ദിവസം) ഭീഷ്മാഷ്ടമി ആചരിക്കുന്നത്.

ശരശയ്യയിൽ 58 ദിവസം
കുരുക്ഷേത്രയുദ്ധാനന്തരം സ്വജീവൻ വെടിയാൻ ശുഭകരമായ ഉത്തരായന പുണ്യകാലം കാലം കാത്ത് 58 ദിവസമാണ് ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടന്നത്. ഒടുവിൽ മകര സംക്രമം കഴിഞ്ഞ് മാഘമാസ ശുക്ലപക്ഷ അഷ്ടമിയിൽ ഭീഷ്മർ സ്വർഗ്ഗ പ്രാപ്തി നേടി. ജനുവരി 26 തിങ്കളാഴ്ചയാണ് ഇത്തവണ ഭീഷ്മാഷ്ടമി.
100 ജന്മം മുൻപ് ചെയ്ത പാപഫലം
ഈ ജന്മത്തിൽ മാത്രമല്ല കഴിഞ്ഞ നൂറു ജന്മങ്ങളിലും ഒരു പാപവും ചെയ്യാത്ത തനിക്ക് എന്തുകൊണ്ടാണ് 58 ദിനം ശരശയ്യയിൽ കഴിയേണ്ടി വന്നതെന്ന് ഭീഷ്മർ വിശ്വസാക്ഷിയും സൃഷ്ടികർത്താവുമായ ഭഗവാൻ മധുസൂദനനോട് ചോദിക്കുന്നുണ്ട് . മറുപടിയായി 100 ജന്മങ്ങൾക്ക് മുൻപ് ഭീഷ്മർ രാജകുമാരനായി ജനിച്ചതും ആ ജന്മത്തിൽ മൃഗയാ വിനോദ വേളയിൽ ചെയ്ത പാപവും ശ്രീകൃഷ്ണൻ ഓർമ്മിപ്പിക്കുന്നുണ്ട്. അന്ന് അദ്ദേഹത്തിന്റെ കുതിരപ്പുറത്ത് വീണ ജീവിയെ ഭീഷ്മർ എടുത്തെറിഞ്ഞപ്പോൾ അത് ചെന്ന് വീണത് മുള്ളു നിറഞ്ഞ കുറ്റിക്കാട്ടിലാണ്. അവിടെ മുൾമുനയിൽ 58 ദിവസമാണ് ആ ജീവി നരകയാതന അനുഭവിച്ചത്.
100 ജന്മപുണ്യം ക്ഷയിച്ച നിമിഷം
പിന്നെ എന്തുകൊണ്ടാണ് അടുത്ത 100 ജന്മങ്ങളിൽ ഈ പാപഫലം അനുഭവിക്കേണ്ടി വരാതിരുന്നതെന്ന് ഭീഷ്മർ ഭഗവാനോട് തുടർന്ന് ചോദിക്കുന്നു. അതിന് ശ്രീകൃഷ്ണൻ നൽകിയ മറുപടി ഇതാണ്: കഴിഞ്ഞ നൂറ് ജന്മങ്ങളിലും അങ്ങയ്ക്ക് ധർമ്മച്യുതി സംഭവിച്ചില്ല. എന്നാൽ ഈ ജന്മത്തിൽ അത് സംഭവിച്ചു. അന്ന് കൗരവസഭയിൽ ദ്രൗപതിയെ യുധിഷ്ഠിരൻ
വസ്ത്രാക്ഷേപം ചെയ്തപ്പോൾ അങ്ങ് ആഗ്രഹിച്ചെങ്കിൽ അത് തടയാമായിരുന്നു. പക്ഷേ അത് ചെയ്തില്ല. നൂറ് ജന്മങ്ങളായി ആർജ്ജിച്ച പുണ്യമത്രയും ഒരു നിമിഷത്തിൽ ക്ഷയിച്ചു. അങ്ങനെ ഈ ജന്മത്തിൽ പഴയ പാപഫലം അനുഭവിക്കേണ്ടി വന്നു. കർമ്മ ഫലങ്ങൾ പിൻതുടരുക തന്നെ ചെയ്യും. അത് അനുഭവിച്ചു തീർത്തേപറ്റു. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെങ്കിലും. അത്ര തന്നെ.
