1
സുമേരു പർവതത്തിലാണ് വാനര രാജാവ് കപിശ്രേഷ്ഠൻ കേസരി വിരാജിച്ചിരുന്നത്. അക്കാലത്ത് ഒരിക്കൽ മനഗർവ്വ എന്ന അപ്‌സരസിനെ ബ്രഹ്മാവ് ശപിച്ച് പെൺകുരങ്ങാക്കി. ഇവർ പിന്നീട് കേസരിയുടെ ഭാര്യയായിത്തീർന്നു. വളരെക്കാലം ഒന്നിച്ച് കഴിഞ്ഞിട്ടും കേസരിക്കും അഞ്ജനയ്ക്കും സന്താനങ്ങൾ ഉണ്ടായില്ല. അനപത്യ ദുഃഖം സഹിക്ക വയ്യാതെ അഞ്ജന സന്താനലബ്ധിക്ക് വേണ്ടി വായുദേവനെ ഭജിച്ചു.
2
വാനരരൂപത്തിൽ ശിവപാർവ്വതി
ഇതേ സമയം ഒരു ദിവസം ദേവന്മാരും ഋഷിമാരും എല്ലാം കൂടി ഒന്നിച്ച് ശ്രീ പരമേശ്വരൻന്റെ സന്നിധിയിൽ ഒരു അപേക്ഷയുമായെത്തി. രാവണനിഗ്രഹത്തിന് മഹാവിഷ്ണു ശ്രീരാമനായി അവതരിക്കുമ്പോൾ ഭഗവാനെ സഹായിക്കാൻ ശൈവാംശമുള്ള ഒരു ദേവനെ നൽകണമെന്ന് ശിവഭഗവനോട് അപേക്ഷിച്ചു. അനുഭാവപൂർവം പ്രതികരിച്ച് ഭഗവാൻ അവരെ യാത്രയാക്കി. വൈകാതെ ഉമാമഹേശ്വരന്മാർ വാനരരൂപം ധരിച്ച് ക്രീഡാവനത്തിൽ പ്രവേശിച്ചു. വളരെക്കാലമായിട്ടും അവർ തിരിച്ചു വന്നില്ല. അതിനാൽ ദേവന്മാർ വായുഭഗവാനെ വിളിച്ച് ശിവനെയും പാർവ്വതിയെയും അന്വേഷിക്കാൻ നിയോഗിച്ചു. വായുഭഗവാൻ കൊടുങ്കാറ്റായി മാറി; ക്രീഡാവനം മുഴുവൻ ഇളക്കി. എന്നിട്ടും ശിവനും പാർവ്വതിയും വെളിയിൽ വന്നില്ല. ഗർഭിണിയായ പാർവ്വതിക്ക് വെളിച്ചത്തുവരാൻ ലജ്ജ തോന്നി. ദേവി ശിവനോടുകൂടി ഒരു അശോകവൃക്ഷത്തിൽ കയറിയിരുന്നു. ആ വൃക്ഷം മാത്രം കാറ്റത്തിളകാതെ നിൽക്കുന്നതുകണ്ട് വായുഭഗവാൻ അവിടെച്ചെന്ന് ആ വൃക്ഷത്തിലേക്കു നോക്കി. ശിവനും പാർവ്വതിയും വായുഭവാൻ്റെ മുമ്പിൽ പ്രത്യക്ഷരായി. വാനരരൂപത്തിലുള്ള ഗർഭം കൈലാസത്തിലേക്കു കൊണ്ടുപോകാൻ പാർവ്വതി വിസമ്മതിച്ചു. ശിവൻ്റെ നിർദ്ദേശമനുസരിച്ച പാർവ്വതി ഗർഭസ്ഥനായ ശിശുവിനെ വായുഭഗവാനു കൊടുത്തു.

