Wednesday, February 4, 2026
Wednesday, February 4, 2026
Home » ആകുലതകളിൽ നിന്നും ദുർചിന്തകളിൽ നിന്നും പുറത്തുവരാൻ ജയഏകാദശി

ആകുലതകളിൽ നിന്നും ദുർചിന്തകളിൽ നിന്നും പുറത്തുവരാൻ ജയഏകാദശി

by മംഗളഗൗരി
0 comments


മാനസിക വിഷമങ്ങളിൽ നിന്നും ബാധാദോഷങ്ങളിൽ നിന്നും എല്ലാ തരത്തിലുമുള്ള പാപ ദുരിതങ്ങളിൽ നിന്നും മോചനം നേടാൻ സഹായിക്കുന്നതാണ് മകര മാസം
വെളുത്തപക്ഷത്തിലെ ജയ ഏകാദശി. ഭൂമി ഏകാദശി, ഭീഷ്മഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ഏകാദശി വിധി പ്രകാരം മാഘ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് . 2026 ജനുവരി 29 വ്യാഴാഴ്ചയാണ് ഇത്തവണ ജയഏകാദശി ആചരിക്കുന്നത്. ജയ ഏകാദശി നോറ്റ് പുണ്യം നേടുന്നവരെ ഒരു തരത്തിലുള്ള ബാധകളും സ്പർശിക്കില്ല. അകാരണമായ ആശങ്കകൾ, ഉത്കണ്ഠകൾ, മാനസിക സംഘർഷങ്ങൾ എന്നിവ ഇത് അനുഷ്ഠിച്ചാൽ ഒഴിവാക്കാം

ഹരിവാസര വേള
2026 ജനുവരി 29 വ്യാഴാഴ്ചയാണ് ജയ ഏകാദശി. അന്ന് രാവിലെ 8:15 മുതൽ വൈകിട്ട് 6:54 വരെയാണ് ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാന സമയമായ ഹരിവാസര വേള . ഭൂമിയിൽ മുഴുവൻ വിഷ്ണു ചൈതന്യം നിറയുന്ന ഈ സമയത്ത് വിഷ്ണു മൂല മന്ത്രം ഓം നമോ നാരായണായ, ഓം നമോ ഭഗവതേവാസുദേവായ, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശതനാമ സ്തോത്രം, വിഷ്ണു സഹസ്രനാമം തുടങ്ങിയവ ജപിച്ചാൽ അളവറ്റ ഭഗവത് പ്രീതി ലഭിക്കും.

മനോമാലിന്യങ്ങൾ അകറ്റാം
ഒരു വർഷം 24 മുതൽ 26 വരെ ഏകാദശികളുണ്ട്. ഇതിൽ ഒരോ ഏകാദശിക്കും ഒരോ പ്രത്യേകതകൾ കല്പിക്കുന്നു. ജയ ഏകാദശിയുടെ സവിശേഷ പ്രാധാന്യം ബാധാ ദോഷമുക്തിയാണ്. ബാധ എന്ന് പറഞ്ഞാൽ ചില സമയത്തും ചില കാലത്തും മനസിൽ നിറയുന്ന ദുർവിചാരങ്ങളാണ്. ചിന്തകളിൽ മായ വന്ന് മൂടുമ്പോൾ മനോമാലിന്യങ്ങൾ അധികരിക്കും. ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും തെറ്റായ രീതിയിലും വിനാശകരമായും സമീപിക്കും. അശുഭചിന്തകൾ ശക്തമാകുമ്പോൾ എന്തിലും ദോഷങ്ങളും കുറവുകളും മാത്രം കണ്ടുപിടിക്കും. ഈ സമീപനം ബന്ധങ്ങളെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. ശരിയായ രീതിയിൽ കാര്യങ്ങൾ കാണാൻ കഴിയാതെ വരുമ്പോൾ ഉത്തമമായ തീരുമാനങ്ങളെടുക്കാൻ സാധിക്കാതെ വരും. അല്ലെങ്കിൽ കർമ്മവിമുഖത ശക്തമാകും. അന്തിമമായി ഇത് വ്യക്തിയുടെ നിലനില്പിനും പുരോഗതിക്കും തടസ്സം ചെയ്യും. മനസും ശരീരവും ശുദ്ധമാക്കി നിഷ്ഠയോടെ ഈശ്വര ചിന്തയിൽ മുഴുകി വ്രതം ആചരിക്കുമ്പോൾ ആകുലതകളിൽ നിന്നും ദുർചിന്തകളിൽ നിന്നും സ്വയമറിയാതെ തന്നെ പുറത്തു വരാൻ സാധിക്കും.

ശിവഭക്തർക്കും വിശേഷം
പത്മപുരാണത്തിലും ഭവിഷ്യോത്തര പുരാണത്തിലും ജയഏകാദശി മാഹാത്മ്യം വർണ്ണിക്കുന്നു. എത്ര കടുത്ത പാപങ്ങളിൽ നിന്നു പോലും മോചനം നേടാൻ ഈ വ്രതം ഉത്തമമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ യുധിഷ്ഠിരനോട് അരുളി ചെയ്തതായി പുരാണത്തിൽ പറയുന്നുണ്ട്. മാഘമാസം ശിവാരാധനയ്ക്കും പ്രധാനം ആയതിനാൽ ജയ ഏകാദശിവ്രതം ശിവഭക്തർക്കും വിഷ്ണുഭക്തർക്കും ഒരുപോലെ പ്രധാനമാണ്. അന്ന് ഉദയത്തിന് മുൻപ് ഉറക്കമുണർന്ന് കുളിച്ച് ശുദ്ധമായി വിഷ്ണുപൂജയും വൈഷ്ണവ ക്ഷേത്രം ദർശനവും നടത്തി പ്രാർത്ഥിക്കണം.

വ്രതദിനങ്ങളിലെ ചിട്ടകൾ
ദശമി നാളിൽ ബുധനാഴ്ച ഒരിക്കലെടുത്ത് വതം തുടങ്ങണം. ജയ ഏകാദശി ദിവസം പൂര്‍ണ്ണമായും ഉപവസിക്കണം. പകലുറക്കം പാടില്ല. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ ഈ വ്രതം പാലിക്കണം. ജനുവരി 30 ന് രാവിലെ പാരണ വിടാം.

വിഷ്ണു ശതനാമസ്തോത്രം
ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ഏറ്റവും കൂടുതൽ ജപിക്കുന്ന ഒന്നാണ് വിഷ്ണു ശതനാമ സ്തോത്രം. ഭഗവാനെ ഈ 100 നാമങ്ങളാൽ എന്നും ഭജിക്കുന്നവരുടെ ജീവിതത്തിൽ അശുഭങ്ങൾ ഉണ്ടാകാറില്ല. കേൾക്കാം: പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്ര:


Story Summary : Significance and Benefits of Jaya Ekadashi on January 29,2026

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?