വിഷ്‌ണുസഹസ്രനാമം ഉപദേശിച്ചു
അഷ്ടവസുക്കളിലൊരാളിൻ്റെ പുനർജന്മമായ ഭീഷ്മർ 18 ദിവസത്തെ കുരുക്ഷേത്ര യുദ്ധത്തിൽ 10 ദിവസം പോരാടി. ശേഷം പാണ്ഡവർക്ക് തന്നെ വധിക്കാനുള്ള ഉപായം പിതാമഹൻ തന്നെയാണ് ഉപദേശിച്ചത്. ഗംഗാപുത്രനായ ദേവവ്രതൻ രാജാധികാരം ഏറ്റെടുക്കില്ല വിവാഹം പോലും ചെയ്യില്ല എന്ന ഉഗ്രപ്രതിജ്ഞയാൽ ഭീഷ്‌മരായി. അങ്ങനെ ഏറ്റവും വലിയ ഇതിഹാസമായ മഹാഭാരതമെന്ന ചന്ദ്രവംശചരിതത്തിലെ പ്രധാന കഥാപാത്രമായി മാറി. കുരുക്ഷേത്രയുദ്ധാനന്തരം തൻ്റെയടുക്കലേക്ക് വന്ന യുധിഷ്‌ഠിരന് രാജ്യധർമ്മം, ആപദ്ധർമ്മം, മോക്ഷധർമ്മം തുടങ്ങിയ ധർമ്മരഹസ്യം മുഴുവൻ ശരശയ്യയിൽ കിടന്ന് ഭീഷ്‌മപിതാമഹൻ ഉപദേശിക്കുന്നു. തുടർന്നുള്ള യുധിഷ്‌ഠിരൻ്റെ ആറു ചോദ്യങ്ങൾക്ക് മറുപടിയായാണ് വിഷ്‌ണുസഹസ്രനാമം ഉപദേശിച്ചത്. സ്വേച്ഛാമൃത്യുവായ ഭീഷ്‌മർ ശരശയ്യയിലെ വേദനകൾ സഹിച്ചുകൊണ്ട് താൻ കാത്തിരുന്ന ശുഭമുഹൂർത്തം സമാഗതമായപ്പോൾ ശ്രീകൃഷ്‌ണ പരമാത്മാവിനെ നേരിട്ട് കണ്ടുകൊണ്ട് സഹസ്രനാമം ചൊല്ലി ഭഗവത്പാദങ്ങളിൽ വിലയം പ്രാപിക്കുന്നു. ഈ പുണ്യതിഥിയാണ് ഭീഷ്‌മാഷ്‌ടമി. ഭീഷ്‌മപിതാമഹനെ അനുസ്മരിച്ച് ഈ ദിവസം വിഷ്ണുസഹസ്രനാമം ജപിക്കുന്നവക്ക് എല്ലാ ക്ഷേമങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന് പറയുന്നു. അന്ന് വ്രതമെടുക്കുന്നതും പിതൃതർപ്പണം നടത്തുന്നതും വിഷ്ണു പൂജ നടത്തുന്നതും വിഷ്ണു മന്ത്രങ്ങൾ ജപിക്കുന്നതും പാപങ്ങളിൽ നിന്നും മുക്തി നേടാനും സദ് ഗുണ സമ്പന്നരായ സന്താനങ്ങളെ ലഭിക്കാനും നല്ലതാണ്
Story Summary : Bhishma Ashtami 2026 on January 26, The Motel Body leaving anniversary of Bhishma Pitamah is observed during Magha Shukla Ashtami.
ALSO READ
Highlights
58 ദിവസം ശരശയ്യയിൽ കിടന്ന ഭീഷ്മർ
സ്വർഗ്ഗാരോഹണം ചെയ്ത പുണ്യദിനം
കർമ്മഫലങ്ങൾ പിൻതുടരുക തന്നെ ചെയ്യും
എന്ന ഓർമ്മപ്പെടുത്തൽ
ഭീഷ്‌മാഷ്‌ടമിയിൽ വിഷ്ണുസഹസ്രനാമം ജപിക്കുന്നവക്ക് ക്ഷേമൈശ്വര്യം ലഭിക്കും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.