3
അഞ്ജനയ്ക്ക് പുത്രലാഭം
ഒരു പുത്രനുവേണ്ടി അഞ്ജന വായുദേവനെ പ്രീതിപ്പെടുത്താൻ തപസ്സ് ചെയ്യുന്ന കാലമായിരുന്നു അത്. ഭക്തയിൽ കൃപാകടാക്ഷം ചൊരിഞ്ഞ വായുദേവൻ ആ ശിശുവിനെ അഞ്ജനയ്ക്കും കേസരിക്കും കൂടി സമ്മാനിച്ചു. ആ കുഞ്ഞാണ് ആഞ്ജനേയൻ. കുഞ്ഞ് മെല്ലെ വളർന്നു. ഒരു ദിവസം കുഞ്ഞിന് നൽകാൻ പഴങ്ങൾ തേടി അഞ്ജന വനത്തിലെത്തി. ഈ സമയം കുഞ്ഞ് വിശന്ന് നിലവിളിച്ചു. അവൻ കണ്ണു തുറന്നപ്പോൾ ഉദിച്ചുയരുന്ന സൂര്യനെ കണ്ട് പഴുത്ത പഴമാണെന്ന് കരുതി മുകളിലേക്ക് ചാടി. ഉയർന്ന് പൊങ്ങിയ അവൻ സൂര്യനെ പിടിക്കാൻ ശ്രമിക്കുന്നത് കണ്ട് ഏവരും അത്ഭുതപ്പെട്ടു. കരുത്തനായ ഈ കുട്ടി ചർച്ചാ വിഷയമായി. ഗരുഡനും കാറ്റിനും മനസിനും പോലും ഇത്ര ഉയരാൻ കഴിയില്ല. ഇവൻ വലുതായാൽ എന്തായിരിക്കും അവസ്ഥ! അവർ അത്ഭുതപ്പെട്ടു.

4
പരാതിയുമായി രാഹു
സൂര്യ കിരണങ്ങളേറ്റ ബാലന്റെ ക്ഷീണമകറ്റാൻ വായുദേവൻ അവനെ മടിയിൽ കിടത്തി മെല്ലെ വീശി. അവനോട് കരുണ തോന്നി ആദിത്യൻ രശ്മികളെ തണുപ്പുള്ളതാക്കി. രാഹു സൂര്യനെ ഗ്രസിക്കാൻ തുടങ്ങുന്ന നേരത്തായിരുന്നു വായു പുത്രനായ വാനര ബാലൻ സൂര്യരഥത്തെ തൊട്ടത്. ഇതുകണ്ട് പരിഭ്രാന്തനായ രാഹു ഇന്ദ്രനെ സമീപിച്ച് പരാതിപ്പെട്ടു: “ദേവേന്ദ്രാ സൂര്യചന്ദ്രൻമാരെ ഗ്രസിക്കാനുള്ള അധികാരം എനിക്ക് നൽകിയിട്ടുള്ളതാണല്ലോ. ഇപ്പോൾ മറ്റൊരാളെ സൂര്യനെ ഗ്രസിക്കാൻ പറഞ്ഞയച്ചതാരാണ്? അങ്ങ് ഇതിന് തീർപ്പ് കൽപ്പിക്കണം. അമാവാസിയായ ഇന്ന് സൂര്യനെ ഗ്രസിക്കാൻ സമീപിക്കുമ്പോൾ മറ്റൊരാൾ സൂര്യനെ വിഴുങ്ങാൻ സമീപിച്ചിരിക്കുന്നു. അവനെക്കണ്ട് ഭയന്നാണ് ഞാനിവിടെ അഭയം പ്രാപിച്ചത്.”

5
പുത്രനുമായ വായുഭഗവാൻ മറഞ്ഞു
ക്രൂദ്ധനായ ദേവേന്ദ്രൻ ഐരാവതത്തിലേറി സൂര്യന്റെ അടുത്തെത്തി . രാഹു അമിത ശക്തിമാനായ കുഞ്ഞു കപിയെ ദേവേന്ദ്രന് കാണിച്ചുകൊടുത്തു. രാഹുവിനെ കണ്ടയുടൻ വാനരൻ തനിക്കുള്ള ഭക്ഷണമാണെന്നു കരുതി കുതിച്ചുചാടി. അയ്യോ ദേവേന്ദ്രാ രക്ഷിക്കണേ എന്ന് അലറി വിളിച്ച് രാഹു തടിതപ്പി. രാഹുവിനെ സമാധാനിപ്പിച്ച് ദേവേന്ദ്രൻ ഐരാവതത്തെ കപിക്ക് നേരെ തിരിച്ചു നിർത്തി. അതുകണ്ടപ്പോൾ തന്റെ വിശപ്പടക്കാനുള്ള ഫലമാണെന്നു കരുതിയ വാനരൻ അങ്ങോട്ട് കുതിച്ചു. തനിക്കു നേരെ പാഞ്ഞടുത്ത ആഞ്ജനേയന് നേരെ ദേവേന്ദ്രൻ വജ്രായുധം പ്രയോഗിച്ചു. വായുപുത്രൻ ബലം ക്ഷയിച്ച് നിലംപതിച്ചു. കപിയുടെ ഇടതുകവിൾ മുറിയുകയും താടിക്ക് പരിക്കേൽക്കുകയും ചെയ്തു. കോപാകുലനായ വായുഭഗവാൻ പുത്രനെയും എടുത്ത് ഒരു ഗുഹയിലൊളിച്ചു.

6
വായു നിലച്ചു; ശ്വാസം മുട്ടി
വായു മറഞ്ഞതോടെ പ്രപഞ്ചത്തിൽ പ്രാണവായു നിലച്ചു. ജീവജാലങ്ങൾ ശ്വാസംമുട്ടി. ഈശ്വര പൂജകൾ മുടങ്ങി. മൂന്നു ലോകങ്ങളും ക്ലേശഭരിതമായി. ദേവൻമാരും മഹർഷി ശ്രേഷ്ഠൻമാരും ബ്രഹ്മാവിന് സമീപമെത്തി. ദേവേന്ദ്രൻ കാരണം മറഞ്ഞിരിക്കുന്ന വായുവിനെ കണ്ടെത്തണമെന്നും സാന്ത്വനപ്പെടുത്തി മടക്കിക്കൊണ്ടുവരണമെന്നും ഇല്ലെങ്കിൽ ലോകം നശിക്കുമെന്നും ദേവൻമാർ ബ്രഹ്മാവിനെ അറിയിച്ചു. തുടർന്ന് ബ്രഹ്മാവും സംഘവും വായുദേവൻ മറഞ്ഞ ഗുഹയിലെത്തി. പുത്രനെ ശുശ്രൂഷിക്കുകയായിരുന്നു വായുഭഗവാൻ ബ്രഹ്മാവിനെ കണ്ടപാടെ സാഷ്ടാംഗം പ്രണമിച്ചു. ബ്രഹ്മാവ് വായുദേവനെ അനുഗ്രഹിച്ചു. വായുപുത്രനെ തലോടുകയും ചെയ്തു. ഇതുകണ്ട് വായുവിന് സന്തോഷമായി. എങ്ങും വായു പ്രവാഹം ഉണ്ടായി. ഇന്ദ്രൻ, സൂര്യൻ, വരുണൻ, മഹേശൻ, അഗ്നി, യമൻ, വൈശ്രവണൻ എന്നിവരോട് വായുതനയനെ അനുഗ്രഹിച്ച് വരം നൽകാൻ ബ്രഹ്മാവ് നിർദ്ദേശിച്ചു.
ALSO READ
7
ഹനുമാന് വരവർഷം
സംതൃപ്തനായ ദേവേന്ദ്രൻ മൊഴിഞ്ഞു: എന്റെ വജ്രായുധത്താൽ ഹനുവിൽ (താടിയിൽ) മുറിവേറ്റ വായുപുത്രൻ ഹനുമാൻ എന്ന പേരിൽ ലോകപ്രശസ്തനാകും. ഇനി വജ്രായുധം ഏറ്റാൽ പോലും അവന് മരണം സംഭവിക്കുകയുമില്ല. സൂര്യദേവൻ ആഞ്ജനേയ പുത്രനോട് പറഞ്ഞു: എന്റെ തേജസിന്റെ ഒരു ഭാഗം ഇവനു നൽകുന്നു. ഞാനിവനെ ശാസ്ത്രവിദ്യ പഠിപ്പിക്കും. തുടർന്ന് നല്ലൊരു വാഗ്മിയായി ഇവൻ മാറും. അടുത്ത ഊഴം വരുണദേവനായിരുന്നു: ശ്രേഷ്ഠ ജന്മമെടുത്ത ഹനുമാന് മരണമുണ്ടാകില്ലെന്ന് വരമരുളി. ഹനുമാൻ എന്നും ആരോഗ്യമുള്ളവനായിരിക്കുമെന്നും എന്റെ ആയുധമായ ദണ്ഡ് ഒരിക്കലും ഇവനുനേരെ പ്രയോഗിക്കില്ലെന്നും യമൻ വരമേകി. എന്നെക്കൊണ്ട് വായുപുത്രന് ദോഷമൊന്നുമുണ്ടാകില്ലെന്ന് ഭഗവാൻ പരമേശ്വരനും വരം നൽകി .
വായുതനയൻ ബ്രഹ്മദണ്ഡങ്ങൾ കൊണ്ടൊന്നും കൊല്ലപ്പെടുകയില്ലെന്നും, എല്ലാവരാലും ബഹുമാനിതനാകുമെന്നും ബ്രഹ്മാവ് ആശീർവദിച്ചു. തുടർന്ന് വിശ്വകർമാവും അനുഗ്രഹിച്ചു: യുദ്ധത്തിൽ ഞാൻ നിർമ്മിച്ച ആയുധങ്ങൾ കൊണ്ടൊന്നും വായുതനയനെ വധിക്കാൻ കഴിയില്ല.
8
ദേവൻമാർക്കും മനുഷ്യർക്കും ആശ്രയം
ദേവൻമാരുടെ അനുഗ്രഹവർഷത്തിൽ സന്തുഷ്ടനായ ബ്രഹ്മാവ് വായുവിനോട് പറഞ്ഞു: ശത്രുനാശകനായ ഇവൻ ദേവൻമാർക്കും മനുഷ്യർക്കുമെല്ലാം ആശ്രയമാകും. ഹനുമാന്റെ നിർദേശത്തോടും സഹായത്തോടും അസുരനായ രാവണനെ ശ്രീരാമൻ വധിക്കും. കരബലം കൊണ്ടും ആയുധബലം കൊണ്ടും ബുദ്ധിബലം കൊണ്ടും ഇവനെ വെല്ലാൻ ആരും ഉണ്ടാവില്ല. അനുഗ്രഹങ്ങൾകൊണ്ട് ധന്യനായ ആഞ്ജനേയനെ തോളിലെടുത്ത് വായുഭഗവാൻ അഞ്ജനയുടെ കൈയിലെത്തിച്ചു. അവർ ലാളിച്ചുവളർത്തി. എന്നാൽ വായുപുത്രൻ വളരുന്തോറും മറ്റുള്ളവരോട് കുസൃതി കാട്ടിത്തുടങ്ങി. കുസൃതി സഹിക്കവയ്യാതെ ഭൃഗു മഹർഷി ഹനുമാനെ ശപിച്ചു. “നിന്റെ അപാര ശക്തി വിശേഷങ്ങൾ നീ മറന്നുപോകട്ടെ. ഒരു മഹത് കാര്യം സഫലീകരിക്കുന്നതിനായി മറ്റൊരാൾ നിന്റെ ശക്തിയെ പ്രകീർത്തിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ നീ ബോധവാനായിത്തീരും.”
9
സൂര്യഭഗവാൻ്റെ ശിഷ്യനായി
ശാപത്തെത്തുടർന്ന് വായുപുത്രൻ ശാന്തനായി. അക്രമങ്ങൾ വെടിഞ്ഞു. സർവ ശാസ്ത്രങ്ങളും സൂര്യഭഗവാനിൽ നിന്ന് അഭ്യസിച്ചു. ഒടുവിൽ ശ്രീരാമന്റെ അനുഗ്രഹത്താൽ രാവണ നിഗ്രഹത്തിന് ഹനുമാൻ വഴികാട്ടിയായി. രാമായണം ഉത്തരകാണ്ഡത്തിലാണ് ഹനുമാൻ സ്വാമിയുടെ മാഹാത്മ്യം വിവരിക്കുന്ന ഈ കഥയുള്ളത്. ശ്രീരാമന് സീതാ ദേവിയെ കണ്ടെത്താൻ സാധിച്ചതും യുദ്ധത്തിൽ മരണാസന്നനായ ലക്ഷ്മണനെ മൃതസഞ്ജീവനി എത്തിച്ച് രക്ഷിച്ചതും ഹനുമാന്റെ അതുല്യ ശക്തിയുടെ ഉദാഹരണങ്ങളാണല്ലോ. ഇത് മന:സ്സിലാക്കിയ ശ്രീരാമൻ അഗസ്ത്യമുനിയോട് പറഞ്ഞു: “ഹനുമാനെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ എനിക്ക് പറഞ്ഞുതന്നാലും”

10
നൂറുയോജന കടൽ ചാടി ലങ്കയിൽ
തുടർന്നാണ് മുനി സുസ്മേര വദനനായി ഹനുമാന്റെ ചരിത്രം അനാവരണം ചെയ്തത്. സീതയെ അന്വേഷിച്ച് തെക്കൻ കടൽക്കരയിലെത്തിയ വാനരൻമാർ അനന്തമായ കടൽപ്പരപ്പുകണ്ട് പിൻതിരിഞ്ഞ് നിന്നപ്പോൾ അവരെ സമാധാനിപ്പിച്ച് നൂറുയോജന കടൽ ചാടിക്കടന്ന് ഹനുമാൻ ലങ്കയിലെത്തിയതും രാവണന്റെ രാജധാനിയിലെങ്ങും ഓടിനടന്ന് സീതയെ അന്വേഷിച്ചതും ഒടുവിൽ അശോകവനിയിൽ സീതയെ കണ്ടെത്തിയതും അവിടെ രാവണന്റെ ശക്തരായ ഭടൻമാരെയും മന്ത്രിപുത്രൻമാരെയും രാവണപുത്രനെ തന്നെയും കാലപുരിക്കയച്ചതും ശനിയെ ബന്ധനത്തിൽ നിന്ന് രക്ഷിച്ചതും ഒടുവിൽ ബ്രഹ്മാസ്ത്ര ബന്ധനത്തിൽ നിന്ന് മുക്തനായി ലങ്കാപുരിയെ അഗ്നിക്കിരയാക്കിയതുമെല്ലാം അഗസ്ത്യരും ശ്രീരാമനും പരസ്പരം പറഞ്ഞ് അത്ഭുതം കൂറി. ഹനുമാന്റെ ചരിത്രം അഗസ്ത്യമുനിയിൽ നിന്ന് ശ്രവിച്ച് സംതൃപ്തനായ ശ്രീരാമൻ രാജധാനിയിലേക്ക് മടങ്ങി.
ബി കബീർ ദാസ്, ബാലരാമപുരം
മൊബൈൽ: + 8281208519
Story Summary: Kathasagara 2: The Legend of Veera Hanuman Swami
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.